Image

കണ്ണാരം (കവിത: വേണുനമ്പ്യാർ)

Published on 30 November, 2020
കണ്ണാരം  (കവിത:   വേണുനമ്പ്യാർ)
നീയൊരു കണ്ണാടി
ഞാനൊരു രൂപം
ഇക്കാലമത്രയും  
ചുംബിക്കാതെ ചുംബിച്ചു
നമ്മൾ പരസ്പരം.

നീയൊരു നീലക്കടൽ
ഞാനൊരു വെൺനുരത്തിര
ഇക്കാലമത്രയും  
തൊടാതെ  തൊട്ടു
നമ്മൾ അന്യോന്യം.
 
നീയൊരു മനോഹരതീരം
ഞാനൊരു പാഴ്മരം
ഇക്കാലമത്രയും നമ്മൾ ഒരുമിച്ചു പങ്കിട്ടു
കൊടുങ്കാറ്റിന്റെ  ഇടവേളകൾ!

ചിരഞ്ജീവിയാകാൻ   ഞാൻ   മോഹിക്കുമ്പോൾ
നീ എനിക്ക് വേണ്ടി  മരണത്തിന്റെ താഴ്‌വരയിൽ   ഒരു ചിത
തയ്യാറാക്കുന്നതെന്തിനാണ്!
ചാരത്തിൽനിന്നു  ഒരു ഫീനിക്സ്  പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാനുള്ള മന്ത്രമൊന്നും  
എനിക്കാരും   ഉപദേശിച്ചുതന്നിട്ടില്ലെന്ന കാര്യം മറക്കരുതേ!  
 

ഞാൻ ആലിംഗനത്തിനു  കൊതിക്കുമ്പോൾ
എനിക്കൊട്ടും പിടി തരാതെ നീ കേവലമൊരു സ്ഫുരണമായി ചക്രവാളസീമകൾ കടന്ന്  നക്ഷത്രങ്ങളിലേക്കു മറയുന്നതെന്തിനാണ് ?
നിനക്ക് നക്ഷത്രങ്ങളോട് എന്തിനാണീ ചങ്ങാത്തം!
മണ്ണിലെ പുൽക്കൊടികളെ നീ മറക്കുന്നതെന്തിനാണ്?

നീയും ഞാനും വളരെ അടുപ്പത്തിലാണെങ്കിലും
ഈ ഭൂമിയിൽ നമ്മെപ്പോലുള്ള അപരിചിതർ വേറെയില്ല.

ഞാൻ വിളിക്കും;
നീ ആ വിളിക്കൊരിക്കലും ചെവി കൊടുക്കില്ല.
കാറ്റിന്റെയും  കടലിന്റെയും സംഗീതം ആസ്വദിക്കുന്ന
നീ ഒരു ബധിരനാണെന്ന് ഞാൻ വിശ്വസിക്കേണമോ?

ഞാൻ വിലപിക്കും;
നീ എന്നെ ആശ്വസിപ്പിക്കാനായി വന്ന ചരിത്രമില്ല
അശരണരുടെ ദുഃഖത്തിന്റെ ആഴവും പരപ്പും
നിനക്ക് അറിയാത്തതാണെന്നു ഞാൻ കരുതേണമോ?


ഇനി   വേർപിരിയാനുള്ള   സമയമായി.
എന്റെ രക്തത്തിലും  മാംസത്തിലും  അസ്ഥികളിലും  
അടയിരുന്ന് കണ്ണിൽച്ചോരയില്ലാതെ   തീ  
കൊളുത്തിക്കോളൂ!  നീ എന്തേ  എന്നെ   കൈവെടിഞ്ഞൂ   എന്ന്
പരിഭവിക്കാതിരിക്കാൻ  ഞാൻ  ആവുന്നതും നോക്കാം.  പക്ഷെ അതൊന്നും എന്റെ കയ്യിൽ  മാത്രമല്ലെന്ന്  നിനക്ക് നന്നായി അറിയാവുന്നതല്ലേ?  

സമാഗമത്തിൻറെ പൊൻകിനാവുമായി  
പുകക്കൂണുകൾക്കു കീഴെ  ഇരുട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞോളാം;
വെളിച്ചത്തിന്റെയും വെളിച്ചമായ നീ വെളിച്ചത്തിൽ,  പൊട്ടക്കണ്ണനായി  ഇരുട്ടിൽ തപ്പുന്ന  ഭാവത്തിൽ പതിവുമട്ടിൽ   ഒരു  സഞ്ചാരിയായി അലഞ്ഞോളൂ!

ഇവിടെ എന്റെ ഇഷ്ടം നടക്കുമെന്നു   കരുതുന്നില്ല. നിന്റെ ഇഷ്ടത്തോടൊപ്പം എന്റെ ഇഷ്ടം ചേർത്തുവെക്കാനുള്ള മനസ്സെനിക്കുണ്ട്.   അത് മനസ്സിലാക്കാനുള്ള  ഒരു മനസ്സ് നിനക്കുണ്ടായിരുന്നെങ്കിൽ ! അങ്ങനെ
മോഹിച്ചുപോകുന്നത്  വലിയ ഒരു അപരാധമാണോ?  ആണെങ്കിൽ അതിന്റെ പേരിലും പ്രായശ്ചിത്തം ചെയ്യാൻ   ഈ അടിമ തയ്യാറാണ്.

അങ്ങ് കല്പിച്ചാലും!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക