Image

നിനക്ക് പ്രേമിക്കാൻ അവകാശമില്ല; 2021 വ്യത്യസ്തമാകട്ടെ (ഉയരുന്ന ശബ്ദം - 23 ജോളി അടിമത്ര)

Published on 01 January, 2021
നിനക്ക് പ്രേമിക്കാൻ അവകാശമില്ല;  2021  വ്യത്യസ്തമാകട്ടെ (ഉയരുന്ന ശബ്ദം - 23 ജോളി അടിമത്ര)
പുതിയ വർഷത്തിൻ്റെ ആഹ്ളാദനിമിഷങ്ങളാണിത്. പാതിരാ പ്രാർത്ഥനകളും മാലപ്പടക്കങ്ങളും ലഹരി കൂട്ടായ്മകളും അരങ്ങു തകർക്കാത്ത രാവ്. ദുരന്തങ്ങളുടെ, മഹാമാരിയുടെ പകർന്നാട്ടക്കാലം പിന്നിട്ട് നമ്മൾ പ്രതീക്ഷകളെ ചേർത്തു പിടിക്കയാണ് ഈ പ്രഭാതത്തിൽ.

കൊഴിഞ്ഞുപോയ വർഷത്തിലെ അവസാന ദിനങ്ങളിലും പ്രതികാരം താണ്ഡവമാടുന്ന കാഴച  കണ്ടു ഹൃദയം തകർന്നവരാണ് നാം. സ്വന്തം മകളുടെ താലി വലിച്ചു പൊട്ടിച്ച ,പാലക്കാട്ടെ അച്ഛൻ്റെ പ്രതികാരം. തന്നെ അനുസരിക്കാത്ത മകൾ ഇഞ്ചിഞ്ചായി മരിക്കാൻ മരുമകനെ വെട്ടിനുറുക്കുന്ന അച്ഛൻമാരുടെ കാലം. 'നിന്നെ വെറുതെ വിടുന്നു, പക്ഷേ, നീ നീറി നീറി മരിക്കണം' എന്ന് സ്വന്തം ചോരയോടുള്ള വാശി.

മകൾ പട്ടിണി കിടക്കുന്നതു സഹിക്കാൻ ഒരച്ഛനും കഴിയില്ല. പക്ഷേ, മകൾ പണമില്ലാത്തൊരു യുവാവിനെ പ്രണയിച്ചത് തെറ്റാണെന്ന് ഉറച്ച് വിശ്വസിച്ച് അവൻ്റെ പ്രാണനെടുക്കുന്നത്  ന്യായീകരിക്കാനാവില്ലല്ലോ.
സ്വന്തം കുഞ്ഞിനെ ആയുസ്സോടെ വിട്ടിട്ട് അന്യൻ്റെ കുഞ്ഞിൻ്റെ ജീവനെടുക്കുക. ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തിൽ പ്രാണനെടുക്കുക.

പടിയടച്ച് പിണ്ഡം വയ്ക്കുന്ന ഒരേർപ്പാട് കേരളത്തിൽ പണ്ടുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന മകൾ മരിച്ചെന്ന് സങ്കൽപ്പിച്ച് ശേഷക്രിയകൾ ചെയ്താലും സഹിക്കാമായിരുന്നു. ഈ ഭൂമിയിൽ അവൾ  പ്രണയിച്ചവനൊപ്പം എവിടെങ്കിലും സന്തോഷത്തോടെ   ജീവിച്ചു പോയേനേ.
ഇപ്പോഴത്തെ അവസ്ഥയോ..?

അച്ഛൻ കൊലപാതകിയായി ജയിലിൽ. നാഥനില്ലാതെ ആ കുടുംബം . ഇനി മേലിൽ  കൊലപാതകിയുടെ ഭാര്യയും മക്കളും എന്ന മേൽവിലാസം. ജയിലിൽ നിന്നിറങ്ങി അയാൾ വരുമ്പോഴേക്കും ഒഴുകിപ്പോകുന്ന നീണ്ട വർഷങ്ങൾ. കേസ് നടത്തി തകരുന്ന സാമ്പത്തീകം, അപമാനം .എല്ലാറ്റിനുമുപരി
മന: സാക്ഷിയുടെ കുറ്റപ്പെടുത്തൽ.

മകളുടെ ജീവിതവും നശിച്ചു. ആ യുവാവിൻ്റെ മാതാപിതാക്കളുടെ കണ്ണീരും ശാപവും പിന്തുടരുന്ന അച്ഛൻജന്മം. എത്ര കുടുംബങ്ങളാണ് ഒറ്റ വെട്ടിൽ ഒടുങ്ങിയത് !.  
പകയുടെ മുന്നിൽ ഇതൊന്നും ആരും  ചിന്തിക്കുന്നില്ല.

കഴിഞ്ഞ ദിവസം ഞാൻ കെവിൻ്റെ വീട്ടിൽ പോയി. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലപാതകത്തിൻ്റെ ഇര, കോട്ടയം സ്വദേശി.  ഞാൻ ആ വാർത്ത പത്രത്തിനു വേണ്ടി റിപ്പോർട്ട് ചെയ്തിരുന്നു . ആ പെൺകുട്ടിയെ, കെവിൻ്റെ അമ്മയെ, സഹോദരിയെ  ഇടയ്ക്കിടെ സൗഹൃദത്തിന് സന്ദർശിച്ചിരുന്നു.

കെവിൻ്റെ പിറന്നാളായിരുന്നു ഡിസംബർ 29-ന്. അന്നാണവൻ്റെ വീട്ടിൽ ഞാൻ പോയത്. ഓർമ പ്രാർത്ഥനകളുടെ നനവിൽ വിറകൊള്ളുന്ന ഒരമ്മ എനിക്കു മുന്നിലിരുന്ന് കണ്ണീർ തുടച്ചു..
ടൂ വീലർ മെക്കാനിക്കായ ജോസഫിൻ്റെയും മേരിയുടെയും ഏകമകനായിരുന്നു കെവിൻ.

വാടക വീട്ടിൽ കഴിയുന്ന അവരുടെ പ്രതീക്ഷയായിരുന്നു ആ മകൻ. ദളിത് ക്രിസ്ത്യാനിയായതിനാലും പണമില്ലാത്തതിനാലുമാണ് 23-ാം വയസ്സിൽ വധുവിൻ്റെ അച്ഛനും സഹോദരനും ചേർന്ന് കെവിൻ്റെ പ്രാണനെടുത്തത്.

അവൻ്റെ അമ്മയുടെ കണ്ണുകൾ ഇന്നും പെയ്തൊഴിയാത്ത കാർമേഘമാണ്. സർക്കാർ നൽകിയ 10 ലക്ഷം രൂപയ്ക്ക് നാലു സെൻറു സ്ഥലം വാങ്ങി. PM RY പദ്ധതിയിൽ കിട്ടിയ നാലു ലക്ഷം രൂപ കൊണ്ട് രണ്ടു മുറിയുള്ള ചെറിയ ഭവനം. അതിനുള്ളിൽ സദാ വിങ്ങിപ്പൊട്ടുന്ന അച്ഛനും അമ്മയും പെങ്ങളും. ഒരു വാക്കിനും ദാനത്തിനും ആശ്വാസം നൽകാനാവാത്ത മൂന്നു പേർ.

പാലക്കാട്ടെ ദുരഭിമാനക്കൊലപാതക വാർത്തകൾ ടിവിയിലോ പത്രത്തിലോ നോക്കാൻ പോലും മേരിക്ക് കഴിയുന്നില്ല. പാലക്കാട്ടെ യുവാവിൻ്റെ അമ്മയ്ക്കായി കോട്ടയത്തെ ഈ അമ്മ കണ്ണീരോടെ പ്രാർത്ഥിക്കയാണ്. മനസ്സിൻ്റെ ആ പിടച്ചിൽ മേരിയെക്കാൾ അറിയാവുന്നത് മറ്റാർക്കാണ്..?

"മനുഷ്യനെ മനുഷ്യനായി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ അരും കൊല ഉണ്ടാകുമായിരുന്നോ? എൻ്റെ കുഞ്ഞിപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു. സ്നേഹിക്കുന്നത് ഒരു തെറ്റാണോ..?".  മേരിയുടെ ചോദ്യം.
പക്ഷേ,അതിനുള്ള  ഉത്തരം എൻ്റെ പക്കൽ ഇല്ലായിരുന്നു.

പണമില്ലാത്തവൻ, പ്രണയത്തിനർഹനല്ലെന്ന്, ദളിതൻ മേൽജാതിക്കാരിയെ പ്രണയിക്കരുതെന്ന് ഞാൻ മേരിയോട് പറയുന്നതെങ്ങനെ?

ദളിതാ, നീ ദളിതയെ മാത്രം പ്രണയിക്കുക. പണമില്ലാത്തവൻ പിണമാണ്, നിനക്ക് നിൻ്റെ നിലയിലുള്ള പെണ്ണിനെ മാത്രമേ പ്രണയിക്കാൻ അർഹതയുള്ളൂ എന്നൊക്കെയുള്ള എഴുതാ കല്പനകൾ കേരളത്തിൽ അരങ്ങു തകർക്കുകയാണ്.

പാലക്കാട്ടെ ഹരിതയും അപ്പുവും സ്കൂൾ കാലത്ത് തുടങ്ങിയ സ്നേഹമാണ്. അന്ന് ആ കുഞ്ഞുമനസ്സുകൾക്ക് ജാതി വെറിയും പണത്തിൻ്റെ ധാർഷ്ട്യവും അറിയാനുള്ള 'ജ്ഞാനം ' ഇല്ലായിരുന്നു. അതറിഞ്ഞപ്പോഴേക്കും പ്രണയം വൻമരമായി പടർന്നു പന്തലിച്ചിരുന്നു.

ഇതിന് മറുവശവുമുണ്ട്. 'തേപ്പീരിൻ്റ അനുഭവങ്ങൾ'.
എൻ്റെ വലിയൊരു സുഹൃത്ത്. 2020 അവസാന ദിനങ്ങളിൽ തകർന്നു പോയിരുന്നു. എനിക്ക് അനിയനാണവൻ. അഞ്ചു വർഷം നീണ്ട ശക്തമായ പ്രണയം. രണ്ടാളും ഭിന്ന മതത്തിൽ പെട്ടവർ. ഇരുവീട്ടുകാർക്കും കാര്യമറിയാം. പക്ഷേ, വിവാഹം നടക്കാൻ ഒരു സാധ്യതയുമില്ലാത്ത പ്രണയം. അവന് രജിസ്റ്റർ വിവാഹം വേണ്ടായിരുന്നു. പെൺ വീട്ടുകാരുടെ അനുഗ്രഹത്തോടെ നടക്കണമെന്ന ആഗ്രഹം.

മൂന്നാഴ്ച മുമ്പൊരു രാത്രി അവൻ എന്നെ വിളിച്ചു. ആകെ തകർന്ന്... 'എന്നെ മറന്നേക്കൂ, മേലിൽ വിളിക്കരുതെന്ന,' പെൺകുട്ടിയുടെ മെസ്സേജ് വായിച്ച് തളർന്ന് വിളിച്ചതാണ്. അവൻ്റെ മനസ്സ് എനിക്ക് വായിക്കാമായിരുന്നു. അർധരാത്രിയിലും Online -ൽ കണ്ട് ഞാനവനെ വിളിച്ചുകൊണ്ടിരുന്നു.എൻ്റെ മനസ്സിലെ തീയ്യ് ഞാൻ  ഭാവിച്ചില്ല. പിറ്റേന്ന് അതിരാവിലെ വിളിച്ച് അവൻ്റെ ശബ്ദം കേൾക്കും വരെ ഞാൻ പിടഞ്ഞു.

അടുത്ത ദിവസങ്ങളിൽ അമ്മ മനസ്സോടെ ഞാൻ അവന് കൂട്ടിരുന്നു. ഒപ്പമുണ്ട്, ഞാൻ പോയി അവളോട് നേരിൽ സംസാരിച്ച് വിവരമറിയട്ടെ  എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു.. തീ പിടിച്ച ദിവസങ്ങൾക്കൊടുവിൽ അവൻ മനസ്സിനെ തിരികെ പിടിച്ചു. അതു വരെ ഞാൻ ആധിയിലായിരുന്നു.
പണമുള്ള ചെക്കൻ്റെ വിവാഹാലോചന വന്നതോടെ  അവൻ്റെ സ്നേഹഭാജനത്തിന്,  തൻ്റെ പ്രണയം വെറും പഴുന്തുണിയാണന്ന്  അവൻ മനസ്സിലാക്കി. ഒരു പക്ഷേ, മതം മാറി പ്രണയിച്ച് വിവാഹം ചെയ്തതിന്  അവൻ്റെ ജീവനെടുക്കാൻ ആളെത്തില്ലായിരുന്നു എന്ന് എന്താണുറപ്പ്..?
അവൻ 'രക്ഷപ്പെട്ടതിൽ 'ഞാൻ ആശ്വസിക്കുന്നു.

ഇവിടെ ഇപ്പോഴും  പ്രണയത്തെ ദിവ്യമായി കരുതുന്ന യുവാക്കളുണ്ടെന്ന് നമ്മളറിയണം . വിരലൊന്ന് തൊട്ട് അശുദ്ധമാക്കാതെ വിവാഹ രാത്രിക്കായി കാത്തിരിക്കുന്ന ചെക്കൻമാരുമുണ്ടെന്ന്. അവരെ ചവിട്ടിമെതിച്ച് കടന്നു പോകുന്ന 'തേപ്പുകാരി ' പെണ്ണുങ്ങളുമുണ്ടെന്ന്.

തോരാത്ത കണ്ണീർമഴയിൽ, പലതരം നെറികേടിൻ്റെ കുട പിടിച്ച് പൊട്ടിച്ചിരിക്കുന്നവരാകരുത് നമ്മൾ.
പുതിയ വർഷത്തെ ശുഭപ്രതീക്ഷകളോടെ സ്വീകരിക്കാം.

നിരാശകൊണ്ട് ഒന്നും നമ്മൾ  നേടുന്നില്ല. പക്ഷേ ആശകൾക്ക് ഒരു പാട് നേടാനുമുണ്ട്. പോയവർഷം ഈശ്വരൻ നമ്മൾക്ക് ഒരു പാട് പാഠങ്ങൾ പറഞ്ഞു തന്നു. അങ്ങു ദൂരെ എവിടെയോ പൊട്ടി മുളച്ച ഒരു കുഞ്ഞൻ അണുവിന് ലോകത്തെ വിറപ്പിക്കാനാവുമെന്ന്, അതിനു മുന്നിൽ കോടീശ്വരനും പിച്ചക്കാരനും തുല്യരാണെന്ന്, അമേരിക്കയും കേരളവും സമമാണെന്ന്, ദേവാലയങ്ങൾ തുറക്കാത്ത കാലമുണ്ടാവുന്ന്, ആഘോഷങ്ങൾ മാറ്റി നിർത്തി ജീവിക്കാൻ കഴിയുമെന്ന്, ധൂർത്തടികൾ ഒഴിവാക്കാനാവുമെന്ന്, മരണമെത്തുന്ന നേരത്ത് അരികിലിരിക്കാൻ ആരുമുണ്ടാവില്ലെന്ന്, രോഗത്തോടൊപ്പം രമ്യതയിലായി തോൾ ചേർന്ന് ശിഷ്ടകാലം ജീവിക്കണമെന്ന്...

അവിടുന്ന് പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തെ അഹങ്കാരമില്ലാതെ സമീപിക്കാൻ നമ്മളെ തുണയ്ക്കട്ടെ.
ലക്ഷക്കണക്കിന് ജീവനെടുത്ത കോവിഡ്- 19 ൻ്റെ തൊട്ടു ചേർന്നും നമ്മൾ ജീവിച്ചിരിക്കുന്നെന്ന  വലിയ തിരിച്ചറിവിൽ 2021 - നെ നമ്മൾക്ക്  സ്നേഹിക്കാം.

നിറഞ്ഞ മനസ്സോടെ...
Join WhatsApp News
George Neduvelil 2021-01-01 15:34:54
പുതുവത്സരത്തിൽ ആദ്യമായി വായിച്ചലേഖനം. ജോളിയുടെ തൂലികാചലനം ഏതുവിഷയത്തെയും മിഴിവുള്ളതാക്കി അവതരിപ്പിക്കുന്നു. നവവർഷത്തിൽ കൂടുതൽ കൂടുതൽ പുത്തൻ രചനകൾക്കായി കാത്തിരിക്കുന്നു. പ്രേമമെന്തെന്നറിയാത്തപ്രായത്തിൽ കൂട്ടുകാരുമായി പാടിനടന്നിരുന്ന രണ്ടുവരികൾ ജോളിയുടെ ലേഖനം നാവിൻതുമ്പത്തു് എത്തിച്ചിരിക്കുന്നു: കാശില്ലാത്തോൻ പ്രേമജീവിതമാ- ശിപ്പതും മൂഢ കാമിതം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക