Image

ഒരു ജോർജ്ജിയൻ വീരഗാഥ (ശ്രീജ പ്രവീൺ)

Published on 30 November, 2020
ഒരു ജോർജ്ജിയൻ വീരഗാഥ (ശ്രീജ പ്രവീൺ)
കൂട്ടുകാരുടെ കൂടെ ഫാമിലി ട്രിപ്പ് പോകുന്നതും സ്കൂളിൽ സ്കൂൾ പിള്ളേരെ യും കൊണ്ട് പിക്നിക്  പോകുന്നതും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ടെന്നറിയാമോ? മിക്കവാറും നടക്കുന്ന ആദ്യത്തെ ചർച്ചയിൽ തന്നെ അടിയാവും. ഓരോരുത്തർക്കും ഓരോ തരം ആഗ്രഹങ്ങൾ ആവും.. പിള്ളേർ ഊട്ടി വേണോ കൊടൈക്കനാൽ വേണോ എന്ന് പറഞ്ഞു തർക്കിക്കുമ്പോൾ വലിയവർ യൂറോപ്പ് വേണോ ഏഷ്യൻ രാജ്യം വേണോ എന്നും മഞ്ഞ് കാണണോ വസന്തം കാണണോ എന്നും പറഞ്ഞു തർക്കിക്കും. എല്ലാം ഒരു വിധം പറഞ്ഞു കോംപ്ലിമെൻ്റ്സ് ആക്കിയാലോ, പുതിയ വിഷയം എന്തെങ്കിലും ഉടനേ വരും.

ഞങ്ങളും മറ്റ് മൂന്ന് പ്രവാസി കുടുംബ കൂട്ടുകാരും ചേർന്ന് ജോർജിയ എന്ന കുഞ്ഞു രാജ്യം കാണാൻ പോയത് ഇങ്ങനെ  പല നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ്.  ഒരു കൂട്ടർക്ക് മഞ്ഞ് കാണാൻ ആഗ്രഹം,  വേറൊരു കൂട്ടർക്ക് അത്ര കൂടിയ തണുപ്പ് വേണ്ട, ഇനിയൊരു കൂട്ടർക്ക് എല്ലാം കൂടി മൂന്ന് ദിവസമേ ലീവുള്ളു.. ആണുങ്ങൾക്ക് എല്ലാവർക്കും ചിലവാക്കേണ്ട ബജെറ്റിൽ മാത്രം ഒരുമ. ഞങ്ങൾ പെൺ പ്രജകൾ എവിടെ പോകാനും അര മണിക്കൂർ മുൻപേ തയ്യാർ.

അപ്പോ ഇതെല്ലാം കൂടി കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി.

അബുദാബിയുടെ കണ്ണിലുണ്ണികളായ നസീം മാഷ്, ഷംന അവരുടെ മക്കൾ, ദുബായ് നഗരത്തിൻ്റെ ഓമനകൾ ആയ ഷിജു, വന്ദന അവരുടെ മകൾ, ഈ മഹാ നഗരത്തിലെ അറിയപ്പെടുന്ന റേഡിയോ സെലിബ്രിറ്റി ആയ ഷാബു, അനസൂയ അവരുടെ മക്കൾ, പിന്നെ എൻ്റെ സ്വന്തം കെട്ടിയോൻ, മക്കൾ പിന്നെ ഞാൻ . ഇത്രയും പേരാണ് കഥാപാത്രങ്ങൾ.

വളരെ ശാന്തമായ ഒരു ചെറിയ രാജ്യമാണ് ജോർജ്ജിയ. എനിക്ക് അവിടത്തെ ഏറ്റവും പ്രത്യേകത തോന്നിയ ഒരു പ്രതീകമാണ് ജോർജ്ജിയ യുടെ അമ്മ എന്നറിയപ്പെടുന്ന ഒരു വലിയ പ്രതിമ. ഒരു കയ്യിൽ വീഞ്ഞും മറ്റെ കയ്യിൽ വാളും പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീ രൂപമാണ് അത്. സുഹൃത്തുക്കളോട് സൗഹൃദവും ശത്രുക്കളോട് കാഠിന്യവും കാണിക്കുന്ന അവരുടെ സംസ്കാരം ആണത്രേ അത് പ്രതിനിധാനം ചെയ്യുന്നത്. ഈ രണ്ട് ഭാവങ്ങളും ഒരേ സമയം ഞങ്ങൾക്ക് അവിടെ കാണാൻ ഉള്ള സാഹചര്യം ഉണ്ടായി.

പെട്ടെന്നുള്ള യാത്ര ആയ കാരണം അവിടെ ചെന്നിട്ടുള്ള യാത്ര ഏർപ്പാടുകൾ ഒന്നും ഇവിടെ, അതായത്, ദുബൈയില് നിന്ന് ചെയ്തിരുന്നില്ല. അതൊക്കെ അവിടെ ചെന്ന് റെഡി ആക്കാം എന്ന് ഞങ്ങളുടെ നസീം മാഷ് ഉറപ്പ് തന്നു. മാഷിൻ്റെ പരിചയക്കാർ ആരൊക്കെയോ കഴിഞ്ഞ മാസം ജോർജിയ പോയി വന്നതാ.. പിന്നെന്ത് വേണം? പൊതുവേ എല്ലാ ഗ്രൂപ്പിലും ടൂർ മുഴുവൻ ആസൂത്രണം ചെയ്യുന്ന എൻ്റെ കെട്ടിയോൻ വിഷമത്തോടെ സമ്മതം മൂളി.

ഒരുപാട് തരത്തിലെ കൂട്ടുകാർ ഒന്നിച്ച് കൂടി യാത്ര ചെയ്യുന്നതിൻ്റെ രസം ഒന്ന് വേറെ തന്നെ ആണ്. കുറെ കുട്ടികളെ ഒക്കെ ഒന്നിച്ച് കാണുമ്പോൾ ഞാൻ ഇടക്കിടെ സ്കൂൾ അന്തരീക്ഷത്തിൽ ആയി പോകും. ഇടക്കിടെ സ്ക്കൂളിലെ  ഓർമയിൽ പിള്ളേരുടെ അറ്റെൻഡൻസ് ഒക്കെ എടുക്കാൻ തുടങ്ങും. ലൈൻ ആയിട്ട് നടക്കൂ എന്നൊക്കെ  പറയാൻ തോന്നും . പിന്നെ ഓർമ വരും, അയ്യോ ഇതിനൊക്കെ ചോദിക്കാനും പറയാനും ആള് കൂടെയുണ്ടല്ലോ എന്ന്. പിന്നെ ചമ്മൽ മറച്ചു മിണ്ടാതെ നടക്കും.
അങ്ങനെ ഞങ്ങളെല്ലാവരും ആഘോഷമായി "ബിലിസി" നഗരത്തിൽ ചെന്നിറങ്ങി. ആദ്യ ദിവസം യാത്രയുടെ ക്ഷീണം കാരണം അന്ന് കറക്കം ഒന്നും പ്ലാനില്ല.. പിന്നീടുള്ള രണ്ട് ദിവസത്തേക്ക് നഗരം മുഴുവൻ ചുറ്റി കാണിക്കാൻ ഉള്ള വണ്ടി നസീം മാഷിൻ്റെ കൂട്ടുകാരൻ വഴി ഏർപ്പാട് ചെയ്തു വച്ചിരിക്കുകയാണ് . പക്ഷേ രാത്രി വൈകി കഴിഞ്ഞാണ് ഒരു കാര്യം ഓർമ വന്നത്. വരേണ്ട ഡ്രൈവറുടെ നമ്പർ വേണമല്ലോ. അപ്പോ തന്നെ അബുദാബിയിൽ സുഖമായി കിടന്ന് ഉറങ്ങിയ ഏതോ പാവത്തിനെ വിളിച്ചുണർത്തി നമ്പർ എടുത്തു.

അപ്പോഴേക്കും ബിലിസിയിൽ അർദ്ധ രാത്രി ആയിക്കഴിഞ്ഞു. ഡ്രൈവറെ എങ്ങനെ വിളിക്കും? രാവിലെ വിളിച്ചാൽ മതിയാകുമോ? അപ്പോഴേക്കും വൈകില്ലെ? ആകെ സംശയങ്ങൾ ..എന്തായാലും വിളിച്ചപ്പോൾ ഫോൺ റിംഗ് ആവുന്നുണ്ട്.. ആരും എടുത്തില്ല.

കൂട്ടത്തിലെ എല്ലാവർക്കും ഒരു ചെറിയ ആശങ്ക. പരിപാടി കുളമാകുമോ? ആകെ രണ്ട് ദിവസത്തെ പ്ലാനെ ഉള്ളൂ. വണ്ടി ഇല്ലാതെ എവിടെ സ്ഥലം കാണാൻ പോകാനാണ്? ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ മൊത്തം വണ്ടിക്കാരൻ ഏറ്റു എന്നും പറഞ്ഞു കേറി പോരുകയും ചെയ്തു.
ഇത് വരെയുള്ള പ്ലാനിങ് നടത്താൻ കഴിയാത്ത വിഷമത്തിൽ അത് വരെ പൂച്ചയെ പോലെ ഒതുങ്ങി ഇരുന്ന എൻ്റെ പ്രിയതമൻ ഉടനെ ചാടി വീണു. "നിങ്ങള് ആരും വിഷമിക്കണ്ട, നാളെ ഈ ആള് എത്തിയില്ലേൽ നമുക്ക് ഇവിടെ നിന്ന് വണ്ടി ഏർപ്പാട് ചെയ്യാം ..എന്തായാലും നമ്മൾ ദിവസം വെറുതെ കളയില്ലാ".

ഇത് കേട്ട് നസീം മാഷ് " ശേ.. ഒരു പ്രശ്നവും ഇല്ല. ഇതിപ്പോ ഡ്രൈവർ ഉറങ്ങുന്ന നേരമല്ലെ? അതാ ഫോൺ എടുക്കാത്തത്. അതിരാവിലെ അയാള് ഉണർന്നു സർവ അപരാധങ്ങളും പൊറുത്ത് തരേണമേ, എന്നും പറഞ്ഞു ഇവിടെ ഹോട്ടലിൻ്റെ മുറ്റത്ത് വന്നു നിൽക്കും .. ആരും പേടിക്കണ്ട .. ധൈര്യമായി കിടന്ന് ഉറങ്ങിക്കൊളൂ". എന്നും പറഞ്ഞു യോഗം പിരിച്ചു വിട്ടു. എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി .
ഞാനൊക്കെ ഏറ്റവും അതിമനോഹരമായ പ്രഭാതങ്ങൾ കാണുന്നത് ഇങ്ങനെ ഉള്ള യാത്രകൾ പോകുമ്പോഴാണ്. ഉണർന്ന ഉടനെ ജനാല തുറന്നു പുറത്തേക്കു നോക്കും. പ്രഭാത സൂര്യൻ പൊൻ കിരണങ്ങൾ നീട്ടി എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്നു നോക്കുമ്പോഴും  അവിടത്തെ കിച്ചെനിൽ കോംബ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റ് തയ്യാറായി കാണുമോ എന്നാണ് ചിന്ത... രാവിലെ ഉണർന്ന് പല്ല് ഒക്കെ തേച്ചു മുടി ഒന്ന് ചീകി ഒതുക്കി ഉടുപ്പൊക്കെ നന്നായോ എന്ന് ഉറപ്പ് വരുത്തി , പുറത്തേക്ക്  കൈ വീശി നടക്കുന്ന സുഖം .... ഹൊ ..അതിനു  വേണ്ടി കാത്തിരുന്ന് പലപ്പോഴും ഉറക്കം പോലും വരാറില്ല.. പറ്റുമെങ്കിൽ ഹോട്ടലുകാർ  തരുന്ന വെളുത്ത, ഉള്ളി തൊലി പോലെ ഉള്ള സ്‌ലിപ്പർ തന്നെ ഇടണം.. അപ്പോഴേ നമ്മൾ ഹൈ ക്ലാസ്സ് ആണെന്ന് മറ്റുള്ളവർക്ക് തോന്നൂ.. എവിടെ പോയാലും ഈ ഒരു നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ അംബാനി അദാനി ഒക്കെ ആണെന്ന് തോന്നാറില്ലേ? ഉറക്ക പിച്ചിൽ എഴുന്നേറ്റ് വരുന്ന നമ്മളെ സ്വീകരിക്കാൻ രാജാ പാർട്ട് വേഷത്തിൽ ഭക്ഷണം വിളമ്പി നിരത്തി കാത്തു നിൽക്കുന്ന വെയിറ്റർസ് അഥവാ ഒരു നേരത്തേക്ക് നമ്മുടെ സേവകർ...  

ഭർത്താവിനേയും മക്കളെയും വേഗത്തിൽ ഉണർത്തി ഒരുക്കി ഞാൻ വേഗം റെസ്റ്റോറൻ്റ്ലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ബാക്കി എല്ലാ പെണ്ണുങ്ങളും കുടുംബത്തോടെ എനിക്ക് മുന്നേ തന്നെ അവിടെ എത്തിക്കഴിഞ്ഞു.. ഓഹോ..അപ്പോ എല്ലാർക്കും ഈ പ്രഭാത സൂര്യൻ സെൻ്റിമെൻ്റ്സ് ഉണ്ടല്ലേ? ഞങ്ങളും കൂട്ടത്തിൽ കൂടി .

 ഞങ്ങൾ  എല്ലാവരും ആ യൂറോപ്യൻ റെസ്റ്റോറൻ്റിൽ ശാന്തമായി ഇരുന്നു കോണ്ടിനെൻ്റൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സീൻ കാണുന്ന ഒരു വെള്ളക്കാരനും ഊഹിക്കാൻ പോലും പറ്റില്ല, സാധാരണ തമ്മിൽ കാണുമ്പോൾ ആർത്തു അട്ടഹസിച്ചു ചിരിച്ചു ബഹളം വച്ചു കഞ്ഞി, കപ്പ കഴിക്കുന്ന ടീംസ് ആണ് ഇക്കൂട്ടർ എന്ന്.

ഫ്രീ ബ്രേക്ഫാസ്റ്റ് കഴിഞ്ഞതോടെ എല്ലാവരും പുറത്തേക്ക് പോകാനുള്ള തയാറെടുപ്പ് തുടങ്ങി. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും തയ്യാറായി ലോബിയിൽ എത്തി. മാന്നാർ മത്തായിയിലെ ശകുന്തളയെ കാത്ത് നിൽക്കുന്ന നാടക സംഘത്തെ പോലെ മെയ്ക്കപ്പോക്കെ ചെയ്തു വന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് തുടങ്ങി. നമ്മുടെ ശകുന്തള ആയ വണ്ടിക്കാരൻ്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.

 "ഇപ്പോഴും ഫോൺ ഓഫ് തന്നെ ." എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഇന്നത്തെ ദിവസം പോയികിട്ടും.

പെട്ടെന്നു എൻ്റെ പ്രിയ ഭർത്താവ് ഉറക്കെ വിളിച്ചു പറഞ്ഞു, " അര മണിക്കൂറിനകം ബസ്സ് എത്തും." .
എല്ലാവരും ഉഷാറായി. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, നസീം മാഷ് ആവേശത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി വരുന്നു. " ആ ഡ്രൈവർക്ക് വരാൻ പറ്റില്ല. അയാള് വേറെ ഒരാളെ ഏർപ്പാട് ചെയ്തിരിക്കുന്നു. വേറൊരു വണ്ടി അര മണിക്കൂർ കഴിയുമ്പോൾ എത്തും."

എൻ്റെ ഭർത്താവ്, "അറിഞ്ഞു മാഷേ.. ഞാനും ഇപ്പൊൾ മാഷ് തന്ന നമ്പറിൽ വിളിച്ചു. വണ്ടി ഉടനെ അയക്കാം എന്ന് പറഞ്ഞു."

വിഷമിച്ചു കൂനിക്കൂടി ഇരുന്ന ഞങ്ങൾ സ്ത്രീകളും പിള്ളേരും പെട്ടെന്ന് ഫോമിലായി. പറഞ്ഞ പോലെ ഏകദേശം അര മണിക്കൂർ ഒക്കെ കഴിഞ്ഞപ്പോ അതാ വന്നു നിൽക്കുന്നു ഒരു അടിപൊളി ബസ്സ്... എല്ലാവരും അപ്പൊൾ തന്നെ കയറി സീറ്റ് ഒക്കെ പിടിച്ചു. അങ്ങനെ നമ്മുടെ യൂറോപ്യൻ പര്യടനം തുടങ്ങാൻ പോകുന്നു. ബസ്സിൽ കുട്ടികളുടെയും വലിയവരുടെയും ചിരിയും കളിയും നിറഞ്ഞു.

അപ്പോഴാണ് എല്ലാവരെയും നിശ്ശബ്ദരാക്കി കൊണ്ട് ഗൈഡ് വന്നു കയറിയത്. ഒരു അടിപൊളി ജോർജ്ജിയ സുന്ദരി പെൺ കൊച്ച്. അവളുടെ കൂടെ ഒരു യുവ സുന്ദരനും ഉണ്ട്. സുന്ദരി വന്ന ഉടനെ അവളുടെ പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. 'സാഷ'എന്നോ മറ്റോ ആയിരുന്നു അവളുടെ പേര്. ബസ്സിൻ്റെ മുൻ സീറ്റിന് അടുത്ത് നിന്ന് മുറി ഇംഗ്ലീഷിൽ അന്ന് പോകാൻ പോകുന്ന ഇടങ്ങളെ പറ്റി ഒരു വിവരണം തുടങ്ങി . പൊടുന്നനെ ആ ബസ്സിനുള്ളിൽ രണ്ട് തരം ചെറു ഗ്രൂപ്പുകൾ രൂപം കൊണ്ടു. അത് വരെ ഫോണിൽ കുത്തി കൊണ്ടിരുന്ന പുരുഷ സിംഹങ്ങൾ എല്ലാം പുള്ളിക്കാരിയുടെ നിർദേശങ്ങൾ ജാഗരൂകരായി നിവർന്നിരുന് കേൾക്കുന്നു. അത് വരെ നല്ല ആവേശത്തിൽ ആയിരുന്ന സ്ത്രീ ജനങ്ങൾ ജനലിലൂടെ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്നു. പ്രത്യക്ഷത്തിൽ ബന്ധം ഒന്നും തോന്നില്ലെങ്കിലും ഇടക്കിടെ സ്വന്തം ഭർത്താക്കന്മാരെ ഒളികണ്ണിട്ടു നോക്കുന്ന കാരണം അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ.

വണ്ടി പുറപ്പെടാൻ തയ്യാറാകുന്നു. അപ്പോഴാണ് നസീം മാഷിൻ്റെ ഫോണിലേക്ക് ഒരു കോൾ. ഒരാള് വിളിച്ചു പറയുന്നു.. നിങ്ങളുടെ ബസ്സിൻ്റെ ഡ്രൈവർ ആണ് ഞാൻ. ഹോട്ടലിൻ്റെ നടയിൽ എത്തുകയാണ് എന്ന്. മാഷിൻ്റെ ഞെട്ടൽ കണ്ടു നമ്മൾ എല്ലാവരും ഞെട്ടി. "എന്ത്?" . എല്ലാവരും കയറി സീറ്റ് ഒക്കെ ഉറപ്പിച്ചത് വേറെ ആർക്കോ വേണ്ടി വന്ന ബസ്സ് ആയിരുന്നോ? അതാണോ ശെരിക്കും ഉള്ള ബസ്സ് ? ഈ വിധ ചോദ്യങ്ങൾ ഞങൾ പരസ്പരം ചോദിച്ചു . അപ്പോഴേക്കും മറ്റൊരു ബസ്സ് അവിടേക്ക് വന്നു നിന്നു. അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി വന്നു . ഇവിടെ നിന്ന് ആണുങ്ങൾ എല്ലാം കൂടി പുറത്തേക്ക് ഇറങ്ങി.

 പിന്നെ ചൂടേറിയ ചർച്ചകൾ ആയിരുന്നു പുറത്ത്. ശെരിക്കും ഉള്ള വണ്ടി രണ്ടാമത് വന്നത് തന്നെയായിരുന്നു. രാവിലെ ഡ്രൈവറെ ഫോണിൽ കിട്ടാത്ത വിഷമത്തിൽ ആരോ ഹോട്ടൽ റിസപ്ഷൻ വഴി ഒപ്പിച്ച നമ്പറിലേക്കാണ് എൻ്റെ ഭർത്താവ് വിളിച്ചതും ബുക്ക് ചെയ്തതും. പക്ഷേ പുള്ളിക്കാരൻ്റെ വിചാരം വിളിക്കുന്നത് ഫോൺ എടുക്കാത്ത ആളെ ആണ് വിളിക്കുന്നത് എന്നായിരുന്നു.

കൂലങ്കഷമായ ചർച്ചകൾ ആയിരുന്നു പിന്നീട്. ഏത് വേണം? ഏത് വേണ്ട? പറഞ്ഞു പറഞ്ഞു അവസാനം വണ്ടിക്കാർ തമ്മിൽ ചെറിയ വാക്ക് തർക്കത്തിൽ എത്തുമോ എന്ന് പോലും ഞങ്ങൾക്ക് തോന്നി. അടിപിടി ആയാൽ നമ്മുടെ നായകന്മാരും പെടും. യൂറോപ്യൻ ഫൈറ്റ് ലൈവ് ആയി കാണെണ്ടി വരുമോ? അവിടെ ആവശ്യം വന്നാൽ "ശിവനെ" എന്ന് വിളിക്കാമോ അതോ "കർത്താവേ" എന്നാണോ വിളിക്കേണ്ടത്? എൻ്റെ മനസ്സിൽ ഇങ്ങനെ ഒക്കെ ചിന്തകൾ.

അവസാനം രണ്ടാമത് വന്ന വണ്ടിയെ എന്തൊക്കെയോ പറഞ്ഞു ഒതുക്കി വിടാൻ തീരുമാനം ആയി. ആ വണ്ടി വന്ന വഴിയേ തിരിച്ചു പോകുന്നത് കണ്ട് എല്ലാവർക്കും ആശ്വാസമായി. ഒരു പ്രശ്നം ഒഴിവായല്ലോ..

ട്വിസ്റ്റ് - രണ്ടാമത് വന്ന കുറെ കൂടി വലിയ ബസ്സിനെ ഒഴിവാക്കാൻ നമ്മുടെ ഹീറോസിനെ പ്രേരിപ്പിച്ച ശക്തി  ശെരിക്കും എന്തായിരിക്കും എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.

അപ്പോഴൊക്കെ തിരികെ ഓടി വന്നു  സാഷ നൽകുന്ന വിവരണം തുടർന്ന് കേൾക്കാൻ സീറ്റ് പിടിക്കാൻ മത്സരിക്കുന്ന ഞങ്ങടെ ബോയ്സ് നേ ഓർമ വരും..

ഇപ്പൊ വർഷങ്ങൾ കഴിഞ്ഞ് എനിക്ക് സാഷയെ പറ്റി ഓർക്കുമ്പോൾ ജോർജ്ജിയയുടെ അമ്മയുടെ രൂപമാണ് ഓർമ വരിക. ഒരു കയ്യിൽ വീഞ്ഞും മറു കയ്യിൽ വാളും പിടിച്ചു നിൽക്കുന്ന സുന്ദരി.. ഒരു യുദ്ധം ഒഴിവാക്കിയ സുന്ദരി ...
ഒരു ജോർജ്ജിയൻ വീരഗാഥ (ശ്രീജ പ്രവീൺ)ഒരു ജോർജ്ജിയൻ വീരഗാഥ (ശ്രീജ പ്രവീൺ)
Join WhatsApp News
Sanu 2020-12-01 14:10:22
Super 😜👍🏻
Asha sivan 2020-12-02 09:11:27
നീ ഒരു സംഭവം തന്നെ ശ്രീജേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക