അക്ഷയ് കുമാര്‍ നായകനായ ലക്ഷ്മി ബോംബ് എന്ന സിനിമയുടെ പേര് മാറ്റി. ലക്ഷ്മി എന്നാണ് സിനിമയുടെ പുതിയ പേര്. സിനിമയ്ക്കെതിരെ കര്‍ണി സേന അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പേര് മാറ്റിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണിസേന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് സിനിമയുടെ നിര്‍മ്മാതാക്കളായ ഷബീന ഖാന്, തുഷാര്‍ കപൂര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ പേര് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൊറര്‍ കോമഡി ഴോണറിലുള്ള ലക്ഷ്മിയില്‍ അക്ഷയ് കുമാര്‍ നായകനും കിയറ അദ്വാനി നായികയുമാണ്. 2011ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി. രാഘവ ലോറന്‍സാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഹിന്ദിയിലെ പ്രഥമ സംവിധാന സംരംഭമാണ് കാഞ്ചന. സിനിമയുടെ കഥാ പരിസരത്തോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന പേര് എന്ന നിലയിലാണ് ലക്ഷ്മി ബോംബ് എന്ന പേര് സ്വീകരിച്ചതെന്ന് സംവിധായകന് രാഘവ ലോറന്‍സ് പറഞ്ഞു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പേര് മാറ്റുകയായിരുന്നു.
ആസിഫ്, ലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ലക്ഷ്മിയുടെ ആത്മാവ് ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ അക്ഷയ് കുമാര്‍, ലക്ഷ്മി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി മാറും. നവംബര്‍ 9ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും