Image

ട്രംപ് ഹേ തോ സേഫ് ഹേ (ട്രംപ് ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതർ)

Published on 20 October, 2020
ട്രംപ് ഹേ തോ സേഫ് ഹേ (ട്രംപ് ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതർ)
യു.എസ്   ഇലക്ഷനിൽ ഇന്ത്യൻ - അമേരിക്കൻ വോട്ടുകൾക്ക് നിർണായക സ്ഥാനമുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ടാണ്  പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചു  സംരംഭകൻ കൂടിയായ ഡാനി ഗെയ്ക്‌വഡ് വീഡിയോ പരസ്യങ്ങൾ നിർമ്മിച്ചിരിക്കുന്നത് . 

ട്രംപ് ഇന്ത്യയ്ക്ക് സുരക്ഷയും സാമ്പത്തികവും സൗഹൃദവും ഉറപ്പുചെയ്യുന്നതായാണ് പരസ്യങ്ങളിൽ. ട്രംപിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുതൽ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാതെ  എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നെന്ന് ഡാനി ഐ എ എൻ എസിനോട് പറഞ്ഞു. 

ദേശീയ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന തികഞ്ഞ രാഷ്ട്രീയ പ്രവർത്തകനാണ് താൻ എന്നാണ് ഡാനി സ്വയം വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കനെയും ഡെമോക്രാറ്റിനെയും മാറി മാറി പിന്തുണച്ചിരുന്ന ആളാണ് താനെന്നും ഇന്ത്യയെ നൂറ് ശതമാനം പിന്താങ്ങുന്ന യഥാർത്ഥ മനുഷ്യൻ എന്ന നിലയിലാണ് ട്രമ്പിനോട് അനുഭാവം തോന്നിയതെന്നും ഡാനി വിശദീകരിച്ചു.

ട്രംപിനെ പരിചയപ്പെടും വരെ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഡാനി ശ്രദ്ധിച്ചിരുന്നില്ല. മിക്ക നേതാക്കളുടേതും പൊയ്‌മുഖങ്ങളാണെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. ലോക്കൽ , സ്റ്റേറ്റ് , ഫെഡറൽ എന്നിങ്ങനെ താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനം ഫലം കാണുമെന്നായിരുന്നു ചിന്തിച്ചത്. 

സംരംഭകനും ഡവലപ്പറും ഇൻവെസ്റ്ററുമായ ഡാനിയുടെ വേരുകൾ ബറോഡ നാട്ടുരാജ്യം ഭരിച്ചിരുന്നവരാണ്. നിലവിൽ 'ഇന്ത്യൻ വോയ്സസ് ഫോർ ഡൊണാൾഡ് ട്രംപ്' എന്ന ക്യാമ്പയിന്റെ ഉപേദശക കമ്മിറ്റി അംഗമാണ്. 

ട്രംപ് ഹേ തോ സേഫ് ഹേ (ട്രംപ് ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതർ) എന്ന് ആശയം അവലംബിച്ചുകൊണ്ട് തയ്യാറാക്കിയ രണ്ട് പരസ്യങ്ങളാണുള്ളത്. ഒന്നിൽ ട്രംപ് ഇന്ത്യയിലെ വിശേഷപ്പെട്ട സ്ഥലം എന്ന് അഹമ്മദാബാദിനെ വർണ്ണിച്ചുകൊണ്ട് അവിടെവച്ച് ഈ വർഷം തുടക്കത്തിൽ പകർത്തിയ ദൃശ്യം കാണാം. 

ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ജോ ബൈഡനുവേണ്ടി തയ്യാറാക്കിയ പരസ്യങ്ങളിൽ ബോളിവുഡ് സംഗീതത്തിന്റെ അതിപ്രസരം ആകുമ്പോൾ,  അതിൽനിന്ന് തീർത്തും വ്യത്യസ്തമായി ഇന്ത്യൻ - അമേരിക്കൻ വംശജരുടെ ഹൃദയത്തിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന പരസ്യങ്ങളാണ് ഡാനി ആവിഷ്കരിച്ചരിക്കുന്നത്. 

തിങ്കളാഴ്ച പുറത്തുവിട്ട പരസ്യം ബിസിനസുകാരുടെ പ്രീതി സമ്പാദിക്കുന്ന തരത്തിലാണ് ഒരുക്കിയത്. പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും, സംരംഭകൻ എന്ന നിലയിൽ സൃഷ്‌ടിച്ച തൊഴിലവസരങ്ങളും ഇതിൽ കോർത്തിണക്കിയിരുന്നു. ബൈഡന്റെ നയങ്ങളെയും 47 വർഷത്തെ കരിയറിനെയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. 

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ട്രംപിന് സംഭവിച്ച വീഴ്ച മറയ്ക്കാനുള്ള മനഃപൂർവ്വമായ ശ്രമവും പരസ്യത്തിൽ നിഴലിച്ചു കാണാം.  കോറോണയെ അതിവേഗത്തിൽ ട്രംപ് നേരിട്ടതായാണ് പരസ്യത്തിൽ പറയുന്നത് . 

സമൂഹ മാധ്യമങ്ങളിൽ മാത്രം കിടന്ന് കറങ്ങുന്നതിനുപകരം ടി വി പരിപാടികൾക്കിടയിൽ താൻ ചെയ്ത പരസ്യങ്ങൾ ഉൾപ്പെടുത്തുമെന്നാണ് ഗെയ്ക്‌വഡ് പറഞ്ഞത്. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം എന്നാൽ ട്രംപും മോദിയും തമ്മിലുള്ള സഖ്യമാണെന്ന് വിശ്വസിക്കുന്ന ഇന്ത്യൻ- അമേരിക്കൻ വംശജരെ ലക്‌ഷ്യം വച്ച്, കഴിഞ്ഞ വർഷം അവസാനം ടെക്സസിൽ നടന്ന ' ഹൗഡി മോദി ' റാലിയിൽ നിന്നും അഹമ്മദാബാദിൽ  അരങ്ങേറിയ 'നമസ്തേ ട്രംപിൽ'  നിന്നുമുള്ള ദൃശ്യങ്ങൾ ചേർത്ത്   മുൻപും സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രചരിച്ചിരുന്നു. 'ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ കമ്മിറ്റി'യുടെ കോ- ചെയർമാനായ അൽ മാസനായിരുന്നു ഈ ആശയത്തിന് പിന്നിൽ. 

'അമേരിക്കയും ഇന്ത്യയും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. ഇന്ത്യൻ -അമേരിക്കൻ വംശജരിൽ നിന്ന് ഞങ്ങളുടെ ക്യാംപെയ്‌നിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. '
ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റി ചെയർമാൻ കിംബെർലി ഗൈൽഫോയ്ൽ ട്വീറ്റ് ചെയ്തു.

 ഏകദേശം 1.3 ദശലക്ഷം ഇന്ത്യൻ അമേരിക്കൻ വോട്ടർമാരാണുള്ളതെങ്കിലും ഇരു പാർട്ടികൾക്കും പ്രത്യേകിച്ച് മേൽക്കൈ ഇല്ലാത്ത സ്റ്റേറ്റുകളിൽ ഈ വോട്ടുകൾ നിർണായകമാകും. ഇത്തരം സംസ്ഥാനങ്ങളെ സ്വിങ് സ്റ്റേറ്റ്സ് എന്നാണ് വിളിക്കുന്നത്. വിസ്കോസിൻ എന്ന സ്വിങ് സ്റ്റേറ്റ് ഹിലരി ക്ലിന്റണ് നഷ്ടമായത് വെറും പതിനായിരം വോട്ടുകൾക്കായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക