Image

ലോക്ഡൗണ്‍: സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യചെയ്തതായി പോലീസ്

Published on 26 October, 2020
ലോക്ഡൗണ്‍: സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യചെയ്തതായി പോലീസ്
തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യചെയ്തതായി പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.  മാര്‍ച്ച് 23 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ 173 കുട്ടികള്‍ ആത്മഹത്യചെയ്തുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ആത്മഹത്യ െചയ്തത് 142 കുട്ടികളായിരുന്നുവെന്നാണ് 19 പോലീസ് ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍.

വീടുകളില്‍ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന മാനസികസമ്മര്‍ദങ്ങളും നിസ്സാര പ്രശ്‌നങ്ങളും കുട്ടികള്‍ ജീവന്‍വെടിയുന്നതിന് കാരണമായിട്ടുണ്ട്. പത്തിനും 18നും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 21 കുട്ടികള്‍ ജീവനൊടുക്കിയപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് അത് 27 ആയി. പാലക്കാട്ട് 23 പേരും മലപ്പുറത്ത് 17 കുട്ടികളും ആലപ്പുഴയില്‍ 11 കുട്ടികളും ഈ അടച്ചിടല്‍കാലത്ത് ആത്മഹത്യ ചെയ്തു. 154 പേരും തൂങ്ങിമരിക്കുകയായിരുന്നു. തീകൊളുത്തിയും വിഷംകഴിച്ചും മരിച്ചവരുമുണ്ട്.

കുട്ടികള്‍ മരണത്തിലേക്ക് നീങ്ങുന്ന സംഭവം ഗൗരവമായെടുക്കേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ ശകാരം, പെട്ടെന്നുള്ള പ്രകോപനം, കൂട്ടുകാരുമായുള്ള വഴക്ക് തുടങ്ങിയവയും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്.

ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം കൂടുന്നകാര്യത്തെക്കുറിച്ച് പഠിക്കാന്‍ അഗ്‌നിരക്ഷാസേനാ മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക