Image

ഗ്രഹണം (ചെറുകഥ: ഇ.കെ. രാജവര്‍മ)

Published on 19 October, 2020
ഗ്രഹണം (ചെറുകഥ: ഇ.കെ. രാജവര്‍മ)
"ഹാവൂ, എന്താ ചൂട്, കുംഭം  തുടങ്ങിയതേയുള്ളു, ഇപ്പോഴേ ഇങ്ങനെയാണച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ എന്താവും സ്ഥിതി "  ബസ്സിറങ്ങി നടന്നു വീട്ടിലെ പൂമുഖ കോലായിൽ  വെച്ച കിണ്ടിയിലെ വെള്ളം കൊണ്ട് കാലും മുഖവും കഴുകി അകത്തേക്ക് കയറിക്കൊണ്ടുള്ള  ഗോപാലൻ നായരുമാഷ്ടെ ആത്മഗതം. 
"ദേവൂ "മാഷ്ടെ വിളി കേൾക്കും മുമ്പുതന്നെ കൂജയിൽ സംഭാരവുമായി മകൾ മുന്നിലെത്തി. ഇരുന്നു ഒറ്റ ഇറുക്കിനുതന്നെ കുടിച്ചു തീർത്ത് ഒരു ദീർഘനിശ്വാസവും വിട്ട് വിശറി കയ്യിലെടുത്തു ചാരുകസേരയിലേക്ക് ചാഞ്ഞു. 

ദേവു, ചെറുപ്പത്തിലേ വിധിവൈപരീത്യംകൊണ്ട് വൈധവ്യം ഏറ്റുവാങ്ങിയ, മൗനമെന്ന വാൽമീകത്തിൽ സ്വയം ഒളിച്ചു, മ്ലാനതയുടെ മുഖമൂടി അണിഞ്ഞ  മാഷ്ടെ ഏക മകൾ. 
"വേണൂന്റെ എഴുത്ത് വല്ലതും ണ്ടോ ". അകത്തെമുറിയിൽ കിടന്നുകൊണ്ട് ഭാര്യ  ദാക്ഷായണിയുടെ ഉറക്കെയുള്ള അന്വേഷണം. നാലഞ്ചുകൊല്ലമായി തളർവാതം പിടിച്ചു കിടപ്പിലാണ്. എന്തിനും ഏതിനും പരസഹായം വേണം. " ദേവു എന്റെ കൂടെയുള്ളതാണ് വലിയ ഭാഗ്യം. അവളുടെ കഷ്ടകാലത്തിനു ഇങ്ങനെയൊക്കെ  കഴിയാനാവും യോഗം. " 

" അല്ലെങ്കിൽ അവനോന് (മുൻപൊക്കെ ഭാര്യ ഭർത്താവിനെ പേരെടുത്തു വിളിക്കാറില്ല, കുട്ടികളുടെ അച്ഛനെന്നോ, അവനോനെന്നോ ഒക്കെ പറഞ്ഞൊപ്പിക്കാറാണ് പതിവ് ) മേലെമഠത്തിൽവരെപോയി അവന്റെ ഭാര്യ രമണിയോട് അന്വേഷിക്കാരുന്നില്ലേ, അവളെ  ഇടക്കിടക്ക് വിളിക്കാറുണ്ടാവുമല്ലോ.
മേലെ മഠത്തിൽക്കാർക്ക് അവർ എല്ലാറ്റിനും മേലെയാണെന്നാണ് എപ്പോഴും മേനിനടിക്കൽ." എന്നൊരു കുശുമ്പും മനസ്സിൽ തോന്നി.  

"മീനത്തിൽ പുണർതം അവന്റെ പിറന്നാളാണ്, മുപ്പത്തിനാലാം വയസ്സിലേക്ക് കടക്കും. ഇക്കുറി ഏതായാലും വരാമെന്നു അവൻ ഉറപ്പ് പറഞ്ഞതാണ്, വരാതിരിക്കില്ല. "

" ശ്രീരാമന്റെ ജന്മനാളാണ്, രാജയോഗണ്ട്. ഭാര്യയെ പിരിഞ്ഞിരിക്കാനും. കേശവപ്പണിക്കർ അവന്റെ ജാതകമെഴുതിയപ്പോൾ വിസ്തരിച്ചിരിക്കുണു" മാഷ് ഓർത്തു.  മകൻ വേണുഗോപാലൻ പട്ടാളത്തിലാണ്. കൊല്ലത്തിൽ ഒരു മാസം അവധിക്കു വരും.  അമ്മക്ക് മകനെപ്പറ്റി പറയാൻ തുടങ്ങിയാൽ നാലു നാക്കാണ്, അസുഖമൊക്ക അപ്പോൾ മറക്കും. "എന്നാലും ഭാര്യയും മക്കളുമായേപ്പിന്നെ വന്നാലും ഭാര്യവീട്ടിലാണ് അവൻ കൂടുതലും". അതിന്റെ കെറുവും അമ്മ കാണിക്കാൻ മടിക്കാറില്ല. 

ദാക്ഷായണിയുടെ പയ്യാരം പറച്ചിലൊന്നും കേൾക്കാൻ നിൽക്കാതെ ഊണുകഴിക്കാനിരുന്നു. മാഷ്ക്ക് അകത്തും പുറത്തും ചൂടാണ്. "രണ്ടുമൂന്നു തവണയായി പെൻഷൻ വാങ്ങാൻ ട്രഷറിവരെ പോയി വെറും കയ്യായി മടങ്ങുന്നു.  ഇനി എന്നാ കിട്ടാന്നും ഒരു തീർച്ചയുമില്ല. മകൻ കാശയക്കലും ഇപ്പോൾ കുറവാണു. ദാക്ഷായണിയുടെ കുഴമ്പിനും കഷായങ്ങൾക്കും തന്നെ ഒരു സംഖ്യ വേണം, പോരാത്തതിന് വീട്ടു ചിലവിനും ഇപ്പോൾ ഒന്നും തികയുന്നില്ല. എങ്ങനെ മാസം കഴിക്കണം" എന്ന വേവലാതി ഉള്ളിലൊതുക്കി. "ഇരുപത് കൊല്ലം മുൻപ് നാട്ടിലെ സർക്കാർ വിദ്യാലയത്തിൽനിന്നു മാതൃകാ അദ്ധ്യാപകനെന്ന  അവാർഡ് നേടി പിരിഞ്ഞു പോരുമ്പോൾ കിട്ടിയ ആദരവും അംഗീകാരവുമാണ് ആകെ പണയം വെക്കാൻ ബാക്കിയുള്ളത്" മാഷ് വികാരദീനനായി. യാന്ത്രികമായി ഊണ് കഴിക്കച്ചെന്നുവരുത്തി ഉച്ചമയക്കത്തിലേക്ക് വീണു. ചൂടിന്റെ കാഠിന്യവും ക്ഷീണവും മാഷേ വല്ലാതെ അലട്ടിയതുപോലെ. 

നാലുമണിക്കുള്ള ചായകുടിക്കഴിഞ്ഞതും മാഷ്  തൊടിയിലേക്കിറങ്ങി. അല്പസ്വല്പം കായ്ക്കറി നട്ടതിനൊക്കെ വെള്ളമൊഴിച്ചു പറമ്പിലാകെ ഒന്നു പരതി നടന്നു. വെയിലേറ്റു വാടിയ തെങ്ങും കമുങ്ങും കണ്ടു പരിതപിച്ചു. "എന്തു ചെയ്യാനാ, കാലാവസ്ഥ ഒക്കെ പിഴച്ചമട്ടാ " എന്നൊരു പരിഭവവും. 

സന്ധ്യകഴിഞ്ഞതും തൊടിയിലെ കുളത്തിൽ പോയി കുളികഴിഞ്ഞു അകത്തളത്തിലെ പൂജാമുറിയിൽപോയി പ്രാർത്ഥിച്ചു, നടുത്തളത്തിൽ തൂക്കിയ ഭസ്മക്കൊട്ടയിൽനിന്ന് ഭസ്മം തൊട്ടു പുറത്തിറങ്ങുമ്പോൾ ചുമലിലേക്ക് അപശകുനമായി ഗൗളി വീണതും ഞെട്ടിപ്പോയി.  "അശ്രീകരം, ഇനി എന്തൊക്കെയാണാവോ വരാനിരിക്കുന്നത് " എന്നൊരു   ഉൾവിളിയോടെ അതിനെ തട്ടിമാറ്റി. പെട്ടെന്നാണ് ടി. വി യിലെ വാർത്ത ശ്രദ്ധയിൽ പെട്ടത്. " ഇന്ത്യയുടെ  അതിർത്തി പ്രദേശമായ പൂഞ്ച് മേഖലയിൽ പാകിസ്ഥാന്റെ ശക്തമായ സൈനികാക്രമണത്തെ പ്രതിരോധിച്ച് ഇന്ത്യ കനത്ത തിരിച്ചടി നൽകിയെങ്കിലും തുടർന്നുള്ള വെടിവെപ്പിൽ 3 ഇന്ത്യൻ സൈനികർ  മരണപ്പെടുകയും 4 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് കരുതുന്നു ". ഇത് കേട്ടപ്പോൾ മാഷ്ടെ ഉള്ളൊന്ന് പിടച്ചു, അപ്പോൾ തന്നെ " അവനൊന്നും പറ്റില്ല " എന്നൊരു സ്വയം സമാധാനപ്പെടുത്തലും. ഒന്നും സംഭവിക്കാത്ത മട്ടിൽ അടുക്കളയിലേക്ക്  നടന്നു കഞ്ഞി കുടിച്ചെന്നു വരുത്തി പൂമുഖത്തേക്ക് പോയി. പുറമെ നല്ല ഇരുട്ട്. മാനം കറുത്ത് ഇരുണ്ടുകൂടി,  ഇടിയും ഇടക്ക് മിന്നലും. കാലൻ കോഴിയുടെ ഇടവിട്ടുള്ള  "പൂവ്വാ, പൂവ്വാ " എന്ന കുറുകൽ. ആകെപ്പാടെ ഒരു അസ്വസ്ഥത. ഉറങ്ങാൻ കിടന്നെങ്കിലും എന്തൊക്കെയോ മനസ്സിൽ കലങ്ങിമറിയുന്നു. തിരിഞ്ഞുമറിഞ്ഞു കിടന്നും  "അർജുനൻ, ഫൽഗുനൻ...." ചൊല്ലിയിട്ടും ഉറക്കം വരുന്നില്ല. വീണ്ടും വീണ്ടും മനസ്സും ശരീരവും വേച്ചുവേച്ചു പോകുന്നപോലെ. എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു.

 വെളുപ്പിനുതന്നെ കുളിച്ചു അമ്പലത്തിൽ പോയി ഒരു മനസ്സമാധാനത്തിന് അവന്റെ പേരിൽ പുഷ്പാഞ്ജലിയും  വഴിപാടുകളും നടത്തി. രാവിലെ തൊടിയിലൂടെ നടന്നു കവുങ്ങിൻ ചോട്ടിലൊക്കെ ഒന്ന് നോക്കുകയായിരുന്നു. ഏകദേശം പതിനൊന്നു  മണി കഴിഞ്ഞു കാണും, ആരൊക്കെയോ പടികടന്നു വരുന്നു, ഒരു പോലീസുകാരനും കൂടെയുണ്ട്. അടുത്തെത്തിയപ്പോഴാണ് ആൾക്കാരിൽ നാട്ടുകാരായ ചിലരെ മനസ്സിലായത്. മാഷെ കണ്ടതും അവരാകെ കിടന്നു പരുങ്ങന്ന പോലെ. എല്ലാവർക്കും ഒരു മ്ലാനത. അവസാനം പഞ്ചായത്ത് വാർഡ് മെമ്പർ കരുണാകരനാണ് തുടങ്ങിയത്. " എന്തൊക്കെയാ മാഷേ വിശേഷം. ഇപ്പൊ പുറത്തേക്കൊന്നും അങ്ങിനെ ഇറങ്ങാറില്ലേ. കണ്ടിട്ട് കൊറേ ദിവസായി. " അപ്പോഴും അവർ മുറ്റത്തുതന്നെ നിൽക്കുകയായിരുന്നു. അതുകണ്ടിട്ട്  " എന്താ ഇങ്ങനെ മുറ്റത്തു നിക്കണത്, കേറി ഇരിക്കു." എന്നിട്ടും അവർ തമ്മിൽ തമ്മിൽ കുശുകുശുക്കുന്നതു കണ്ടിട്ട് മാഷ് അവരുടെ അടുത്തേക്ക് ചെന്നു. " എന്താണാവോ എല്ലാവരും കൂടി. വല്ല പിരിവിനോ മറ്റോ ആണോ. എന്താ ആരും ഒന്നും മിണ്ടാത്തത്. " തുടർന്ന് മെമ്പർ കരുണാകരൻ മാഷെ കുറച്ചകലത്തേക്ക് കൂട്ടികൊണ്ടുപോയി മാറിനിന്നു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. " അല്ല, പ്രത്യേകിച്ചൊന്നും ഇല്ല, എന്നാലും ഇപ്പൊ, എപ്പോഴും നമ്മുടെ അതിർത്തികളിൽ പട്ടാളക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടാവാറുണ്ടല്ലോ. നമ്മുടെ വേണുവും പട്ടാളത്തിലാണല്ലോ. അതുകൊണ്ട് ചോദിച്ചതാ, എന്തെങ്കിലും വിവരമുണ്ടോ? പോലീസ് സ്റ്റേഷനിലേക്ക്  വേണുവിന് എന്തോ ചെറിയ പരിക്ക് പറ്റിയതായി ഒരു അറിയിപ്പ് വന്നിട്ടുണ്ടെന്ന് പോലീസ്കാർ പറഞ്ഞറിഞ്ഞു. അതൊന്ന് ചോദിച്ചറിയാമെന്നു വിചാരിച്ചു. അല്ല,  പേടിക്കാനൊന്നും ഇല്ല."

കേട്ടപാതി മാഷ്ക്ക് ആകെ ഒരു പരവേശം. പെട്ടെന്ന് കുഴഞ്ഞു വീഴുന്നതുപോലെ കണ്ടു എല്ലാവരും കൂടി പിടിച്ചു പൂമുഖത്തെ ബഞ്ചിൽ കിടത്തി. ഒച്ചകേട്ട് മകൾ ദേവു പുറത്തേക്ക് ഓടിവന്നു. അവർ എങ്ങനെയൊക്കെയോ അതിർത്തിയിലെ വെടിവെപ്പിൽ വേണു മരണപ്പെട്ട വിവരം ദേവുവിനോട് പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും അയൽവക്കക്കാരും നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. ദേവുവാണെങ്കിൽ  എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്കലാപ്പിലും. അതിനിടയിൽ നാട്ടുകാർ ചിലർ കൂടി മാഷെ അകത്തെ കട്ടിലിൽ കൊണ്ടുപോയി കിടത്തി. മാഷ് അബോധാവസ്ഥയിലേക്ക് വീണിരുന്നു. 

ദാക്ഷായണിയമ്മയാണെങ്കിൽ ഒച്ചയും ബഹളവും എന്തൊക്കെയോ കേൾക്കുന്നുണ്ടെങ്കിലും ഒന്നും അറിയുന്നില്ല, അതിന്റെ പരിഭ്രമത്തിലുമാണ്. ആരോ വിളിച്ചു പറഞ്ഞു അടുത്തുള്ള ഡോക്ടറെ കൂട്ടി മാഷ്ടെ അകന്ന ബന്ധുവിന്റെ മകൻ മോഹനനുമെത്തി. പോരാത്തതിന് വേണുവും മോഹനനും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഡോക്ടർ ഗോപാലൻ നായരെ പരിശോധിച്ച് ഇഞ്ചക്ക്ഷനും മരുന്നുകളൊക്ക കൊടുത്തു. " കുറച്ചു നേരം ഉറങ്ങിക്കോട്ടെ, ഈ വയസ്സുകാലത്ത് മനസ്സിന് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ അവർക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. സാവധാനം എല്ലാം അറിയിക്കാം " ഡോക്ടർ പറഞ്ഞു. ദാക്ഷായണിയമ്മക്കും ഒന്ന് മയങ്ങാനുള്ള മരുന്ന് കൊടുത്തു. ഡോക്ടർ അവരുടെ മുൻ പരിചയക്കാരനായതുകൊണ്ട് എല്ലാം ഡോക്ടർ തന്നെ സ്വയം ചെയ്തു.  പിന്നെ അറിഞ്ഞു വന്ന ബന്ധുക്കാരും അയൽക്കാരുമൊക്കെ കാര്യങ്ങൾ ഏറ്റെടുത്തു  നടത്താനുള്ള ഒരുക്കത്തിലായി. വിവരം അറിഞ്ഞു മേലെമഠത്തിൽനിന്ന് ഭാര്യ രമണിയും കുട്ടികളും ബന്ധുക്കാരുമെത്തി. പറക്കമുറ്റാത്ത രണ്ടു കുട്ടികൾ, മൂത്തവൻ ആറുവയസ്സുള്ള മനോജും രണ്ടു വയസ്സുകാരി രമയും. ആൾക്കാരെയും ബഹളവും കണ്ട് അവർക്കൊക്കെ ആകെ ഒരന്ധാളിപ്പ്.  ദാക്ഷായണിഅമ്മയെ കണ്ടതും ഒന്നും സഹിക്കാനായില്ല. നേരെ അവരുടെ കാൽക്കൽ  വീണു കുനിഞ്ഞിരുന്നു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കരയാൻ തുടങ്ങി. ദേവുവിനും ഏടത്തിയമ്മയെ സമാധാനിപ്പിക്കാനാവാതെ കെട്ടിപ്പിടിച്ചു തേങ്ങാനെ ആയുള്ളൂ. 

 ആ വീട്ടിലാകെ ദുഃഖം തളംകെട്ടിയ അന്തരീക്ഷം. അതെ സമയം ബന്ധുക്കാരും, നാട്ടുകാരും, മന്ത്രിമാരും, രാഷ്ട്രീയ, പൗരപ്രമുഖന്മാരും അനുശോചനമറിയിക്കാനെത്തിക്കൊണ്ടിരുന്നു. ആകെ ബഹളമയം. മാധ്യമ പ്രതിനിധികളും വിവരമറിഞ്ഞെത്തി.  മയക്കത്തിൽനിന്നു ഇടക്കൊക്കെ ഉണരുന്ന ഗോപാലൻ നായർ എന്തൊക്കെയോ  വിളിച്ചു കരയുന്നുണ്ടായിരുന്നു. വീണ്ടും മയക്കത്തിലേക്ക് വീഴും. അങ്ങിനെ നിരങ്ങി നീങ്ങി ഒന്നുരണ്ടു ദിവസംകൊണ്ട് ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരവങ്ങളും ആളനക്കവുമൊക്ക കുറഞ്ഞു വരാൻ തുടങ്ങി. 

പെട്ടെന്ന് എന്തോ ഒച്ചകേട്ട് ദേവു  അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഗോപാലൻ നായർ എണീക്കാൻ പുറപ്പെടുകയാണ്. ദേവു അച്ഛനെ പിടിച്ചു ചുമലിലേക്ക് ചായ്ച്ചിരുത്തി. വളരെ വികൃതമായ ഒരു മുഖഭാവമായിരുന്നു. ദേവുവിനെ കണ്ടതും അയാൾക്ക് ദുഃഖം അടക്കാനാവാതെ  കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി " അങ്ങനെ രണ്ടു വിധവകളെയാണ് ദൈവം എനിക്ക് തന്നത്. പിന്നെ ഒന്നനങ്ങാൻകൂടി കഴിയാത്ത ദാക്ഷായണിയേയും. ഈ വയസ്സുകാലത്ത് ഇവരെ നോക്കാൻ ഇനിയാരുണ്ട്? ഈശ്വരാ, ഇവരെ കാത്തോളണേ." കരഞ്ഞു കലങ്ങിയ മുഖം മെല്ലെ ദേവുവിന്റെ ചുമലിൽ നിന്നും മടിയിലേക്ക് ഊർന്നു വീണു. എന്നെന്നേക്കുമായി ആ കണ്ണുകളടഞ്ഞു. അങ്ങനെ വീണ്ടും ഒരു ഗ്രഹണം കൂടി.....


>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക