Image

യുക്മ കേരളപ്പിറവി ദിനാഘോഷം വര്‍ണാഭമായി

Published on 06 November, 2020
 യുക്മ കേരളപ്പിറവി ദിനാഘോഷം വര്‍ണാഭമായി

ലണ്ടന്‍: യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന ലൈവ് ഷോ ആസ്വദിച്ചത് പതിനാറായിരത്തിലധികം പ്രേക്ഷകരാണ്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ച ഷോയില്‍ മുന്‍ വൈസ് ചാന്‍സിലറും വാഗ്മിയുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടകനായും, പ്രശസ്ത കവി പ്രഫ. വി. മധുസൂദനന്‍ നായര്‍, ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ മന്‍മീത് സിംഗ് നാരംഗ് ഐപിഎസ്, പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ആശംസാ പ്രസംഗകരായും എത്തി. മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റേയും ചുവട് പിടിച്ച്, ഇരുപതോളം കലാകാരന്‍മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വാദകരുടെ മനം നിറച്ചു.

ലൈവ് ഷോയില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് യുക്മയുടെ ഹൃദ്യമായ കേരളപ്പിറവി ദിനാഘോഷ ആശംസകള്‍ നേര്‍ന്നു. യുക്മയുടെ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. സിറിയക് തോമസ്, ലോകമെമ്പാടും മലയാളിയേയും കേരളത്തേയും തിരിച്ചറിയുന്ന രീതിയില്‍ മലയാളവും കേരളവും വളര്‍ന്നിരിക്കുന്നു എന്നുള്ളത് അഭിമാനകരമാണെന്ന് പറഞ്ഞു. കോവിഡ് കാലത്ത് യുക്മ സംഘടിപ്പിച്ച കേരള ദിനാഘോഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് മാതൃകയാണെന്നുള്ള കാര്യം എടുത്ത് പറഞ്ഞ ഡോ. സിറിയക് തോമസ്, സമീപ കാലത്ത് നമ്മെ വിട്ട് പിരിഞ്ഞ പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രമണ്യം, മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നിവരെ അനുസ്മരിച്ചു.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പില്‍ വരുത്തിയ മെക്കാളെ പ്രഭു, കേണല്‍ മണ്‍റോ എന്നിവര്‍ അന്ന് ലോകത്ത് ഉണ്ടായിരുന്നതില്‍ ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന വിദ്യാഭ്യാസ രീതികളാണ് കേരളത്തില്‍ നടപ്പിലാക്കിയതെന്ന് പറഞ്ഞ ഡോ. സിറിയക് തോമസ്, പിന്നീടതില്‍ കാലോചിതമായ മാറ്റങ്ങളൊന്നും വരുത്താതെ ഇപ്പോഴും അവരെ കുറ്റം പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചു.

അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തിയ കവി പ്രൊഫ. മധുസൂദനന്‍ നായര്‍ കേരളത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതി ഭംഗിയും തനത് ജൈവ വൈവിദ്ധ്യവുമൊക്കെ ഏറെ വേദനയുളവാക്കുന്ന കാര്യമാണെന്ന് പറഞ്ഞു. മലയാള ഭാഷയുടെ വൈവിദ്ധ്യവും സമൃദ്ധിയും താളനിബദ്ധതയും എടുത്ത് പറഞ്ഞ മധുസൂദനന്‍ നായര്‍ സാര്‍, അത് നഷ്ടപ്പെടുത്താതെ മുന്നോട്ട് കൊണ്ടു പോകാന്‍ യുക്മ പോലുള്ള സംഘടനകള്‍ ഏത് തരത്തിലുമുള്ള ലാഭേശ്ചയും കൂടാതെ ചെയ്യുന്ന ഇത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നാട്ടില്‍ സമയം രാത്രി ഏറെ വൈകിയിരുന്നെങ്കിലും പ്രേക്ഷകരുടെ സ്‌നേഹ പൂര്‍ണ്ണമായ ആവശ്യ പ്രകാരം തന്റെ 'ന്യൂയോര്‍ക്കിലെ ഓണം' എന്ന കവിതയുടെ ഏതാനും വരികള്‍ അദ്ദേഹം പാടി.

ഷോയില്‍ കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ച ലണ്ടനിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ മന്‍മീത് സിംഗ് നാരംഗ് IPS, എന്‍ഫീല്‍ഡില്‍ വെച്ച് നടന്ന ആദരസന്ധ്യയില്‍ പങ്കെടുത്ത നല്ല ഓര്‍മ്മകള്‍ പ്രേക്ഷകരുമായി പങ്ക് വെച്ചു. യുകെയിലെ കേരള സമൂഹത്തിന് വേണ്ടി യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കലവറ കൂടാതെ അഭിനന്ദിച്ച മന്‍മീത് സിംഗ് നാരംഗ് എംബസ്സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂലം ക്വാറന്റയിനില്‍ കഴിയുന്ന കേരളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട് ഫോണിലൂടെ യുക്മ കേരളപ്പിറവി ദിനാഘോഷത്തിന് ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു. യുകെ മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ സുരാജ് തന്റെ അവാര്‍ഡ് സിനിമകളെപ്പറ്റിയും സംസാരിച്ചു.

കേരളപ്പിറവി ദിനാഘോഷം ലൈവിന്റെ ആരംഭം മുതല്‍ പാട്ടും നൃത്തവും കവിത ചൊല്ലലും ഒക്കെയായി പ്രേക്ഷകരുടെ മനം കവര്‍ന്നത് യുകെയിലെ ഇരുപതോളം പ്രശസ്ത കലാകാരന്‍മാരും കലാകാരികളുമാണ്.

മലയാളത്തിന്റെ മനോഹര നൃത്തരൂപങ്ങളുമായി ലൈവില്‍ നടനമാടിയ അമൃത (ആമി) ജയകൃഷ്ണന്‍, ദേവനന്ദ ബിബിരാജ്, പൂജ മധുമോഹന്‍, ബ്രീസ് ജോര്‍ജ്ജ്, സ്റ്റെഫി ശ്രാമ്പിക്കല്‍, ടോണി അലോഷ്യസ്, സബിത ചന്ദ്രന്‍ എന്നിവര്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദ നടനമാടിച്ചു. മലയാളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയ നൃത്തരൂപങ്ങളിലൂടെ ഈ നര്‍ത്തകര്‍ തെളിയിച്ചത് തങ്ങളോരോരുത്തരും മലയാള ഭാഷയുടേയും സംസ്‌ക്കാരത്തിന്റേയും അംബാസഡര്‍മാരാണെന്നാണ്.

അനുചന്ദ്ര, ജാസ്മിന്‍ പ്രമോദ്, ഫ്രയ സാജു, ആനി അലോഷ്യസ്, ഹരികുമാര്‍ വാസുദേവന്‍ എന്നിവര്‍ തങ്ങളുടെ മധുര ഗാനങ്ങളുമായി പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചപ്പോള്‍ ശ്രീകാന്ത് താമരശ്ശേരിയുടെ നേതൃത്വത്തില്‍ ഗായത്രി ശ്രീകാന്ത്, ആദിത്യ ശ്രീകാന്ത്, ഷൈജി അജിത് എന്നിവര്‍ ചേര്‍ന്നാലപിച്ച മനോഹരമായ സംഘഗാനം വേറിട്ടൊരു അനുഭവമായിരുന്നു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് മലയാളി മനസ്സുകളെ വിളിച്ചടുപ്പിച്ച കാവ്യകേളിയായിരുന്നു ഷോയിലെ പ്രധാന ആകര്‍ഷണം. മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് നടത്തിയ കാവ്യകേളി ഒരു നവ്യാനുഭവമായിരുന്നു യുകെ മലയാളികള്‍ക്ക്. കേരളവും മലയാള ഭാഷയും ആദരിക്കപ്പെടുന്ന ഈ സുദിനത്തില്‍ യുകെയിലെ ആദ്യ കാവ്യകേളിക്ക് വേദിയൊരുക്കുവാന്‍ കഴിഞ്ഞതില്‍ യുക്മയ്ക്ക് അഭിമാനിക്കാം. ശ്രീകാന്ത് താമരശ്ശേരിയുടെ നേതൃത്വത്തില്‍ കാവ്യകേളി രംഗത്ത് ഏറെ പ്രശസ്തരായ അഞ്ച് കലാകാരന്‍മാരാണ് ഇതില്‍ പങ്കെടുത്തത്. ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായര്‍ തൊടുപുഴ, അനില്‍കുമാര്‍ കെ. പി, അയ്യപ്പ ശങ്കര്‍ വി എന്നിവര്‍ ചൊല്ലിയ കവിതകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു.

യുക്മ 'കലാഭൂഷണം' പുരസ്‌കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും പ്രോഗ്രാം ഹോസ്റ്റുമായ ദീപ നായരുടെ ആമുഖത്തോടെ ആരംഭിച്ച ഷോയില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: എബി സെബാസ്റ്റ്യന്‍ സ്വാഗതവും യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ലൈവ് ഷോയ്ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കിയത് യുകെയിലെ പ്രശസ്തമായ റെക്‌സ് ബാന്റിലെ റെക്‌സ് ജോസ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്ജ്, സ്വിന്‍ഡനില്‍ നിന്നുള്ള റെയ്‌മോള്‍ നിധീരി എന്നിവരാണ്.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക