Image

ലക്ഷ്മൺ ഝൂളയും ഗുഡിയയുടെ ബിദായിയും ( കഥ: ശാന്തിനി ടോം )

Published on 16 January, 2021
ലക്ഷ്മൺ ഝൂളയും ഗുഡിയയുടെ ബിദായിയും ( കഥ: ശാന്തിനി ടോം )
"മാഡം ജീ... ഋഷികേശ് എത്തി". 
ചിന്നിച്ചിതറിയ മഴത്തുള്ളികൾക്കൊപ്പമാണ് രാം സിംഗിന്റെ ശബ്ദം കേട്ടത്. സിംഗെന്നാൽ തലയിൽ പകിടിയും കെട്ടി കൊമ്പൻ മീശയും താടിയുമായി ടിവിയിലും ചിത്രങ്ങളിലും നിറഞ്ഞുനിൽക്കുന്ന പുരുഷസൗന്ദര്യമാണെന്നത് എപ്പോഴോ തലയിൽ കയറിക്കൂടിയ മണ്ടത്തരമാണെന്ന് രാം സിംഗിനെ പരിചയപ്പെട്ടപ്പോളാണ് മനസിലായത്. വിളർത്തുമെലിഞ്ഞ ഈ ചെറുപ്പക്കാരൻ സിംഗ് എന്ന പേരിനുപോലും അപമാനമാണെന്ന് തോന്നിപ്പോവും.  

“ഋഷികേശ് ചെറിയൊരു പട്ടണമാണ്, തിരക്ക് കൂടുതലും. ഇവിടെ ഞാൻ വണ്ടി പാർക്ക് ചെയ്യാം, മാഡം സ്ഥലമൊക്കെ ചുറ്റിക്കണ്ടിട്ട് ഇവിടേക്ക് തന്നെ  മടങ്ങിവന്നാൽ മതി”. പാർക്കിങ് സ്‌പേസിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ പറഞ്ഞിട്ട് അയാൾ അനുമതിയ്‌ക്കെന്നവണ്ണം കാതോർത്തു.

“ഓക്കേ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം. നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്താൽ മതി. പിന്നെ, എന്തെങ്കിലും കാരണവശാൽ ഫോണിൽ എന്നെക്കിട്ടാതെ സാബ് വിളിക്കുകയാണെങ്കിൽ പറഞ്ഞേക്ക്”. തോന്നുമ്പോൾ തോന്നുമ്പോൾ  പണിമുടക്കൽ ഉത്തരാഖണ്ഡിലെ നെറ്റ്-വർക്കിന്റെ ഹോബിയാണെന്ന് ഇന്നലെ ഇവിടെ എത്തിയശേഷമാണ് മനസിലാക്കിയത്.  ടെഹ്‌രി ഡാമിന്റെ ഇൻസ്പെക്ഷന് വിവേകിന് ഓർഡർ കിട്ടിയത് രണ്ടുദിവസം മുൻപാണ്. അന്നുതന്നെയാണ് ഒരുമിച്ചുള്ള യാത്രയാവട്ടെ എന്നും തീരുമാനിച്ചത്. വർഷങ്ങളായി തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കുകയായിരുന്നു പതിവ്. അല്ലിയുടെ  ജനനത്തോടെ  ഒരുപാടു പതിവുകൾക്ക് പൂർണ്ണവിരാമമിട്ടു. അവൾ ആസ്തമറ്റിക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഏഴു വർഷത്തോളം കുഞ്ഞിനെ വീട്ടിൽ നിന്നും പുറത്തുകൊണ്ടുവന്നിട്ടില്ല. വിവേക് വൈകുന്നേരത്തോടെ ജോലി കഴിഞ്ഞു ഫ്രീ ആവുമ്പോഴേക്കും തങ്ങൾക്ക് ഋഷികേശ് സന്ദർശിച്ച് മടങ്ങിയെത്താമെന്നാണ് കണക്കുകൂട്ടൽ. 
 
സൈഡ് വിൻഡോയിൽ മുഖം ചേർത്തുറങ്ങുകയായിരുന്ന അല്ലിയെ തട്ടിയെഴുന്നേല്പിച്ച് ഹാൻഡ്ബാഗും വലിച്ചെടുത്തിറങ്ങിയപ്പോൾ രാംസിംഗ് രണ്ടുകുടകൾ വച്ചുനീട്ടി.  

“മഴ വന്നും പോയീമിരിക്കും... ഡിസംബർ തീർന്നില്ലേ, തണുപ്പ് കൂടാനാണ്,... നനഞ്ഞ് അസുഖം പിടിക്കണ്ട”.

നന്ദിസൂചകമായി ഒന്ന് ചിരിച്ച് കുടകൾ കൈപ്പറ്റി. അല്ലി ഇപ്പോഴും ഉറക്കച്ചടവിലാണ്. പെണ്ണെ, സൂക്ഷിച്ച്... വീഴല്ലേ.  

ഒരു രാത്രി ക്യാമ്പിംഗിന് ഋഷികേശിൽ പോവണമെന്നുണ്ട്, ഇന്നലെയും കൂടി വിനീത് പറഞ്ഞതാണ്. പുറത്ത് എവിടെയെങ്കിലും ടെന്റടിച്ച്‌ താമസിക്കുമ്പോൾ  പ്രകൃതിയുമായി വളരെ അടുത്ത് ഇടപഴകാനും എല്ലാ  ജീവിതസുഖങ്ങളില്‍നിന്നും മാറിയാലും  ജീവിക്കാമെന്നും   അല്ലിയും പഠിക്കും. ജോലിത്തിരക്ക് മൂലം പ്ലാനിങ്ങുകൾ പലതും ഒഴിവാക്കേണ്ടി വരുന്ന അവസ്ഥ മുന്നേയും ഉണ്ടായിട്ടുള്ളതുകൊണ്ടാണ് ആളുടെ വാക്കുകൾ കാര്യമാക്കാതെ കമ്പനി ഡ്രൈവറായ രാംസിംഗിനെ കൂട്ടിയിറങ്ങിയത്. 

ചളിഞ്ഞു കിടക്കുന്ന റോഡിലൂടെ അരക്കിലോമീറ്റർ നടക്കണം. ചാറ്റൽ മഴയുണ്ടെങ്കിലും ആരും കുട കൂടിയിട്ടില്ല,  ഒരുപക്ഷേ, കുട നിവർത്തിയാൽ നടക്കാനും ബുദ്ധിമുട്ടാവും.  

“അല്ലീ.. സൂക്ഷിച്ച് നടക്ക്, തെന്നി വീഴും”.  
ഒൻപതുകാരിയുടെ ഉത്സാഹത്തിനുമുന്പിൽ ഓടിയെത്താൻ നാല്പത്തിരണ്ടിനു ബുദ്ധിമുട്ടാണെന്ന് ഇവളോടാര് പറഞ്ഞുകൊടുക്കും! 

ഒപ്പമൊഴുകുന്ന ജനങ്ങളോടൊപ്പം ഒരു അമ്പലത്തിന്റെ മുന്നിലൂടെ പുഴയെ കുറുകെ യോജിപ്പിച്ചിരിക്കുന്ന തൂക്കുപാലത്തിനുമുന്നിലെത്തി. 

അമ്മാ... ഝൂളയെവിടെ? 

ആ വഴി അവസാനിക്കുന്ന തൂക്കുപാലത്തിനു മുൻപിലെത്തിയതും   അല്ലി ചോദിച്ചു.
ചോദ്യം മലയാളത്തിലായിരുന്നെങ്കിലും ആ വാക്ക് കേട്ടതും അടുത്തുനിന്ന ഒരു വൃദ്ധൻ തൂക്കുപാലത്തിലേക്ക് കൈചൂണ്ടി.

“ഇതോ? ഛെ...” അല്ലി നിരാശയോടെ തല കുടഞ്ഞു.

ഇന്നലെ ഹോട്ടലിൽ വച്ച് ലക്ഷ്മൺ  ഝൂളയെന്ന് കേട്ടപ്പോൾ മുതൽ വലിയ ആവേശത്തിലായിരുന്നു പെണ്ണ്.  സാധാരണ പോവാനുള്ള സ്ഥലത്തെപ്പറ്റി ആദ്യമേ തന്നെ തിരഞ്ഞും വായിച്ചും ആവുന്നത്ര വിവരം ശേഖരിക്കാറുണ്ടായിരുന്നു. ഇന്നലെ യാത്രയുടെ ക്ഷീണത്താൽ ഒന്നിനും കഴിഞ്ഞില്ല. പിന്നെ ഇങ്ങനെ അസ്ഥിരമായ നെറ്റ് വർക്കും... 

അയാൾ സമീപത്തുണ്ടായിരുന്ന കൽഫലകത്തിലേക്ക് വിരൽ ചൂണ്ടി.  ഇംഗ്ലീഷിലും ഹിന്ദിയിലും  ഝൂളയെപ്പറ്റി   ചെറിയൊരു നോട്ട്:

“ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. രാമന്റെ വനവാസക്കാലത്ത് രാമനോടൊപ്പം യാത്ര തിരിച്ച ലക്ഷ്മണന്‍ ഈ ‌സ്ഥലത്ത് വച്ച് ചണനൂല് ഉപയോഗിച്ച് ഗംഗയ്ക്ക് കുറുകെ യാത്ര ചെയ്തു. ഈ വിശ്വാസമാണ് ഈ തൂക്കുപാലത്തിന് ലക്ഷ്മണ്‍ ഝൂള എന്ന പേര് ല‌ഭിച്ചത്.

1889 മുതല്‍ 284 അടി നീളമുള്ള ഒരു തൂക്കു‌പാലം ഇവി‌ടെ ഉണ്ടായിരുന്നു. എന്നാല്‍ 1924 ഒക്ടോബറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ അത് ഒലിച്ച് പോയി. അതിന് ശേഷം നിര്‍മ്മിച്ച പാലം 1930ല്‍ ആണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പുതുക്കി നിര്‍മ്മി‌ച്ച പാലവും ലക്ഷ്മണ്‍ ഝൂള എന്ന് തന്നെ അറിയപ്പെട്ട് തുടങ്ങി”.

“അമ്മാ...” അല്ലിയുടെ മുഖം വിവർണ്ണമായി. പ്രതീക്ഷിച്ചത് ലഭിക്കാതെ വരുമ്പോൾ നിറയുന്ന നിരാശ.   സ്‌കൂളിൽ ആനുവൽ ഡേയ്ക്ക് മാത്രം എത്തുന്ന ഝൂളകൾ അവൾക്കിഷ്ടമാണ്. അതിൽക്കയറി ആകാശത്തിലൂടെ ഊയലാടുന്ന സുഖം അനിർവചനീയമാണെന്നാണ് അവളുടെ വയ്പ്.

“പാലം കടന്നപ്പുറം ചെല്ലൂ മാഡം ജീ.... തിരിച്ചുവരുമ്പോൾ ഞാൻ ഫോട്ടോയെടുക്കാം. അൻപത് രൂപയെ ഉള്ളൂ”. 

താഴെ വറ്റി വരണ്ടുകിടക്കുന്ന ഗംഗയാണ് പാർശ്വപ്രദേശങ്ങളിൽ. നടുക്ക്, ഒഴുക്കുള്ള ഭാഗങ്ങളിൽ റിവർ റാഫ്റ്റിംഗും തകൃതിയായ് നടക്കുന്നു. 

‘അമ്മാ... നമുക്ക് റാഫ്റ്റിങ് ചെയ്താലോ”? അല്ലിയുടെ കണ്ണുകൾ റിവർ റാഫ്റ്റിങ്ങിന്റെ സാഹസികതയിൽ ആകൃഷ്ടയായ മട്ടുണ്ട്. 

“ഇന്ന് വേണ്ട മോളെ... അച്ഛൻ വന്നിട്ട് രണ്ടാളും എന്താന്ന് വച്ചാൽ ചെയ്തോളൂ...”

“സോ ബോറിംഗ് അമ്മാ... ബങ്കീ  ജമ്പിംഗ് ചെയ്താലോ? യൂ നോ ഋഷികേശ് ഈസ് ഫേമസ് ഫോർ ബങ്കീ  ജമ്പിംഗ്”! 

“എഗെയ്ൻ, നോ അഡ്വെഞ്ചർ വിതൗട്ട് യുർ ഫാദർ....” അവളെ ദേഷ്യത്തോടെ ഒന്ന് തറപ്പിച്ച് നോക്കിയപ്പോളാണ് “മാഡം ജീ, ഫോട്ടോയെടുക്കട്ടെ” എന്ന ചോദ്യം വീണ്ടും. വൃദ്ധനായ ആ ഫോട്ടോഗ്രാഫർ തന്റെ പോളറോയ്‌ഡ് ക്യാമറ പ്രതീക്ഷയോടെ ഫോക്കസ് ചെയ്തു. 

"വേണ്ട, ഞങ്ങൾ ഝൂളയിൽ കയറുന്നുമില്ല". മാസ്ക് തെല്ലകറ്റി അയാളോട് മറുപടി പറഞ്ഞു.

"വീതികുറഞ്ഞ ആ തൂക്കുപാലത്തിൽ അല്ലെങ്കിൽ തന്നെ തിരക്കാണ്. ഈ കൊറോണക്കാലത്ത് എന്തായാലും റിസ്ക് എടുക്കാൻ നിൽക്കുന്നില്ല”.

പക്ഷെ, മാഡം ജീ, നിങ്ങൾ ഈ ദേശത്തുള്ളവരല്ലെന്ന് എനിക്ക് മനസിലായി. ഇനിയൊരുപക്ഷേ നിങ്ങൾ വീണ്ടുമിവിടെ വരുമ്പോൾ ഈ ചരിത്രപുരാണ സ്മാരകം ഉണ്ടായെന്ന് വരില്ല. ഇങ്ങനെയൊന്നുണ്ടായിരുന്നെന്ന് ഓർക്കാനെങ്കിലും ഒരു ഫോട്ടോ എടുത്തൂടെ? അയാൾ വീണ്ടും ദൈന്യതയോടെ  നോക്കി.    

“നോക്ക് മാഡം ജീ, ആരും ഫോട്ടോ എടുപ്പിക്കാറില്ല, എല്ലാവരും മൊബൈൽ ക്യാമറയിൽ ഫോട്ടോഗ്രാഫർമാരായല്ലോ, ഞങ്ങളുടെ ദാൽ റൊട്ടിയാണ് നിന്നുപോയത്. ഈ കൊറോണക്കാലം കൂടുതൽ ദുരിതമായി. എത്രയോ മാസങ്ങളായി എല്ലാം അടഞ്ഞു കിടന്നു. ഈയിടെയാണ് വീണ്ടും തുറന്നത്.
മനസ്സിൽ അലിവിന്റെ ഉറവ പൊട്ടുന്നത് അയാളെങ്ങനെ അറിഞ്ഞുവോ ആവോ?  അയാളുടെ ആവലാതികൾക്ക് ചെവിയോർത്തതുകൊണ്ടാവാം.

“അമ്മാ... എനിക്ക് മൂത്രമൊഴിക്കണം”. അല്ലി വെപ്രാളത്തോടെ പറഞ്ഞു.  

“ഈ പെണ്ണിനെക്കൊണ്ട് തോറ്റു... പിടിച്ചുവച്ച് തീരെ നിവൃത്തിയില്ലാതാവുമ്പോഴേ പറയൂ. ഇനി എവിടെപ്പോയാണ് കാര്യം സാധിക്കുന്നതെന്ന ആധിയായി. തൊട്ടടുത്തൊന്നും ഫെസിലിറ്റിയൊന്നും കാണുന്നുമില്ല.

“ബാബാ, ഇവിടെ അടുത്തെവിടെയാണ് മൂത്രപ്പുരയുള്ളത്”? അറിയാവുന്ന ഹിന്ദിയിൽ അയാളോട് ചോദിച്ചു 

“ദാ, അതിലെ  പത്തുചുവട് പോയാൽ ഒരു പബ്ലിക് ടോയിലറ്റുണ്ട്...”   അയാൾ വലത്തേക്ക് വിരൽ ചൂണ്ടി. 

അല്ലിയുടെ വിരലിൽപ്പിടിച്ച് ഒരു വിധത്തിലാണ് തിരക്കിലൂടെ പബ്ലിക് ടോയ്‌ലറ്റിന് മുന്നിലെത്തിയത്. ഗംഗയിൽ കുളിച്ചീറനായ് ക്ഷേത്രസന്ദർശനത്തിനു പോവുന്ന ചില സ്ത്രീകളെക്കണ്ടപ്പോൾ സമാധാനമായി. ഇത്ര വൃത്തിയുള്ള  സ്ത്രീകൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റും  വൃത്തിയും വെടിപ്പുമുള്ളതാവും. എന്നാൽ ഊഴം കാത്ത്  ക്യൂവിൽ നിൽക്കെ ഉപയോഗിച്ചുമടങ്ങിവരുന്ന സ്ത്രീകളുടെ ചുളിഞ്ഞ മുഖവും മൂക്കും കണ്ടപ്പോൾ  മനം പുരട്ടി. വൃത്തിഹീനമാണെങ്കിൽ അല്ലി അകത്തുപോലും കയറില്ല. സ്‌കൂൾ ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള വിമുഖത കൊണ്ട് എത്ര താമസിച്ചായാലും വീട്ടിൽ വന്നേ അവൾ മൂത്രമൊഴിക്കൂ. എത്രവട്ടം അതിനു വഴക്കുപറഞ്ഞിരിക്കുന്നു.  
‘അമ്മാ, നോ... ഇറ്റ്സ് സ്റ്റിങ്കിങ്...” മൂക്കും വായും പൊത്തിപ്പിടിച്ചാണ് അല്ലി മടങ്ങിവന്നത്. 

“നമുക്ക് മടങ്ങിപ്പോവാം... ആ... അയാൾക്കെന്തെങ്കിലും കൊടുത്തിട്ട് പോവാം, പാവം”! അവളുടെ കൈ പിടിച്ച് വീണ്ടും ലക്ഷ്മൺ ഝൂളയിലേക്ക് നടക്കുമ്പോൾ അയാളോട് സഹതാപം തോന്നി 

എന്നാലും, ഇത്ര തിരക്കുള്ള സ്ഥലം. വിദേശികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ സിറ്റി. യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനും സാഹസിക വിനോദത്തിനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലമായിട്ടുകൂടി പൊതുപയോഗത്തിനുള്ള അത്യാവശ്യസംവിധാനങ്ങൾ പോലും ലഭ്യമല്ലെന്നോ? 

“എന്തായി?” കണ്ടതും ആ വൃദ്ധൻ ആരാഞ്ഞു 

“ഇല്ല, ഒട്ടും വൃത്തിയില്ലാത്ത സ്ഥലം. മോൾക്ക് ഇഷ്ടായില്ല” 

“മാഡം ജീ, എന്റെ ഒറ്റമുറി വീടിവിടെ അടുത്താണ്. വിരോധമില്ലെങ്കിൽ നിങ്ങൾക്ക് എന്റെ വീട്ടിലെ  സൗകര്യം ഉപയോഗിക്കാം. കുട്ടി ബുദ്ധിമുട്ടിലാണെന്ന് മുഖം കണ്ടാലറിയാം”.

"ഏയ്, അത് വേണ്ട. ഇതാ, നിങ്ങൾക്ക്  ഇത് തരാനാണ് വന്നത്. ഞങ്ങൾക്ക് ഫോട്ടോയൊന്നും വേണ്ട". ബാഗിൽ നിന്നും നൂറു രൂപ എടുത്തുനീട്ടുമ്പോൾ പറഞ്ഞു.
 
“എന്റെ വീട്ടിൽ എന്റെ മകൾ ഗുഡിയയുണ്ട്. സ്ത്രീകളെ ബഹുമാനിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. നിങ്ങൾ ഭയക്കേണ്ട. ഒരു വിഷമവും ഉണ്ടാവില്ല”. പൈസ വാങ്ങാതെ അയാൾ വീണ്ടും നിർബന്ധിച്ചു.

“എന്ത് ചെയ്യണം? രാം സിംഗിനോട് പറയാമെന്ന് വച്ചാൽ മൊബൈലിൽ നെറ്റ് വർക്കുമില്ല. ഈ വൃദ്ധനെ തെറ്റിദ്ധരിച്ചു എന്ന തോന്നൽ അയാൾക്കുണ്ടാവാനും പാടില്ല. പക്ഷെ, എന്ത് വിശ്വസിച്ചു പോവും? അന്യദേശം, അന്യഭാഷ, ഒൻപതുവയസുകാരിയാണെങ്കിലും ഒരുപെൺകുട്ടിയാണ് കൂടെയുള്ളത്. എന്തൊക്കെ സുരക്ഷാമുൻകരുതലുകളാണ് ഒരു സ്ത്രീ നോക്കേണ്ടത്? ആകെ വിവശത തോന്നി 

“മാഡം ജീ, ഞാൻ ഗുഡിയയെ വിളിക്കാം. എന്നിട്ട് തീരുമാനിച്ചാൽ മതി”. 

അയാൾ  അമ്പലത്തിന്റെ പിന്നിലേക്ക് ചെന്ന് ഗുഡിയാ എന്ന് നീട്ടിവിളിച്ചു.

കഷ്ടിച്ച്‌ പത്തുപതിനെട്ടു വയസുള്ള നീണ്ടു കൊലുന്നനെയുള്ള ഒരു പെൺകുട്ടി ഓടിവന്നു. നിറം മങ്ങിയ സൽവാർ കുർത്തയിലും തിളങ്ങിനിൽക്കുന്ന ലാളിത്യമാണ് അവളുടെ സൗന്ദര്യം. വിനയത്തോടെയുള്ള ആ കുട്ടിയുടെ മുഖഭാവം കണ്ടതും മനസൊന്നു തണുത്തു.

“വരൂ മാഡം ജീ...” അവൾ പുഞ്ചിരിയോടെ ക്ഷണിച്ചപ്പോൾ നിരാകരിക്കാനായില്ല.  അത് വേണോ അമ്മാ എന്ന മട്ടിൽ അല്ലി മുഖത്തേക്ക് നോക്കി. ചിലപ്പോളൊക്കെ മകളല്ല അമ്മയാണെന്ന മട്ടിലാണ് അവളുടെ ചിന്തകളും പ്രവൃത്തികളുമെന്ന് അമ്പരപ്പോടെ ഓർത്തു.

അമ്പലത്തിനു സൈഡിലൂടെ താഴേക്ക് അരക്കിലോമീറ്റർ. ചെറിയ ഗലിയുടെ രണ്ടോരത്തും വീടുകൾ. അധികം വ്യാപ്തിയില്ലാത്ത വീടുകളാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ചെറുതെങ്കിലും വൃത്തിയുള്ള നടപ്പാത മുന്നിലേക്ക് നീളുന്നു. ഗുഡിയ ഇടത്തേക്ക് തിരിഞ്ഞ് മരപ്പലകൾ കൊണ്ടുള്ള ഗേറ്റുതുറന്നു.  വരാന്ത  പോലൊരു ചെറിയ തിണ്ണയിൽ തയ്യൽ മെഷീനു  ചുറ്റും പലനിറത്തിലുള്ള വെട്ടുതുണികൾ വീണുകിടന്നിരുന്നു. അതിനുമപ്പുറം റോസ് കളറിലുള്ള കർട്ടൻ തൂക്കിയ വാതിലിലേക്ക് അവൾ വിരൽ ചൂണ്ടി. കുറച്ചുമുമ്പ് കണ്ട കാഴ്ചയുടെ മടുപ്പിൽ അല്ലി മുന്നോട്ട് പോവാൻ കൂടി മടിച്ചു. കർട്ടൻ മാറ്റി നോക്കിയപ്പോൾ കഷ്ടിച്ചൊരാൾക്ക് ഇരിക്കാൻ മാത്രം വലുപ്പമുള്ള, എന്നാൽ വൃത്തിയുള്ള ടോയ്‌ലറ്റ് കണ്ടതും അല്ലിയ്ക്ക് അതുപയോഗിക്കാൻ ഒരു നോട്ടത്തിലൂടെ അനുവാദം കൊടുത്തു. 

“മാഡം ജീ, നിങ്ങൾ ഏതു നാട്ടുകാരാ”? ഗുഡിയ ചോദിച്ചപ്പോളാണ് ചുവരിലെ ചിത്രത്തിൽ നിന്നും കണ്ണെടുത്തത്. 

“അത് ഞാനാണ് മാഡം ജീ...” നോട്ടം വീണ്ടും ആ ചിത്രത്തിലേക്ക് പാളി വീഴുന്നതുകണ്ടിട്ടാവും അവൾ പറഞ്ഞു. 

കഷ്ടിച്ച് എട്ടോ ഒൻപതോ വയസുള്ളപ്പോഴത്തെ ചിത്രം. കന്യപൂജ തുടങ്ങി ഒരുപാട് ആചാരങ്ങൾ നോർത്തിലേക്കുണ്ടെന്ന് പണ്ടെന്നോ വിവേക് പറഞ്ഞതോർത്തു.

“അതെന്തിന്റെ ചിത്രമാ കുട്ടീ? എന്തോ പൂജയോ മറ്റോ”? 

പറഞ്ഞു നിർത്തും മുൻപ് അവൾ പൊട്ടിച്ചിരിച്ചു.  

“എന്റെ വിവാഹം! ഇവിടെ ചെറുപ്പത്തിൽത്തന്നെ കുട്ടികളുടെ വിവാഹം  നടത്തും”.
 
“അമ്മാ, ഈസ് ഇറ്റ് ട്രൂ”? മടങ്ങിവന്ന് കൈവെള്ളയിൽ സാനിറ്റൈസർ പുരട്ടുകയായിരുന്ന അല്ലിയും അത്ഭുതപ്പെട്ടു.

“അയ്യോ.. നിങ്ങൾക്ക് കഴിക്കാൻ തരാനൊന്നും ഇവിടില്ലല്ലോ...” അവൾ മ്ലാനതയോടെ പറഞ്ഞു

“അതൊന്നും സാരമില്ല. പക്ഷെ നിന്റെ ഭർത്താവെവിടെ”? 

അതൊരു കഥയാണ് മാഡം. പത്തുവർഷം മുൻപായിരുന്നു വിവാഹം. അയാളെ ഞാൻ പിന്നീട് കണ്ടിട്ടില്ല. വല്ലപ്പോഴും അയാളുടെ അമ്മയും അച്ഛനും വരും. ബാബയുടെ കയ്യിലുള്ളത് എന്തെങ്കിലും ചടങ്ങുകളുടെ പേരും പറഞ്ഞ് വാങ്ങിക്കൊണ്ടുപോകും. സ്ത്രീധനത്തിന്റെ ബാക്കിയായി ഒരു മോട്ടർസൈക്കിൾ കൊടുക്കാനുണ്ട്. അതേർപ്പാടാക്കിയാലേ എന്നെ കൊണ്ടുപോവാൻ പറ്റൂ.

എന്റെ ബാബ, പാവം, ഉള്ളി ഇടിച്ച് ഉപ്പും കൂട്ടിയാണ് മിക്കവാറും ഞങ്ങൾ റൊട്ടി കഴിക്കുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് ക്യാൻസർ വന്നതോടെ ബാബയുടെ കണക്കുകൂട്ടലൊക്കെ തെറ്റി. ഒരുപാട് കടം വാങ്ങി ദില്ലിയിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും അമ്മയെ രക്ഷിക്കാനും കഴിഞ്ഞില്ല. 

“അതെന്തിന് ദില്ലിയിൽ? ഋഷികേശിൽ എയ്മ്സുണ്ടല്ലോ”? ഇവിടേക്ക് പോന്ന വഴിയിൽ കണ്ടതോർമിച്ചു 

“എയ്‌മ്സൊക്കെ വന്നിട്ടധികമായില്ല. അന്നൊന്നും ഇവിടെ നല്ലൊരു ആസ്പത്രി പോലുമില്ലായിരുന്നു.  ഉണ്ടായിരുന്നെങ്കിൽ എന്റെ 'അമ്മ ഒരുപക്ഷെ രക്ഷപെട്ടേനെ...” അവൾ സങ്കടത്തോടെ പറഞ്ഞു 

ഈയിടെ അമ്മായിയപ്പൻ വന്നിരുന്നു. നയാ സാലിൽ ഹീറോ ഹോണ്ട മോട്ടർ സൈക്കിൾ റെഡിയാക്കി വയ്ക്കണമെന്നാണ്  ബാബയോട് പറഞ്ഞേൽപ്പിച്ചിരിക്കുന്നത്. അതിനുള്ള ഓട്ടപ്പാച്ചിലിലാണ് ബാബ. “മരുമകൻ ഇവിടെ വന്ന് ഹീറോഹോണ്ടയിൽ മകളെ കൂട്ടിക്കൊണ്ടുപോവുമെന്ന് സ്വപ്നം കണ്ടിരിക്കുന്ന പാവം. അതിനുള്ള പാങ്ങില്ല താനും”. അവൾ ചിരിച്ചു.

“ബാബയെവിട്ട് സസുരാലിലേക്ക്  പോവാൻ എനിക്കിഷ്ടമില്ല. എനിക്ക് നല്ല പേടിയുണ്ട്. ഒരു ജന്മം മുഴുവൻ ലക്ഷ്മൺ ഝൂളയിൽ ചുറ്റിത്തിരിഞ്ഞ ആളാണ്. പണ്ടൊക്കെ മോട്ടോർ സൈക്കിളുകളും സ്‌കൂട്ടറുകളും ഉൾപ്പെടെയുള്ള വണ്ടികൾ പാലത്തിലൂടെ പോവുമായിരുന്നു. ഇപ്പോഴതിന്റെ  മോശം അവസ്ഥ കാരണം കാൽനടയാത്രക്കാർക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. തന്നെയുമല്ല സമാന്തരമായി ഒരു പകരം പാലം നിർമ്മിക്കാനും പുരാതനപ്രസിദ്ധമായ ലക്ഷ്മൺ ഝൂള അടയ്‌ക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു. അങ്ങനെയുണ്ടായാൽ ആ അവസ്ഥയെ ബാബ എങ്ങനെ നേരിടും എന്നോർത്ത് ചിലപ്പോൾ എന്റെ ഉറക്കം മുറിയാറുണ്ട്.  എന്റെ ബാബയെ അരക്ഷിതത്വത്തിലേക്ക് വിട്ട് എനിക്ക് സസുരാലിന്റെ തണൽ വേണ്ട. ഒരു മോട്ടർ സൈക്കിൾ കിട്ടാഞ്ഞതുകൊണ്ടു ഭാര്യയെ തിരഞ്ഞുവരാതിരുന്ന ഭർത്താവിനെയും വേണ്ട”. അവൾ വീറോടെ പറഞ്ഞു.

“എന്റെ കയ്യിൽ കാശുണ്ട്, പക്ഷെ ഞാൻ കൊടുക്കില്ല. ഉഷാ സ്യൂയിങ് സ്‌കൂളിൽ പണിയെടുത്ത് ഞാൻ ബാബയറിയാതെ കുറേശ്ശേ കാശ് കൂട്ടിവച്ചിട്ടുണ്ട്. ഒരസുഖം വന്നാൽ ചികിത്സിക്കാൻ, അല്ലെങ്കിൽ വരുമാനമില്ലാത്ത ദിവസങ്ങളുണ്ടായാൽ ഉണക്കറൊട്ടിയും ഉള്ളിയും മാത്രം കഴിച്ചാണെങ്കിലും എന്റെ ബാബയ്ക്ക് പട്ടിണി കിടക്കേണ്ടി വരരുത്. അതിനുള്ള കരുതലാണത്, അല്ലാതെ കെട്ടിയവന് ഞെളിഞ്ഞിരിക്കാൻ മോട്ടർ സൈക്കിൾ വാങ്ങാൻ അതിൽ നിന്നൊരു രൂപ പോലും ഞാൻ ചിലവാക്കില്ല”.      
നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന ആ വാക്കുകളിലൂടെ  അഭ്യസ്തവിദ്യ അല്ലാതിരുന്നിട്ടും ആദർശവാദിയായ  ഒരു പെൺകുട്ടിയെ കണ്ടു.
ഗുഡിയയുടെ തലമുടിയിൽ സ്നേഹപൂർവ്വം തഴുകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചേർത്തുപിടിക്കാനാരുമില്ലാത്തവരുടെ പ്രതികരണമങ്ങനെയാണ്. ചെറിയൊരു തലോടലിൽ ആർദ്രമാവും അവരുടെ മനസും കണ്ണുകളും.  അല്ലിയുടെ കണ്ണുകളിലെ അത്ഭുതവും ആരാധനയും കണ്ടപ്പോഴാണ് മനസ് നിറഞ്ഞത്. വിവേക് എത്ര സത്യമാണ് പറഞ്ഞത്. ഓരോ യാത്രകളും ഓരോ പുസ്തകങ്ങളാണ്. അകക്കണ്ണുതുറപ്പിക്കുന്ന പുസ്തകങ്ങൾ.

“മാഡം ജീ, ഇനിയുമെന്നെങ്കിലും വരുമെങ്കിൽ ഇവിടെ വരണം. ഞാനിവിടെത്തന്നെയുണ്ടാവും. ഈ ഋഷികേശിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ജന്മം മുഴുവൻ ഇവിടെത്തന്നെ കഴിച്ചുകൂട്ടണമെന്ന് ഞാനും തീരുമാനിച്ചു. ഉഷ സ്യൂയിങ് സ്‌കൂളിലെ ദീദി എന്നെ ഹെല്പ് ചെയ്യും. ഇൻസ്ട്രക്ടർ ആയി ഇനി ഒഴിവുവരുമ്പോൾ എന്നെ നിയമിക്കാനും അവർക്ക് പ്ലാനുണ്ട്”.  

“പക്ഷെ ബാബ സമ്മതിക്കുമോ? ഇവിടുത്തെ സമൂഹം”? ആശങ്കയോടെയാണ് ചോദിച്ചത് 

“എന്തുകൊണ്ടില്ല? ഞാൻ വാദിക്കും!  “യോഗ്യനായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രി അവിവാഹിതയായി ഇരിക്കുകയാണ് അഭികാമ്യം എന്നാണ്  മനുസ്‌മൃതിയിൽ പറഞ്ഞിരിക്കുന്നത്”. 

“സമൂഹമാണ് മാറണ്ടത്. ഈ ഇരിക്കുന്ന കുഞ്ഞിന്റെ പ്രായത്തിൽ എന്റെ വിവാഹം കഴിഞ്ഞു. അയാൾക്കെത്ര വയസുണ്ടെന്നുപോലും എനിക്കറിയില്ല.   വേദകാലങ്ങളിൽ പോലും സ്ത്രീകൾ പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹിതരായിരുന്നത്”. “ഭർത്തൊ രക്ഷതി യൌവനേ” എന്ന മനു വാക്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. എന്നിട്ടാണ് ചോദിക്കുന്നതെന്തും കൊടുത്ത് ഭാരമൊഴിവാക്കുമ്പോലെ ബാല്യവിവാഹവും മണ്ണാങ്കട്ടയും. 

“ഞാനൊരു മകനല്ല, പക്ഷേ എനിക്ക് എന്റെ പിതാവിനോടുള്ള കടമ  നിർവഹിക്കണം. ഭാരമാവാനല്ല, തണലാവാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ആരുപറഞ്ഞാലും അതിനുമാറ്റമുണ്ടാവില്ല”. അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞുനിർത്തി.

 ബാഗിൽ കയ്യിട്ടപ്പോൾ കിട്ടിയ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും നില്കാതെ ഗുഡിയയുടെ കൈകളിലേക്ക് തിരുകിവച്ച്  അവളോട് യാത്ര പറഞ്ഞപ്പോൾ എന്തുകൊണ്ടോ കണ്ണ് നിറയുന്നുണ്ടായിരുന്നു. ലക്ഷ്മൺ ഝൂളയിൽ മടങ്ങിച്ചെന്ന് അല്ലിയെയും ചേർത്തുപിടിച്ചൊരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ വൃദ്ധന്റെ നരച്ച കണ്ണുകൾ ആഹ്ളാദത്താൽ തിളങ്ങുന്നത് കണ്ടു. 

വിവേക് കാളിങ്.... കയ്യിലെ മൊബൈൽ റിംഗ് ചെയ്തു തുടങ്ങി.

“ഡീ ഭാര്യേ... വഴിയിലൊരു ആക്സിഡന്റ് മൂലം യാത്രമുടങ്ങി. ഞാൻ ഋഷികേശിലെത്തി. ഞാനും രാം സിംഗും കൂടി ലക്ഷ്മൺ ഝൂളയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. നീ അവിടെത്തന്നെ നിൽക്ക്”.

“വേണ്ട വിവേക്, ഇവിടൊന്നൂല്യ കാണാൻ. ഞങ്ങൾ ദാ തിരിയ്ക്കുകയാണ്”. 

“അല്ലെടോ, അവിടെ നിൽക്ക്. ഈ രാം സിംഗിനൊരു കാര്യമുണ്ട്. ഇയാളുടെ ഭാര്യവീട് അവിടെ എവിടെയോ ഉണ്ടത്രേ. ഇയാൾക്കറിയില്ല. ബാല്യവിവാഹമായിരുന്നു, പിന്നെ വീട്ടുകാർ അവിടെ പോവാനൊന്നും അനുവദിച്ചില്ല. ഒരു ബൈക്ക് ഓഫർ ഏടാകൂടമായി ഇടയ്ക്ക് കിടന്നത്രെ.  ഭാര്യയെ കണ്ട ഓർമ്മയില്ല. ചമ്മൽ കാരണം ഇവിടെ വന്നിട്ടും പോവാനൊരു മടി എന്ന് പറഞ്ഞപ്പോ നമ്മൾ കൂട്ട് ചെല്ലാമെന്ന് ഞാൻ പറഞ്ഞു.

നടത്തത്തിനിടയിലെ  സംസാരത്തിൽ വിവേക് ചെറുതായി കിതയ്ക്കുന്നു. 

“നാട്ടിൽ ചെന്നിട്ട് വേണം വ്യായാമം ഒന്നുഷാറാക്കാൻ- കേട്ടോ”. അപ്പോൾ എന്താ പറഞ്ഞത്? ഒരു ബൈക്ക് കിട്ടാനിടയില്ലാത്ത വീട്ടിലേക്കാണെങ്കിൽ എന്തിനാ അയാൾ പോവുന്നത്? കണ്ടിട്ടില്ലാത്ത ഭാര്യയെ കാണാതിരിക്കുന്നതല്ലേ ബുദ്ധി”? അല്പം നീരസത്തോടെയാണ് ചോദിച്ചത് 

“അതല്ലേ ഫെമിനിസ്റ്റേ സർപ്രൈസ്, കയ്യിൽ കുറച്ചു കാശുണ്ട്, വീട്ടുകാരറിയാതെ അതിവിടെ  കൊടുക്കണം എന്നാ  രാം സിംഗ് പറഞ്ഞത്. ബാക്കി എത്രയാണോ വേണ്ടത് അത് നമുക്കും കൊടുക്കാം. പാവത്തിന്റെ ദാമ്പത്യം തളിർക്കട്ടെ...” വിവേക് ഉച്ചത്തിൽ ചിരിച്ചപ്പോൾ ഗുഡിയയുടെ തീരുമാനത്തിന് എതിരാണെങ്കിലും ആ വൃദ്ധന്റെ നെഞ്ചു തണുക്കുമല്ലോ എന്നായിരുന്നു ഓർത്തത്. 

"അപ്പൊ രാം സിംഗ് സീരിയസ്സാണല്ലോ അല്ലേ? വീട്ടുകാരെങ്ങാൻ കളയാൻ പറഞ്ഞാൽ ആ പെങ്കൊച്ചിനെ ഇയാൾ കളയുമോ"?

ഇല്ലെടോ... വീട്ടുകാരിൽ നിന്നും അകന്ന് അവളോടൊപ്പമൊരു ജീവിതമാണ് ഇയാളുടെ സ്വപ്നം. ജോലി കിട്ടിയിട്ട് അധികമായില്ലെങ്കിലും ഇവിടെ ക്വാർട്ടേഴ്സ് ശരിയാക്കാൻ ഞാനും റെക്കമെന്റ് ചെയ്തിട്ടുണ്ട്. 

“എങ്കിൽ ഓക്കേ..”. 

ചില നിയോഗങ്ങൾ അങ്ങനെയാണ്... യാതൊരു പദ്ധതിയും ആസൂത്രണവുമില്ലെങ്കിലും നമ്മളതിൽ ഭാഗവാക്കാവും.   ഗുഡിയയുടെ നാണം കലർന്ന മുഖം  മനസ്സിൽ നിറഞ്ഞപ്പോൾ  ഒരു നാരങ്ങാമുട്ടായി നുണഞ്ഞിറക്കുന്ന സുഖം! 
                               .............            ...............           ...........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക