Image

ലാസ് വേഗാസ് ഉണരുന്നു...പോയാൽ കാശ് കളയാം... (മാത്യു ജോയിസ്, ലാസ്‌ ‌ വേഗാസ്)

Published on 30 November, 2020
ലാസ് വേഗാസ് ഉണരുന്നു...പോയാൽ കാശ് കളയാം... (മാത്യു ജോയിസ്, ലാസ്‌ ‌ വേഗാസ്)

നേരിയ കുളിർമയുള്ള പുലർച്ചയും സായാഹ്നങ്ങളുമായി ലാസ് വേഗാസ് ശിശിരകാലത്തിന്റെ ലഹരിയിലേക്കു വഴുതി വീണുകഴിഞ്ഞു. നെവാഡയിലെ ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ, നിരനിരയായി ഉയർന്നുനിൽക്കുന്ന മലകളിൽ പാറകളും ഉരുളൻ കല്ലുകളുമല്ലാതെ മരങ്ങൾ പൊതുവെ ഇല്ലാത്തതിനാൽ ഫോൾ സീസണിന്റെ സവിശേഷതകളായ വിവിധ നിറങ്ങളിലുള്ള ഇലകളൊന്നും കാണാൻ ഭാഗ്യമുണ്ടാകില്ല. ചെറിയ പട്ടണങ്ങളിലോ സിറ്റികളിലോ വഴിയോരങ്ങളിൽ വെച്ചുപിടിപ്പിച്ചു നനച്ചു വളർത്തുന്ന ചെടികളും മരങ്ങളും ഇതൊരു മരുഭൂമിയുടെ വിരസത ഒഴിവാക്കുന്നു.
കോവിഡ് ടു പടർന്നപ്പോൾ ലാസ് വേഗാസ് ശ്മശാനമൂകതയിലേക്കു എന്നതുപോലെ വിജനമായിക്കൊണ്ടിരിക്കയായിരുന്നു.

കോവിഡ് പാൻഡെമിക്കിന്റെ ഫലങ്ങൾ സതേൺ നെവാഡയിൽ അനുഭവപ്പെട്ടുതുടങ്ങിയതിനുശേഷം ഇതാദ്യമായി, പ്രദേശത്തിന്റെ ഫ്രീവേയുടെ ചില ഭാഗങ്ങളിലെ ട്രാഫിക് അളവ് 2019 നിരക്കിനേക്കാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

സതേൺ നെവാഡയിലെ റീജിയണൽ ട്രാൻസ്പോർട്ടേഷൻ കമ്മീഷന്റെ ഡാറ്റ കാണിക്കുന്നത് നെവാഡ-കാലിഫോർണിയ അതിർത്തിയിലെ അന്തർസംസ്ഥാന 15  എന്ന ഹൈവേയിലെ ട്രാഫിക് അളവ് ഒക്ടോബർ മൂന്നാം വാരം മുതൽ എട്ടു  ശതമാനം ഉയർന്നു വെന്നാണ്. COVID-19 പാൻഡെമിക്കിന്റെ ആഘാതം അനുഭവപ്പെട്ടതിനുശേഷം,  ആദ്യത്തെ വൻ വർദ്ധനവായി  ഇത് അടയാളപ്പെടുത്തുന്നു.

മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ ഗണ്യമായി കുറഞ്ഞ ശ്രേണിയിൽ നിന്നും, ട്രാഫിക് അളവ് സാധാരണ നിലയിലേക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു, കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായി ഗതാഗത തിരക്ക് പൊതുവെ കുറവായിരുന്നു.

താങ്ക്സ് ഗിവിങ് ആഘോഷമായപ്പോൾ പ്രാദേശിക ഗതാഗത കമ്മീഷന്റെ ട്വീറ്റിൽ കാലിഫോർണിയയിൽ നിന്നും ലാസ് വേഗാസിലേക്കുള്ള യാത്രാമധ്യേ പല സ്ഥലങ്ങളിലും രണ്ടു മണിക്കൂർ വരെ ഗതാഗതം ബാക്കപ്പുചെയ്‌തു. ലാസ് വെഗാസിൽ നിന്ന് 45 മൈൽ തെക്കുപടിഞ്ഞാറായി പ്രിം എന്നൊരു ചെറിയ പട്ടണം ഐ -15 ഹൈവേയിലുണ്ട്. അവിടെ മുതൽ 12 മൈൽ നീളത്തിൽ ഗതാഗതക്കുരുക്കു ആയിരുന്നു.

“ഒക്ടോബർ 25 ഞായറാഴ്ച പ്രിമ്മിൽ ഐ -15 യിലെ ഗതാഗത നിരക്ക്  36,500 ആയിരുന്നു, ഇത് തൊഴിലാളി ദിന വാരാന്ത്യത്തിനുശേഷം ഏറ്റവും ഉയർന്ന യാത്രാനിരക്കാണ്,” ആർ‌ടി‌സി ഡെപ്യൂട്ടി സി‌ഇ‌ഒ ഡേവിഡ് സ്വാലോ പറഞ്ഞു. “രാവിലെ 11 നും ഉച്ചയ്ക്കും ഇടയിൽ പരമാവധി മണിക്കൂറിൽ 3,400 വാഹനങ്ങൾ വീതം കടന്നുപോയിട്ടുണ്ട് .”

ട്രാഫിക് വർദ്ധിച്ചതിന്റെ ഫലമായി, ലാസ് വെഗാസിലേക്കുള്ള വാരാന്ത്യ സന്ദർശനങ്ങൾക്ക് ശേഷം ഐ -15 തെക്ക് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കാര്യമായ കാലതാമസം ഉണ്ടായി. .

താങ്ക്സ് ഗിവിങ് വാരാന്ത്യം, ലാസ് വേഗാസിനെ വീണ്ടും ഉണർത്തിയെണ്ണി പറയാം. പതിവുപോലെ കാലിഫോർണിയായിൽ നിന്നും ലാസ് വേഗാസിലേക്കു ഐ15 ഹൈവേ യുടെ മൂന്നു ലൈനുകളും നിറഞ്ഞു കവിഞ്ഞ തിരക്കായിരുന്നു. യൂട്ടാ, അരിസോണ തുടങ്ങിയ സമീപ സംസ്ഥാനങ്ങളിൽ നിന്നും , കോവിഡിനെ തൽക്കാലത്തേക്ക് മറന്ന് , സിൻസിറ്റിയിലേക്കു ജനം ആഘോഷത്തിമിർപ്പിൽ വന്നെത്തി . ഇനിയുള്ള ക്രിസ്തുമസ്സിന്റെയും ന്യൂ ഈയറിന്റെയും വാരാന്ത്യങ്ങൾ ലാസ് വേഗാസിനു പുതുജീവൻ പകരട്ടേ,  ഇവിടെ വന്നെത്തുന്ന ടൂറിസ്റ്റുകൾക്കും അതിഥികൾക്കും. ഹർഷോന്മാദത്തിന്റെ ലഹരി ഒരിക്കൽക്കൂടി നുകരാൻ അവസരവും ഒരുക്കട്ടെ. ഇനിയുള്ള  രാവുകൾ,  ലാസ്  വേഗാസിന്റ നനുത്ത പ്രഭാതങ്ങൾക്കു ഉണർവ് പകരാനായിരിക്കട്ടെ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക