Image

ബ്രിട്ടനില്‍ 10 ദിവസത്തിനകം വാക്‌സീന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം

Published on 29 November, 2020
ബ്രിട്ടനില്‍ 10 ദിവസത്തിനകം വാക്‌സീന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം
ലണ്ടന്‍: കോവിഡ് വാക്‌സീന്‍ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നല്‍കാനും ബ്രിട്ടനില്‍ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്‌സീന്‍ റോള്‍ഔട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിര്‍ന്ന ടോറി നേതാവും സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്‌സീന്‍ വിതരണത്തിന്റെ ചുമതല.

ഓക്‌സ്‌ഫെഡ്- ആസ്ട്രാ സെനിക്ക വാക്‌സിന്റെ 100 മില്യണ്‍ ഡോസുകളും ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ 40 മില്യണ്‍ ഡോസുകളുമാണ് ബ്രിട്ടന്‍ ഇതിനോടകം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പരിശോധനകള്‍ അന്തിമഘട്ടത്തിലായ ഇവ നല്‍കിത്തുടങ്ങാനുള്ള അനുമതി അടുത്തയാഴ്ചയോടെ ബ്രിട്ടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന എന്‍എച്ച്എസ് സ്റ്റാഫിനാകും പ്രഥമ പരിഗണന നല്‍കി വാക്‌സീന്‍ ലഭ്യമാക്കുക.

എല്ലാ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും മെഡിസിന്‍സ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരം വാക്‌സീന് ലഭിക്കേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുണ്ടായേക്കും.

ഫൈസര്‍ കമ്പനിയുടെ ബല്‍ജിയത്തിലെ ഫാക്ടറിയില്‍നിന്നാകും ബ്രിട്ടന് ആവശ്യമായ വാക്‌സിനുകള്‍ എത്തിക്കുക. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ട വാക്‌സീന്‍ പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളില്‍ സംഭരിക്കാനുള്ള സംവിധാനം തയാറാക്കി വരികയാണ്. ലണ്ടനിലെ സെന്റ് തോമസ്, കിങ്‌സ് കോളജ് ആശുപത്രികള്‍ വാക്‌സീന്‍ ഹബ്ബുകളാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങള്‍ വികസിപ്പിച്ച വാക്‌സീന്‍ 95 ശതമാനവും ഫലപ്രദമാണെന്നാണ് ഫൈസറിന്റെ അവകാശവാദം. ഓക്‌സ്‌ഫെഡ് വാക്‌സീനും സമാനമായ രീതിയില്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക