Image

അനധികൃത കുടിയേറ്റക്കാരായ 545 കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 23 October, 2020
അനധികൃത കുടിയേറ്റക്കാരായ 545 കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല: ഏബ്രഹാം തോമസ്
യുഎസ് മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ മാതാപിതാക്കളെ വേര്‍പിരിഞ്ഞ 545 കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കോടതികള്‍ നിയമിച്ച അഭിഭാഷകര്‍ അറിയിക്കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം യുഎസ് –മെക്‌സിക്കോ അതിര്‍ത്തിയില്‍ സിറോ ടോളറന്‍സ് (ഒരു കുറ്റകൃത്യവും പൊറുക്കുകയില്ല) എന്ന നയം സ്വീകരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നൂറു കണക്കിന് കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുമായി വേര്‍പെടുത്തപ്പെട്ടിരുന്നു. ഇത് അധികമാരും അറിഞ്ഞില്ല.

2017 ന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ  കുട്ടികളെ യുഎസിന്റെ തലങ്ങും വിലങ്ങും മാറ്റിക്കൊണ്ടിരുന്നപ്പോള്‍ ഇവരുടെ മാതാപിതാക്കളെ വളരെ വേഗം ഡീറ്റെയിന്‍ ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നതിനെ കുറിച്ചോ ആവശ്യം വന്നാല്‍ ഇവരുമായി എങ്ങനെ ബന്ധപ്പെടാമെന്നോ ഗവണ്‍മെന്റ് രേഖകള്‍ തയാറാക്കിയില്ല എന്നാരോപിക്കപ്പെടുന്നു. ഈ കാലത്ത് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ട കുട്ടികളെയും കണ്ടെത്തുക വിഷമകരമായി. കാരണം കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായില്ല. വോളന്റിയര്‍മാര്‍ അവരെയും അവരുടെ മാതാപിതാക്കളെയും അന്വേഷിച്ച് ഗ്വോട്ടിമാലയിലെയും ഹോണ്ടുരാസിലെയും വീടുകള്‍ കയറിയിറങ്ങി.

2018 ജൂണില്‍  2700 ല്‍ അധികം കുട്ടികള്‍ മാതാക്കളില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു. ഈ സമയത്താണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ഡാന സബ്രാ സിറോ ടോളറന്‍ സ്‌പോളിസി അനുസരിച്ച് നിയമ വിരുദ്ധമായി മെക്‌സിക്കോയില്‍ നിന്ന് യുഎസില്‍ എത്തുന്ന മുതിര്‍ന്നവരെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ ഉത്തരവിട്ടത്.ധാരാളം കുടുംബങ്ങള്‍ കോടതി ഉത്തരവിലൂടെ ഒന്നുചേര്‍ക്കപ്പെട്ടു. എന്നാല്‍ പിന്നീട് അധികാരികള്‍1,556  കുട്ടികള്‍ വേര്‍പെടുത്തപെട്ടതായി കണ്ടെത്തി. വേനല്‍ 2017 ലെ നിയമം മുതല്‍ ആരംഭിച്ചതാണ് കുട്ടികളുടെ ഒറ്റപ്പെടല്‍. 2017 ജൂലൈ മുതല്‍ നവംബര്‍ വരെ അല്‍പാസോയില്‍ നടന്ന റെയ്ഡുകളും ഇതിന് കാരണമായി. ഈ വിവരം വളരെ പതുക്കെയാണ് പരസ്യമായത്.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. ഒരു സ്റ്റീയറിങ് കമ്മിറ്റി കോടതി നിയമിച്ചു. ഓഗസ്റ്റില്‍ 47 കുട്ടികളുടെയും പിന്നീട് 438 കുട്ടികളുടെയും മാതാപിതാക്കളുടെ  വിവരങ്ങള്‍ കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിക്ക് ഫോണ്‍ നമ്പരുകള്‍ ലഭിച്ച 1030 കുട്ടികളില്‍ ഇനി മാതാപിതാക്കളെ കണ്ടെത്താനുള്ളത് 545 കുട്ടികളുടെ മാതാപിതാക്കളെയാണെന്ന് കമ്മിറ്റി പറയുന്നു. ഈ കുട്ടികളില്‍ 3 ല്‍ 2 പേരുടെ മാതാപിതാക്കള്‍ അവരുടെ സ്വന്തം രാജ്യങ്ങളില്‍ ആയിരിക്കണമെന്ന് എസിഎല്‍യു പറയുന്നു. എന്നാല്‍ ഈ കുടുംബങ്ങളെ കണ്ടെത്താന്‍ ഇനിയും ഒരുപാട് ബുദ്ധിമുട്ടേണ്ടതുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി കുടുംബങ്ങളും കുട്ടികളും വേര്‍പിരിഞ്ഞിട്ട്. കുട്ടികള്‍ യുഎസിന്റെ പല  ഭാഗങ്ങളിലെ വളര്‍ത്തുകേന്ദ്രങ്ങളിലും ബന്ധുവീടുകളിലും കഴിയുന്നു.

വേര്‍പിരിയപ്പെട്ട 545 കുട്ടികളുടെ മാതാപിതാക്കളില്‍ 75 കുട്ടികളുടെ മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുമെന്ന് കരുതുന്നു. മറ്റൊരു 187 നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ശേഷിക്കുന്ന  283 കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ തീര്‍ത്തും കഴിഞ്ഞിട്ടില്ല.

തെറ്റായ സ്‌പെല്ലിങ് ഉള്ള പേരുകളും കാലഹരണപ്പെട്ട ഫോണ്‍ നമ്പരുകളുമായി അറ്റേണിമാര്‍ വിദൂര പ്രദേശങ്ങളിലെ ഇടുങ്ങിയ വഴികള്‍ കയറി ഇറങ്ങുന്നു. ഈ ഗ്രാമങ്ങളുടെ നിയന്ത്രണം അക്രമിസംഘങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭാഷ സ്പാനിഷ് അല്ല, മായന്‍ ആണ്. ആശയ വിനിമയം പ്രയാസമാണ്.

മനുഷ്യാവകാശ അഭിഭാഷകരുടേയും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സേവനം ലഭിക്കാറുണ്ട്. ഒരു ന്യൂയോര്‍ക്ക് സ്ഥാപനം ജസ്റ്റീസ് ഇന്‍ മോഷന്‍ ഹോഡൂറാസിലും  ഗ്വോട്ടിമാലയിലും അല്‍ സാല്‍വഡോറിലും മെക്‌സിക്കോയിലും ഉള്ള കുടുംബങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്നു.

ഈ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ ഗവണ്മെന്റ് നല്‍കുന്ന വളരെ ചുരുങ്ങിയതും കാലഹരണപ്പെട്ടതുമായ വിവരങ്ങള്‍  ഉപയോഗിച്ച് സ്വയം ഗവേഷണം നടത്തി മാതാപിതാക്കളെ കണ്ടെത്താന്‍  ശ്രമിക്കുന്നു. സംഘത്തിന്റെ ലീഗല്‍ ഡയറക്ടര്‍ നാന്‍ ഷിവോണ്‍ പറഞ്ഞു. മഹാമാരി പടരുന്നത് അന്വേഷണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. മേഖലയിലെ ജീവിത സാഹചര്യങ്ങളും സാമൂഹ്യ വിരുദ്ധര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഇതിന് പുറമെയാണ്.
Join WhatsApp News
truth and justice 2020-10-23 12:46:19
First of all who told you to come to America jumping the fence.People want to come they have to come thru proper channel legally.They are criminals.No country will allow people from other countries illegally and India will not allow.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക