Image

നീ ഇവിടുണ്ടെന്നു ഞാനറിവൂ (കവിത-നിഷ എലിസബേത്ത് ജോര്‍ജ്)

Published on 30 November, 2020
നീ ഇവിടുണ്ടെന്നു ഞാനറിവൂ (കവിത-നിഷ എലിസബേത്ത് ജോര്‍ജ്)
നിനവുകളും കനവുകളും
എന്നെരിയുന്ന മനതാരും
ചിരിമറന്നചുണ്ടുകളും
ഞൊറിവീണെന്‍ കണ്ണുകളും

കാണാതെ അറിയാതെ നീ മറഞ്ഞു

ശുക്രന്‍ മറഞ്ഞൊരെന്‍ മാനവും
കിളികളൊഴിഞ്ഞൊരീ കിളിക്കൂടും
തനിച്ചു ഞാന്‍ നടക്കുമീ പാതകളും
ഒറ്റയ്ക്കായ് വറ്റിലായ് വീഴുന്നീക്കണ്ണീരും

ആര്‍ത്തയായ് ധരണിയിലേകയായ്ത്തീര്‍ന്നതും
ചിന്തകളിലഗ്നി മഴ പെയ്തുരുകുന്നതും
വിരസമാം സന്ധ്യകള്‍ ശീലമായ് തീര്‍ന്നതും
ഉന്നിദ്രയായൊരെന്‍ നിശായാമങ്ങളും

അറിഞ്ഞുവോ നീ ക്ലാന്തമാം എന്നുടെ ദേഹിയെ
ഒരു കുമ്പിള്‍ ഗുളികകള്‍ താങ്ങുമെന്‍ പ്രാണനേ
രഥമേറി നീ ദിവം പൂകിയതില്‍പിന്നെ
സ്വസ്ഥമാകാത്തൊരെന്‍ ആധിയും വ്യാധിയും

വിഭ്രമ സ്വപ്നത്തില്‍ ഞെട്ടിയുണരുമ്പോള്‍
ബലിഷ്ഠമാം നിന്‍പാണി കാണാതെ വലയുന്നു
തോരാതെ പെയ്യുമീ മഴയിലൂടിന്നുനീ
എന്‍പേരുചൊല്ലിയീ പടികേറും സ്വപ്നവും

കണ്ടുചിരിച്ചവര്‍ നീ കൊണ്ടു നടന്നവര്‍
സ്വന്തമെന്നെന്നും നാം ചൊല്ലിപഠിച്ചവര്‍
വേലികള്‍ കെട്ടിനിന്‍ പാതിയാം എന്നുടെ
വഴിത്താരില്‍ തിരിഞ്ഞൊന്നു നോക്കാതെ നിന്നതും

കണ്ടിട്ടു കണ്ടില്ല എന്നു നടിപ്പവര്‍
വാക്കിലും നോക്കിലും കുത്തിനോവിക്കുമ്പോള്‍
നിന്‍ ഗന്ധമൂറുന്ന കുപ്പായം തൊട്ടുഞാന്‍
എന്‍മനോതാപത്തില്‍ ഉഴറി വീഴുന്നതും

കടലാഴമുള്ളൊരീ വൈധവ്യശാപത്തില്‍
പ്രണയവും ചിരികളും വിടചൊല്ലിപ്പോയതും
അവനിയിലിന്നൊരപശകുനമായതും
കാത്തിരിക്കുവാനാരുമില്ലാതായതും

നീ നട്ട തൈത്തെങ്ങു പൂവിട്ടതും
അതിലൊരു കുഞ്ഞാറ്റ കൂടിട്ടതും
പാട്ടായി പൂവായി കാറ്റായി നീ വന്നെന്‍
മുടിയിഴകളിലരുമയായ് തലോടിയപ്പോള്‍

നീയിവിടുണ്ടെന്നു ഞാനറിവൂ

നിഷ എലിസബേത്ത് ജോര്‍ജ്
Join WhatsApp News
PC Mathew 2020-11-30 16:23:51
നല്ല ഹൃദയ സ്പർശിയായ കവിത. നഷ്ടപ്പെടുന്നവർക്ക് മാത്രമേ നഷ്ടത്തിന്റെ വില അറിയൂ. എഴുതുക വീണ്ടും വീണ്ടും. പി സിമാത്യു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക