Image

പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)

Published on 22 November, 2020
പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)
ഇറ്റലി കാണാന്‍ വരുന്നവരില്‍ പലരും ഒരു പുരാതന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്ന പൊംപെയിലേക്ക് പോകാതിരിക്കില്ല. എന്റെ യാത്രകളെന്നും ചരിത്രങ്ങള്‍ തേടിയുള്ള യാത്രകള്‍ തന്നെയാണ്. ആ ചരിത്രാന്വേഷണത്തിന്റെ ചൂണ്ടുപലകകളായിട്ടാണ് ചരിത്രഗ്രസ്ഥങ്ങളെ കാണുന്നത്. ലണ്ടനില്‍ നിന്നുതന്നെ പോംപെയുടെ പൈതൃകം നിറഞ്ഞു നില്‍ക്കുന്ന ആല്‍ബര്‍റ്റോസി കാര്‍പിസി എഴുതിയ 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇന്നുമുള്ള പോംപെയി പുസ്തകം വാങ്ങി വായിച്ചു.  ലോകത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചാലും ആ സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട ജയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യാ ചരിത്രം ഇന്ത്യയില്‍ വരുന്ന മിക്ക സഞ്ചാരികളും വായിച്ചിട്ടുണ്ടാകണം. ബി.സി. അഞ്ചാം ശതകത്തിന് മുന്‍മ്പുള്ള നമ്മുടെ മഹാ ശിലായുഗത്തെപ്പറ്റി ചരിത്രകാരന്മാര്‍ തരുന്ന തെളിവുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇരുമ്പു ലോഹങ്ങളും വെട്ടുകല്ലില്‍ തീര്‍ത്ത ശവകല്ലറ, ശവ ശരീരം, മണ്‍ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ട ചരിത്രം തുടങ്ങിയവയാണ്.

പോംപെയില്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് കുതിച്ചൊഴുകി വന്ന ലാവ മനുഷ്യജീവന്‍ എടുക്കുകയായിരുന്നു. ആ പ്രാചീന സാംസ്‌കാരം ഒരു നിശ്വാസം പോലെ എന്നില്‍ ഉദിച്ചുപൊങ്ങി.
ഹോട്ടലില്‍ നിന്ന് രാവിലെ ഏഴുമണിക്കുമുന്‍പ് ടാക്‌സിയില്‍ റോമിലെ പോപ്പുലര്‍ സ്‌ക്വയറിലെത്തി. ഇവിടെ നിന്ന് ഏഴുമണിക്ക് തന്നെ ബസ് നേപിള്‍സിലെ പൊംപെയിലേക്ക് പുറപ്പെടും. പൊംപെയിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ടെങ്കിലും സുഖകരമായ യാത്രയ്ക്ക് ടൂര്‍ ബസ്സുകളാണ് നല്ലത്. ഞങ്ങള്‍ ചെന്നിറങ്ങിയ ചത്വരത്തിന്റെ മദ്ധ്യഭാഗത്ത് ഒരു കെട്ടിടമുണ്ട്. കടകളൊന്നും തുറന്നിട്ടില്ല. അടുത്തുള്ള റോഡരികിലൂടെ ആളുകള്‍ നടക്കുന്നു, ചിലര്‍ ഓടുന്നു. മറ്റ് ചിലര്‍ സൈക്കിളിലാണ്. യുറോപ്പിലെങ്ങും സൈക്കിള്‍ സവാരി നിത്യ കാഴ്ചയാണ്. ആരോഗ്യതിനും ആയുസിനും വ്യായാമം അത്യാവശ്യമെന്ന് സ്‌കൂള്‍ പഠനകാലം മുതലെ അവര്‍ പഠിച്ചവരാണ്. ആ കൂട്ടത്തില്‍ സംസാരിച്ച് നടന്നു നീങ്ങുന്ന പ്രണയ ജോഡികളുമുണ്ട്. റോഡരികിലായി സെന്റ് മരിയ ദേവാലയവും അതിനടുത്തായി ലോകപ്രശസ്ത ചിത്രകാരനും, ശില്പിയും, ഗവേഷകനുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മ്യൂസിയവുമുണ്ട്. ഇതൊക്കെ രാവിലത്തെ ശീതക്കാറ്റില്‍ ഞാനൊന്ന് നടന്നു കണ്ടതാണ്. അവിടേക്ക് നടന്ന് വരുന്നതും കാറില്‍ വന്നിറങ്ങുന്നതും സഞ്ചാരികളാണ്. റോഡരികില്‍ മരങ്ങള്‍ നിരനിരയായി നില്ക്കുന്നു.

ഉദയസൂര്യന്റെ തേജസ് കണ്ടെങ്കിലും മരങ്ങളിലൊന്നും പക്ഷികളെ കണ്ടില്ല. ആകെ കണ്ടത് പ്രാവുകളാണ്. അവരെല്ലാം മനുഷ്യരെപ്പോലെ കൂട്ടമായിരുന്ന് ഇന്നത്തെ പരിപാടികള്‍ പങ്കുവയ്ക്കുന്നു. ഈ സമയം കേരളത്തിന്റെ സ്വന്തം പക്ഷികളായ വെള്ളം കുടിക്കാത്ത വേഴാമ്പല്‍, കുയില്‍, മൈന, പൊന്മാന്‍, മരംകൊത്തി, മൂങ്ങ, മഞ്ഞക്കിളി, തത്ത, കാക്ക, പഞ്ചവര്‍ണ്ണക്കിളി.... ഒരു നിമിഷം ഓര്‍ത്തു. കേരളം എത്ര സുന്ദരമാണ്. ലോകത്ത് 450 ല്‍പരം പക്ഷികളാണുള്ളത്.  കേരളത്തിൽ സൂര്യനുണര്‍ന്നാല്‍ പക്ഷികളെല്ലാം കൂടി മരച്ചില്ലകളില്‍ എന്തൊരു ബഹളമാണ്.
ഞങ്ങള്‍ക്ക് പോകേണ്ട ബസ്സ് വന്നു. അതില്‍ നിന്ന് മധുരം തുളുമ്പുന്ന ചിരിയുമായി ഒരു സുന്ദരി ഇറങ്ങി വന്നിട്ട് ''ബുയോണ്‍ ജീ ഓര്‍നോ'' അഥവാ ഗുഡ്‌മോണിങ് എന്നു പറഞ്ഞു. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വാചാലമായി സംസ്സാരിക്കാന്‍ മിടുക്കി. അവളുടെ പേര് 'റബേക്ക'. അവള്‍ ഇംഗ്ലണ്ടുകാരിയും കാമുകന്‍ ഇറ്റലിക്കാരനുമാണ്. ഞങ്ങളുടെ കഴുത്തിലണിയാന്‍ നീല നിറത്തിലുള്ള ബാഡ്ജ് തന്നു. ഒപ്പം ഹെഡ്‌ഫോണും. കൂട്ടം തെറ്റിപ്പോകാതിരിക്കനാണ് ഈ ബാഡ്ജ്. ഞങ്ങളെ ഇന്ന് നയിക്കുന്നത് റബേക്കയാണ്. പുലരിയില്‍ വിരിഞ്ഞു നില്ക്കുന്ന പൂവുപോലെ അവള്‍ അടുത്ത് വന്ന് ഓരോരുത്തരെ പരിചയപ്പെട്ടു. എല്ലാവരും എന്നെ ശ്രദ്ധിക്കുക. സ്‌നേഹ വാത്സല്യം നിറഞ്ഞ അവളുടെ മിഴികളിലേക്ക് എല്ലാവരും നോക്കി. എ.ഡി. 79ല്‍ വെസ്യുവീസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വിഷവാതകത്തില്‍ ജനങ്ങളെ മരണത്തിലേക്ക് നയിച്ചതും എ.ഡി. 62ല്‍ ഭൂമികുലുക്കമുണ്ടായി പകുതിയിലധികം പ്രദേശങ്ങളും അവിടുത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളും നശിച്ചതും ഇന്ന് ഈ സ്ഥലം യുനെസ്‌ക്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതുമെല്ലാം വിവരിച്ചു.

ഞങ്ങളുടെ പാസ്‌പോര്‍ട്ടും ടിക്കറ്റുമെല്ലാം പരിശോധിച്ചിട്ട് മയില്‍പ്പീലിപോലെ അഴകുവിരിച്ച് നില്‍ക്കുന്ന ഒരു ബസ്സിലേക്ക് കയറ്റി. അതിനുള്ളിലെ യാത്രികരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബസ് നീങ്ങി. ബസിന്റെ ജാലകത്തിന് പുറത്ത് പുതുമ നിറഞ്ഞ റോം മിന്നിമറയുന്നു. ഏകദേശം മൂന്ന് മണികൂറെടുക്കും നാപ്പിള്‍സിലെത്താന്‍. വഴിയോരങ്ങളില്‍ ഉദയസൂര്യന്‍ വിരുന്നു നല്കിയതുപോലെ വിത്യസ്ത നിറത്തിലുള്ള പൂക്കള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു. റോമിലെ ഓരോ നഗരങ്ങളും തെരുവീഥികളും റോമന്‍ ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പങ്ങള്‍ ഉയര്‍ന്നു നില്പുണ്ട്. നീണ്ടു കിടക്കുന്ന സുന്ദരമായ റോഡിലൂടെ ബസ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ അകലത്തില്‍ ഹിമപര്‍വ്വതനിരകള്‍ പോലെ ഇരുഭാഗങ്ങളിലായി പര്‍വ്വതങ്ങള്‍ സൂര്യകിരണങ്ങളാല്‍ തിളങ്ങുന്നു.  ഓരോ പര്‍വ്വതവും ഒന്നിനോടൊന്ന്  മുട്ടിയുരുമ്മി നില്ക്കുന്നു. പര്‍വ്വതങ്ങളുടെ മുകള്‍ ഭാഗവുമായി മുട്ടിയുരുമ്മി നില്ക്കുന്നത് കാര്‍മേഘങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും പല രൂപത്തിലും ഭാവത്തിലുമുള്ള പര്‍വ്വതങ്ങളും പര്‍വ്വത നിരകളും കാണാറുണ്ട്. അതില്‍ നിന്നൊക്കെ വിത്യസ്തമായി ഒരു സഞ്ചാരിക്ക് ഇതൊരു അത്യപൂര്‍വ്വ കാഴ്ചയാണ്. റോമിന്റെയും പൊംപെയുടെയും ഇടയില്‍ ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുന്ന പര്‍വ്വതങ്ങള്‍ ഞാനൊട്ടും പ്രതീക്ഷിച്ചില്ല.  പര്‍വ്വതങ്ങളും അതിനോട് ചാഞ്ഞിറങ്ങി കിടക്കുന്ന കാടുകളും കൃഷിയിടങ്ങളും ചേതോഹരമായ കാഴ്ചയാണ്. ചില താഴ്‌വാരങ്ങളില്‍ വീടുകളുമുണ്ട്. സഞ്ചാരികളെല്ലാം അതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടിരിക്കുന്നു. റോഡിലൂടെ ബസും കാറും മാത്രമല്ല കുതിരപ്പുറത്ത് പോകുന്നവരെയും കണ്ടു.

ഓരോ പര്‍വ്വതങ്ങളും കണ്ടുകൊണ്ടിരിക്കെ ഒരു പര്‍വ്വതത്തിന്റെ മുകളില്‍ വലിയൊരു കുരിശ് പര്‍വ്വതത്തില്‍ കിളിര്‍ത്തു നില്ക്കുന്നതുപോലെ തോന്നി. അതിന് മുകളില്‍ കാര്‍ മേഘക്കൂട്ടങ്ങള്‍ ഉരുണ്ടു കൂടുന്നു. ഈ റോഡിലൂടെയാണ് റോമന്‍ പട്ടാളം രാവിലെ പരേഡ് നടത്തിയിരുന്നത്.  ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് നാല്പത് മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്.  നഗരത്തിനുടുത്തുകൂടിയാണി സാര്‍നോ നദിയൊഴുകുന്നത്.  ഒരു ഭാഗത്ത് പര്‍വ്വതങ്ങളും താഴെ കടലുമൊക്കെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളായിരുന്നു. അതിനൊപ്പം തന്നെ ദേവീ ദേവന്മാരുടെ ആരാധനാലായങ്ങളുയര്‍ന്നു. ആദ്യ ദൈവങ്ങള്‍ ചക്രവര്‍ത്തിമാരായിരുന്നു. ഞങ്ങളുടെ ഗൈഡ് ബസിനുള്ളില്‍ വച്ചുതന്നെ ഓരോ പ്രദേശത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു. ആദ്യം ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പോര്‍ട്ട് മറീന ഗേറ്റിലാണ്. ഏ.ഡി. 62 ലെ വിഷവാതകം നിറഞ്ഞ അഗ്നിപര്‍വ്വ സ്‌പോടനത്തില്‍ ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്ന് കിടക്കുന്ന കാഴ്ചയാണ്. തിരയില്ലാത്ത കടല്‍ത്തീരം ദൂരെ കാണാം.  ആകാശത്തേക്ക് തലയുയര്‍ത്തിനില്ക്കുന്ന  മറീന ഗേറ്റ് റോമന്‍സിന് ഒരഭിമാനസ്തംഭം തന്നെയായിരുന്നു.  നടന്നെത്തിയത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീനസിന്റെ ക്ഷേത്രമാണ്. സ്‌നേഹത്തിന്റെ ദേവതയാണ് വീനസ്. മാത്രവുമല്ല ആത്മീയ ചൈതന്യമുള്ള ഈ സുന്ദരി ദേവി എല്ലാം വീടുകള്‍ക്കും ഒരു കാവല്‍ മാലഖയെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇവിടെയും റോമിലും ഈ ദേവിയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സറാണ് മുന്നട്ടിറങ്ങിയത്. പിന്നീട് കണ്ടത് അപ്പോളോ ദേവന്റെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നതാണ്.

തുടര്‍ന്നുള്ള യാത്രയില്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പിരമിഡ് രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ആംഫി തിയറ്റര്‍ കാണാനാണ്. ബി.സി.80 കളില്‍ കായിക കലാരംഗത്ത് ദൃശ്യവിരുന്നൊരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ആശ്ചര്യമുണ്ടാക്കും. മേല്‍കൂരയില്ലാത്ത തിയറ്ററുകള്‍ക്കുള്ളില്‍  അയ്യായിരം മുതല്‍ ഇരുപത്തയ്യായിരമാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. റോമിന്റെ ആദ്യകാല ചക്രവര്‍ത്തി അഗസ്റ്റിന്റെ കാലം മുതല്‍ ആരംഭിച്ചതാണ് ആംഫി തിയേറ്ററുകള്‍. ഒന്നു മുതല്‍ ഇരുപത് പടികളുണ്ട്. മൂന്ന് ഭാഗത്ത് കാഴ്ചക്കാര്‍ ഇരിക്കുമ്പോള്‍ ഒരു ഭാഗം വലിയ സ്റ്റേജാണ്. ആ സ്റ്റേജിന്റെ അടുത്തായി ഇരിക്കുന്നത് രാജകുടുംബാംഗങ്ങളും, ഉന്നത പട്ടാള ഉദ്യോഗസ്ഥരും, ഗോത്രത്തലവന്മാരും സമ്പന്നരുമാണ്. റോമക്കാരുടെ പ്രധാന പട്ടാള കേന്ദ്രമായതിനാല്‍, ഞായര്‍ ദിവസങ്ങളില്‍ നാടന്‍ കലാപരിപാടികളും, മല്ലന്മാര്‍ തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുമുള്ള സംഘട്ടനങ്ങള്‍ നടക്കാറുണ്ട്.  നമ്മുടെ ഏതെങ്കിലും വലിയ പാറമലകളിലും ഇതുപോലുള്ള തിയറ്ററുകള്‍ നിര്‍മ്മിക്കാവുന്നതാണ്. മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനമുണ്ട്. അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ഒരു ഗേറ്റ് മാത്രമെയുള്ളു. ആ ഭാഗങ്ങളില്‍ ഏതോ തുരങ്കത്തിലെന്നപോലെ ശുചിമുറികളും മറ്റ് കാര്യായലങ്ങളുമുണ്ട്.

ബസ്സിലിരിക്കെ മനസ്സില്‍ നിറഞ്ഞത് ഗ്രീക്ക് -റോമാ ആധുനിക സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെപ്പറ്റിയാണ്.  മുന്നില്‍ കാണുന്ന ഒരോന്നും റോമന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഒരു ദേശം എങ്ങനെ പൂന്തോട്ടങ്ങളാലും, കെട്ടിടങ്ങളാലും മാത്രമല്ല മൂത്രപ്പുരകള്‍ എങ്ങനെയായിരിക്കണമെന്നുകൂടി പഠിപ്പിക്കുന്നു. നമ്മുടെ ഇന്ത്യ 2020ല്‍ എത്തിയിട്ടും ശുചിമുറികളില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. ഇവിടുത്തെ ആംഫിതിയറ്ററുകളും, ചിത്രപ്പണികളും, വാദ്യോപകരണങ്ങളും, ലോഹങ്ങളും, മനോഹരങ്ങളായ ശില്പങ്ങളും മണ്‍പാത്രങ്ങളും പലയിടങ്ങളില്‍ കണ്ട ഫൗണ്ടനുകളും, നേപ്പിള്‍സിലെ കടലോര പ്രദേശങ്ങളുമൊക്കെ എത്ര മനോഹരങ്ങളാണ്.  ബസ്സില്‍ നിന്നിറങ്ങുന്നത് ബി.സി. 78-120 കാലയളവില്‍ തീര്‍ത്ത പൊംപെയുടെ ബസലിക്കയിലാണ്. ബി.സി.യിലും ഇവിടെ ബസിലിക്കയെന്ന പേരുള്ളത് എനിക്കിപ്പോഴാണ് മനസ്സിലായത്. ആധുനിക മനുഷ്യര്‍ കൂടുതല്‍ കേട്ടിട്ടുള്ളത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. റോമന്‍ സാമ്രാജ്യത്തിന്റെ പട്ടാള അധിപന്മാര്‍, ജുപിറ്റര്‍, അപ്പോളോ, ഹെര്‍ക്കുലീസ്, ഡയാനാ, ഇസ്സിസ് തുടങ്ങിയ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍, നീറോ ചക്രവര്‍ത്തി മല്ലന്മാര്‍ക്കായി തീര്‍ത്ത തിയേറ്ററുകള്‍, പൂന്തോപ്പുകള്‍, ദേവിദേവന്മാരുടെ, ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍, കടകമ്പോളങ്ങള്‍ എല്ലാം തന്നെ മൗണ്ട് വെസുവിയസ് എന്ന അഗ്നിപര്‍വ്വതം ഹിരോക്ഷിമ, നാഗസാക്കി ബോംബിനെക്കാള്‍ ശക്തമായി ആകാശമാകെ മൂന്ന് ദിവസത്തോളം ഇരുട്ടുപരത്തികൊണ്ട് പത്ത് കിലോ മീറ്റര്‍ ദുരത്തില്‍ പൊംപെനഗരത്തെ അന്തരീക്ഷത്തിലുയര്‍ന്ന വിഷദ്രാവകത്തിലും അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉരുകിയൊലിച്ചിറങ്ങിയ കറുത്ത ലാവയിലും മൂടിപുതച്ചു.
പ്രകൃതി പൊംപെയി നഗരത്തെ മാത്രമല്ല റോമന്‍ ചക്രവര്‍ത്തിമാരെയും വെല്ലുവിളിച്ചു. ലോകത്തെ വിറപ്പിച്ചവരുടെ കഴുത്തില്‍ പുമാലക്ക് പകരം വിഷമാലകള്‍ ഹാരമണിയിച്ച് ചുംബിച്ചു. യുദ്ധങ്ങളില്‍ ചോരപ്പുഴയൊരുക്കിയവര്‍ മരണത്തിന് ഇങ്ങനെയൊരു മുഖമുള്ളതറിഞ്ഞില്ല. ഏ.ഡി. 62ല്‍ ഭൂമികുലുക്കത്തില്‍ പൊംമ്പയിയുടെ നല്ലൊരു വിഭാഗം ദേശങ്ങളെ നശിപ്പിച്ചെങ്കിലും അവര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് പ്രകൃതി ദേവിക്ക് തോന്നിയോ? പൊംപെയി മാത്രമല്ല അതിനടുത്തുള്ള ഹെര്‍കുലേനിയം നഗരമാകെ ചാമ്പലായി. അതുവഴി ഒഴികികൊണ്ടിരുന്ന സാര്‍നോ നദിപോലും ലാവയാല്‍ മൂടപ്പെട്ടു. ഏ.ഡി. 1500ന്റെ അവസാന കാലഘട്ടത്തിലാണ് അതിന് വീണ്ടും ജീവന്‍ വച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ സമ്പത്തിന്റെ സിംഹഭാഗവും ഇവിടുത്തെ ക്ഷേത്രഗുഹകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതില്‍ മരതകല്ലുകള്‍, രത്‌നങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടമുള്ള നാണയങ്ങള്‍, വെള്ളി, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ളത് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഇവയൊക്കെ സൂക്ഷിക്കാനുള്ള കാരണം ദേവീ ദേവന്മാരുടെ കടാക്ഷമുണ്ടാകുമെന്ന വിശ്വാസമാണ്.
ഇതിനടുത്ത് തന്നെയാണ് യുറോപ്പിലെ ശക്തന്മാരായ മല്ലന്മാര്‍ (ഗ്ലാഡിയേറ്റേഴ്‌സ്) താമസ്സിച്ചിരുന്നത്. അതും ചക്രവര്‍ത്തിമാര്‍ക്ക് കരുത്ത് പകര്‍ന്നു. മല്ലന്മാര്‍ തമ്മിലും, മല്ലന്മാരും മൃഗങ്ങളും തമ്മിലും, കൊടും കുറ്റവാളികളും മൃഗങ്ങളും തമ്മിലുമുള്ള പ്രധാന മത്സരങ്ങള്‍ റോമിലെ കൊളീസിയത്തിലാണ് നടന്നിരുന്നതെങ്കിലും അവിടെ നിന്നുള്ള സിംഹം, പുലി, ഇന്‍ഡ്യയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗമെത്തിയ ഇന്‍ഡ്യന്‍ കടുവ, ചെന്നായ് ഇവരെല്ലാം പൊംമ്പയിലുമുണ്ടായിരുന്നു. ഈ കൊടും ക്രൂരതകള്‍ കണ്ട് ആസ്വാദിക്കുക ചക്രവര്‍ത്തിമാര്‍ക്ക് ഒരു വിനോദമായിരുന്നു. പരസ്പരം പൊരുതി പരാജയപ്പെടുന്ന മല്ലന്‍ ചക്രവര്‍ത്തിയോട് ''രക്ഷിക്കണം'' എന്നപേക്ഷിച്ചാല്‍ കാഴ്ചക്കാരുടെ അഭിപ്രായം മാനിച്ച് വിടുതല്‍ നല്കുമായിരിന്നു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇവരില്‍ കൂടുതലും വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലാണ് വീരമൃത്യു വരിച്ചത്.

സഞ്ചാരികളെല്ലാം പലയിടത്തുമായി എല്ലാം കണ്ടു നടക്കുന്നു. ഏതോ ഒരു ശവകുടീരത്തില്‍ വന്ന പ്രതീതി. ചിന്നിച്ചിതറികിടക്കുന്ന ഒരു തിയേറ്ററിന് മുന്നില്‍ ചെന്നപ്പോള്‍ ഗൈഡ് പറഞ്ഞു. ഇവിടെ നാടകരൂപത്തിലുള്ള ഗ്രീക്ക്-റോമന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. റോമാക്കാര്‍ കലാ സാഹിത്യത്തെ ഇഷ്ടപ്പെട്ടിരുന്നു. ഗ്രീക്ക് റോമാക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ദുഃഖ കഥകളും തമാശകളുമാണ്. ഗ്രീക്ക് കഥയുടെ പശ്ചാത്തലത്തില്‍ റോമന്‍സാണ് അഭിനയക്കുന്നത്. അതില്‍ നൃത്തവുമുണ്ട്. അതിനെ മിമ്മിയെന്നും പാന്ററ്റോമിമ്മിയെന്നും വിളിക്കും. ഇതിന്റെയെല്ലാം പിന്നണിയില്‍ പാടാനും മ്യൂസിക്ക് പകരാനും ഒരു സംഘമുണ്ട്. ഗൈഡ് ചരിത്രബോധമുള്ള ഒരു സ്ത്രീയായി എനിക്ക് തോന്നി. ഞാന്‍ വായിച്ച ചരിത്രപുസ്തകത്തിലൂടെ അവരുടെ വാക്കുകള്‍ ഓരോ താളുകളായി മറിഞ്ഞുകൊണ്ടിരുന്നു. കൂട്ടംകൂടി നില്ക്കുന്നവര്‍ ചരിത്രാന്വേഷികളെപ്പോലെയാണ് അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നത്. അത് ചരിത്രത്തിന്റെ ആഴങ്ങള്‍ തേടിയുള്ള യാത്രയായിരിന്നു.
--------------
പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)പോംപെ; പുരാതന നഗര സ്മ്രിതകൾ (കാരൂർ സോമൻ)
Join WhatsApp News
RAJU THOMAS 2020-11-25 15:40:38
I never expressed my appreciation for any of your ever so many endeavors in Emalayalee. This is about your travel narratives; I have been reading them, and I am grateful to you for them. I only wish you had described in greater detail the destruction of the ancient city and its glory before it was laid waste by the 79 AD eruption of Mt. Vesuvius. On August 24 that year, fragments of ash and other volcanic debris began pouring down on Pompeii, quickly covering the city to a depth of more than nine feet. I still remember it from Malayalam poet and English literature professor G. Kumara Pillai in class and from Edward Gibbon in his monumental work, The History of the Decline and Fall of the Roman Empire.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക