Image

ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന സുപ്രീംകോടതി വിധി വിമാനകമ്പനികള്‍ പാലിയ്ക്കുക : നവയുഗം

Published on 22 October, 2020
ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന സുപ്രീംകോടതി വിധി വിമാനകമ്പനികള്‍ പാലിയ്ക്കുക : നവയുഗം
ദമ്മാം: കോവിഡ് രോഗബാധ മൂലം എല്ലാ രാജ്യങ്ങളിലും നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിമാനസര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍, അത്തരത്തില്‍ റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ തുക മുഴുവനായും യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി എല്ലാ വിമാനക്കമ്പനികളും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ രണ്ടാം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ വിമാനടിക്കറ്റുകള്‍ ബുക്കുചെയ്തിട്ടുള്ള എല്ലാവര്‍ക്കും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് ക്രെഡിറ്റ് ഷെല്‍ ആയി യാത്രക്കാരുടെ പേരില്‍ നല്‍കാം. റദ്ദാക്കിയ ടിക്കറ്റിനു പകരമായി നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ, ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിയ്‌ക്കോ, അവര്‍ പകരം നിര്‍ദേശിക്കുന്നവര്‍ക്കോ 2021 മാര്‍ച്ച് 31 വരെ യാത്രയ്ക്കുള്ള അവസരം നല്‍കുന്നതാണ്  ക്രെഡിറ്റ് ഷെല്‍ അവസരം എന്ന് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കോടതിവിധിയെയോ, വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയോ പാലിയ്ക്കാന്‍ ചില വിമാനകമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല. റീഫണ്ടിന്റെ പേരിലും, ക്രെഡിറ്റ് ഷെല്ലിന്റെ പേരിലും അനാവശ്യ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രവാസികളായ യാത്രക്കാരെ വട്ടം കറക്കുന്ന പരിപാടി ചില വിമാനക്കമ്പനികളും, ട്രാവല്‍ ഏജന്‍സികളും തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ് . ഇക്കാര്യത്തില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്!നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക