Image

സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

Published on 24 January, 2021
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇതിന്റെ തലക്കെട്ട് വായിക്കുന്നവർ മഹാകവി കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യം ഓർത്തേക്കാം. അതിലെ വാരസുന്ദരി ഒരു കോമളന്റെ പ്രണയം കൊതിച്ച് കാത്തിരുന്നു ക്ഷമകെട്ട് “സമയമായില്ലപോലും” എന്ന് പിറുപിറുക്കുന്നുണ്ട്. എന്തുകൊണ്ട് സമയമായിട്ടില്ല എന്ന അക്ഷമ അവളുടെ പിരിമുറുക്കം കൂട്ടുന്നു. നിലവിൽ ഒരു പ്രണയിതാവും പിന്നെ കാമപൂർത്തി ലക്ഷ്യമാക്കി വന്നിരിക്കുന്ന ചെട്ടിയാരും ഉള്ളപ്പോൾ ഒരു പുരുഷരൂപം കണ്ട് അവൾക്ക് കാമമോഹപീഡിതയാകേണ്ട കാര്യമില്ല.  ഗണികയായ അവളെ മറ്റൊരു പുരുഷൻ മത്തുപിടിപ്പിക്കുന്നത് അതിശയമായി വായനക്കാർ കരുതാതിരിക്കാൻ ആശാൻ അതിനു കാരണം നൽകുന്നുണ്ട്. വിശപ്പിനു വിഭവങ്ങൾ മതിയോളം ഭുജിച്ചാലും വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും. അവൾ മോഹിക്കുന്നത് അല്ലെങ്കിൽ പ്രണയിക്കുന്നത് കമനീയകായകാന്തി കലർന്ന ഒരു പുരുഷരൂപത്തെയാണ്.

ഉപഗുപതൻ എന്ന നൈഷ്ഠിക ബ്രഹ്മചാരിയായ ബുദ്ധഭിക്ഷുവിൽ അനുരാഗം അങ്കുരിച്ചപ്പോൾ വാസവദത്തക്ക് സമയമുണ്ടാകുന്നു. ആ ഭിക്ഷുവിനെ കാണാൻ ആസക്തി ഏറുന്നു. സ്വന്തം തോഴിയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയച്ച് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നു. നമ്മൾ ജീവിതത്തിൽ എന്തിനാണോ പ്രാധാന്യവും മുൻഗണനയും നൽകുന്നത് അതിനായി നമുക്ക് സമയമുണ്ടാകും.  നമ്മൾ അതിനായി കാത്തിരിക്കും.എന്നാൽ ഉപഗുപ്തൻ പറയുന്നു സമയമായിട്ടില്ല. വാസ്തവത്തിൽ സമയമായിട്ടില്ല എന്നുപറയുമ്പോൾ സമയമില്ലെന്ന് അർത്ഥമില്ല. വാസവദത്തയുടെ അടുത്തേക്ക് ചെല്ലാൻ സമയമായിട്ടില്ലെന്നാണ് ശരി. ഇപ്പോൾ സമയമില്ലെന്നും ഭിക്ഷു പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ എപ്പോൾ സമയമുണ്ടാകും എന്ന് വാസവദത്ത ചോദിക്കും. അവളറിഞ്ഞോ അവളെ കാത്തിരിക്കുന്ന ദുരന്തം. പാവം മനുഷ്യർ!! നാളെ എന്തെന്നറിയാതെ അവർ കാത്തിരിക്കുന്നു, കണക്കുകൂട്ടുന്നു. എന്നിട്ടും സമയം അവരുടെ കയ്യിലാണെന്ന അജ്ഞതയിൽ അതില്ലെന്നു പറയുന്നു.

നമ്മളൊക്കെ എല്ലാറ്റിനും സമയമില്ലെന്ന ഒരു ഒഴുക്കൻ മറുപടിയാണ് കൊടുക്കാറ്.  അതുകൊണ്ട് സമയമില്ല എന്ന വാക്കിനു പ്രസക്തി നഷ്ടപ്പെട്ടു. എല്ലാവരും അതു  ഉപയോഗിക്കുന്നു. എനിക്ക് സമയമില്ലാ.. നമുക്ക് ചുറ്റും മുഴങ്ങുന്ന ഈ ശബ്ദം ചിലപ്പോൾ നിലവിളിയായി, പരാതിയായി, പരിഭവമായി, വ്യാജമായി, പരമാർത്ഥമായി ഒക്കെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. "സമയമില്ല" എന്നുപയോഗിക്കുന്ന മനുഷ്യർ അവരോട് തന്നെ ചെയ്യുന്ന ഒരു ചതിയാണത്.  മാതാപിതാക്കളെ, മക്കളെ, സഹോദരന്മാരെ, കൂട്ടുക്കാരെ ഒന്നും കാണാൻ സമയമില്ല, അവരെ വിളിക്കാൻ സമയമില്ല. കാമുകി-കാമുകന്മാർ സമയമില്ലെന്ന് ഉപയോഗിക്കുന്നത് പരസ്പരം മടുക്കുമ്പോളായിരിക്കും. വാസ്തവത്തിൽ സമയമുണ്ട്.  നമുക്ക് സൗകര്യമില്ല അല്ലെങ്കിൽ നമ്മൾ പ്രാധാന്യം നൽകുന്നില്ല എന്ന സത്യം നിലനിൽക്കുമ്പോഴും പലപ്പോഴും നമ്മൾ നല്ലപിള്ള ചമയാൻ വേണ്ടി സമയമില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞു രക്ഷപ്പെടുകയാണ് പതിവ്. സൗകര്യപ്പെടുന്നില്ല എന്നായിരിക്കും ശരി. " എന്തേ  ഇത്രനാൾ വിളിക്കാതിരുന്നത്” എന്നു ചോദിക്കുന്ന സുഹൃത്തിനോട് എനിക്ക് സൗകര്യമില്ലായിരുന്നു എന്നു പറഞ്ഞാൽ സംഗതി സത്യമായിരിന്നാൽ കൂടി അതു തെറ്റിദ്ധരിക്കപ്പെടും. അപ്പോൾ സമയമില്ലായിരുന്നു എന്നു പറഞ്ഞു തടി തപ്പുക. ബന്ധങ്ങളുടെ അടുപ്പവും തീവ്രതയമനുസരിച്ചാണ് മനുഷ്യൻ അവന്റെ അച്ചുതണ്ടിൽ കറങ്ങുന്നത്. അപ്പോൾ ചിലതിനെല്ലാം സമയം കിട്ടും. ചിലതിനു അവൻ സമയം കാണുന്നില്ല. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങി ഇരുപത്തിനാലു മണിക്കൂർ സമയം മനുഷ്യന് നൽകുന്നുണ്ട്. അതിൽ അവന്റെ വിശ്രമം പരിഗണിച്ച് പന്ത്രണ്ട് മണിക്കൂർ സമയം രാത്രിയാക്കിയിരിക്കയാണ്.

സമയമില്ലെന്നു  പറഞ്ഞു ഓടുന്ന മനുഷ്യർ ഓർക്കാത്ത ഒരു കാര്യമുണ്ട്. കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. വായനക്കാരുടെ കൗതുകത്തിനുവേണ്ടി സമയത്തെ ചുറ്റിപ്പറ്റിയുള്ള  ഒരു കഥയും ചില വിവരങ്ങളും നൽകുന്നു. മഹാഭാരതത്തിലെ കഥയാണ്. കക്കുദ്മി എന്ന രാജാവിന്റെ സുന്ദരിയായ മകൾ രേവതിക്ക് അനുരൂപരായ വരന്മാരുടെ ഒരു ലിസ്റ്റ് സ്വയം തയ്യാറാക്കികൊണ്ട് അദ്ദേഹം ബ്രഹ്‌മാവിന്റെ അഭിപ്രായം തേടാൻ ബ്രഹ്മലോകത്ത് പോകാൻ നിശ്ചയിച്ചു. ചില യോഗാത്മകസിദ്ധികൾ ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ആ യാത്ര സാധ്യമായിരുന്നു. ബ്രഹ്മലോകത്ത് ചെല്ലുമ്പോൾ ബ്രഹ്മദേവൻ ഗന്ധർവന്മാരുടെ സംഗീതക്കച്ചേരി ആസ്വദിക്കയായിരുന്നു. കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം ബ്രഹ്മ്മാവ് വന്നപ്പോൾ കക്കുദ്മി തന്റെ കൈയിലുള്ള ലിസ്റ്റ് കൊടുത്ത് കാര്യം ബോധിപ്പിച്ചു. ബ്രഹ്മദേവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ‌ ഇപ്പോൾ ഭൂമിയിൽ  ഇരുപത്തിയേഴ് ചതുർയുഗങ്ങൾ കഴിഞ്ഞു.  ഒരു ചതുർയുഗം എന്ന് പറയുന്നത് 4,320,000  കൊല്ലങ്ങൾ പക്ഷെ ബ്രഹ്മലോകത്ത് അത് വെറും  43.20 സെക്കന്റുകൾ. ഈ ലിസ്റ്റിലുള്ള എല്ലാവരും ഇതിനകം മരിച്ചു മണ്ണടിഞ്ഞു. ഭൂമിയുടെ  മുഖഛായ മാറിക്കഴിഞ്ഞു.നിരാശനായ അച്ഛനോട് ബ്രഹ്മദേവൻ പറഞ്ഞു വിഷമിക്കണ്ട "ഇപ്പോൾ ഭൂമിയിൽ ശ്രീകൃഷ്ണന്റെ ചേട്ടനായി (ബലരാമൻ)  മഹാവിഷ്ണു അവതരിച്ചിട്ടുണ്ട്. മകളെ അദ്ദേഹത്തെകൊണ്ട് വിവാഹം കഴിപ്പിക്കുക.

ബ്രഹ്മലോകം സന്ദർശിക്കാൻ പോയതുകൊണ്ട് അച്ഛനും മകൾക്കും വയസ്സാകാതെ തന്നെ അവരെ കടന്നുപോയ അനേകം തലമുറക്കാരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു. ഭഗവതപുരാണമനുസരിച്ച് ഓരോ യുഗം കഴിഞ്ഞപ്പോഴും മനുഷ്യന്റെ ആകൃതിയിൽ മാറ്റങ്ങൾ വന്നുവത്രെ. അവന്റെ നീളവും വണ്ണവുമെല്ലാം കുറഞ്ഞു. ഈ കഥയിൽ രേവതി പഴയയുഗത്തിൽനിന്നുള്ള സ്ത്രീയായതിനാൽ ബലരാമനെക്കാൾ പൊക്കവും വണ്ണവുമുണ്ടായിരുന്നു. ബലരാമൻ തന്റെ ആയുധമായ കാലപ്പകൊണ്ട് അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുക്കുകയും അവൾ ബലരാമന് അനുയോജ്യയാകുകയും ചെയ്തു. പൗരാണിക ഭാരതത്തിലെ ജനങ്ങൾ ആൽബർട്ട് ഐൻസ്റ്റൈന്റെ തിയറി ഓഫ് റിലേറ്റിവിറ്റി അറിയുന്നതിന് മുമ്പ് തന്നെ ദേവലോകത്തെയും ഭൂമിയിലെയും സമയ വ്യത്യാസങ്ങൾ മനസ്സിലാക്കികാണും. അല്ലെങ്കിൽ രേവതിയുടെ കഥ അവർക്ക് എഴുതാൻ കഴിയുമായിരുന്നില്ല,. അത് ഇനി കല്പിതകഥയല്ലെങ്കിൽ കൂടി അതിലെ ശാസ്ത്രാവബോധം പ്രത്യേകം ശ്രദ്ധാർഹമാണ്. സമയം ആണ് എല്ലാം. എല്ലാറ്റിനും ഓരോ സമയം. പക്ഷെ നമ്മൾക്ക് സമയമില്ലെന്ന് തോന്നുന്നു.  

ശ്രീകൃഷ്ണന്റെ മായാലീലകൾ അറിയാവുന്ന നാരദർ അതേപ്പറ്റി ഭഗവാനോട് ചോദിച്ചു. അപ്പോൾ ഭഗവൻ കൃഷ്ണൻ കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവരൂ എന്ന് നാരദരോട് പറഞ്ഞു.  നാരദൻ വെള്ളമന്വേഷിച്ച്പോയി ഒരു ഗ്രാമത്തിൽ എത്തി അവിടെ സുന്ദരിയായ ഒരു യുവതിയെക്കണ്ട് മോഹിച്ച് അവളെ കല്യാണം കഴിച്ച് മക്കളും  പേരക്കിടാങ്ങളുമായി കഴിഞ്ഞു. വർഷങ്ങൾ പോയതറിയാതെ അയാൾ ജീവിച്ചു. അവസാനം ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടായി ഗ്രാമവും ഗ്രാമവാസികളും നാരദന്റെ കുടുംബവും ഒലിച്ചുപോയി. നാരദൻ ഒരു പാറയുടെ മുകളിൽ എത്തപ്പെട്ടു. നിസ്സഹായനായി കൃഷ്ണനെ വിളിച്ചപ്പോൾ ഭഗവൻ പ്രത്യക്ഷപ്പെട്ടു ചോദിച്ചു ,കുറച്ചുമുമ്പ് വെള്ളം കൊണ്ടുവരാൻ പോയിട്ട് വെള്ളമെവിടെ.  നാരദൻ അമ്പരന്നു. നാരദന് എത്രയോ വർഷങ്ങൾ കഴിഞ്ഞ പോയ പ്രതീതി. ഭഗവാന് അത് മിനിറ്റുകൾ മാത്രം. ജീവിതം ഒരു മായയാണ്. സമയം നമ്മെ കബളിപ്പിക്കുന്നു. അതുകൊണ്ട് സമയത്തെ സൂക്ഷിക്കണം. സമയം നഷ്ടപ്പെടുത്തരുത്.

സമയം നഷ്ടപ്പെടുന്നു എന്ന് ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നത് മനുഷ്യർ മാത്രമായിരിക്കും. പ്രകൃതിയിലെ ചരാചരങ്ങളെല്ലാം അവരുടെ ദിനചര്യകളിൽ നിമഗ്നരാണ്. അവർ നേരത്തെ ഉണരുകയോ നേരം വൈകി ഉറങ്ങുകയോ ചെയ്യുന്നില്ല. എന്നിട്ടും  അവരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. എന്നാൽ മനുഷ്യർ  അങ്ങനെയല്ല. അവൻ സമയത്തെ വിലമതിക്കുന്നുണ്ടാകും. അപ്പോൾ അതു ബുദ്ധിപൂർവം വിനിയോഗിക്കാനും അവൻ ശ്രമിക്കുമല്ലോ. അതൊക്കെ ശരിയെന്നിരിക്കിലും സമയമില്ലെന്ന് പറയുന്നത് നുണ  തന്നെയാണ്. സമയത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവില്ലാത്തവർക്കും ഈ നുണ ഉപയോഗിക്കേണ്ടി വരുന്നു. ഒരാളുടെ സമയക്കുറവുകൊണ്ട് മറ്റൊരാൾക്ക് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് നിരാശാജനകമാണ്. ചിലവഴിച്ച സമയങ്ങൾ ഒരിക്കലും തിരിച്ചുവരില്ല. സമയം മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നു. മനുഷ്യർക്ക് ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ സമയയാത്ര നടത്തുക പ്രയാസമാണ്. ഭാവിയിലേക്ക് ഒരു സമയയാത്ര നടത്തിയാൽ എങ്ങനെയിരിക്കുമെന്നു ശാസ്ത്ര നോവലുകൾ എഴുതിയിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ എച്. ജി.വെൽസ് ചിന്തിച്ചപ്പോൾ സമയയന്ത്രം (Time Machine) എന്ന നോവലുണ്ടായി. അതിലെ കഥാപാത്രം എ .ഡി. 802701 ൽ ലണ്ടനിൽ ചെന്നിറങ്ങുകയും അവിടെ കണ്ട കാഴ്ച്ചകൾ വിവരിക്കുന്നതുമാണ് നോവലിന്റെ പ്രമേയം.

മനുഷ്യന്റെ ആയുസ്സിനും ഒരു കണക്കുണ്ട്.  അതിനു എത്ര ദൈർഘ്യമുണ്ടെന്നല്ല പ്രധാനം എത്ര നാൾ ജീവിതവണ്ടി വലിക്കാൻ ആരോഗ്യമുണ്ടെന്നാണ്.  ഇന്ന് സാധിക്കുന്ന കാര്യങ്ങൾ നാളെ കഴിയാതെ വരുന്നു. അപ്പോൾ നിരാശ വരാതിരിക്കാൻ സമയത്തെ ഫലപ്രദമായി ഇപ്പോഴേ ഉപയോഗിക്കുക. എവിടേക്കാണ് നമ്മൾ ഓടുന്നത് എന്ന ലക്ഷ്യബോധമുണ്ടായാൽ ജീവിതത്തിന്റെ വഴിയോരകാഴ്ചകൾ കണ്ട് രസിച്ച് പോകാം. ഉറ്റവരോടും പ്രിയപ്പെട്ടവരോടും സമയമില്ലെന്ന് പറയാതെ കഴിയാം. സമയത്തെ കാലമായും കരുതുന്നു. അതിൽ നിന്നാണ് "കാലൻ" എന്ന പദം വരുന്നത്. കാലൻ മരണത്തെ സൂചിപ്പിക്കുന്നു. എനിക്ക് സമയമില്ലെന്ന് പറയുമ്പോൾ നമ്മൾ അറിയാതെ നമുക്ക് മരണമില്ലെന്നു പറയുകയാണ്. ഒരാൾ ജനിക്കുമ്പോൾ മുതൽ അയാളുടെ സമയം ചലിക്കുന്നു. ഭൂമിയിൽ അയാൾക്ക് നിശ്ചയിക്കപ്പെട്ട സമയം കഴിയുമ്പോൾ അദ്ദേഹം നിര്യാതനാകുന്നു. കാലചക്രത്തിന്റെ മൂന്നു ഘടകങ്ങളാണ് സൃഷ്ടി, സ്ഥിതി, ലയം എന്നിവ.  സൃഷ്ടി മുതൽ കാലചക്രം ഉരുളുന്നു.അത് സ്ഥിതി ചെയ്യുന്നു പിന്നെ ഒന്നുമില്ലായ്മയിലേക്ക് ലയിക്കുന്നു. ഓരോ ദിവസത്തിലും ഈ മൂന്നു ഘടകങ്ങൾ കാണാം. പ്രഭാതത്തിൽ ആരംഭിച്ച് ദിവസം മുഴുവൻ നീണ്ടു നിന്ന് പിന്നെ രാത്രിയിൽ ലയിക്കുന്നു. നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെ. ബാല്യം, യൗവ്വനാരംഭം , വാർദ്ധക്യം എല്ലാറ്റിലും സമയമാണ് നിയന്ത്രണശക്തി.

നിങ്ങളുമായി ആർക്കെങ്കിലും സംസാരിക്കാനോ, കാണാനോ സമയമില്ലെന്ന് ഒരാൾ പറയുമ്പോൾ അയാൾക്ക് സമയമില്ലാഞ്ഞിട്ടല്ല മറിച്ച് അയാൾ നിങ്ങൾക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല എന്നാണർത്ഥം. അതേസമയം സമൂഹത്തിൽ ധാരാളം സമയമുള്ളവരെ നമ്മൾ കാണുന്നു അവരാണ് ബിസി ബോഡീസ് (Busybody) വാക്കുകളുടെ അർഥം നോക്കി വളരെ തിരക്കുള്ളവർ എന്ന് ഈ വാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. ഇവരാണ് ആരാന്റെ കാര്യം അന്വേഷിച്ച് നടക്കുന്നവർ. ഇവർക്കും അവരുടെ കാര്യങ്ങൾക്ക് സമയമില്ല  കാരണം അവരുടെ സമയം അവർ മറ്റുള്ളവരെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു. അന്യന്റെ കാര്യങ്ങൾ അന്വേഷിച്ച് തീരെ സമയമില്ലാതെ കഷ്ടപ്പെടുന്നവർ.

ശ്വാസം വിടാൻ പോലും സമയമില്ലെന്ന് വരെ മനുഷ്യർ പറയാറുണ്ട്. സമയം ഒരു വികൃതിയാണ്. അതു നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിലും നമുക്ക് നമ്മെ നിയന്ത്രിക്കാൻ കഴിയും. ഈ പുതുവർഷത്തിൽ (2021)  സമയമില്ലെന്ന് പറയാതെ എല്ലാ കർമ്മങ്ങളും നിർവഹിക്കാൻ എല്ലാവര്ക്കും കഴിയട്ടെ. എച്. ഡബ്ല്യൂ. ലോങ്‌ഫെല്ലോ എഴുതിയ   പ്രബോധനപരം എന്ന് വിശേഷിപ്പിക്കാവുന്ന കവിത "Psalm of Life"  പറയുന്നു art is long time is fleeting. ജീവിതം ക്ഷണികമാണ് സമയമോ അത് ഓടിക്കൊണ്ടിരിക്കുന്നു. നമ്മുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ സമയം കണ്ടെത്തണം.  ഈ കവിതയിൽ ജീവിതത്തെ ഒരു യുദ്ധമായി ചിത്രീകരിച്ചിട്ടുണ്ട്. നമ്മൾ പൊരുതി അതിനെ അതിജീവിക്കണം. ഓരോരുത്തരുടെയും നേട്ടങ്ങൾ മണലിൽ പതിഞ്ഞു കിടക്കുന്ന പാദമുദ്രകളാണ്. അത് വരും തലമുറക്ക് പ്രചോദനം നൽകുന്നു.. അദ്ധ്വാനത്തിലൂടെ, ധർമ്മനിഷ്ടയിലൂന്നിയുള്ള ചിന്തകളിലൂടെ ജീവിതത്തെ ഫലപ്രദമാക്കാൻ ഈ കാവ്യത്തിൽ ലോങ്‌ഫെല്ലോ ഉപദേശിക്കുന്നു. കർമ്മനിരതരാകുക, സമയമില്ലെന്ന് ഒഴിവുകഴിവിലൂടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.

ശുഭം  

Join WhatsApp News
Easow Mathew 2021-01-24 03:17:37
രസകരവും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു വീക്ഷണം. ശ്രീ സുധീര്‍ പണിക്കവീട്ടിലിനു അഭിനന്ദനങ്ങള്‍!
വേണുനമ്പ്യാർ 2021-01-24 03:18:49
Paucity of time is poverty of the soul. Congratulations to Shri Sudhir Panikkavettill for his well-articulated and enlightening article!
Babu shankar 2021-01-25 03:49:02
Nice article. Keep writing sudhi sir.
Thomas K Varghese 2021-01-25 04:47:18
വളെരെ ശരിയാണ്. ഇല്ല എന്ന് പറഞ്ഞിരിക്കാതെ, ഉള്ളത് സന്തോഷമായി ഉപയോഗിക്കുക. ബുദ്ധന്റെ മെല്ലെ മെല്ലെ എന്ന മന്ദ്രം ഓർക്കുന്നു. നല്ല ചിന്തനീയമായ ലേഖനം. നന്ദി.
The 1st& Best Critic Mr.Sudhir 2021-01-25 19:10:54
The talented creationist has proven his abilities once again. Sri. Sudhir was the first among American writers to be a Critic, Poet, Essayist, Short Story & maybe a Novelist too. He was a regular Columnist in Kairali. He published several works of Literary Criticism. He is also the most ignored or avoided writer too. He was the first Malayalam Literary Critic in America. No one ever cared to honour him with any awards, why?. Several others were recognized as the first Critic. But Sri. Sudhir was always ignored. Do we have some kind of political foul play?. They even awarded a guy who never wrote any Criticism as the best Critic. We need to look into the dirty politics in the Literary field.-andrew
സാംസി കൊടുമൺ 2021-01-25 19:39:28
എന്നെപ്പോലുള്ള അലസന്മാരോടുള്ള നല്ല ഉപദേശത്തിനു നന്ദി.
ജോസഫ്‌ എബ്രഹാം 2021-01-25 20:36:47
സുധീര്‍ സാറിന്റെ എഴുത്തുകള്‍ വയിക്കുകയല്ലാതെ അതിനെക്കുറിച്ച് ഒരു അഭിപ്രായം എഴുതാന്‍ വളരെ ബുദ്ധിമുട്ടാണ് കാരണം അതെല്ലാം അറിവിലെ പുതിയ കാര്യങ്ങളാണ്‌. വായിക്കുക മനസിലാക്കുക എന്ന ധര്‍മ്മം മാത്രമേ സാധ്യമുള്ളൂ. വളരെ നന്ദി ഇങ്ങിനെയുള്ള കുറിപ്പുകള്‍ക്ക്
Sudhir Panikkaveetil 2021-01-26 03:03:18
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, നന്ദി.
George Thumpayil 2021-01-27 23:15:07
Great episode Sudheer Sir. Always keeping an eye on you for an outstanding note. Keep writing and be merry on all walks of life. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക