Image

കാഴ്ച്ചയുടെ പ്രത്യയശാസ്ത്രം (കളമ്പൂർ റിപ്പബ്ളിക്ക്- 5: രമേശൻ മുല്ലശ്ശേരി)

Published on 27 November, 2020
കാഴ്ച്ചയുടെ പ്രത്യയശാസ്ത്രം (കളമ്പൂർ റിപ്പബ്ളിക്ക്- 5: രമേശൻ മുല്ലശ്ശേരി)
കളമ്പൂര്
രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഒരാളുണ്ടായിരുന്നു.
പരസഹായമില്ലാതെ കൈയിലുള്ള ഒരു ചൂരൽവടിയുടെ സഹായത്തോടെ അദ്ദേഹം തന്റെ  തറവാട്ടിലേക്ക്  ഒരു കിലോമീറ്ററോളം ദൂരം  നടന്നുവന്ന് സംസാരിച്ചിരുന്ന് ഒറ്റക്ക് തന്നെ തിരിച്ച്നടന്നു പോകാറുണ്ട്.
അന്ന് ടാർ റോഡല്ല.
നാട്ടുവഴിക്ക് വീതിയും കുറവ്.
ഞങ്ങൾ കുട്ടികൾക്കൊക്കെ  അൽഭുതമായിരുന്ന അദ്ദേഹത്തിന് വഴിയിലെ ഓരോ പുൽനാമ്പ് പോലും നിശ്ചയമാണ്.

പറഞ്ഞു വന്ന സംഗതി മറ്റൊന്നാണ്.
ഒരിക്കൽ അദ്ദേഹം  തിരിച്ചു പോകാൻ പതിവിലേറെ  വൈകി.
സംസാരിച്ചിരുന്ന്
നേരം നന്നായി ഇരുട്ടി.
'നന്നായി ഇരുട്ടി 'എന്ന് പറയാമോ?
ഓ...
പറയാം..
'ഭയങ്കര ഇഷ്ടം 'എന്ന് പറയാമെങ്കിൽ പിന്നെന്താ?
അപ്പോൾ അങ്ങനെ തന്നെ..
നന്നായി ഇരുട്ടി.

ഒരു ഓലച്ചൂട്ടു കത്തിച്ച്‌ കയ്യിൽ പിടിച്ച് അത്  വീശി വീശി  അദ്ദേഹം തിരികെ നടന്നുപോയി.

അന്ന്  പാടത്ത് നെൽകൃഷിയുള്ള സമയമാണ്..
രാത്രിയായാൽ കൃഷിക്കാർ കനാലിൽ നിന്നും വെള്ളം തിരിച്ചുവിടാനായി പതിവായി വഴിയിലൂടെ വരും.
സുഖമില്ലാതിരുന്ന പണിക്കാരന് പകരം
അന്ന് ആ വഴി വന്നത്  റിട്ട. അധ്യാപകനായ   പത്രോസ് സാറാണ്.
ഗതികേട് വന്നവൻ തല മൊട്ടയടിച്ചപ്പോൾ കല്ലു മഴ എന്നാണല്ലോ പ്രമാണം. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ.
സാറ് വെള്ളം തിരിച്ചു കഴിഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോൾ ആരോ ഒരാൾ ചൂട്ടും വീശി വരുന്നു.

 സാറ് വിചാരിച്ചത് ചൂട്ടുമായി വരുന്ന ആൾ  വഴി മാറുമെന്നാണ്. ഞാനെന്തിന് മാറണം? ഞാനൊരു അധ്യാപകനല്ലേ? എല്ലാരും അറിയുന്ന ആളല്ലേ? റിട്ടയർ ആയാലെന്ത്?
തറവാട് മുടിച്ച അമ്മാവൻ മരുമകനോട്
'പണവും പ്രതാപവും ഇല്ലെങ്കിലും ഞാനുമൊരമ്മാവനാടാ' എന്നു പറയും മട്ടിൽ
 സാർഅവിടെത്തന്നെ നിന്നു.
അനങ്ങാതെനിന്ന
സാറിന്റെ  ശരീരത്തിലേക്ക് കത്തുന്ന ചൂട്ടു കറ്റയും മിന്നിച്ച്  തിരുമനസ്സ്  കൂൾ കൂളായി പാഞ്ഞുകയറി.!
ശരീരമാസകലം വെന്തുപുകഞ്ഞ് തന്തൂരിയായി മുകളിലേക്ക് ചാടിയ പത്രോസ് സാർ  പ്രാണവേദനക്കിടയിലും അധ്യാപകന്റെ പത്രാസ് കൈവിടാതെ  ദേഷ്യത്തോടെ ചോദിച്ചു.

''തനിക്കെന്തെടോ കണ്ണു കാണാൻ മേലേ?''

'ഇല്യാ'

''പിന്നെന്തിനാ കയ്യില് തീപന്തം?..''

''എതിരെ വരണോർക്ക് എന്നെ കാണാലോന്ന്ച്ചിട്ടാ''.

ഗുണപാഠം.
ചൂട്ടുമിന്നിച്ചു വരുന്നവരെല്ലാം കാഴ്ചയുള്ളവരല്ല.

അപ്പോൾ പിന്നെ അതാണ് പ്രശ്നം.
കൈയിലുള്ള ഞെക്കുവിളക്ക് കത്തിക്കാതെ ആരാന്റെ വെട്ടത്തിൽ കാഴ്ച കാണാൻ ശ്രമിക്കുന്നത്..
കുഴപ്പം കാഴ്ചയുടേതല്ല..
മറ്റെന്തോ ആണെന്ന് വരുന്നു..

മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ ശക്തനായ ചക്രവർത്തി അറംഗസീബായിരുന്നല്ലോ.
തന്റെ മൂത്ത സഹോദരനായ ദാരാ ഷുക്കോവിന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുക്കാൻ ഉത്തരവിട്ട  ചക്രവർത്തിയോട് ദാരാ ഷുക്കോ പറഞ്ഞത്രെ..
''ദില്ലി സിംഹാസനം ഭരിക്കാൻ കയറുന്നവനല്ലേ..
മതിയാവില്ല...
ഈ രണ്ടുകണ്ണുകൾ കൂടി വച്ചോ''

അപ്പോൾ കണ്ണില്ലാത്തതല്ല പ്രശ്നം..
പ്രശ്നം കാഴ്ചയുടേതാണ്.

സിംഹാസനങ്ങൾക്കു പോലും .
Join WhatsApp News
RAJU THOMAS 2020-11-27 22:28:54
ശ്രീ മുല്ലശ്ശേരിയുടെ എഴുത്ത് എനിക്ക് അങ്ങിങ്ങു സുഖിക്കുന്നുണ്ട്, പക്ഷേ അതിൻറെ രചനാതന്ത്രം പിടികിട്ടുന്നില്ല. ശരിക്കും നടന്ന സംഭവങ്ങൾ+ജീവിച്ചിരുന്ന മനുഷ്യർ+ചരിത്രം+ പഴഞ്ചൊല്ലുകൾ/ഫലിതങ്ങൾ+ഹാസ്യം/പരിഹാസം... ഈ സത്യാനന്തരകാലത്തെ ഒരു പുതിയ genre ആയിരിക്കണം. വായിച്ചുരസിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക