Image

കാല്‍നടക്കാരുടെ ഇടയിലേയ്ക്ക് കാറോടിച്ചു കയറ്റി 5 പേര്‍ മരിച്ച സംഭവം: പ്രതി അറസ്റ്റില്‍

Published on 03 December, 2020
കാല്‍നടക്കാരുടെ ഇടയിലേയ്ക്ക് കാറോടിച്ചു കയറ്റി 5 പേര്‍ മരിച്ച സംഭവം: പ്രതി അറസ്റ്റില്‍
ബര്‍ലിന്‍: ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറോടിച്ചു കയറ്റിയതിന്റെ ഫലമായി 5 പേര്‍ തല്‍ക്ഷണം മരിച്ചു .മരിച്ചവരില്‍ ഒന്‍പതര ആഴ്ച മാത്രം പ്രായമുള്ള ഒരു കുട്ടിയും 25 ഉം 52 ഉം 73 ഉം വയസുള്ള മൂന്നു സ്ത്രീകളും ഒരു 45 കാരനും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഒന്നേമുക്കാലോടെ ജര്‍മനിയില്‍ കാറല്‍ മാര്‍ക്‌സിന്റെ ജന്മസ്ഥലമായ ട്രിയര്‍ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണന്നാണ് പൊലീസ് ഭാഷ്യം.

കാല്‍നട സോണിലേയ്ക്ക് അമിത വേഗതയില്‍ റേഞ്ച് റോവര്‍ എസ്‌യുവി വാഹനം 70 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന 51 കാരനായ ജര്‍മന്‍ പൗരനായ ബേണ്‍ഡ് എന്ന ട്രിയര്‍ സാര്‍ബുര്‍ഗ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണന്ന് ഇപ്പോഴും വ്യക്തമല്ല.എങ്കിലും ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

കാല്‍നട സോണിനെ ഉഴുതുമറിച്ച് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു എന്നും ഏതാണ്ട് അര കിലോമീറ്ററിലധികം ഓടിച്ചെന്നും ദൃക്‌സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ റോമന്‍ ഗേറ്റായ പോര്‍ട്ട നിഗ്രയ്ക്ക് സമീപം നടന്ന സംഭവം ഭയാനകരമെന്നു നഗര മേയര്‍ വിശേഷിപ്പിച്ചു. റൈന്‍ലാന്റ് ഫാല്‍സ് മുഖ്യമന്ത്രി മാലു ഡ്രെയര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ദുംഖം രേഖപ്പെടുത്തി.

പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സംഭവത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിലാണ്. കോവിഡ് 19 പാന്‍ഡെമിക് കാരണം സാധാരണയുള്ള ക്രിസ്മസ് മാര്‍ക്കറ്റ് റദ്ദാക്കപ്പെട്ടെങ്കിലും കടകള്‍ തുറന്നിരുന്നതു കാരണം നിരവധിയാളുകള്‍ കാല്‍നട സോണില്‍ ഉണ്ടായിരുന്നു. 2016 ല്‍ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ഒരു ഇസ്‌ളാമിക തീവ്രവാദി ഹൈജാക്ക് ചെയ്ത ട്രക്ക് ഇടിച്ച് 12 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ജര്‍മനിയിലുടനീളം കാല്‍നട മേഖലകളിലെ സുരക്ഷ ശക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക