Image

അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 22 January, 2021
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
റിപ്പബ്ലിക്ക് ടെലിവിഷനും അതിന്റെ സ്ഥാപക എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിയും ഇന്‍ഡ്യയിലെ മാധ്യമ മേഖലക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഗോസ്വാമി ആത്മഹത്യപ്രേരണകുറ്റത്തില്‍ പ്രതിയായി ഒരു മാസത്തോളം ജയിലില്‍ ആയിരുന്നു. പക്ഷേ, സുപ്രീം കോടതി അദ്ദേഹത്തിന് മാധ്യമസ്വാതന്ത്ര്യന്റെ പേരില്‍ ജാമ്യം നല്‍കി തികച്ചും വിവാദപരമായ രാഷ്ട്രീയ സാഹചര്യത്തില്‍.
 
അദ്ദേഹത്തിനെതിരെ ടെലിവിഷന്‍ റേറ്റിംങ്ങ് പേയിന്റ് (റ്റി.ആര്‍.പി.) വളരെ ഉയര്‍ത്തികാട്ടിയതിന്റെ പേരില്‍ ഒരു കേസ് നിലവിലുണ്ട്. ഇതില്‍ കൂട്ടുപ്രതിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സലിന്റെ (ബാക്ക്) മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാഥോദാസ് ഗുപ്ത ഇപ്പോള്‍ ജയിലില്‍ ആണ്. റ്റി.ആര്‍.പി. തട്ടിപ്പ് നൂറുകണക്കിന് കോടിരൂപയുടെ തിരിമറി ആണ്. ഇത് പ്രകാരം ഗോസ്വാമിയും ദാസ് ഗുപ്തയും കൂട്ടുചേര്‍ന്ന് റിപ്പബ്ലിക്ക് റ്റി.വി.യുടെ റ്റി.ആര്‍.പി. പതിന്മടങ്ങ് കൂട്ടികാണിച്ചു. മറ്റ് ചാനലുകളുടെ റ്റി.ആര്‍.പി. വളരെ കുറച്ചും കാണിച്ചു. ഇത് കാരണം റിപ്പബ്ലിക്ക് റ്റി.വി.ക്ക് കോടിക്കണക്കിന് രൂപ ലാഭം ഉണ്ടായി. മറ്റ് ചാനലുകള്‍ക്കും ഭീമമായ നഷ്ടവും ഉണ്ടായി. ഇതില്‍ പ്രധാനി ഗോസ്വാമിയുടെ മുന്‍ചാനലും പ്രധാന എതിരാളിയും ആയ ടൈംസ് നൗ ആണ്. ഇതെല്ലാം മാധ്യമധര്‍മ്മത്തിന് എതിരാണ്. നിയമ വിരുദ്ധം ആണ്. ഇതിന്റെ എല്ലാം ഫലമായി 2017 മെയ് ആറിന് മൂന്നര വര്‍ഷം മുമ്പ് ആരംഭിച്ച റിപ്പബ്ലിക്ക് ചാനല്‍ ഏറ്റവും പ്രചാരമുള്ള ചാനലായി ഒന്നാം സ്ഥാനത്ത് വന്നു.
 
ഇത് സംബന്ധിച്ചുള്ള കേസ് മുംബെ കോടതിയില്‍ ഉണ്ട്. ഇതില്‍ അര്‍ണാബിനെതിരെ അറസ്റ്റ് ഭീഷണി നിലനില്‍ക്കവെ പോലീസ് 500 പേജുകള്‍ ഉള്ള അനുബന്ധ ചാര്‍ജ് ഷീറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ ഫയല്‍ ചെയ്തു. ആരെയും നടുക്കുന്ന തട്ടിപ്പും തിരിമറിയും അധികാര കച്ചവടവും ആണ് ഗോസ്വാമിയും ദാസ് ഗുപ്തയും തമ്മിലുള്ള നൂറുകണക്കിന് വാട്ട്‌സാപ്പ് ചാറ്റിലൂടെ വെളിയില്‍ വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും സ്‌ഫോടകാത്മകമായ ദേശീയ സുരക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ഗോസ്വാമി ചോര്‍ത്തി വെളിയില്‍ വിട്ടു എന്നതാണ്. പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് മിന്നലാക്രമണവും ഗോസ്വാമി മുന്‍കൂട്ടി അറിഞ്ഞിരുന്നതായി ട്വീറ്റുകള്‍ വെളിപ്പെടുത്തുന്നു. നാല്‍പത് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ആണ് ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇത് എങ്ങനെ ഗോസ്വാമി അറിഞ്ഞു? പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം ഉന്മാദനായതായി ട്വീറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം സ്വയം പ്രഖ്യാപിതനായ ഒരു സൂപ്പര്‍ നാഷ്ണലിസ്റ്റ് ആണെന്ന് ഓര്‍മ്മിക്കണം. 2019 ഫെബ്രുവരി 26-ലെ ബാലക്കോട്ട് മിന്നലാക്രമണത്തിന് മൂന്നു ദിവസം മുമ്പ് ഗോസ്വാമി ഇതറിഞ്ഞിരുന്നതായി ട്വീറ്റ് വെളിപ്പെടുത്തുന്നു. ഇത് ഗുരുതരമായ ആഭ്യന്തരസുരക്ഷാ വീഴ്ച ആണ്. ഇതിനെതിരെ സംയുക്ത പാര്‍ലിമെന്ററി കമ്മറ്റിയുടെ അന്വേഷണം ആണ് പ്രതിഷേധം ആവശ്യപ്പെട്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഒരു അനക്കവും ഇതുവരെ ഉണ്ടായിട്ടില്ല. താമസിയാതെ ആരംഭിക്കുവാനിരിക്കുന്ന പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തെ ഇത് കലുഷിതമാക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.
 
ബാലക്കോട്ട് മിന്നലാക്രമണത്തെക്കുറിച്ചുള്ള ഗോസ്വാമി-ദാസ് ഗുപ്ത ട്വീറ്റില്‍ ഗോസ്വാമി പറഞ്ഞത് ഇത് മോദിക്കു വേണ്ടി 2019 ഏപ്രില്‍-മെയ് മാസങ്ങളിലെ ലോകസഭ തെരഞ്ഞെടുപ്പ് തൂത്തു വാരുമെന്നാണ്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഒരു യുദ്ധത്തിന്റെ റിസ്‌ക്ക് എടുക്കുന്നത് എന്തു ഭരണ മീമാംസയാണ്? പുല്‍വാമ ഭീകരാക്രമണം ഒരു വന്‍ ദുരന്തമാണ് ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം. നാല്‍പത് കുടുംബങ്ങള്‍ ആണ് ഇന്‍ഡ്യയുടെ നാനാഭാഗങ്ങളിലായി അനാഥമായത്. ഈ ഭീകരാക്രമണം മുന്‍കൂട്ടി അറിയണമെങ്കില്‍ അതില്‍ ഗോസ്വാമി ആഹ്ലാദിച്ചെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. മിലിട്ടറി തന്ത്രങ്ങളും ആസൂത്രണങ്ങളും തെരഞ്ഞെടുപ്പുമായി കലര്‍ത്തുന്നത് അപകടം ആണ്.
 
എവിടെ നിന്നും അല്ലെങ്കില്‍  ആരില്‍ നിന്നും ആയിരിക്കും ഗോസ്വാമിക്ക് ഈ അതീവരഹസ്യങ്ങള്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ടേപ്പുകളില്‍ അദ്ദേഹം നിര്‍ലോഭം അത്യുന്നതുമായിട്ടുള്ള കണക്ഷന്‍സിനെക്കുറിച്ച് പറയുന്നുണ്ട്. ഇതില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രക്ഷാമന്ത്രിയും എല്ലാം ഉണ്ട്. എല്ലാ മന്ത്രിമാരും അദ്ദേഹത്തിന്റെ കയ്യിലാണെന്ന് ഗോസ്വാമി വീമ്പിളക്കുന്നുണ്ട്. നാഷ്ണല്‍ സെക്യൂരിറ്റി ഓഫീസറും ജുഡീഷറിയും ഇതില്‍ പെടും. ഇതുപോലുള്ള ഗൗരവമായ തീവ്ര രഹസ്യങ്ങള്‍ ഭരണാധികാരികളോ ഉന്നത പട്ടാള ഉദ്യോഗസ്ഥരോ ചോര്‍ത്തികൊടുക്കുമെന്ന് വിശ്വസിക്കുവാന്‍ വയ്യ. പക്ഷേ, അത് സംഭവിച്ചിരിക്കുന്നു.
 
സര്‍ക്കാരും അവരുടെ ചങ്ങാത്ത മുതലാളിമാരും അവരുടെ കാഹളം ഊത്തുകാരായ ചില മാധ്യമപ്രവര്‍ത്തകരും മാധ്യമ സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണ്. ഗോസ്വാമിയുടെ ചാനലും ഇതിന് ഉദാഹരണം ആണ്. ഉടമ വ്യവസായി ആണ്. രാജ്യസഭയില്‍  ബി.ജെ.പി. അംഗം ആണ്. കേരളത്തില്‍ എന്‍.ഡി.എ.യുടെ സമുന്നതനായ നേതാവാണ്. സര്‍ക്കാരിനെ കണ്ണടച്ച് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ചാനലാണ് ഇതെന്ന് പരക്കെ ആരോപണം ഉണ്ട്. ഗോസ്വാമിയുടെ ചര്‍ച്ച അവതരണരീതിയും ഏകപക്ഷീയമായ നിലപാടും വിവാദവും വിമര്‍ശന വിധേയവും ആണ്.
 
ടെലിവിഷന്‍ റേറ്റിംങ്ങ് തിരിമറി കച്ചവടപരമായ കള്ളത്തരം ആണ്. ആത്മഹത്യ പ്രേരണ ശിക്ഷാര്‍ഹമായ കുറ്റവും ആണ്. ഇതിന്റെ ഒന്നും പേരില്‍ മാധ്യമസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൂട. ആത്മഹത്യ പ്രേരണകുറഅറത്തിലെ ഇരയുടെ കുറിപ്പുപ്രകാരം ഗോസ്വാമി അദ്ദേഹത്തിന് കോടികള്‍ ടെലിവിഷന്‍ സ്റ്റുഡിയോ ഫര്‍ണീഷ് ചെയ്ത ഇനത്തില്‍ കൊടുക്കുവാന്‍ ഉണ്ട്. അവസാനം കടം കയറി അദ്ദേഹം ആത്മഹത്യ ചെയ്തു. ഈ വസ്തുതകള്‍ അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരീകരിച്ചിട്ടും ഉണ്ട്. അവര്‍ പോലീസില്‍ കേസ് കൊടുത്തെങ്കിലും മഹാരാഷ്ട്രയിലെ ബി.ജെ.പി. ഗവണ്‍മെന്റ് അന്ന് നടപടി എടുത്തില്ല.
 
എന്നാല്‍ ശിവസേന-എന്‍.സി.പി.- കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരമേറ്റപ്പോള്‍ കേസ് വീണ്ടും തുറന്നു. അര്‍ണാബിനെ അറസ്റ്റ് ചെയ്ത് അകത്താക്കി. പിന്നീട് സുപ്രീം കോടതി ജാമ്യവും നല്‍കി. അര്‍ണാബ് തന്നെ ട്വീറ്റില്‍ വീമ്പിളക്കിയിട്ടുള്ളതാണ് ജഡ്ജിമാരെ വിലക്ക് വാങ്ങാമെന്ന്. ഇവിടെ ഇത് നടന്നെന്ന് വിവക്ഷയില്ല. പക്ഷേ ദല്‍ഹിയില്‍ ഗോസ്വാമിക്കുള്ള രാഷ്ട്രീയ സ്വാധീനം വലുതാണ് ഗോസ്വാമിക്ക് ജാമ്യം കിട്ടിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ എത്രയോ പേരാണ് ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്നതെന്ന് ഓര്‍മ്മിക്കണം. ആന്ധ്രയിലെ വിപ്ലവകവി വരവരറാവുവും പുരോഹിതനായ സ്റ്റാന്‍സ്വാമിയും ഇതില്‍പ്പെടും. ഇവരെല്ലാം 80 വയസ് കഴിഞ്ഞ രോഗബാധിതര്‍ ആണ്. ഇതൊക്കെയാണ് രാഷ്ട്രീയ സ്വാധീനത്തിന്റെയും അത് ഇല്ലാത്തതിന്റെയും കഥ. ഗോസ്വാമിയുടെ കാര്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌മേ ഉദിക്കുന്നില്ല.
 
ഗോസ്വാമിക്കെതിരെ ഓഫീഷ്യല്‍ സീക്രട്ട് ആക്ട്,, 1923 അനുസരിച്ച് നടപടി എടുക്കുവാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. ഇത് പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് 3 മുതല്‍ 14 വര്‍ഷം വരെ ശിക്ഷ കിട്ടാം.
 
പക്ഷേ, ഏതായാലും ഗോസ്വാമിക്ക് ഒരു ന്യായീകരണം ഉണ്ട്. ഒന്ന് പുല്‍വാമ ഭീകരണാക്രമണത്തിന് ശേഷം ഇന്‍ഡ്യ തിരിച്ചടിക്കുകയില്ലെന്ന് ചിന്തിക്കുന്നത് അസംബന്ധം ആണ്. ഇത് ഗവണ്‍മെന്റ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതും ആണ്. ഇതാണോ വാസ്തവം? ഇത് വെറും ഒരു മാധ്യമപ്രവര്‍ത്തകന്റെ കണക്ക് കൂട്ടല്‍ മാത്രം ആണോ? അതോ ഔദ്യോഗിക വിവരം ചോര്‍ത്തി കൊടുത്തതിന്റെ പേരില്‍ റ്റി.ആര്‍.പി. കൂട്ടുവാനുള്ള ഉത്ഹാസമോ? എങ്കില്‍ ഇത് ചെയ്ത ഉദ്യോഗസ്ഥരും ഗവണ്‍മെന്റും കുറ്റവാളികള്‍ ആണ്. രാജ്യദ്രോഹം ആണ് ഇത്.
 
ഗോസ്വാമി കേസ്- ഇപ്പോള്‍ അര്‍ണാബ് ഗേറ്റ്- വളരെ ഗൗരവമേറിയതാണ്. ഇതില്‍ ആത്മഹത്യ പ്രേരണയുണ്ട്. റ്റി.ആര്‍.പി.ക്കായിട്ടുള്ള ചതിയും വഞ്ചനയും, വന്‍ കൈക്കൂലിയും ഉണ്ട്(ദാസ് ഗുപ്ത-ബാര്‍ക്ക്), ദേശസുരക്ഷ പ്രശ്‌നം ഉണ്ട്. ഇത് ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തനത്തിലെ ഒരു കറുത്ത ഏടാണ്. ഇതിലെ പ്രധാനപ്രതിയായ ഗോസ്വാമിയെ സംരക്ഷിക്കുന്നതും വളര്‍ത്തിയെടുത്തതും ഗവണ്‍മെന്റ് ആണ്. ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തനം ഈ നിലയിലേക്ക് തരം താഴ്ന്നിരിക്കുന്നുവെന്നത് പരിതാപകരം ആണ്. ബെന്‍ ഗാരിസന്‍ എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ഇന്‍ഡ്യന്‍ മാധ്യമത്തെക്കുറിച്ച് വരച്ച കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു: പേനയുടെ തലയുള്ള ഒരു സംഘം തെരുവുനായ്ക്കള്‍ ഒരു എല്ലിന്‍ കഷ്ണത്തിന് പിറകെ ഓടുന്നു.
 
 
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക