Image

ആനയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; 2 പേര്‍ അറസ്റ്റില്‍, വ്യാപക പ്രതിഷേധം

Published on 22 January, 2021
ആനയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; 2 പേര്‍ അറസ്റ്റില്‍, വ്യാപക പ്രതിഷേധം
മസിനഗുഡി (തമിഴ്‌നാട്):  കാട്ടാനയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം കനത്തു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിയുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാണു നടന്നതെന്നതില്‍ വ്യക്തതയില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തിയിരുന്നു. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്. പിന്നീട് ഈ ആനയ്ക്കു ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും കഴിഞ്ഞദിവസം ചെരിഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ആനയുടെ ദേഹത്ത് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക