Image

കര്‍ക്കിടകം (ആറ്റുമാലി)

Published on 27 December, 2020
കര്‍ക്കിടകം (ആറ്റുമാലി)
കോടക്കാറ്റിന് കൊടുംതണുപ്പ് കൂട്ടുവന്നു
പേമാരികള്‍ പെയ്തുകൂട്ടിയ പെരുവെള്ളം.
നാടും മേടും കുത്തിയൊഴുകി ഭീതി പരത്തി
നാളുകളായി കൂരകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കര്‍ഷകര്‍ കറുത്ത മാനം നോക്കി നെടുവീര്‍പ്പെട്ടു.
വഴിയില്‍ ഒഴുക്കിനെതിരേ തുഴയുന്ന വള്ളങ്ങള്‍
മുറ്റത്തെ മുട്ടോളം വെള്ളത്തില്‍ അലകളുണര്‍ത്തി
പടം കടലായി; പച്ചത്തലപ്പുകള്‍ മുങ്ങിമരിച്ചു
പള്ളിയും പള്ളിക്കൂടങ്ങളും എന്നേ പടിയടച്ചു
പശുവിന് പുല്ലരിയേണ്ട, തൊടിയില്‍ പണിയേണ്ട
കുട്ടികളെ ഇനി എത്രനാള്‍ കൂടി കൂട്ടിലടയ്ക്കും!
മഴ നനഞ്ഞില്ലെങ്കില്‍ പനിപിടിക്കുന്ന കുരുന്നുകള്‍
നീര്‍നായ്ക്കളെപ്പോലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി.
നിവര്‍ന്നു നില്‍ക്കാനാവാതെ തൊടിയിലെ വാഴകള്‍
പാതി വിളയാത്ത കുലകളുമായി കുഴഞ്ഞുവീണു.
കൂട്ടം ചേര്‍ന്ന കുട്ടികള്‍ പിണ്ടികള്‍ വെട്ടിയെടുത്ത്
കാട്ടുകമ്പില്‍ കൊരുത്ത് ചങ്ങാടങ്ങള്‍ പണിതിറക്കി.
വീരശൂരന്മാരായി നാടെല്ലാം ചങ്ങാടം തുഴയുമ്പോള്‍
അവരുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.
കര്‍ക്കിടകത്തിന് അവരെ കീഴ്‌പ്പെടുത്താനായില്ല.!
അഷ്ടദിക്കുകളിലും ദുരന്തങ്ങള്‍ നിറഞ്ഞാടുമ്പോള്‍
ഈ പഴയ ഓര്‍മ്മകള്‍ പുതിയ പാഠമായുണരുന്നു.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക