Image

ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്തായ്ക്ക് അനുമോദനവും, ബിഷപ് ഫിലക്‌സിനോസിന്റെ സപ്തതി ആഘോഷവും ശനിയാഴ്ച

ഷാജി രാമപുരം Published on 03 December, 2020
ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്തായ്ക്ക് അനുമോദനവും, ബിഷപ് ഫിലക്‌സിനോസിന്റെ സപ്തതി ആഘോഷവും ശനിയാഴ്ച
ന്യുയോര്‍ക്ക്: മാര്‍ത്തോമാസഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സഭയുടെ പരമാധ്യക്ഷനും, മലങ്കര മാര്‍ത്തോമ്മ സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പോലീത്തായും ആയ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മായ്ക്ക് അനുമോദനവും, ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ സപ്തതി ആഘോഷവും നടത്തപ്പെടുന്നു.

ഡിസംബര്‍ 5 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 8.30 ന് ന്യുയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശുശ്രുഷകള്‍ക്ക് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

രാവിലെ 9.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍  കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മായുടെ പിന്‍ഗാമിയായി മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ 22  മത് മെത്രാപ്പോലീത്തായായി നവംബര്‍ 14 ന് സ്ഥാനാരോഹണം ചെയ്ത് ചുമതലയേറ്റ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മായെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ പേരില്‍ അനുമോദിക്കുന്നു.

ഡിസംബര്‍ 5 ന് എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഭദ്രാസനാധിപന്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ സപ്തതി ആഘോഷങ്ങള്‍ അന്നേ ദിവസം ജന്മദിന കേക്ക് മുറിച്ചുകൊണ്ട് തുടക്കം കുറിക്കുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സെന്റ്.ജോണ്‍സ് മാര്‍ത്തോമ്മ ഇടവാംഗമായ സെനറ്റര്‍ കെവിന്‍ തോമസിനെ പ്രസ്തുത ചടങ്ങില്‍ അനുമോദിക്കും. സമ്മേളനത്തില്‍ റവ.ഡോ.ഫിലിപ്പ് വര്‍ഗീസ്, ലിന്‍ ആന്‍ കീരിക്കാട്ട്, ഡോ.സാക് വര്‍ഗീസ്, വര്‍ക്കി എബ്രഹാം, ഡോ.മാത്യു ടി.തോമസ്, ഡോ.അനില്‍ വര്‍ഗീസ്, സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ്, വികാരി ജനറാള്‍ റവ.പി.ടി തോമസ്, റവ.സജിത്ത് തോമസ് ജോണ്‍, ഫിലിപ്പ് തോമസ് സിപിഎ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിക്കും.

നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസനത്തിനുവേണ്ടി സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു. സമ്മേളനത്തില്‍ www.youtube.com/ marthoma media എന്ന വെബ് സൈറ്റിലൂടെ ഏവര്‍ക്കും തത്സമയം പങ്കെടുക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക