Image

പ്രതിച്ഛായ ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 01 December, 2020
പ്രതിച്ഛായ ( കവിത : പുഷ്പമ്മ ചാണ്ടി )

ആഴത്തിൽ ആണ്ടുപോയേക്കാമെന്ന്
ജലോപരിതലത്തിൽ 
വിഭ്രമം പൂണ്ട മുഖം 
നിലവിളിച്ചു.

മനസ്സെപ്പോഴും 
ചോദ്യശരങ്ങളാലെന്നെ വീർപ്പുമുട്ടിക്കുന്നു.

എവിടെയൊക്കെയോ 
തേടി നടന്ന
എന്നുടെ പ്രതിബിംബമാണതു.. ഞാൻ തന്നെയെന്ന്  പറഞ്ഞിട്ടും
വിശ്വാസം വരാത്തപോൽ...
ചവിട്ടിനിൽക്കാനൊരു ഭൂമിയില്ലാതെ 
ഓളങ്ങളിലിളകിയാടി
എന്റെ പ്രതിഛായ
പൊങ്ങുതടിപോലെകിടന്നാകാശം മാത്രം കാണുമ്പോഴും..

ഈ വെയിലിലും  
വരും നിലാവിലും
എൻ നിഴലെനിക്കു നഷ്ടമാവില്ലുറപ്പുണ്ട്..
ഇരുളിൽ ഞാനില്ല, നിഴലില്ല പ്രതിച്ഛായയുമില്ലെന്നും....

എന്റെ വിമർശക എന്നും ഞാനായിരുന്നു...
എൻ്റെ മനസ്സിൻ  ചോദ്യങ്ങൾക്കുത്തരവും 
ഞാനായിരുന്നെന്നും..

എന്റെ സദ്ഗുണങ്ങൾക്ക്
എന്റെ പ്രതിച്ഛായയിൽ, 
അപൂർണ്ണത ദർശിക്കുന്നു. 
വികാരങ്ങൾ വീർപ്പുമുട്ടിക്കുമ്പോൾ
വിവേകം നഷ്ടമാകാതെ പോരാടുമ്പോൾ
കണ്ണുകളിൽ, ആദ്രത നിഴലിപ്പതറിയുന്നു..
എന്റെ ആത്മാവിനെ ഞാനറിയുന്നു. 

ഞാൻ, എന്നിൽ നിറയുമ്പോൾ, 
തന്നെത്താൻ അറിയുമ്പോൾ
ഞാനെന്നുടെ ആത്മ സുഹൃത്താവുന്നു..
പ്രതിഛായയിൽ മനസ്സിൻ്റെ   ദ്രുതതാളങ്ങളുടെ 
ജല്പനങ്ങൾ നിറയുന്നു...


എന്റെ പകലുകളെന്നിൽത്തുടങ്ങി 
എന്റെ രാത്രികളിൽ ഒടുങ്ങാറുളളതും
അറിയുന്നു..

ഞാൻ, ഞാൻ മാത്രമെന്നും അറിയുന്നു ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക