Image

ശാന്തിതാരകം സ്വപ്നമോ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 29 December, 2020
ശാന്തിതാരകം സ്വപ്നമോ? (കവിത: മാര്‍ഗരറ്റ് ജോസഫ്)
ലോക നന്മ, നിയോഗമായി-
സേവനം വ്രതമാക്കുവോര്‍,
ശാന്തിമന്ത്രങ്ങളോതിയോതി-
സാന്ത്വനംപകരുന്നോര്‍;
ആതുരര്‍ക്കത്താണിയായി-
ത്യാഗവീഥിയൊരുക്കുവോര്‍;
സ്വാര്‍ത്ഥതയന്യമാക്കി വാഴ്‌വില്‍-
രക്തസാക്ഷികളാകുവോര്‍;
ആത്മജ്ഞാനപ്രഭചൊരിഞ്ഞ്-
മാനവര്‍ക്കിരുള്‍ മാറ്റുവോര്‍;
എത്രയുമുത്തമ ജീവിതങ്ങള്‍-
യാത്രികര്‍, വഴികാട്ടികള്‍;
കാലഘട്ടം പകുത്ത് പാരില്‍-
പവിത്രമായൊരു നാമമായ്,
ദീര്‍ഘദര്‍ശികള്‍ കുറിച്ചുവച്ച-
ക്രിസ്തുവിന്നവതാരമേ;
'ക്രിസ്തുമസായ്്' വരവേറ്റ് വാനില്‍,
നക്ഷത്ര പ്രഭാപൂരമായ്;
മാലാഖമാരാര്‍ത്തു പാടിയീ-
മെംഗളമായ വാര്‍ത്ത;
"ഉന്നതത്തില്‍ സര്‍വശക്തന്-
മഹത്വമെന്നന്നേയ്ക്കും!
ദൈവകൃപയുള്ളവര്‍ക്ക്-
മന്നില്‍ സമാധാനം'
ദിവ്യമീയാശംസ നിത്യവും-
കാതില്‍ മാറ്റൊലിക്കൊള്ളട്ടെ;
സ്‌നേഹമുയിര്‍കൊണ്ടുള്‍ത്തങ്ങള്‍-
പുതിയ പുല്‍ക്കൂടാകട്ടെ;
കാരുണ്യക്കരലാളനത്താല്‍-
'വിനയപ്പൈതല്‍' വളരട്ടെ;
സൗഖ്യദായകമായീ ജന്മം-
ധന്യമായിത്തീരട്ടെ;
ക്രൂരത, തീച്ചൂളയായതില്‍-
ക്രോധമിന്ധനമാക്കുന്ന;
അഹന്ത തീര്‍ത്ത ഗോപുരത്തില്‍-
സത്യധര്‍മ്മങ്ങള്‍ പൂട്ടുന്ന;
ആയുധപ്പുരയായ മര്‍ത്ത്യാ-
ശാന്തിതാരകം സ്വപ്നമോ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക