Image

നവംബർ 3-നു ഒരു വിജയി ഇല്ലെങ്കിലോ? (ബി ജോൺ കുന്തറ)

Published on 20 October, 2020
നവംബർ 3-നു ഒരു  വിജയി ഇല്ലെങ്കിലോ? (ബി ജോൺ കുന്തറ)
നവംബർ 3 -നു നിരവധി സംസ്ഥാനങ്ങളിൽ വോട്ടുകൾ എണ്ണിത്തീരുകയില്ല 
മാധ്യമങ്ങളിളിലും, മറ്റു പല  വേദികളിലും ചർച്ച നടക്കുന്ന ഒരു പ്രധാന വിഷയം. വായനക്കാർക്ക് അറിയാം ഇവിടെ തിരഞ്ഞെടുപ്പിൽ, ജനകീയ ഭൂരിപക്ഷത്തേക്കാൾ പ്രാധാന്യത ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിന്.

ഇന്നത്തെ കണക്കിൽ കുറഞ്ഞത് 270 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയിരിക്കണം വിജയി ആരെന്ന് നിർണയിക്കാൻ. 2016-ലെ  തിരഞ്ഞെടുപ്പിൽ ട്രംപിന് 304 വോട്ടുകൾ ലഭിച്ചു. ഓരോ സംസ്ഥാനത്തു നിന്നുമുള്ള കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം അനുസരിച്ചാണ് ഈ സംഖ്യ  രൂപപ്പെടുന്നത്. ഓരോ സംസ്ഥാനത്തും ആർക്ക് ജനകീയ ഭൂരിപക്ഷo കിട്ടുന്നു അയാൾക്ക് ആ സംസ്ഥാനത്തിലെ മുഴുവൻ ഇലക്ടറൽ കോളേജ് വോട്ടുകളും കിട്ടും. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിൻറ്റണ് കൂടുതൽ ജനകീയ വോട്ട്  കിട്ടി എന്നും അറിയാമല്ലോ. ഭരണ ഘടന ഇതുപോലുള്ള ഒരു വ്യവസ്ഥിതി രൂപീകരിച്ചത് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങൾക്കും പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ തുല്യ പ്രാധാന്യത നൽകുന്നതിനാണ് .

തിരഞ്ഞെടുപ്പു ദിനം പാതിരയോടെ വിജയി ആരെന്ന് അറിയുക എന്ന കീഴ്വഴക്കം നിലനിൽക്കുന്നു. എന്നാൽ ഇത്തവണ വ്യത്യാസം കാണുന്നത് പോസ്റ്റ് വഴിയുള്ള വോട്ടുകളുടെ അതിപ്രസരണം. കോവിഡ് രോഗ സംക്രമണം കണക്കിലെടുത്തു നിരവധി സംസ്ഥാനങ്ങൾ തപാൽ വഴിയുള്ള വോട്ടു ചെയ്യൽ വളരെ വിപുലമാക്കിയിരിക്കുന്നു അയവുകളും വരുത്തിയിരിക്കുന്നു.

ലോകത്തിൽ അമേരിക്കയിൽ മാത്രമേ ഇതുപോലെ നിയന്ത്രണ രഹിത തപാൽ വോട്ടു സംവിധാനമുള്ളു സമ്മതിദായകർ മുൻ‌കൂർ ആവശ്യപ്പെടാതെ ബാലറ്റുകൾ നൽകുക. ആരെല്ലാം രജിസ്റ്റര്‍ ചെയ്ത വോട്ടർമാർ, ആരെല്ലാം നിയമവിരുദ്ധമായവർ  എന്നതിൽ വ്യക്തതയില്ല. ഇതെല്ലാം വോട്ടെണ്ണൽ സമയം  തർക്ക മാർഗ്ഗങ്ങൾ ആയിമാറും.

സാധാരണ തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടുകൾ തിരഞ്ഞെടുപ്പിനു മുൻപോ തിരഞ്ഞെടുപ്പു ദിനമോ ബാലറ്റ്  കവറിൽ പോസ്റ്റൽ മുദ്ര വീണിരിക്കണം. എങ്കിലേ  സാധുവാകു. എന്നാൽ പല  സംസ്ഥാനങ്ങളും അതിൽ നവംബർ 15 വരെ ആകാം എന്നു പറയുന്നു. ഇതെല്ലാം ഡെമോക്രാറ്റ് പാർട്ടി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങൾ. ഇതിനെ ചൊല്ലി കേസുകൾ നടക്കുന്നു.

മാധ്യമങ്ങളിൽ യുദ്ധക്കള സംസ്ഥാനങ്ങൾ എന്ന പ്രതിപാദ്യം കേട്ടുകാണും. ഇത്തവണ ആ സംസ്ഥാനങ്ങൾ, പെൻസിൽവേനിയ, നോർത്ത് കാരലീന, മിഷിഗൺ, ഒഹായോ, ഫ്ലോറിഡ. ഇതിൽ  മൂന്നു  സംസ്ഥാനങ്ങളിൽ നവംബർ 15നകം വോട്ടുകൾ തപാല്‍ ചെയ്താൽ മതി.

ട്രംപിൻറ്റെ വിജയത്തിന് ഈ അഞ്ചു സംസ്ഥാനങ്ങളും ആവശ്യo. അതിൽ മൂന്നു സ്റ്റേറ്റുകൾ തപാൽ വോട്ട് തിയതി നീട്ടിയിരിക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നുമായി 51 ഇലക്ടറൽ കോളേജ് വോട്ടുകൾ. ഏതു രീതികളിൽ വോട്ടെടുപ്പു നടന്നാലും ജോ ബൈഡനു 236 വോട്ടുകൾ തീർച്ച. ട്രംപിനെ സംബന്ധിച്ചിടത്തോളം തീർച്ച പറയുവാൻ പറ്റുന്ന വോട്ടുകൾ 200 നു താഴെ ഈ സാഹചര്യത്തിൽ ഒരു അനിശ്ചിതത്വം ഒഴിവാക്കുക ട്രംപിനെ സംബന്ധിച്ചിടത്തോളം  വിഷമം.

2016 ൽ ഈ സംസ്ഥാനങ്ങളെല്ലാം ട്രംപിൻറ്റെ വിജയം ഉറപ്പിച്ചു. ഇത്തവണ ഇതിൽ രണ്ടു സംസ്ഥാനങ്ങളെ അടർത്തി എടുത്താൽ ബൈഡൻറ്റെ വിജയം തീർച്ച. മുകളിൽ പറഞ്ഞ മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തീരുകില്ല.  15-)o   തിയതിവരെ സമയം നീട്ടിയിരിക്കുന്നതിനാൽ ആരും പരാജയം സമ്മതിക്കില്ല.

ഇരുകൂട്ടരും നിരവധി അഭിഭാഷകരെ ഈ സംസ്ഥാനങ്ങളിൽ ഒരുക്കി നിറുത്തിയിരിക്കുന്നു കോടതികളിലേക്ക് ഓടുന്നതിന്. തർക്കങ്ങളും പ്രതികരണങ്ങളുമായി ദിനങ്ങൾ നീണ്ടുപോകും. 2000 തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ കണ്ടത് ഇത്തവണ കാണുവാൻ പോകുന്ന ന്ന പ്രതിസന്ധിയുടെ മുന്നിൽ ഒന്നുമല്ലാതാകും.

ജനുവരി 21 നു മുൻപ് പുതിയ പ്രസിഡൻറ്റ് സ്ഥാനാരോഹണം നടത്തിയിരിക്കണം. അത് ഭരണഘടന അനുശാസിക്കുന്നത്. ഈ സാഹചര്യത്തിൽ തർക്കങ്ങൾ ജനുവരിയിലും നീണ്ടുപോയാൽ വരുന്ന വിനകൾ. ഒന്ന് പരമോന്നത കോടതിയിൽ കേസെത്തും. അവിടെയും ഒരു തീരുമാനം വരുന്നില്ല എങ്കിൽ കോൺഗ്രസ്സ് വേണ്ടിവരും പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കുവാൻ.

കീഴ് വഴക്കം ഡിസംബർ പകുതിയോടെ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങളും സാക്ഷ്യപ്പെടുത്തിയിരിക്കും. സ്റ്റേറ്റുകൾ ഇലക്ടറൽ കോളേജ് അംഗങ്ങളെ ചിട്ടപ്പെടുത്തി രാഷ്ട്ര തലസ്ഥാനത്തേക്കു വിടും. അവിടെ അവർ വോട്ട് രേഖപ്പെടുത്തും.നിയുക്ത പ്രസിഡൻറ്റ് തിരഞ്ഞെടുക്കപ്പെട്ടു.

മുൻകാലങ്ങളിൽ ഏതാനും തവണ  ഇലക്ടറൽ കോളേജിന് പ്രസിഡന്റിനെ  തിരഞ്ഞെടുക്കുന്നതിന് പറ്റാതെ വന്നു. ആ സാഹചര്യത്തിൽ നടപടികൾ കോൺഗ്രസ്സിലേയ്ക് നീങ്ങും. കോൺഗ്രസ്സിൽ ഹൌസ് പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കും. സെനറ്റ് വൈസ് പ്രസിഡന്ടിനെയും. പുതിയ കോൺഗ്രസ്സ് ജനുവരി ആദ്യ ആഴ്ച ചുമതല ഏൽക്കുക. അതാണ് കീഴ്വഴക്കം.

ഈ സാഹചര്യത്തിൽ ഏത് രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സ് നിയന്ത്രിക്കുന്നു, സംസ്ഥാനങ്ങൾ ഭരിക്കുന്നു. അതനുസരിച്ചു പ്രസിഡൻറ്റ് തിരഞ്ഞെടുക്കപ്പെടും. ഇവിടെ  ഓരോ സംസ്ഥാനത്തിനും ഒരു വോട്ടു മാത്രം. വൈസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പ് ഓരോ സെനറ്റർക്കും ഒരു വോട്ട്.

ഇന്നത്തെ ഈ വിഘടിത രാഷ്ട്രീയ അന്തരീഷത്തിൽ, സാമാന്യമര്യാദകളും കീഴ്വഴക്കങ്ങളും മാറി നിൽക്കും. അന്തരീക്ഷം  വാഗ്വാദ പൂരിതമാകും. രാഷ്ട്രീയ മുതലെടുപ്പുകാർ വീഥികളിൽ ഇറങ്ങും. ഒരു വിട്ടു വീഴ്ചക്കും ഒരു പാർട്ടിയും സമ്മതിക്കില്ല എന്നു വരുമോ? നമ്മുടെ ജനാധിപത്യത്തിൻറ്റെ ശക്തിയും കെട്ടുറപ്പും എത്ര വലുത് എന്നത് വരുന്ന തിരഞ്ഞെടുപ്പിൽ ബോധ്യമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക