Image

ബുദ്ധന്റെ ചെമ്പകപ്പൂവ്(കഥ: ധര്‍മ്മരാജ് മടപ്പള്ളി)

ധര്‍മ്മരാജ് മടപ്പള്ളി Published on 27 November, 2020
ബുദ്ധന്റെ ചെമ്പകപ്പൂവ്(കഥ: ധര്‍മ്മരാജ്  മടപ്പള്ളി)
ബുദ്ധക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയില്‍
തുറന്നുവിരിച്ചിട്ട ഒരഴുക്കു മുണ്ടിനു പിറകില്‍ അയാളിരിക്കുകയായാരുന്നു. ഭിക്ഷയായി ഇത്തിരി നാണയം ഇട്ടുനിവരുമ്പോള്‍ ആ വൃദ്ധമിഴികളിലെ തിളക്കം അസാധാരണമായി തോന്നി. ഞാനയാളുടെ കൈവെള്ളയില്‍ തൊട്ടു. ആ കണ്ണുകള്‍ വെള്ളാമ്പലുപൊലെ പൂത്തു.
ഞാന്‍ ചോദിച്ചു: 'നമുക്കൊന്നിച്ച് കുന്നുകയറാമോ?'
അയാള്‍ സൗമ്യമായി ചിരിച്ചുകൊണ്ടു പറഞ്ഞു:
'കുന്നോ ഇതൊരു സമതലമല്ലേ? '
ഞാനയാളെ അതിശയിച്ചു. നീളന്‍മിഴികള്‍ കൂമ്പിച്ച് അയാള്‍ പറഞ്ഞു: 'കിതച്ചു കയറിക്കഴിഞ്ഞാല്‍ ഏതു ശൃംഗവും സമതലംതന്നെ! ഞാന്‍ ഇറങ്ങിക്കഴിഞ്ഞവനാണ്. കയറിപ്പോകുന്നവരിലെ കൗതുകം കണാനിങ്ങനെ
ഇങ്ങുവന്നിരിക്കുന്നു എന്നുമാത്രം.'
ഞാന്‍ അയാള്‍ക്കൊപ്പം ചെന്നിരുന്നു. കയറിപ്പോകുന്നവരുടെ കാല്‍മടമ്പുവടുക്കളില്‍ ചോരപോലെ അടയാളങ്ങള്‍ കണ്ടു.
'വരൂ... നമുക്കൊന്നിച്ച് ഒരിക്കല്‍ കൂടി കയറാം.' ഞാന്‍ വല്ലാതെ കൊതിച്ചു പറഞ്ഞു.
ഞങ്ങള്‍ എഴുന്നേറ്റു. കരിയിലകളില്‍ മഞ്ഞുവീണുകൊഴുത്ത ഋതുവിലെ സന്ധ്യ. വഴുതുമ്പോളൊക്കെ ഞാനയാളെ ആശ്രയിച്ചു. 'നീയല്ല ഇടറുന്നത്. മനസ്സാണ്.' അയാള്‍ തുടര്‍ന്നു:
'നഷ്ടപ്പെട്ട ഒന്ന് നിന്നെ വല്ലാതെ അലട്ടുന്നുണ്ട്. വിട്ടുപോയിട്ടും പ്രാണനായും പെരുമീന്‍കൊറ്റിയായും അതു നിന്റെ കടല്‍വഞ്ചിയെ ദിക്കുകാണിക്കുന്നുണ്ട്.'
അയാളെന്റെ ആന്തരികവഴിത്താരകളിലൂടെ കര്‍പ്പൂരഗന്ധിപ്പച്ചപോലെ പടര്‍ന്നു. പിന്നെപ്പോഴോ
'ഇത്രക്ക് പ്രണയമോ' എന്നൊരു മുത്തുകോരിപ്പൊങ്ങി.
ഞാന്‍ സ്വയം നെഞ്ചുതടവി ഹൃദയമേ നീ അവിടേത്തന്നെയുണ്ടല്ലോ എന്ന് അതിനോടു ചോദിച്ചു. എതോ  പൂക്കാലങ്ങളുടെ ഗന്ധാര്‍ഭാടങ്ങളില്‍ കുരലുപൊട്ടി അത് കരഞ്ഞുകൊണ്ടേയിരുന്നു.
ഞങ്ങള്‍ കുന്നിനു മേല്‍ത്തട്ടിലെ ഒറ്റമുറി അമ്പലത്തിലെത്തി. അത്രയൊന്നും വെടിപ്പോടെ കൊത്തിയെടുക്കപ്പെടാത്തൊരു ബുദ്ധശിലമാത്രം അതിനകത്ത്! മുറ്റത്തെ നറും ശീതളിമയില്‍ ഒരു ചെമ്പകമരം നടന്നുതീര്‍ന്ന പകലിലേക്ക് ചാഞ്ഞുനിന്നു. അതിലാകെ കടും വാസന പുരണ്ട പൂവുകള്‍. അയാള്‍ ചില്ലകളോട് കൈനീട്ടി. ആ കൈകളിലേക്കൊരു പൂവ് അടര്‍ന്നുവീണു.
അയാള്‍ എനിക്കുനേരെ തിരിഞ്ഞു: 'ഈ നിമിഷം ചെമ്പകമരത്തിന്റെ പിടച്ചിലില്‍ അതു തിരയുന്നത് എന്തെന്ന് ഊഹമുണ്ടോ?'
ഇല്ലെന്നു ഞാന്‍ ശിരസ്സുവെട്ടിച്ചു.  
പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ അയാളാ ചെമ്പകപൂ തിരുകി നിറുത്തിപ്പറഞ്ഞു: 'ദേ ഈ പൂവിന്റെ സുഗന്ധം. കൈമോശം വരുന്നേരം മൂല്യമേറുന്ന ചിലതുണ്ട് ജീവിതത്തില്‍. അന്നേരംമാത്രം ഓര്‍മ്മകളുടെ സപ്തവര്‍ണ്ണങ്ങളിലേക്ക് ഇതളുകള്‍ വിടര്‍ത്തുന്ന ചില പൂക്കളുണ്ട് കാട്ടിലെങ്കിലും.  
എനിക്ക് കരയാന്‍ തോന്നി. നീരൊലിക്കുന്ന മിഴികളിലൂടെ ഞാന്‍ കണ്ടു. അത്രയും ശന്തമായൊരു മന്ദഹാസം അയാളില്‍.
വഴിവഴുക്കലുകളില്‍ ഊര്‍ന്നുപോകാതിരിക്കാന്‍ അയാളെന്നെ ഇറുകേപ്പിടിച്ചു.
കിതപ്പാറ്റുവാന്‍ നിന്ന തുരുത്തിലെ ആല്‍മരച്ചോട്ടില്‍വെച്ച് അയാള്‍ പറഞ്ഞു: 'യശോധരയെ ഓര്‍ത്ത് ഞാനിപ്പോളും കരയാറുണ്ട്'
'ഹൃദയം ശരണം ഗഛാമീ' എന്നു ഞാന്‍ താഴ് വാരമാകെ കേള്‍ക്കുമാറുച്ചത്തില്‍ മന്ത്രതരളിതനായി.
കയറുമ്പോള്‍ വഴിയരികിലെ അഴുക്കുമുണ്ടില്‍   ലുബ്ദതയോടെ ഞാനിട്ട നാണയങ്ങള്‍ പൊന്‍നാണയങ്ങളാക്കി അയാള്‍ തിരികേത്തന്നു.
ശാന്തിതേടി
കൊട്ടാരംവിട്ടു പൊയ്‌ക്കോളൂ... ആമ്പല്‍വള്ളികളുടെ അറ്റുപോകാത്ത ഒരു നൂല് മട്ടുപ്പാവില്‍നിന്നും നിങ്ങളുടെ ജീവിതാന്ത്യംവരെ പിന്തുടരും. ഏതോ ഒരു മട്ടുപ്പാവ് വിടര്‍ത്തി വീശിയൊരു പട്ടം മാത്രമാണ് നമ്മളാകേയും.
എന്നു മാത്രം,
ഒരു വഴിപോക്കന്‍,
ഒപ്പ്.

ബുദ്ധന്റെ ചെമ്പകപ്പൂവ്(കഥ: ധര്‍മ്മരാജ്  മടപ്പള്ളി)
Join WhatsApp News
RAJU THOMAS 2020-11-28 00:21:56
വളരെ നന്നായിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. Spiritual, mystical, Zen... എന്നൊക്കെ തോന്നി. ഇത് വല്ല ലാറ്റിനമേരിക്കൻ etc. ഉത്തരാധുനികരെ കോപ്പിയടിച്ചതാണോ എന്ന് ഞാൻ അല്പം ഗൂഗിൾ ചെയ്തുനോക്കി. Nothing came up. I'll keep searching, though. It's so good! അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക