Image

ശ്യാമിന്റെ അനിയത്തി;അഞ്ജലിയുടേയും.... (കഥ: ജി..രമണി അമ്മാൾ)

Published on 02 December, 2020
ശ്യാമിന്റെ അനിയത്തി;അഞ്ജലിയുടേയും.... (കഥ: ജി..രമണി അമ്മാൾ)
"എനിക്ക്  നന്നായിട്ടൊന്നു 
 തടിവെയ്ക്കണം..."
തീരെ മെലിഞ്ഞിരുന്ന എനിക്ക് പെട്ടെന്നൊരാഗ്രഹം...
"അതെന്താ പെട്ടെന്നിങ്ങനെയൊരാഗ്രഹം
തോന്നാനെന്നോ...?"
എന്റെ  വീടിന്റെയടുത്തുളള ശ്യാമ്  കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്ണിനെ കണ്ടപ്പോൾ മുതലു തോന്നിയതാ...
എന്തൊരു ഭംഗിയാ അതിനേക്കാണാൻ..
നല്ല തടിയുമുണ്ട്, നല്ല പൊക്കവുമുണ്ട്... കടഞ്ഞെടുത്തതുപോലെ
യാണു ദേഹം..
പണ്ടത്തെ സിനിമാ നടി ജയഭാരതിയേപ്പോലെ...
ആരും
നോക്കി നിന്നുപോകും..
ശരീര വണ്ണം  
സൗന്ദര്യത്തിന്റെ അളവുകോലല്ലെന്നു ബോദ്ധ്യപ്പെട്ടു..

ഒരു കാര്യം ഞാൻ പറയാൻ മറന്നു..
ശ്യാമിനോട്, ഉളളിന്റെയുളളിൽ 
എനിക്കൊരിഷ്ടമുണ്ടായിരുന്നു കേട്ടോ..
തീരെ മെലിഞ്ഞിരുന്ന ശ്യാമിന് തടിച്ചു കൊഴുത്തിരുന്ന 
ഞാൻ, മറ്റുളളവർക്കു  ചേർച്ചക്കുറവായി തോന്നിയാലോ...!
എന്നെ ഞാൻ ദിവസങ്ങളോളം അർദ്ധപ്പട്ടിണിക്കിട്ടാണ് ഇത്രയും മെലിയിപ്പിച്ചത്..

ശ്യാമിനോട്
എന്റെ ഇഷ്ടം തുറന്നു പറയണമെന്ന് പലവട്ടം വിചാരിച്ചതാ....
കഴിഞ്ഞില്ല..
അതിനുളള സാഹചര്യം വീണുകിട്ടിയില്ലെന്നു പറഞ്ഞാൽ മതി..
ഒരു ജോലി കിട്ടിക്കഴിഞ്ഞാലല്ലേ സാധാരണ ചെക്കമ്മാരു കല്യാണം കഴിക്കാറ്....
ശ്യാമാണെങ്കിൽ 
PSC ടെസ്റ്റുകളൊക്കെ എഴുതാൻ തുടങ്ങിയിട്ടേയുണ്ടായിരു
ന്നുളളു...
ആ മനസ്സിലും എന്നോടൊരിഷ്ടം ഉണ്ടായിരുന്നെന്നാ ഞാൻ  കരുതിയത്..

ഹയർ സ്റ്റഡീസിനു വീട്ടിൽ നിന്നും അകലെ ഹോസ്റ്റലിൽ 
താമസിക്കേണ്ടിവന്നതിനാൽ
അവധി ദിവസങ്ങളിൽ 
വീട്ടിൽ വരുമ്പോഴേ 
തമ്മിൽ കാണാൻ കഴിയുമായിരുന്നുളളു.. 

ശ്യാമിന്റെ  
അമ്മവീടിനടുത്തുളള ആരോ കൊണ്ടുവന്ന കല്യാണാ ലോചനയാണ്..,.
അവരുടെ അകന്ന ബന്ധത്തിലുളള ഒരു  പെൺകുട്ടി..,
"അല്പം തടിയുണ്ടെങ്കിലും പെണ്ണു കാണാൻ സുന്ദരിയാണെന്നും,
മൂത്ത രണ്ട് ആങ്ങളമാർ വിദശത്താണെന്നും...,
ശ്യാമിന്  വിദേശത്തൊരു ജോലി അവരുടെ വാഗ്ദാനമാണെന്നും,
കയറിവന്നതു 
മഹാഭാഗ്യമാണെന്നും...,
ഇതിലും നല്ലൊരു ബന്ധം ശ്യാമിനെ സംബന്ധിച്ച് ഇനി കിട്ടാനില്ലെന്നും.".
ആലോചനക്കാർ ചെറുക്കൻ  
വീട്ടുകാരെയങ്ങു ധരിപ്പിച്ചു...
ആരു കണ്ടാലും  ഇഷ്ടപ്പെടുന്ന പെണ്ണ്.....
ഇഷ്ടം പോലെ സമ്പത്ത്..
വിദശത്തു നല്ല ജോലി..
ശ്യാമും സമ്മതം മൂളി. 

അവന്റെ മനസ്സിൽ ഞാനില്ലായിരുന്നെന്ന് അപ്പോഴാണെനിക്ക് വെളിവായത്..;
ശ്യാമിന്റെ കല്യാണം ഉറപ്പിച്ചെന്ന്,
വീട്ടിലേയും നാട്ടിലേയും വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് അമ്മ ഫോണിൽക്കൂടി പറഞ്ഞപ്പോൾ മാത്രം....!

കണ്ട സ്വപ്നങ്ങളിലെല്ലാം അവനായിരുന്നു നായകൻ..,
എന്റെ കാമുകൻ,  
ഭർത്താവ്, 
കുട്ടികളുടെ അച്ഛൻ..
യാഥാർത്ഥ്യമാകുമെന്നുറപ്പോടെ കണ്ട ദിവാസ്വപ്നങ്ങൾ.... 
സങ്കല്പഗോപുരമാണ് തകർന്നുവീണത്....
പിന്നീട്,  അമ്മ പറഞ്ഞതൊന്നും ഞാൻ 
കേൾക്കാൻ നിന്നില്ല...

ശ്യാമിനോടുളള 
ആരാധന എട്ടാം ക്ളാസിൽ പഠിക്കുന്ന കാലം തൊട്ടു തുടങ്ങിയതാണ്..
അന്നവൻ പ്ളസ്ടുവിന് 
അതേ സ്കൂളിൽത്തന്നെ.....
"എടാ...." "പോടാ.".."നീ ..".."അവൻ...." എന്നൊക്കെ ഞാനവനെ  വിളിക്കുമ്പോൾ
"പ്രായത്തിൽ മൂത്തോരെ
ചേട്ടാന്നു വിളിക്കെടീ"ന്നു പറഞ്ഞ് അവനെന്റെ ചെവിക്കു പിടിക്കുമായിരുന്നു...

അവനു ഞാൻ അനിയത്തിക്കുട്ടിയായിരുന്നിരിക്കും....
അതോ......?
പണവും, സൗന്ദര്യവും ഒത്തിണങ്ങിയ ഒരു ബന്ധം കിട്ടുമെന്നായപ്പോൾ കാമുകിയെ അനിയത്തിക്കുട്ടി യാക്കിയതാവുമോ...?

വെക്കേഷനാണ്, 
വീട്ടിലേക്കു വരാതിരിക്കാൻ നിർവ്വാഹമില്ല...

ശ്യാമിന്റെ വീട്ടിൽ, 
ഞാൻ പ്രതീക്ഷിച്ചതുപോലെ കല്യാണത്തിന്റേതായ  ഒരുക്കങ്ങളൊന്നും കണ്ടില്ല...
അല്ലെങ്കിലും കല്യാണച്ചെക്കന്റെ വീട്ടിൽ പെണ്ണിന്റെ വീട്ടിലേതുപോലെ വലിയ ഒരുക്കങ്ങളൊന്നും വേണ്ടല്ലോ... 
ശ്യാം, അച്ഛനും അമ്മയ്ക്കും ഒറ്റ മകനാണ്..
അച്ഛനേയും അമ്മയേയും കണ്ടാൽ ഇപ്പൊഴും നല്ല ചെറുപ്പം തോന്നിക്കും..
രണ്ടുപേരും ഒരേ സ്ഥാപനത്തിൽ ജോലിചെയ്തു ഒരു വർഷത്തിന്റെ വത്യാസത്തിൽ റിട്ടയർ ചെയ്തവരാണ്...
തമ്മിൽ കണ്ടും, 
അറിഞ്ഞും, പരസ്പരം മനസ്സിലാക്കി കല്യാണം കഴിച്ചവരാണ്..
.
ശ്യാമിന്റെ അച്ഛന് എന്റെ അച്ഛന്റെയൊരു   ചെറിയ ഛായ ചിലപ്പോൾ എനിക്കു 
തോന്നിക്കാറുണ്ടെന്നതു നേരാണ്.. 
എനിക്ക് ആറു വയസ്സുളളപ്പോൾ മരിച്ചുപോയ എന്റെ അച്ഛന്റെ ഛായ.....

ശ്യാമിന്റെ  വീട്ടിലേക്കൊന്നു പോകാനും തോന്നുന്നില്ല...
.
വീട്ടിലേക്ക് എപ്പോൾ വന്നാലും 
ബാഗ് കട്ടിലിലേക്കെറിഞ്ഞിട്ട്
ഓരോട്ടമാണങ്ങോട്ട്....
എന്നായാലും അത് തന്റേയും കൂടി വീടാവേണ്ടതല്ലേയെന്ന
സുഖമുളള വിചാരത്തോടെ..

വൈകുന്നേരം ശ്യാമിന്റെ അമ്മയും അച്ഛനും വീട്ടിലേക്കു വന്നു..
"മോളെപ്പോൾ വന്നു..?. 
മോൾക്കിനി ശ്യാമിന്റെ കല്യാണവും കൂടി 
കഴിഞ്ഞിട്ടു പോയാൽ മതിയല്ലോ..
.അല്ലേ...
അവന്റെ ഒരേയൊരു പെങ്ങളു നീയാ...
മോളുവേണം അവന്റെ കൂടെ പന്തലിൽ നില്ക്കാനും അവന്റെ പെണ്ണിനൊരു കൂട്ടാവാനും...
കല്യാണ ഡ്രസ്സെടുക്കാൻ ഞങ്ങളു പോയപ്പോൾ...നാത്തൂൻ പെണ്ണിനുളളതും 
എടുത്തിട്ടുണ്ട്...
ഞങ്ങൾക്കു പിറക്കാതെപോയ ഞങ്ങളുടെ 
മോൾക്ക്."..
ഞാൻ ശ്യാമിന്റെ അനിയത്തിക്കുട്ടി തന്നെ...
ആ അച്ഛന്റേയും അമ്മയുടേയും കാല്പാദങ്ങളിലേക്ക് വീഴുവാനാണു തോന്നിയത്.....
അവരുടെ മകനെ കാമുകനായും ഭർത്താവായും മനസ്സിൽ സൂക്ഷിച്ചതിനുളള പ്രായശ്ചിത്തം...
കണ്ണു നിറഞ്ഞത് അവരു കാണാതിരിക്കാൻ ശ്രദ്ധിച്ചു..

"ശ്യാമേട്ടനെവിടയച്ഛാ..?".

"അവൻ അവന്റെ ഫ്രണ്ട്സിനെയൊക്കെ കല്യാണം വിളിക്കാൻ പോയതാ മോളെ..."

"നമുക്ക്, ഇവിടെ അടുത്തൊക്കെ ഒന്നുപോയി 
കല്യാണം വിളിച്ചാലോ..?
മോളുകൂടി വാ..."
അമ്മ ചായ കൊണ്ടുവന്നുവച്ചപ്പോൾ ശ്യാമിന്റെ അച്ഛൻ പറഞ്ഞു...
 "മോൾക്കും എത്രയും പെട്ടെന്നൊരു ചെക്കനെ കണ്ടു പിടിക്കണമല്ലോ"

ഒരച്ഛനു മകളോടുണ്ടായേക്കാവുന്ന സ്നേഹവും, കരുതലും, ഉത്തരവാദിത്വവും, എല്ലാം ആ കണ്ണുകളിൽ നിഴലിച്ച മനസ്സിൽ, എനിക്കു കാണാൻ കഴിഞ്ഞു..
ഇതെന്റെ അച്ഛൻ തന്നെ...
ശ്യാമേട്ടൻ എന്റെ കൂടപ്പിറപ്പും...
പെട്ടെന്ന് 
അകത്തുപോയി വേഷം
മാറിവന്ന ഞാൻ  അവരോടൊപ്പം ഇറങ്ങി...
നാലുമണി വെയിൽ പാടത്തിനക്കരേക്കു പോകാൻ കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു...

കല്യാണം കഴിഞ്ഞ് രണ്ടുമാസമേ ശ്യാമേട്ടന് നാട്ടിൽ നില്ക്കേണ്ടിവന്നുളളു... വാഗ്ദാനം ചെയ്തപോലെ വിദേശത്ത് നല്ല ജോലി...
അഞ്ജലിയും അധികം വൈകാതെ അങ്ങോട്ടു പോകും...
നല്ല സ്നേഹമുള്ള ചേച്ചിയാണ്...
ശ്യാമേട്ടന്റെ
അനിയത്തിയെന്നതിനേക്കാളും നല്ല കൂട്ടുകാരായി ഞങ്ങൾ...
"അനിയത്തിക്കുട്ടിക്ക് ഒരു ചെക്കനെ ശ്യാമേട്ടനും ഞാനും കൂടി അവിടെ തിരഞ്ഞോളാം..."
അഞ്ജലി പറയും.....

ആരുമറിയാതിരുന്ന
കാമുകീ ഭാവത്തിൽനിന്ന് സഹോദര്യ ഭാവത്തിലേക്ക് ഒരു മാറ്റം അനായാസേന സാദ്ധ്യമാകാതിരുന്നിട്ടുകൂടി എങ്ങനെയോ ഞാനവരുമായും അവരുടെ, എന്നെ മുൻനിർത്തിയുള്ള   വീക്ഷണങ്ങളുമായും പൊരുത്തപ്പെട്ടുതുടങ്ങിയിരുന്നു...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക