Image

കുട്ടിക്കാടുകള്‍ സൃഷ്ടിക്കുന്ന എന്‍ജിനീയര്‍ (വിജയ്.സി.എച്ച്)

വിജയ്.സി.എച്ച് Published on 02 December, 2020
കുട്ടിക്കാടുകള്‍ സൃഷ്ടിക്കുന്ന എന്‍ജിനീയര്‍ (വിജയ്.സി.എച്ച്)
ഒരു വ്യക്തിയുടെ അഭിരുചികള്‍ പലപ്പോഴും അയാളുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധമുണ്ടാകാറില്ല. സംസ്ഥാന രൂപീകരണത്തിനു ശേഷം സ്ഥാപിക്കപ്പെട്ട പ്രഥമ സാങ്കേതിക കലാലയമായ തൃശ്ശൂര്‍ ഗവര്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് 1991-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഒന്നാം ക്ലാസ്സോടെ ബിരുദമെടുത്ത ഐ.ബി മനോജ് കോളേജ് കേമ്പസ്സില്‍നിന്ന് നേരെ പോയത് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലുള്ള ഇടവനക്കാട് ഗ്രാമത്തിലേക്കാണ്. അവിടെ തങ്ങള്‍ക്ക് സ്വന്തമായുള്ള ഒന്നര ഏക്കര്‍ മണ്ണിലെ  അല്‍പം സ്ഥലത്ത് ഒരു കുട്ടിക്കാട് സൃഷ്ടിക്കാന്‍!

കേരളത്തിന്റെ പരിസ്ഥിതി ആചാര്യനും സംസ്ഥാന സര്‍ക്കാറിന്റെ 'വനമിത്ര പുരസ്‌കാര' ജേതാവുമായ പ്രൊഫസര്‍ ജോണ്‍സി ജേക്കബിന്റെ പ്രകൃതി സംരക്ഷണ ലേഖനങ്ങള്‍ മനോജിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുകേഷന്‍ ഇന്‍ കേരള (SEEK)-യുടെ സ്ഥാപകനുംകൂടിയായ പ്രൊഫസര്‍ ജോണ്‍സി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ 'മൈന'യും, പിന്നീട് പ്രസിദ്ധീകരണം തുടങ്ങിയ 'സൂചിമുഖി'യും, 'പ്രസാദ'വും സാങ്കേതിക വിദ്യാസംബന്ധമായ പുസ്തകങ്ങളോട് ചേര്‍ത്തുപിടിച്ചു വായിച്ചപ്പോള്‍, പ്രകൃതിയാണ് അടിസ്ഥാന യാഥാര്‍ത്ഥ്യമെന്ന് മനോജ് തിരിച്ചറിഞ്ഞു.

മനുഷ്യന്‍ പ്രകൃതിയുടെ മേലാധികാരിയെന്ന് കരുതുന്നതാണ് ഏറ്റവും അപകടകരമായ ആശയമെന്നു വിശ്വസിച്ച അമേരിക്കന്‍ പരിസ്ഥിതി ചിന്തകന്‍ ഡാനിയേല്‍ ക്വിന്‍ രചിച്ച 'ഇഷ്മായേല്‍', 'മൈ ഇഷ്മായേല്‍' എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറെ ഗൗരവമായാണ് മനോജ് തന്റെ ഉള്ളിലേക്കാവാഹിക്കുന്നത്.
'തങ്ങള്‍ക്കു ഫലം തരുന്ന ചെടികളെയും വൃക്ഷങ്ങളെയും മാത്രം തിരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനം,' മനോജ് വ്യക്തമാക്കുന്നു.

'ഫലവൃക്ഷങ്ങളെപ്പോലെ മഴമരങ്ങളും തണല്‍വൃക്ഷങ്ങളും ഈ ഭൂവിനത്യാവശ്യമാണ്. തുമ്പിയും ചിത്രശലഭവും പാര്‍ക്കുന്ന സസ്യങ്ങളും, ഓന്തുമുതല്‍ ഉടുമ്പുവരെ വിശ്രമിക്കുന്ന പടുമരങ്ങളും, ഒരു പ്രയോജനവുമില്ലെന്ന് നാം ഇപ്പോള്‍ കരുതുന്ന പേരറിയാത്ത ചെറുമരങ്ങളും മാമരങ്ങളുംവരെ ചേര്‍ന്നതാണ് നമ്മുടെ ആവാസ വ്യവസ്ഥ. എല്ലാം ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍.'

ഒരു ചെടിയെ കള എന്നു വിളിക്കുന്നതും ഒരു വൃക്ഷത്തെ പാഴ്മരമെന്നു വിശേഷിപ്പിക്കുന്നതും നമ്മുടെ അജ്ഞത മൂലമാണെന്നാണ് മനോജിന്റെ അഭിപ്രായം.
മഴയ്ക്കു ശേഷം പുരയിടത്തില്‍ താനേ മുളച്ചുവരുന്ന മിക്കവാറും എല്ലാ സസ്യങ്ങളും ഭക്ഷ്യയോഗ്യമായവയാണെന്നും, പാഴ്മരങ്ങളെന്ന് നാം മുദ്ര ചാര്‍ത്തുന്ന പാല, പീലിവാക, പുന്ന, പൂവരശ്ശ്, കാഞ്ഞിരം, കലശ്, കരിങ്ങോട്ട, മുള്‍മുരിക്ക്, ആനപ്പന, അരണമരം, തല്ലിമരം മുതലായവയാണ് കഠിന കാലാവസ്ഥയെ അതിജീവിച്ചു വളര്‍ന്നുനിന്ന് സര്‍വ്വവിനാശകരമായ ആഗോളതാപനത്തില്‍നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ പ്രാപ്തിയുള്ളവയെന്നും മനോജ് ഓര്‍മ്മപ്പെടുത്തുമ്പോള്‍, പുരയിടത്തിലെ ഒരു  മരവും മുറിച്ചുമാറ്റാന്‍ നമുക്കു കഴിയില്ല!

'ഇതുവരെ വെട്ടിവീഴ്ത്തിയതില്‍  പശ്ചാത്തപിച്ചുകൊണ്ട് നാം പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. കുട്ടിക്കാടുകള്‍ വലിയ പ്രതീക്ഷയാണ്,' മനോജിന്റെ ശബ്ദത്തില്‍ ശുഭാപ്തി വിശ്വാസം.

പഠിപ്പു കഴിഞ്ഞ് എന്‍ജിനിയറിങ് കോളേജില്‍നിന്നിറങ്ങിയ മനോജ് ആദ്യം ചെയ്തത് തന്റെ പുരയിടത്തിലെ പത്തുസെന്റു ഭൂമിയ്ക്കു പുതയിടലാണ് (mulching). സ്ഥലത്തെ ഈര്‍പ്പം കാത്തുസൂക്ഷിക്കാനും, വളക്കൂര്‍  വര്‍ദ്ധിപ്പിച്ച് മണ്ണിനെ ഓജസ്സുള്ളതാക്കി മാറ്റാനുമാണിത്. പറമ്പിന്റെ മറ്റു ഭാഗങ്ങളില്‍ വീണുകിടന്നിരുന്ന തെങ്ങിന്റെയും കവുങ്ങിന്റെയും പട്ടകളും, വാഴയുടെ ഉണങ്ങിയ തണ്ടും ഇലയും മറ്റും ആ ഇടത്ത് പരത്തിയിട്ടു. അല്ലെങ്കില്‍ കത്തിച്ചുകളയുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഒന്നര വര്‍ഷത്തെ ഋതുഭേദങ്ങള്‍ക്കൊടുവില്‍ ആ പത്തുസെന്റു മണ്ണിന്റെ ബാഹ്യരൂപവും ഗുണവും മെച്ചപ്പെട്ടെന്ന് മനോജ് നിരീക്ഷിച്ചു.

തുടര്‍ന്ന്, മാങ്ങാണ്ടിയും, കശുവണ്ടിയും, ചക്കക്കുരുവും, പുളിങ്കുരുവും, കേടുവന്ന ആഞ്ഞിലിച്ചക്കയും, കുടംപുളിയും, പേരക്കയും, പച്ചക്കറികളും മുതല്‍ കയ്യില്‍ കിട്ടിയ സകല നാടന്‍ കായകളും കുരുകളും നവീകരിക്കപ്പെട്ട ആ മണ്ണിലേക്കെറിഞ്ഞു. തന്റെ ഭാവനയിലെ പ്രഥമ കുട്ടിക്കാടിന് മനോജ് ബീജാവാപം ചെയ്യുകയായിരുന്നു!
പലവകയായ വിത്തുകളെല്ലാം അവിടെക്കിടന്ന്,  യാതൊരു ശുശ്രൂഷയുമില്ലാതെ, സ്വാഭാവികമായി മുളച്ചുവളര്‍ന്നു. ഇത്തിരി ഇടത്തില്‍  ഇരുനൂറില്‍പരം പ്ലാവുകളും അത്രതന്നെ ആഞ്ഞിലികളും ഉള്‍പ്പെടുന്ന നാനാതരം മരങ്ങള്‍ ഇടതൂര്‍ന്നു ഉയര്‍ന്നുവന്നു. പച്ചപ്പിനെ പ്രണയിക്കുന്ന കൊച്ചുകൊച്ചു ജീവജാലങ്ങളും പക്ഷികളും ഈ തുരുത്ത് തേടിയെത്തി. അതാ, സൈലന്റ് വാലിയിലും മറ്റും കാണുന്ന തരത്തിലുള്ള കന്യാവനങ്ങളുടെ ഒരു കൊച്ചുമാതൃക മനോജിന്റെ തൊടിയില്‍!

പത്തുമുപ്പതു വര്‍ഷംകൊണ്ട് സ്‌കൂളുകളിലും, കോളേജുകളിലും, കടല്‍ തീരങ്ങളിലും, ബിസിനസ്സ് സംരംഭങ്ങളിലും, പൊതുസേവന  സ്ഥാപനങ്ങളിലും, സ്വകാര്യ ഇടങ്ങളിലുമായി നൂറിലതികം കുട്ടിക്കാടുകള്‍ക്കോ, തോട്ടങ്ങള്‍ക്കോ രുപം നല്‍കിയതിനു ശേഷം, മനോജ് ഇന്നും ഒരു സൈക്കിളും ചവിട്ടി ഊരുചുറ്റുന്നു. കൂടെ നാലോ അഞ്ചോ തുണിസഞ്ചികളുമുണ്ടാകും. പൊതുവഴികളിലും മറ്റുള്ളവരുടെ പുരയിടങ്ങളിലും വീണുകിടക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സകല പഴങ്ങളും കായകളും, കുരുകളും, അണ്ടികളും മനോജ് സംഭരിക്കുന്നു.

നാടന്‍ വിത്തുകള്‍ അന്വേഷിച്ചുള്ള ഈ എന്‍ജിനീയറിങ് ബിരുദധാരിയുടെ യാത്രകള്‍ വനമഹോത്സവത്തിന്റെയന്നോ, പരിസ്ഥിതി ദിനത്തിലോ മാത്രമല്ല, മിക്കവാറും എല്ലാദിവസങ്ങളിലുമുണ്ടിത്! പ്രതിമാസം അഞ്ഞൂറു വൃക്ഷത്തൈകളെങ്കിലും ഉല്‍പാദിപ്പിക്കുക എന്നതാണ് മനോജിന്റെ ലക്ഷ്യം.

ഫലവൃക്ഷ തൈകള്‍ക്കോ, വനവൃക്ഷ തൈകള്‍ക്കോ, തന്റെ പ്രയത്‌നത്തിനോ ഒരു രൂപപോലും വിലയായോ പ്രതിഫലമായോ സ്വീകരിക്കാത്ത ഈ പ്രകൃതിസ്‌നേഹി ആകെ ആവശ്യപ്പെടുന്നത് തന്റെ കൂടെനിന്ന് ജോലിചെയ്യാന്‍ കുറച്ചുപേരെ മാത്രമാണ്!
'ആയിരം വിദ്യാര്‍ത്ഥികളുള്ള ഒരു സ്‌കൂളില്‍ നാലഞ്ചു കുട്ടികളെങ്കിലും മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍, ആ വിദ്യാലയത്തിന് ഞാനൊരു കൊച്ചു ഹരിതലോകം ഒരുക്കിക്കൊടുക്കും,' മനോജിന്റെ വാക്കുകളില്‍ നൈതികമായ ആത്മാര്‍പ്പണം.

കോമ്പൗണ്ടുകളിലേക്ക് തൈകളും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള ഗതാഗത ചിലവുപോലും മനോജ് സ്വയം വഹിക്കുകയാണ്!  ഇടവേളകളില്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ ഡാറ്റാ റിക്കവറി തൊഴിലില്‍നിന്നു ലഭിക്കുന്ന വരുമാനമാണ് ഇതിനെല്ലാമായി ഉപയോഗിക്കുന്നത്.

'വൃക്ഷങ്ങളെ സ്‌നേഹിക്കുന്നവരെ എന്റെ സമീപനങ്ങള്‍ പ്രചോദിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം എടുത്തുപറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്തുകള്‍  നിര്‍മ്മിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ ഹരിത കേരള മിഷന്‍ പതിവായി വിജ്ഞാപനങ്ങള്‍ അയക്കുന്നുണ്ട്. 'പക്ഷെ, ഇതെങ്ങിനെ പ്രാവര്‍ത്തികമാക്കണമെന്ന് അറിയാത്തതിനാല്‍, നിഷ്‌ക്രിയത്വമാണ് പൊതുവെ കാണുന്നത്. അതിനാല്‍, വെറുതേ തൈകള്‍ കൈമാറ്റം ചെയ്തുപോരാതെ, കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, അവയെ നടുകയും, കാര്‍ഷിക സ്വാശ്രയത്വം, പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യ പാലനം, മണ്ണ് പോഷണം, മാലിന്യ സംസ്‌കരണം, മുതലായ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളുമെടുത്തു കൊടുക്കുന്നു. ഒരു കേമ്പസിലെ കുട്ടിക്കാടിന്റെ തുടക്കം ഇങ്ങിനെയാണ്,' മനോജ് തന്റെ കര്‍മ്മരീതികള്‍ വിവരിച്ചു.

ഗാന്ധിജി വിഭാവനം ചെയ്ത രീതിയില്‍ ഗ്രാമങ്ങളില്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന വൃക്ഷയജ്ഞം,  'ഫ്‌റൂട്ട്ഫുള്‍ ഫ്യൂച്ചര്‍' പദ്ധതികളായ വീടിനുചുറ്റും പഴത്തോട്ടം, വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം,  സ്വച്ച് ഭാരത് മിഷന്റെ ചേതന ഉള്‍ക്കൊണ്ടുള്ള ശുചിത്വബോധയജ്ഞം മുതലായവയില്‍ സംസ്ഥാനത്തുടനീളം മനോജിന്റെ സന്നദ്ധ സേവനം വളരെ പ്രശംസനീയമാണ്.

2018-ലെ കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ പുരസ്‌കാര ജേതാവായ ഫാദര്‍ ഡോ. ജോര്‍ജ് പീറ്റര്‍ പിറ്റാപ്പിള്ളില്‍ നയിക്കുന്ന റിന്യൂവബ്ള്‍ എനര്‍ജി സെന്റര്‍ വര്‍ഷംതോറും 12 എന്‍ജിനീയറിംങ് കോളേജുകളില്‍ പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  നടത്തിവരുന്നുണ്ട്. ഈ യത്‌നത്തിലെ മുഖ്യ പ്രഭാഷകന്‍ സ്വാഭാവികമായും മനോജുതന്നെ.

സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തന്‍ ടി.ആര്‍ പ്രേംകുമാര്‍ അമരത്തുള്ള പ്രശസ്തമായ മൂഴിക്കുളം ശാലയുടെ ഹരിതവിപ്ലവത്തിലും മനോജിന്റേത് നിറസാന്നിദ്ധ്യം!
'ക്ലാസ്സ് മുറികളില്‍ പ്രസംഗിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും മണ്ണിലിറക്കി അവരെ പച്ചപ്പിന്റെ നിര്‍മ്മാതാക്കളാക്കാനാണ്,' മനോജ് വ്യക്തമാക്കി.

ചില കുട്ടികള്‍ക്ക് ബട്ടര്‍ഫ്‌ലൈ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനാണത്രെ ഏറെയിഷ്ടം. മനോജിന്റെ സ്വപ്നവും അതുതന്നെയാണ്. കാരണം, ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് ഒരു പരിപൂര്‍ണ്ണ ആവാസ വ്യവസ്ഥയാണ്!

'ഓരോയിനം (Species) ചിത്രശലഭത്തിന്റെയും ആതിഥേയ വൃക്ഷം (Host Plant) വിഭിന്നമാണ്. ആ പ്രത്യേക മരത്തില്‍ മാത്രമേ അത് വസിക്കുകയുള്ളൂ, അതിന്റെ ഇലകളില്‍ മാത്രമേ മുട്ടയിടുകയുമുള്ളൂ. ലാര്‍വയുടെ ഭക്ഷണം ഈ മരത്തിന്റെ തളിരുകള്‍ മാത്രം! അതിനാല്‍, പത്തുതരം ചിത്രശലഭങ്ങള്‍ വേണമെങ്കില്‍, പത്തുതരം മരങ്ങളും വേണം. അതുപോലെ പത്തുതരം ചിത്രശലഭങ്ങള്‍ക്കു തേന്‍ കുടിക്കാനായി പത്തുതരം പൂമരങ്ങളോ പൂച്ചെടികളോ (Nectar Plants) അനിവാര്യമാണ്. സമീപ വായുവിലെ താപനില നിയന്ത്രിക്കാനായി അടത്തുതന്നെയൊരു ജലാശയവും (Water Body) വേണം. ഇത്രയുമുണ്ടെങ്കിലേ പൂമ്പാറ്റകള്‍ അവിടേക്ക് എത്തിനോക്കുകയുള്ളൂ. ജൈവസമൂഹത്തിലെ ഏറ്റവും ലോലവും സൂക്ഷ്മഗ്രാഹിയുമായ ജീവജാലങ്ങളില്‍ ഒന്നാണ് ചിത്രശലഭം. ഇതിന്റെ സന്ദര്‍ശനം ആ പരിസരത്തിന്റെ സമൃദ്ധ സൂചനയുമാണ്,' മനോജിന്റെ ഗ്രാഹ്യം ഒരു സസ്യശാസ്ത്രജ്ഞനെ വെല്ലുന്നത്!

നിലം ഉഴുതുമറിക്കാതെയും, കള പറിക്കാതെയും, വളമോ കീടനാശിനിയോ ഉപയോഗിക്കാതെയും  കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്ത ജപ്പാന്‍കാരനായ കൃഷി ശാസ്ത്രജ്ഞന്‍, മസനൊബു ഫുകുവൊകയുടെ ജൈവകാര്‍ഷിക ദര്‍ശനങ്ങളാണ് മനോജിന്റെ പ്രഭാഷണങ്ങള്‍ക്ക് ആധാരം. മണ്ണിനെ ദുഷിപ്പിക്കാതെ കൃഷി ചെയ്യണമെന്ന ആശയത്തെ ബോദ്ധ്യപ്പെടുത്തുന്ന ഫുകുവൊകയുടെ 'ഒറ്റ വൈയ്‌കോല്‍ വിപ്ലവം' (The One-Straw Revolution) എന്ന പുസ്തകം മനോജ് നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു.
'നാം മണ്ണിനെ മാനിച്ചേ മതിയാകൂ. അതിന് തനതായ ഗുണങ്ങളുണ്ട്. 

അതിലടങ്ങിയിരിക്കുന്ന പി.എച്ച് എത്ര, പൊട്ടാസ്യം എത്ര മുതലായവയെക്കുറിച്ചൊന്നും അധികം വേവലാതിപ്പെടേണ്ടതില്ല. മണ്ണിന്റെ രസതന്ത്രം നോക്കാതെയാണ് ഈയിടെ കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കില്‍ 500 തൈകള്‍ ഒരുമിച്ച് നട്ടത്. അവിടത്തെ 'വോയ്‌സ് ഓഫ് ടെക്കീസ്' തൈകളെ  പരിപാലിക്കുന്നു. ശ്യാമളമായൊരു കുട്ടിക്കാടാണ് ഐടി-യുടെ 'ഹൈഫൈ' ചുറ്റുപാടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്,' മനോജ് ആവേശംകൊണ്ടു.
ഭൂമിയുടെ നിലനില്‍പിനെത്തന്നെ അപായപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കിടയില്‍,  അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ പിടിച്ചെടുക്കാന്‍ ശാസ്ത്രം ഒരു യന്ത്രം കണ്ടുപിടിക്കണമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

'അങ്ങിനെയൊന്ന് ഇപ്പോള്‍തന്നെ നിലവിലുണ്ടല്ലൊ. അതിന്റെ പേരാണ് മരം,' ഫുകുവൊക മറുപടി പറഞ്ഞിരുന്നു!

കുട്ടിക്കാടുകള്‍ സൃഷ്ടിക്കുന്ന എന്‍ജിനീയര്‍ (വിജയ്.സി.എച്ച്)
കുട്ടിക്കാടുകള്‍ സൃഷ്ടിക്കുന്ന എന്‍ജിനീയര്‍ (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക