Image

പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് കഴിച്ച സംഭവം 5 പേര്‍ അറസ്റ്റില്‍

Published on 22 January, 2021
പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് കഴിച്ച സംഭവം 5 പേര്‍ അറസ്റ്റില്‍
മാങ്കുളം: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവച്ചു ഭക്ഷിച്ച 5 അംഗ സംഘം അറസ്റ്റില്‍. ആറ് വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സലി കുഞ്ഞപ്പന്‍, വടക്കുംചാലില്‍ വിന്‍സന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. പുലിയെ കൊന്നു മാംസം സംഘാംഗങ്ങള്‍ വീതിച്ചെടുത്തു.

വനംവകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍നിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോ മാംസവും പ്രതികളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിടത്തില്‍ കെണി ഒരുക്കിയിരുന്നത്. പുലിക്കു 40 കിലോയില്‍ കൂടുതല്‍ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക