Image

സദാചാരബോധവും പ്രതികാരവും (എഴുതാപ്പുറങ്ങൾ -72 -ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 30 November, 2020
സദാചാരബോധവും പ്രതികാരവും  (എഴുതാപ്പുറങ്ങൾ -72 -ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
ഈ ലേഖനത്തിനു ആധാരം നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജ്ജി കോടതി തള്ളിക്കളഞ്ഞു' എന്ന വാര്‍ത്തയാണ്. 2017 -ല്‍ നടന്ന ഈ സംഭവം പൊതുജനങ്ങള്‍ മറന്നുകൊണ്ടിരിക്കെ വീണ്ടും ജനശ്രദ്ധ ഈ പ്രശ്‌നങ്ങളിലേക്ക് തിരിയാന്‍ ഈ വാര്‍ത്ത വഴിയൊരുക്കി.

മറ്റുകലാരന്മാരില്‍ നിന്നും വ്യത്യസ്തമായി വെള്ളിത്തിരയിലെ താരങ്ങളോടുള്ള ആരാധന പണ്ടുമുതല്‍ക്കേ ജനങ്ങളില്‍ നിലനിക്കുന്നുണ്ട്. കൈനിറയെ പണവും, ചുറ്റിലും ഓച്ചാനിച്ചു നില്‍ക്കുന്ന സഹായികളും, നിറയെ ആരാധകരും അവരുടെ സംഘടനകളും എന്തും ചെയ്യാന്‍ ഇവര്‍ക്ക് പ്രേരണയാകുന്നു. വെള്ളിത്തിരയില്‍ സ്വഭാവകഥാപാത്രങ്ങളുടെ മുഖംമൂടിയിട്ട് പ്രത്യക്ഷപ്പെടുന്ന താരങ്ങളോട് ജനങ്ങള്‍ക്ക് ഭ്രാന്തമായ ആരാധനയാണ്. വിശപ്പും ദാഹവുമില്ലാതെ കുടുംബവും ജീവനും വെടിയാന്‍ തയ്യാറായി നില്‍ക്കുന്ന അതിരു കാക്കുന്ന ജവാന്മാരേക്കാള്‍, രാഷ്ട്രത്തിനു പേരും പെരുമയും കൊണ്ടുവരുന്ന കായികതാരങ്ങളെക്കാള്‍, മനുഷ്യരാശിക്ക് ഉപയോഗപ്രദമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞന്മാരെക്കാള്‍ വെള്ളിത്തിരയിലെ നക്ഷത്രങ്ങളെ മനുഷ്യര്‍ സ്‌നേഹിക്കുന്നു. അവരുടെ വിവരങ്ങള്‍ അറിയാന്‍ ഉത്സാഹം കാണിക്കുന്നു. അതുകൊണ്ട് താരങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ത്തകള്‍ പൊതുജനം ഉത്സാഹത്തോടെ കേള്‍ക്കാന്‍ കാതോര്‍ക്കുന്നു. ഒരു താരത്തിന്റെ മരണം ഉള്‍കൊള്ളാന്‍ കഴിയാതെ ആത്മഹത്യ ചെയ്തവരെക്കുറിച്ചും, ഇഷ്ടപ്പെടുന്ന ഒരു താരത്തിന് എന്തെങ്കിലും ഒരു അസുഖം വന്നാല്‍ അവര്‍ക്കുവേണ്ടി ജാതിമത ഭേദമന്യേ ആരാധനയും, പൂജയും പ്രാര്‍ത്ഥനയും നടത്തുന്നവരും നമുക്ക് ചുറ്റുമുണ്ട്.

2017 ഫെബ്രുവരിയില്‍ പ്രശസ്തയായ ഒരു ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടന്നു. നടിയുടെ പരാതിയെത്തുടര്‍ന്ന് സംശയാസ്പദമായി തോന്നിയവരെ കോടതി ചോദ്യം ചെയ്യുകയും,  നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഗൂഡാലോചനകള്‍ ഉണ്ട് എന്ന മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യര്‍ ഒരു പ്രസ്താവന പൊതുവേദിയില്‍ നടത്തിയപ്പോഴാണ് കേസ് ദിലീപ്പെന്ന നടനുനേരെ തിരിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീര്‍ച്ചയായും മറ്റു കലകളെപ്പോലെത്തന്നെ അഭിനയവും ഒരു അനുഗ്രഹമാണ്. വെള്ളിത്തിരക്കുപിന്നില്‍ സദാചാരങ്ങളെ മറന്നുള്ള കുത്തഴിഞ്ഞ ജീവിതങ്ങളും, നാലാംകിട പ്രവൃത്തികളും ഇത്രയും പ്രബുദ്ധരായ കലാകാരന്മാരുള്ള ചലച്ചിത്ര ലോകത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് ലജ്ജാകരം തന്നെ. താരങ്ങളോട് ആരാധനയും, അതേസമയം ചലച്ചിത്ര ലോകത്തോട് മോശമായ കാഴ്ചപ്പാടും ജനങ്ങള്‍ക്കുണ്ടാകാനുള്ള കാരണം ഇതുതന്നെയാണ്. ചലച്ചിത്ര പശ്ചാത്തലങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും എത്രയൊക്കെ മാറ്റം സംഭവിച്ചാലും ചില താരങ്ങളുടെ സംസ്‌കാരത്തിന് മാറ്റം സംഭവിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈയിടെയായി സിനിമാലോകത്ത് നടന്ന പല സംഭവവികാസങ്ങളും. ബോളിവുഡില്‍ മരണപ്പെട്ട സുശാന്ത് സിംഗിന്റെ കേസിനോടനുബന്ധിച്ച് ചുരുളഴിഞ്ഞ പല സംഭവങ്ങളിലെയും നഗ്‌നസത്യങ്ങള്‍ ചലച്ചിത്ര ലോകത്തെക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ ധാരണയെ ഞെട്ടിപ്പിക്കുന്നവയാണ്.

ലോകവും, സാങ്കേതിക വിദ്യയും, കലാസാംസ്‌കാരിക വിദ്യാഭ്യാസവും പുരോഗമനത്തിന്റെ പാതയിലൂടെ വളരെ ദൂരം സഞ്ചരിച്ചിട്ടും 'കാസ്റ്റിംഗ് കൗച്ച്' പോലുള്ള അടിയറവുകള്‍ ഇന്നും ഈ രംഗത്ത് നിലനില്‍ക്കുന്നു എന്നത് ചലച്ചിത്രമേഖലക്ക് അപമാനമാണ്. ചലച്ചിത്രതാരമായി വെള്ളിത്തിരയില്‍ തിളങ്ങുക, കൈനിറയെ പണവും പ്രശസ്തിയും സമ്പാദിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഇത്തരം സമീപനങ്ങള്‍ക്ക് പലരും വഴങ്ങുകയും, ആ വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതും ഇതുപോലുള്ള പ്രവണതകള്‍ക്ക് പ്രോത്സാഹനമാകുന്നു. ഇതുകൂടാതെ കഴിവുള്ള പുതിയ താരങ്ങളെ അടിച്ചമര്‍ത്തുക, മയക്കുമരുന്ന് മാഫിയകള്‍, ഗുണ്ടായിസം തുടങ്ങി സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അരുതായ്മകളുടെയും വിളനിലം വെള്ളിത്തിരയുടെ അണിയറകളാണെന്നുള്ളത് നമ്മളെ ഞെട്ടിപ്പിക്കുന്നു.

ദിലീപ്, മഞ്ജു വാര്യര്‍, ഭാവന എന്നീ ചലച്ചിത്ര താരങ്ങള്‍ക്കിടയിലെ സ്വാര്ഥതാല്പര്യങ്ങളും, വ്യക്തിവൈരാഗ്യങ്ങളുമാണ് ഈ സംഭവത്തിനു പിന്നിലുള്ളതെന്നതാണ് നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ പരാതിക്കാരിയായ ഭാവനയെയോ, കുറ്റംചെയ്തു എന്ന് പറയപ്പെടുന്ന ദിലീപിനെയോ ശരിവയ്ക്കാന്‍ കഴിയില്ല. കാരണം പരസ്പരം വൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ രണ്ടുപേരും തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങള്‍ വളരെ തരംതാഴ്ന്നതാണെന്നേ പറയാനാകൂ.

കുറ്റക്കാരനെന്ന് പറയപ്പെടുന്ന നടന്‍ ദിലീപിനു ചലച്ചിത്ര ലോകത്തെ മറ്റൊരു താരവുമായി ബന്ധം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും വ്യക്തിപരമായ കാര്യമാണ്. അത് ന്യായീകരിക്കാവുന്നതല്ലെങ്കിലും. നടി മറ്റൊരാളുടെ സ്വകാര്യതയില്‍ തലയിട്ടതിനുള്ള തിരിച്ചടിയായിരുന്നു അവര്‍ക്ക് നേരിടേണ്ടിവന്ന അപമാന ശ്രമമെന്ന് മാധ്യമങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം  ബന്ധങ്ങളും, പകപോക്കലുകളും സാധാരണ ജനങ്ങള്‍ക്കിടയിലും നടക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന അവിഹിത ബന്ധങ്ങളുടെ വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാരും, സുഹൃത്തുക്കളും, ബന്ധുക്കളും ഇറങ്ങി തിരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്ക്കും ഊഹിക്കാവുന്നതാണ്. ഇവിടെ തന്റെ സുഹൃത്തായ മഞ്ജുവാര്യരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടിയായിരുന്നു ഇതെങ്കില്‍ അവിടെയും നടി സ്വീകരിച്ച മാര്‍ഗ്ഗം ശരിയല്ല. കാരണം എത്രയോ വൃത്തികെട്ടവനാണ് തന്റെ ഭര്‍ത്താവ് എങ്കിലും അദ്ദേഹത്തിന്റെ കുറ്റങ്ങള്‍ മറ്റൊരാളില്‍ നിന്നും ഒരു ഭാര്യ കേള്‍ക്കാന്‍ ഇഷ്ടപ്പെടില്ല.

ഒരുപക്ഷെ ഭര്‍ത്താവ് ചെയ്ത കുറ്റത്തേക്കാള്‍ അവരുടെ മനസ്സ് നീറുന്നത് സമൂഹം അതു അറിയുന്നതിലാകാം. ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് ഭാര്യയോട് നേരിട്ട് പറഞ്ഞാല്‍ എങ്ങിനെയൊക്കെയായാലും ആ കുടുംബജീവിതം തകര്‍ന്നുടയുമെന്ന് ചിന്തിക്കേണ്ടിയിരുന്നു. ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയോട് നേരിട്ടു പറഞ്ഞ് അവരുടെ കുടുംബത്തിലെ സമാധാനത്തിന്റെ വിളക്കു കെടുത്തി ആ കുടുംബത്തെ ശിഥിലമാക്കുകയാണ്  ചെയ്തത്. നടിയുടെ സദാചാരബോധവും അവരുടെ ധാര്‍മികമായ ചിന്താഗതിയും അവരെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചുകാണും. അതേസമയം തനിക്കെതിരെ വിരല്‍ ചൂണ്ടിയ നടിയോട് പ്രതികാരം തീര്‍ക്കാന്‍ ദിലീപെന്ന സ്വഭാവനടന്‍ തിരഞ്ഞെടുത്തു എന്നുപറയപ്പെടുന്ന മാര്‍ഗ്ഗം വളരെ തരംതാഴ്ന്നതാണ്. ഒരുവന്‍തുക ചെലവഴിച്ച്, വാടകയ്ക്കെടുത്ത ആളുകളെകൊണ്ട്  വീഡിയോ എടുത്ത് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രതികാരം തീര്‍ക്കുക എന്നതിലൂടെ ഒരു ചലച്ചിത്രതാരത്തിന്റെ ഭാവിയെയാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് കലയോട് ചെയ്യാവുന്ന ഏറ്റവും വലിയ അപമാനമെന്നുവേണം പറയാന്‍. ഇതിന്റെ സത്യാവസ്ഥ കോടതി കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ വിലയിരുത്താന്‍ മാത്രമാണ് ഒരു സാധാരണക്കാരന് കഴിയൂ. സംഭവത്തിന്റെ സത്യാവസ്ഥയെകുറിച്ചറിയാന്‍ ഇനിയും നിയമത്തിന്റെ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്. എന്തായിരുന്നാലും ചലച്ചിത്രരംഗത്ത് നടക്കുന്ന നീചമായ പകപോക്കലുകളുടെയും, ചിന്താഗതികളുടെയും ഒരു വെളിപ്പെടുത്തലാണ് ഈ സംഭവം. മാത്രമല്ല വെള്ളിത്തിരയില്‍ കാണുന്ന സ്വഭാവ കഥാപാത്രങ്ങളുടെ പൊയ്മുഖങ്ങള്‍ ഇത്തരം സംഭവങ്ങളിലൂടെയാണ് സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഭാവനയോ, ദിലീപോ കുറ്റകാരന്‍ എന്നല്ല ഈ സംഭവത്തിലൂടെ വിലയിരുത്തേണ്ടത്. ചലച്ചിത്രരംഗത്ത് വെള്ളിത്തിരക്കു പിന്നില്‍ അരങ്ങേറുന്ന നീചമായ പ്രവര്‍ത്തികള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്ക് ഇനിയും അതിനെ തുടച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പകരം ഇത്തരം പ്രവര്‍ത്തികളുടെ മുഖഛായ കൂടുതല്‍ വികൃതമാക്കാനാണ് കഴിഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെ നല്ല സംഭവങ്ങളെ എടുത്തു കാണിക്കുന്നതിലും ചീത്തകാര്യങ്ങളെ ഊതി വീര്‍പ്പിക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് എന്താണെന്നുള്ളത് ശ്രദ്ധേയമാണ്. നമുക്കു ചുറ്റുമുള്ള സമൂഹത്തിലെ സാധാരണക്കാരന്‍ ഉപജീവനത്തിനും, സാഹചര്യങ്ങളുടെ അതിജീവനത്തിനും കഷ്ടപ്പെടുമ്പോള്‍ അതിലൊന്നും ശ്രദ്ധിക്കാതെ വെള്ളിത്തിരയില്‍ തെളിഞ്ഞു മായുന്ന താരങ്ങളോടും, അവരുടെ ജീവിതത്തോടും ജനങ്ങള്‍ക്കുള്ള ഉല്‍ക്കണ്ഠയും ഇത്തരം വാര്‍ത്തകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്നതിനു കാരണമാകുന്നു. അതിലും എത്രയോ ശ്രദ്ധേയമായ കാര്യങ്ങള്‍ നമുക്കുചുറ്റും നടക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതും പൊതുജനം മനസ്സിലാക്കേണ്ടതാണ്.

ബലാല്‍സംഗക്കുറ്റങ്ങളില്‍ പോലും അഞ്ചു ശതമാനം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാധ്യമങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഈ കേസിലും എന്ത് സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങളും ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളും അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു പ്രോസിക്യൂഷന്‍ രാജിവെച്ച്‌പോയത് കേസിനെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കി. ഈ ഈ സംഭവവികാസങ്ങള്‍ കേസിന്റെ നീക്കങ്ങള്‍ക്ക് ഒരു ചോദ്യചിഹ്നമാകുന്നു. കേസിലെ കക്ഷികള്‍ പ്രശസ്തരും, ധനികരുമായതു കൊണ്ടാണ് കേസ് പുരോഗമിയ്ക്കുന്നു. അതേസമയം ഇതൊരു പാവപ്പെട്ടവന്റെ പ്രശ്‌നമാണെങ്കില്‍ ഒരുപക്ഷെ പരാതി കോടതിവരെ എത്തിയാലും എന്നോ ഇതൊക്കെ വിസ്മരിക്കപ്പെട്ടു പോയേനെ. വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മാക്കള്‍ ന്യായാധിപന്മാരെ നോക്കി നിസ്സഹായരായി നില്‍ക്കുന്നു. ആംബുലന്‍സ് വാനില്‍വച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നു. 

നിഷ്പക്ഷമായി നീതി നല്‍കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് കണ്ണുകെട്ടിയിരിക്കുന്ന നീതിദേവത ഒരു പക്ഷെ പറയുന്നത് ഞാന്‍ സത്യമല്ല തെളിവാണ് കാണുന്നത് എന്നല്ലേ? പല സാഹചര്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറിക്കപ്പെടുന്ന നീതി അനീതി ആകാറില്ലേ? പണവും സ്വാധീനവുമുള്ളവര്‍ക്ക് തെളിവുകള്‍ ഉണ്ടാക്കാനും നശിപ്പിക്കാനും എളുപ്പമാണെന്ന് ഈ കാലഘട്ടം നമ്മള്‍ക്കുമുന്നില്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും അനീതിയെ പണംകൊണ്ട് തിരുത്തി നീതിയാക്കുന്നു. നീതിയ്ക്കുവേണ്ടി കാത്തിരിക്കുന്ന പാവപ്പെട്ടവര്‍ വേഴാമ്പലുകളായി ജീവിതം തീര്‍ക്കുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും അവരെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന പൊതുജനം കഴുതകളാകുന്നു.

Join WhatsApp News
Das 2020-11-30 12:59:14
Awesome text ! An eye opener, overall ... Satyameva Jayate !
Sudhir Panikkaveetil 2020-11-30 13:52:38
Morality is lack of opportunity ...സിനിമ രംഗത്താകുമ്പോൾ അവസരങ്ങൾക്ക് കമ്മിയില്ലെന്നു കേൾക്കുന്നു. അനുഭവി രാജ അനുഭവി..അവനവനു അവസരങ്ങൾ ഇല്ലെങ്കിൽ അവസരങ്ങൾ ഉള്ളവരുടെ അവസരം കളയാൻ എന്തിനു പോകുന്നു. വണ്ടേ നീ വിളക്കും കെടുത്തുന്നു സ്വയം ചാകുന്നു. വല്ലവന്റെയും അവിഹിതം അന്വേഷിച്ച് നടക്കുന്നവർ കോടതി കയറി ഇറങ്ങി സ്വയം അപഹാസ്യരാകും. ങാ. ഒരു കാര്യം പാപം ചെയ്യാത്തവർക്ക് കല്ലെറിയാം. ഭൂമിയിൽ അതുകൊണ്ട് കല്ല് മഴ പെയ്യാൻ ഒന്നും പോകുന്നില്ല. ജ്യോതിലക്ഷ്മി നമ്പ്യാരുടെ നിരീക്ഷണം ശരിയാണ്. പാവപ്പെട്ടവർക്ക് നീതിയില്ല. എന്തിനാണ് സത്യത്തെക്കാൾ തെളിവ് നോക്കിയിരിക്കുന്ന ഒരു കോടതിയുടെ ആവശ്യം. വരും തലമുറ കോടതികൾ അടപ്പിക്കുമെന്നു കരുതാം.
girish nair 2020-11-30 18:28:23
നടിയെ ആക്രമിച്ച കേസിൾ പലരും വെറും ഉപകരണം മാത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന എവർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. സിനിമാലോകത്ത് യാതൊരു ഉന്നത ബന്ധങ്ങളും ഇല്ലാത്തവരെ ഉപയോഗിച്ചുകൊണ്ട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതും എല്ലാവർക്കും പകൽ പോലെ വ്യക്തമാണ്. ഇത്തരത്തിൽ ഇരയെ മറന്ന് വേട്ടക്കാരനൊപ്പം ചേർന്നുകൊണ്ട് വേട്ടക്കിറങ്ങുന്ന നരാധപൻന്മാരെ വലിച്ചു പുറത്തിറക്കാൻ ജനങ്ങൾ തന്നെ മുൻകൈയ്യെടുക്കണം. ഇത്തരം മാലിന്യങ്ങളെ പുറത്താക്കിയാൽ മാത്രമേ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ പൊതുജനത്തിനു വിശ്വാസം ഉണ്ടാകുകയുള്ളു. ചില അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു വേണം നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടത്. എതിർവാദങ്ങൾ കേൾക്കുക, രണ്ടു കക്ഷികൾക്കും ബോധ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കി മാത്രം വിധി പ്രസ്താവിക്കുക, ആ വിധികൾ സാമാന്യബുദ്ധിക്ക് നിരക്കുന്നതാവുക എന്നീ അടിസ്ഥാന മൂല്യങ്ങളെ കാറ്റിൽപറത്തി കൊണ്ടാണ് ഇന്ന് പല കോടതിവിധികളും ഉണ്ടാവുന്നത്. പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണസഭയെക്കാൾ കൂടുതൽ പ്രവർത്തിച്ച പാരമ്പര്യം ഇന്ത്യൻ ജുഡീഷ്യറിക്കുണ്ട്. എന്നാൽ, അടുത്തകാലത്ത് ജുഡീഷ്യറി നേരെ എതിർദിശയിലായിട്ടാണ് സഞ്ചരിക്കുന്നത്. വാളയാർ ഉൾപ്പെടെ പല കേസുകളും ഇതിനുദാഹരണമാണ്. ലേഖനം ഒന്നുകൂടി മികവുറ്റതാക്കമായിരുന്നു. അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക