Image

ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരിയില്‍ തുടങ്ങും

മീട്ടു കലാം Published on 23 January, 2021
ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരിയില്‍ തുടങ്ങും
മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതിന്  ആവശ്യമായ നടപടികള്‍ അടുത്ത ആഴ്ച തന്നെ തുടങ്ങും. ഉന്നയിക്കുന്ന ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രേഖകള്‍ സെനറ്റിന് ഈ സമയം ലഭ്യമാകും. സെനറ്റര്‍മാരാണ് ജൂറിയായി  സത്യപ്രതിജ്ഞ ചെയ്യുന്നത്. 

റിപ്പബ്ലിക്കന്മാരുമായി സെനറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ചക് ഷൂമര്‍ ധാരണയിലെത്തിയ  ശേഷം വെള്ളിയാഴ്ചയാണ് വിചാരണ ഫെബ്രറിയില്‍ നടത്തുമെന്ന് അറിയിച്ചത്. ട്രംപിന് പ്രതിരോധം തയ്യാറാക്കാന്‍  വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോനെല്‍ ആവശ്യപ്പെട്ടിരുന്നു.

ഹൗസിലെ അംഗങ്ങള്‍  വോട്ട് ചെയ്ത ഇമ്പീച്ച്‌മെന്റ് പ്രമേയം തിങ്കളാഴ്ച  കുറ്റപത്രമായി സ്പീക്കര്‍ നാന്‍സി പെലോസി സെനറ്റിന് കൈമാറും. അതിന്റെ പിറ്റേ ദിവസം സെനറ്റര്‍മാര്‍ ജൂറിയായി സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും വിചാരണ രണ്ടാഴ്ച കൂടി കഴിഞ്ഞു മാത്രമേ ആരംഭിക്കൂ എന്നും ഷൂമര്‍ വ്യക്തമാക്കി.

' യു എസ്  സെനറ്റില്‍ ഒരു വിചാരണ നടക്കും. പ്രസിഡന്റിനെ ശിക്ഷിക്കാമോ എന്നത് സംബന്ധിച്ച് വോട്ടെടുപ്പുണ്ടാകും. പിഴവ് സംഭവിക്കരുത്.' അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇമ്പീച്ച്‌മെന്റ് പ്രക്രിയയില്‍ കുറ്റാരോപിതനെ കോടതിയിലെ രീതിയില്‍ തന്നെ സെനറ്റര്‍മാര്‍ ജൂറിയായി നിന്ന് വിചാരണ നടത്തും. മൂന്നില്‍ രണ്ട് അംഗങ്ങള്‍ കുറ്റക്കാരന്‍ എന്നു വിധി എഴുതിയാല്‍ ഇമ്പീച്ച്‌മെന്റ് നടക്കും. അതായത് 100 അംഗങ്ങളില്‍ 67 പേര്‍ ട്രംപിനെ എതിര്‍ത്താല്‍, അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാം.
രണ്ടു പാര്‍ട്ടികളിലെയും 50 അംഗങ്ങള്‍ വീതമാണ് സെനറ്റില്‍ ഉള്ളത്. ട്രംപിനെ ശിക്ഷിക്കാന്‍ പര്യാപ്തമായ മൂന്നില്‍ രണ്ട്  നേടുന്നതിന് ഡെമോക്രറ്റുകള്‍ക്ക് 17 റിപ്പബ്ലിക്കന്മാരുടെ വോട്ട്  വേണ്ടി വരും. 

കഴിഞ്ഞ വര്‍ഷത്തെ  ആദ്യ ഇമ്പീച്ച്‌മെന്റില്‍ ട്രംപിനെ ശിക്ഷിക്കാന്‍ സെനറ്റിന് കഴിഞ്ഞിരുന്നില്ല. 

ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തിന് പ്രേരിപ്പിച്ചത് ട്രംപ് ആണെന്നതാണ് അദ്ദേഹത്തിനു  മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിനെത്തുടര്‍ന്ന്  റിപ്പബ്ലിക്കന്മാരില്‍ ചിലര്‍ പോലും ട്രംപിനെതിരെ തിരിഞ്ഞിരുന്നു.

വിചാരണ ആരംഭിക്കുന്നതിന് നല്‍കിയിരിക്കുന്ന കാലയളവുകൊണ്ട്, കോവിഡ് പ്രതിസന്ധിയെ മറികടക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുമുള്ള പദ്ധതികള്‍ സെനറ്റുമായി ചേര്‍ന്നാലോചിച്ച് ബൈഡന് നടപ്പാക്കാന്‍ സാധിക്കും. 

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.  
' എന്റെ ചില റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകരുടെ  സംശയം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്ന് മാറിയ ശേഷം ഇമ്പീച്ച്‌മെന്റ് നടപടിയിലേക്ക് തിരിയുന്നതും വിചാരണ നടത്തുന്നതും ഭരണഘടനാ വിരുദ്ധമല്ലേ എന്നതാണ്.
 ഇടതു-വലതു-മധ്യ  രംഗത്തുനിന്നുള്ള നൂറോളം ഭരണഘടനാ  വിദഗ്ധര്‍ ഈ വാദം നിരാകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിനെതിരെ ഗുരുതരമായ കുറ്റകൃത്യം ചെയ്യാണ് പ്രേരിപ്പിച്ച  ശേഷം ആ ഉത്തരവാദിത്തം ഏറ്റുകൊണ്ട് രാജിവയ്ക്കാന്‍ പോലും കൂട്ടാക്കാതിരുന്ന ആള്‍ക്ക്  ഇനിയും അധികാരം ലഭിക്കാനുള്ള അര്‍ഹത ഇല്ലാതാക്കേണ്ടതുണ്ട്.' ഷുമര്‍ അഭിപ്രായപ്പെട്ടു.

അധികാരമൊഴിഞ്ഞ് ഫ്‌ലോറിഡയിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോഴും ട്രംപ് പറഞ്ഞ വാക്കുകള്‍ ' ഏത് വിധേനയും ഞങ്ങള്‍ തിരിച്ചു വരും' എന്നതാണ്.
ആ തിരിച്ചുവരവ് തടുക്കുകയാണ് ഇമ്പീച്ച്‌മെന്റിലൂടെ  ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക