Image

മാധ്യമ മാരണ 118-എ പിൻവലിച്ചത് മുഖ്യമന്ത്രിയുടെ വിജയമോ? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 24 November, 2020
മാധ്യമ മാരണ 118-എ  പിൻവലിച്ചത്  മുഖ്യമന്ത്രിയുടെ വിജയമോ? (ശ്രീകുമാർ ഉണ്ണിത്താൻ)
സൈബര്‍ ലോകത്തെ അതിക്രമങ്ങളും  വ്യാജവാര്‍ത്തകളും  തടയാനെന്ന പേരില്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പോലീസ്‌ നിയമ ഭേദഗതിക്കെതിരേ വ്യാപക വിമര്‍ശനത്തെ  തുടർന്ന്  അത്  തൽക്കാലം  പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്  സ്വാഗതാർഹം തന്നെ   . തീരുമാനം ഗവർണറെ അറിയിക്കും.  ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും.  

മാധ്യമ മാരണ ഓർഡിനൻസ് എന്ന  പേരിൽ ഒരു ഓർഡിനെൻസ്  മന്ത്രിസഭ പാസാക്കുകയും അത്  ഗവർണർക്കു  അയച്ചു കൊടുക്കുകയും  ചെയ്തു .  ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ   അത് നിയമമായി കഴിഞ്ഞു.  ഒരു നിയമം  നിലവില്‍  വന്നശേഷം അത് നടപ്പാക്കില്ലന്ന് പറയുന്നത്  പ്രയോഗികമള്ള.   വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ അത്  പിൻവലിക്കാനാണ്  ഇപ്പോൾ  മന്ത്രിസഭായോഗം തീരുമാനിക്കുന്നത് .

 ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അല്ലെങ്കിൽ  അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ , പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ  എന്ന പേരിലാണു കേരളാ പോലീസ്‌ നിയമത്തില്‍ 118-എ എന്ന വകുപ്പ്‌ കൂട്ടിച്ചേര്‍ത്ത്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചത്‌. മൂന്നു വര്‍ഷം വരെ തടവോ പതിനായിരം രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

ഒരാളുടെ മനസ്സു നൊന്താൽപ്പോലും വാർത്തയ്ക്കും അത് നൽകിയ മാധ്യമസ്ഥാപനത്തിനുമെതിരെ സ്വമേധയാ കേസെടുക്കാവുന്നതാണ് നിയമം. വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾതന്നെ പരാതിക്കാരനാകണമെന്നും നിർബന്ധമില്ല. ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി എന്നുള്ളത്‌ നിര്‍വചിക്കാനുള്ള അധികാരം പോലീസിനാണ്‌. സർക്കാരിനെതിരേയുള്ള വാർത്തകളെ പോലീസിനെ ഉപയോഗിച്ച് 'സെൻസർ' ചെയ്യാനുള്ള നീക്കമായാണ്  ഇതിനെ  പലരും വ്യാഖ്യാനിച്ചിരുന്നത്.

ആർക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാൻ കഴിയുന്ന  വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ ഇതുവഴി സർക്കാരിന് കഴിയും. സി പി എമ്മിനും ഇടതു സർക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം എന്നായിരുന്നു  പൊതുവെയുള്ള  എതിർപ്പുകൾക്കു വേറെ ഒരു  കാരണം .

  അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരാണെന്ന് കണ്ട്  ഐ ടി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011 ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും 2015 സെപ്തംബറിൽ സൂപ്രിം കോടതി റദ്ദാക്കിയതാണ്. ഇതേ   നിയമം   നിലവിലുള്ള പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഒക്ടോബർ 22ന് ഓർഡിനെൻസ് ഇറങ്ങിയത് .

 ഇടത്  സര്‍ക്കാരിനെതിരായ ആരെയും എന്തിനെയും പോലീസിനെ ഉപയോഗിച്ചു വേട്ടയാടാന്‍ ഉപയോഗിക്കപ്പെടുമെന്നായിരുന്നു  പൊതുവെയുള്ള വിമര്‍ശനം. മാധ്യമ മാരണ നിയമമെന്ന ആക്ഷേപം ശക്‌തമായതോടെ, ഇക്കാര്യത്തില്‍ നടപടി എടുക്കുവാൻ  മുഖ്യമന്ത്രി നിർബന്ധിതനായി. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങിടാനുള്ള നീക്കമെന്നായിരുന്നു  രാഷ്‌ട്രീയ നേതാക്കളും നിയമജ്‌ഞരുമടക്കമുള്ളവരുടെ അഭിപ്രായം. സി.പി.എം. കേന്ദ്രനേതൃത്വം  പോലും  ശക്തമായി  പ്രതികരിക്കുകയും  നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു .
   
ഡിജിറ്റൽ മാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സി.പി.എം. പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണം പോലും എതിർക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് വാർത്തകൾക്കും മാധ്യമങ്ങൾക്കും മുകളിൽ പോലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയത്. അതുകൊണ്ടു തന്നെ  സി.പി.എം. കേന്ദ്രനേതൃത്വത്തിന് ഈ നിയമഭേദഗതിയോട്  ഒരു തരത്തിലും യോജിക്കാൻ കഴിയുമായിരുന്നില്ല .

നിയമം സംബന്ധിച്ചു സമൂഹത്തിൽ ആശങ്കയുണ്ടായി. പൊലീസ് നിയമഭേദഗതി നിലവില്‍ വന്ന് മൂന്നാം ദിവസം പിന്‍വലിക്കേണ്ടി വന്നത് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പരാജയം ആണോ? ഈ  നിയമത്തിലെ വ്യവസ്ഥകൾ ഉണ്ടാക്കാനിടയുള്ള അപകടമോ അതു പൊലീസ് കൈകാര്യം ചെയ്യുമ്പോഴത്തെ ഭവിഷ്യത്തോ ഉന്നതർ എന്തുകൊണ്ടു ചിന്തിച്ചില്ല എന്ന ചോദ്യം ഇവിടെ  ശക്തമാണ്. സാധാരണ  എതിർപ്പുകൾ വരുബോൾ വാക്കുകൾ കൊണ്ട്  നേരിടാറുള്ള മുഖ്യമന്ത്രിയുടെ  മാറ്റവും   പ്രശംസനീയമാണ്.

ഒരു ഇടതുപക്ഷ ഗവണ്മെന്റിന്‌  യോജിക്കാനാകാത്ത നിയമം എങ്ങനെ മന്ത്രിസഭ ചർച്ച ചെയ്തു ഗവർണർക്ക് അയച്ചു എന്ന ചോദ്യം ഇവിടെ   പ്രസക്തമാവുകയാണ് . വിശദമായ ഉൾപാർട്ടി ചർച്ചയ്ക്കു ശേഷം സർക്കാർ തീരുമാനം എന്ന മുൻകാല ശൈലിക്കു പകരം പാർട്ടിയും  അധികാരകേന്ദ്രവും  മുഖ്യമന്ത്രിയിൽ തന്നെ നിഷിപത്മാവുന്ന  കാഴ്ചയാണ്  നാം പലപ്പോഴും   കാണുന്നത് . പക്ഷേ  ഇപ്പോൾ  അതിനൊരു  മാറ്റം കാണുന്നു. സിപിഎം കേന്ദ്രനേതൃത്വവും പുതിയ നീക്കത്തെ എതിർത്തു എന്നത് മുഖ്യമന്ത്രിക്ക്  തന്നെ  ഒരു പ്രഹരമായി. ഒരു ഗവൺമെന്റിന്റെ ലക്‌ഷ്യം  ജങ്ങൾക്കു വേണ്ടി ഭരിക്കുക  എന്നതാണ് അല്ലാതെ ജനങ്ങളെ  അടിച്ചമർത്തി  ഭരിക്കുക എന്നതല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക