Image

അനുഗ്രഹീതമായ വിടവാങ്ങൽ (ഡോ.സാം കടമ്മനിട്ട)

Published on 19 October, 2020
അനുഗ്രഹീതമായ വിടവാങ്ങൽ (ഡോ.സാം കടമ്മനിട്ട)
പരിശുദ്ധമായ ഒരു ഞായർ ദിനം അതിരാവിലെ ആരാധനക്കെന്ന പോലെ വിശുദ്ധിയോടെ, ഒരുക്കത്തോെടെ സ്വർഗ്ഗീയമായ ആരാധനാ സ്ഥലത്തേക്ക് ഒരു യാത്ര.

പ്രൗഢിയോടെ പ്രതാപത്തോടെ ദൈവീക തേജസ്  ജ്വലിക്കുന്ന മുഖശോഭയോടെ നിശ്ചയിച്ചുറപ്പിച്ചതു പോലൊരു യാത്ര.
വീട്ടിലെ കാരണവർ തന്റെ അസാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടേണ്ട കാര്യങ്ങൾ ഉത്തരവാദിത്വമുള്ളവരെ പറഞ്ഞേല്പിച്ച് പോകുന്നതു പോലെ തന്റെ പിൻഗാമികളെ ഉത്തരവാദിത്വങ്ങൾ ഏല്പിച്ച് സ്വസ്ഥനായി ഒരു യാത്ര.

1957 ഒക്ടോബർ 18 ന് പൗരോഹിത്യ ശുശ്രൂഷയിലേക്ക് നിയോഗിക്കപ്പെട്ട പ്രഭാതത്തിലെ ഒരുക്കം പോലെ തന്നെ 2020 ഒക്ടോബർ 18 ന് പ്രഭാതത്തിൽ  അജപാലന ശുശ്രൂഷയിൽ നിന്നും ഒരുക്കത്തോടെ നിത്യതയിൽ വിശ്രമത്തിലേക്ക് മാലാഖമാരുടെ ഗണത്തിലേക്ക് സ്വീകരണം.

തണ്ടിൻമേൽ വിളങ്ങി നിന്ന ദീപം പോലൊരു ജീവിതം.
മലമേലുളള പട്ടണം പോലെ ആകർഷകമായ ഒരു ജീവിതം.
നിലപാടുകളിൽ ഉറച്ചു നില്ക്കാൻ തന്റേടമുള്ള ധീരയോദ്ധാവ്.
മറ്റുള്ളവരുടെ വിശപ്പും ദാഹവും നൊമ്പരവും തേങ്ങലും അതേ ആഴത്തിൽ തിരിച്ചറിയുവാൻ തക്കവണ്ണം മനുഷ്യത്വമുള്ള മനസിന്റെ ഉടമ.മാരാമണ്ണും ആറൻമുളയും ചെറുകോൽപ്പുഴയും ഒക്കെ പോലെ അഭിവന്ദ്യ തിരുമേനിയും പമ്പാ നദിയുടെ പുണ്യമാണ്.

കുർബാനാ ഗീതങ്ങളായാലും സുറിയാനി  ഗീതങ്ങളായാലും വഞ്ചിപ്പാട്ടിന്റെ ഈരടികളായാലും അതതിന്റെ തനിമയോടെ താളബോധത്തോെടെ ആസ്വദിച്ചാലപിക്കുന്നതിൽ അഭിവന്ദ്യ തിരുേനിയുടെ പ്രാഗൽഭ്യം അസാധാരണമാണ്.

ആരേയും പ്രീതിപ്പെടുത്താൻ നിൽക്കാത നിർഭയനായി തീരുമാനങ്ങൾ ഉറക്കെ പ്രഖ്യാപിച്ച ഇടയേഷ്ഠൻ.
മതനിരപേക്ഷതയുടെ മഹത്തായ പ്രവാചകൻ.
ഒരിക്കലും തോന്നിയിട്ടില്ലാത്ത ശൂന്യതയാണ് അപ്പച്ചന്റെ വിയോഗ വാർത്ത ഉണ്ടാക്കിയത്.

സഭയിലും പൊതു സമൂഹത്തിലും എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും എന്നെ പ്രാപ്തനാക്കി തീർത്തത് അഭിവന്ദ്യ ജോസഫ് മെത്രാപോലീത്താ തിരുമേനിയുടെ സ്നേഹവും കരുതലും ഒന്നു കൊണ്ടു മാത്രമാണ്.തിരുമേനിയുടെ വാത്സല്യം നേടുവാൻ തക്കവണ്ണം എന്നെ അർഹനാക്കി തീർത്തത്  സ്വർഗ്ഗത്തിലെ ദൈ വത്തിന് എന്നോടുള്ള സ്നേഹത്തിന്റെയും  എന്നെക്കുറിച്ചുള്ള ദൈവയിഷ്ടത്തിന്റെയും തെളിവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

കല്യാണം കഴിഞ്ഞ് അടുത്ത ദിവസം കാണാൻ ചെന്നപ്പോൾ പല തമാശകൾ പറഞ്ഞെങ്കിലും ഇടക്ക് ഗൗരവത്തോടെ ദീപ്തിയോടായി തിരുമേനി പറഞ്ഞു ,
ഇയാൾ  തെരഞ്ഞെടുത്തിരിക്കുന്ന വഴി അല്പം ദുർഘടം പിടിച്ചതാണ് അല്‌പം ഞെരുക്കമൊക്കെയുണ്ടാ കും എന്നിരുന്നാലും അത് ഉപേക്ഷിക്കുവാൻ നീയായിട്ടു നിർബന്ധിക്കരുത് എന്ന്. സംഗീതം എല്ലാവർക്കും ലഭിക്കുന്നതല്ല എന്നും തരുമേനിയപ്പച്ചൻ പറഞ്ഞത് ഒരിക്കലും മറക്കാനാവാത്ത കരുതലിന്റെ വാക്കുകളാണ്.

എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും നേരിൽ കണ്ടോ ഫോണിലോ ഞാൻ വിളിച്ച് പങ്കു വയ്ക്കുമായിരുന്നു.
സിനിമയിൽ സംഗീതം ചയ്യാൻ അവസരം ലഭിച്ച വിവരം അപ്പച്ചനോട് പറഞ്ഞ പ്പോൾ അതിലെ ഗാനം യേശുദാസിനെ കൊണ്ടു പാടിക്കണം എന്നാണ് അപ്പച്ചൻ പറഞ്ഞത്. ഒരു സ്വപ്നം മാത്രമായി അവസാനിച്ചു പോയേക്കാമായിരുന്ന എന്റെ ഒരു അഭിലാഷം പൂവണിയാവുന്നതേയുള്ളു എന്ന വിശ്വാസം എന്നിൽ നിറച്ചത് തിരുമേനിയാണ്. ആ വിശ്വാസം സഫലമാവുകയും ദാസേട്ടൻ എനിക്ക് വേണ്ടി പാടുകയും ചെയ്തു.വലിയ ലോകം കണ്ട മനുഷ്യരോട് അടുത്തു നില്ക്കുമ്പോഴാണ് വലിയ സ്വപ്ന ങ്ങൾ കാണാൻ പ്രാപ്തിയുണ്ടാകുന്നത് എന്നത് എത്ര വാസ്തവമാണ്.

തിരുമേനിയെ കൊണ്ടു ആരാധനക്രമങ്ങളിലെ സുറിയാനി ഗാനങ്ങൾ പാടിച്ച് അതിന്റെ ഉച്ചാരണവും അർത്ഥവും അപ്പച്ചൻ തന്നെ വിവരിക്കുന്ന ഒരു വീഡിയോ ഡോക്യുമെന്റ് തയ്യാറാക്കണം എന്ന ആഗ്രഹം അറിയിക്കുകയും അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു. എന്നാൽ ലോക് ഡൗണും അതിനിടയിൽ തിരുമേനിയുടെ ക്ഷീണം വർദ്ധിച്ചതും കാരണം ആ വലിയ സ്വപ്നം നടക്കാതെ പോയി.
ശരിക്കും ഒരു നല്ല മനുഷ്യനായിരുന്നു. ശ്രേഷ്ഠ ഇടയൻ , വിശ്വപൗരൻ ,
ആശ്രിത വത്സലൻ, ഭാഷാ പണ്ഡിതൻ സർവ്വജ്ഞാനി,  അങ്ങനെ അങ്ങെനെ

എഴുതിയാലൊന്നും തീരില്ല.
നിത്യതയിൽ കാണാം എന്ന ഉറച്ച പ്രത്യാശയിൽ ആശ്വസം കണ്ടെത്താൻ ശ്രമിക്കുന്നു.
വന്ദ്യ പിതാവേ സമാധാനത്താലെ പോക...
അനുഗ്രഹീതമായ വിടവാങ്ങൽ (ഡോ.സാം കടമ്മനിട്ട) അനുഗ്രഹീതമായ വിടവാങ്ങൽ (ഡോ.സാം കടമ്മനിട്ട)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക