Image

കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)

Published on 25 January, 2021
കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)
മൂവന്തിയിലാണ് ഞങ്ങൾ അവിടെ ട്രെയിനിറങ്ങിയത്. റയിൽവേ സ്റ്റേഷനിൽ ലെഫ്റ്റനൻറ്  രഞ്ജിത് മെഹ്‌റ, കേണൽ ഔതാർ സിങ് ഉൾപ്പെടെ പേരറിയാത്ത ധാരാളം മെഡലുകളൊക്കെ തൂക്കിയ പട്ടാളക്കാരും കേഡറ്റ്സും ഞങ്ങളെ സ്വീകരിക്കാനായി വന്നിരുന്നു.    ക്യാമ്പിൽ ഞങ്ങളെല്ലാത്ത മറ്റെല്ലാ കേഡറ്റ്സും എത്തിയിട്ടുണ്ട്. NIC നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പാണ്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ ഭൂപ്രദേശത്ത് നിന്നും ജൂനിയർ ഡിവിഷനിലെ കാഡറ്റ്സും സീനിയർ ഡിവിഷനിലെ കാഡറ്റ്സും എത്തിക്കഴിഞ്ഞിരുന്നു. വളരെ ഹൃദ്യമായി അവർ ഞങ്ങളെ സ്വീകരിച്ചു. കേരള 29 ബറ്റാലിയനായിരുന്നു ഞങ്ങൾ, ടീം കാലിക്കറ്റ്.  അതായിരുന്നു ഞങ്ങളുടെ വിഖ്യാതമായ ടൈറ്റിൽ പേര്. സ്വീകരിക്കാൻ വന്ന കൂട്ടത്തിൽ മലയാളിയായ മുതിർന്ന മിലിറ്ററി ഓഫീസർ ക്യാപ്റ്റൻ ഉണ്ണിത്താൻ സാറുമുണ്ടായിരുന്നു. പരിചയപ്പെടലിന് ശേഷം ഞങ്ങൾ പതിനാല് പേരും വരിവരിയായി ഞങ്ങളെ കാത്തിരിക്കുന്ന മിലിറ്ററി വണ്ടിയിലേക്ക് കയറിക്കൊണ്ടിരുന്നു. ക്യാപ്റ്റൻ ഉണ്ണിത്താൻ സാർ ഞങ്ങളുടെ അടുത്ത് വന്ന് പച്ചമലയാളത്തിൽ ഇങ്ങനെ പറഞ്ഞു. ‘’നിങ്ങൾ 29 കേരള  ബറ്റാലിയനല്ല, കാലിക്കറ്റ് ബറ്റാലിയനാണ്. ദയവ് ചെയ്ത് മലയാളികളുടെ മാനം കളയരുത്. കുറേ കൂടെ അച്ചടക്കം കാണിക്കണം. കഴിഞ്ഞ വർഷം NIC ക്യാമ്പിലെ കച്ചട പാർട്ടി കാലിക്കറ്റ് ആയിരുന്നു. ഇത്തവണ ആ ചീത്തപ്പേര് നിങ്ങൾ മാറ്റിയെടുക്കണം’’.

ഭാരത് മാതാ കീ ജയ്  വിളികളുയർത്തി ഞങ്ങളുടെ വാഹനം ക്യാമ്പിലേക്ക് പുറപ്പെട്ടു. ഞങ്ങളെത്തിയപ്പോൾ അവിടെ റോൾകോൾ പരേഡ് നടക്കുകയാണ്. നാളെ ചെയ്ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് വളരെ ഗൗരവത്തിൽ ഹർപീന്ദർ സിങ് സാബ് അലറിക്കൊണ്ടിരിക്കുന്നു. ആ അലർച്ചയിൽ ആകാശവും ഭൂമിയുമൊക്കെ വിറച്ച് കൊണ്ടിരിന്നു. സാബ് ഇടക്ക് സംജ്‌ജാ സംജ്‌ജാ എന്ന് ചോദിക്കുന്നു, അഞ്ഞൂറിലേറെ വരുന്ന കാഡറ്റ്സ് ടീക്ക് ഹെ  സാബ്  ടീക്ക് ഹെ  സാബ്   എന്ന് മാത്രം ഒരൊറ്റ ശബ്ദത്തിൽ ഉത്തരം നൽകിക്കൊണ്ടിരിന്നു. അതിനിടയ്ക്കാണ് ഇരുട്ടിൽ മങ്ങി നിൽക്കുന്ന റോൾകോൾ പരേഡിലേക്ക് വന്ന വസ്ത്രം പോലും മാറാനുള്ള സമയമെടുക്കാതെ ബാഗും കവറുമൊക്കെ ഗ്രൗണ്ടിലൊതുക്കി അച്ചടക്കത്തോടെ കയറാനായി  29 ബറ്റാലിയൻ ഗ്രൗണ്ടിൻറെ അറ്റത്ത് നിന്നും മാർച്ച് ചെയ്ത് വരുന്നത്. ഹർപീന്ദർ സിങ് സാബ് അപ്പോഴും അലറിക്കൊണ്ടിരിക്കുകയാണ്. ATC ആന്വൽ ട്രെയിനിങ് ക്യാമ്പിൽ ഞങ്ങളോട് കൂടെ ഉണ്ടായിരുന്ന കൊച്ചിൻ നേവൽ ട്രൂപ്പിലെ കേഡറ്റ്സ് ഞങ്ങളെ കണ്ടപാടെ സന്തോഷം കൊണ്ട് മറ്റാരും കേൾക്കാതെ ചെറുതായി ക്ലാപ്പടിച്ചു, അത് കണ്ട് കാര്യം മനസ്സിലാവാതെ   അവരുടെ അടുത്തുണ്ടായിരുന്ന ഹരിയാനയിലേയും പഞ്ചാബിലെയും കാഡറ്റ്സും ഏതാണീ വി വി ഐ പികൾ എന്ന് കരുതി ഉച്ചത്തിൽ ക്ലാപ്പടിച്ചു. അതൊരു തീ പടർപ്പ് പോലെ പരേഡ് ഗ്രൗണ്ടിൽ മൊത്തം  ആളിക്കത്തി കയ്യടി മൊത്തം കാഡറ്റ്സിലേക്കും പടർന്നു. വൺ  ടൂ വൺ ടൂ ത്രീ എന്ന സ്ലാങ്ങിലേക്ക് ക്ലാപ്പിംഗ്  ചുവട് വെച്ചു. പെട്ടെന്നുള്ള കയ്യടിയിൽ കാര്യം മനസ്സിലാകാതെ ഹർപീന്ദർ സിങ് സാബ് മൗനം പൂണ്ടു. ഞങ്ങളുടെ മാസ്സ് എൻട്രി കണ്ട് ക്യാമ്പിലെ സാബുമാരൊക്കെ ഒരു നിമിഷം പകച്ചു പോയി. ഞങ്ങളെ നോക്കി ഹർപ്പീന്തർ സിങ് സാബ് അലറി- ‘’വഹ് കോൻ ?’’  ഇരുട്ടിൽ പരേഡ് ഗ്രൗണ്ടിൻറെ കോർണറിൽ നിന്നും ആരോ മറുപടി പറഞ്ഞു ‘’കേരള 29 ബറ്റാലിയൻ, ടീം കാലിക്കറ്റ്’’.  അന്നത്തെ ആൺകുട്ടികളുടെ ഫാഷൻ ഡ്രസ്സ്  ടൈറ്റ് ഫിറ്റ് പാൻറ്സ് ആയിരുന്നു.  ടൈറ്റ് ഫിറ്റ് പാൻറ്സിൽ മഫ്ടിയിലുള്ള ഞങ്ങളുടെ മാർച്ച് കണ്ട് പകച്ചു പോയ ഹർപീന്ദർ സിങ് സാബ് പറഞ്ഞു - ‘’കാലിക്കറ്റ് കഛഡ ജാസ്‌തീ ഹേ’’... ക്യാമ്പ് കമാൻഡിങ് ഓഫീസർ മേജർ വെങ്കിട്ടാചെലം സാറും മെഡല് തൂക്കിയവരും അല്ലാത്തവരുമായ എല്ലാ പട്ടാളക്കാരും ഞങ്ങളുടെ മാർച്ചിന് നേരെ വന്നു. അതിൽ ആരോ ‘’ധം കാലി ഏക് ദോ’’  പറഞ്ഞു. മാർച്ച് നിന്നു അരാംസെക്ക് ശേഷം കമാൻഡിങ് ഓഫീസർ തന്നെ ഞങ്ങളെ വിഷ് ചെയ്തു, ‘’ഇത് NIC ക്യാമ്പാണ്. ഇന്ത്യാ മഹാരാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കാഡറ്റ്‌സ് ഉണ്ട്. നിങ്ങൾ വളരെ അച്ചടക്കം പുലർത്തണം. രണ്ട് ദിവസമായി പുതിയ പുതിയ ബറ്റാലിയനുകൾ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. നിങ്ങളാണ് ഏറ്റവും അവസാനമെത്തിയ ബറ്റാലിയൻ. നിങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ക്യാമ്പിൻറെ  മുഴുവൻ  ഡിസിപ്ലിനും താറുമാറായി. നിങ്ങൾ നന്നായി ശ്രദ്ധിക്കണം. പിന്നെയും ഹിന്ദിയിൽ എന്തെല്ലാമോ പറഞ്ഞ് ഓഫിസറും പരിവാരവും തിരിച്ച് നടന്നു’’. ക്യാപ്റ്റൻ ഉണ്ണിത്താൻ സാർ വന്ന് പറഞ്ഞു, ‘’എടാ മക്കളെ , നിങ്ങള് മാർച്ചൊന്നും ചെയ്യേണ്ട,  ഒന്ന് വേഗം ചെന്ന് പരേഡിൽ കയറൂ. നിങ്ങൾ പതിനാല് പേരുടെ കാലിക്കറ്റ് ബറ്റാലിയൻ മാത്രം മതിയല്ലോടാ ഈ ഇന്ത്യ മഹാ രാജ്യത്തെ മുഴുവൻ ഇളക്കി മറിക്കാൻ. എന്ത് കണ്ടിട്ടാണാവോ അവന്മാരൊക്കെ ക്ലാപ്പടിച്ച് നിങ്ങളെ സ്വീകരിച്ചത്. ഒരു നിലവിളക്ക് കൂടി കത്തിച്ച് സ്വീകരിക്കേണ്ട പോരായ്മയുണ്ട്. NIC ക്യാമ്പ് ആയതോണ്ടാണ് പണിഷ്‌മെണ്ട് ഇല്ലാതെ എല്ലാവരും രക്ഷപ്പെട്ടത്’’. ഞങ്ങൾ പരേഡിൽ കയറി. രണ്ട് മിനുട്ട് തികയുന്നതിന് മുൻപ് പരേഡ് കഴിഞ്ഞു. എല്ലാവരും കൾച്ചറൽ പ്രോഗ്രാമിനായി ഹാളിലേക്ക് നടന്നു. ഞങ്ങൾ ചായ കുടിക്കാൻ മെസ്സിലേക്കും. മെസ്സിലെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വയസ്സായ ഹിന്ദിക്കാരൻ സാർ പറഞ്ഞു. ''യഹ് ഖാന പീന ടൈം നഹീഹെ ചലോ ചലോ’’…. പയ്യൻസ് മലയാളത്തിൽ പറഞ്ഞു- ''ഇപ്പൊ ചായ കിട്ടിയേ പറ്റൂ... ഞങ്ങൾ ഇപ്പൊ ഇവിടെ എത്തിയതേയുള്ളൂ... ചായ കിട്ടിയില്ലെങ്കിൽ ഇവിടെ കുത്തിയിരിപ്പ് സമരം നടക്കും, മഹാത്മാ ഗാന്ധി സത്യാഗ്രഹം'' വയസ്സൻ  ചാടിയെണീറ്റു ഏഴ് ഗ്ലാസ്സ് ചായ ഒഴിച്ചു, ‘’ഞങ്ങൾ പതിനാല് പേരുണ്ട് പതിനാല് പേർക്കും കിട്ടണം’’ - കടലുണ്ടിക്കാരൻ  യാസർ ഇംഗ്ലീഷിൽ തന്നെ പറഞ്ഞു. വയസ്സൻ ഇംഗ്ലീഷിൽ തന്നെ ഉജ്ജ്വല ശബ്ദത്തിൽ  മറുപടി പറഞ്ഞു, - ‘’തരാൻ സൗകര്യമില്ല, കിട്ടിയത് ഷെയറ് ചെയ്ത് കുടിച്ച് വേഗം വിട്ടോളൂ’’. ഹിന്ദി അറിയാത്തത് കൊണ്ട് ഒരു രക്ഷയുമില്ല. ഞങ്ങൾ  ഒരേ ഗ്ലാസിൽ നിന്നും രണ്ട് പേർ വീതം ഷെയർ ചെയ്ത് കുടിച്ച് തുടങ്ങി. സുബൈർ അവന് കിട്ടിയ ഗ്ലാസ്സിലെ ചായയിലേക്ക് ആദ്യം തന്നെ തുപ്പി. അത് കൊണ്ട് അവൻറെയടുത്തേക്ക് ഷെയർ ചെയ്യാൻ ആരും പോയില്ല. ഒരാൾ ചായ കിട്ടാത്തവനായി മാറി  എന്നർത്ഥം.   ചായ കുടി കഴിഞ്ഞപ്പോൾ രണ്ടാമതും ചായ വേണം എന്നായി 29 ബറ്റാലിയൻ. വയസ്സൻ അന്തം വിട്ടു. ‘’ബഹുത്ത് ബഡാ കച്ച്ഡാ വാലാഹേ’’ - ഹിന്ദിക്കാരൻ ഉച്ചത്തിൽ തന്നെ പറഞ്ഞു. ഗതി കെട്ട് അദ്ദേഹം രണ്ടാം തവണയും ഒഴിച്ച് തന്നു. ഞങ്ങൾ എല്ലാവരും അരച്ചായ രണ്ട് തവണ കുടിച്ച് ഒരു ചായ പൂർത്തീകരിച്ചു. കെളവനെ വെറുപ്പിക്കാൻ പറ്റില്ല, ഭക്ഷണ ഡിപ്പാർട്മെൻറ് മേധാവി അയാളാരാണെന്നാ തോന്നുന്നത്. ആശാനേ കയ്യിലെടുത്തില്ലെങ്കിൽ പത്ത് ദിവസം അന്നം മുട്ടും.    യാസർ ഞങ്ങൾക്ക് തരാനായി വാങ്ങിയിരുന്ന കോഴിക്കോടൻ ഹൽവയിൽ നിന്നും പകുതി അദ്ദേഹത്തിന് നൽകി. ആദ്യം അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയിലെ ഏറ്റവും നല്ല നമ്പർ വൺ ഹൽവ കോഴിക്കോടൻ ഹൽവയാണ്. ഒന്ന് കഴിച്ചു നോക്കിൻ എന്ന് യാസർ അതി മനോഹരമായി പറഞ്ഞു. അതിൽ അയാൾ വീണു. അയാൾ കഴിച്ചു, അതോടെ അയാളും ഞങ്ങളും ഭായി ഭായി ആയി. വീണ്ടും ഒരു ഗ്ലാസ്സ് ചായ വീതം ഞങ്ങൾ പതിനാല് പേർക്കും അദ്ദേഹം ഒഴിച്ച് തന്നു. ബ്രഡും ജാമും ഏത്തപ്പഴം പുഴുങ്ങിയതും ഞങ്ങൾക്കായി അദ്ദേഹം നൽകി. ആരൊക്കെ എന്തൊക്കെ പ്രോഗ്രാം അവതരിപ്പിക്കണമെന്ന് ചായക്കിടയിൽ  ഞങ്ങൾ ചർച്ച ചെയ്തു. മൂന്ന് പേർ പാട്ടുപാടാനും ഒരാൾ മിമിക്രി അവതരിപ്പിക്കാനും ഉണ്ട്, മൊത്തം നാല് പ്രോഗ്രാം.ഒരു പ്രോഗ്രാം കൂടെ കിട്ടിയാൽ അഞ്ചാക്കി റൗണ്ടാക്കാമെന്ന് പറഞ്ഞു കൂട്ടുകാർ. എല്ലാവർക്കും യാത്രാ ക്ഷീണമുണ്ട്, ആര് പ്രോഗ്രാം അവതരിപ്പിക്കുമെന്ന് എല്ലാവരും പരസ്പരം ചോദിച്ചു.പ്രോഗ്രാം തുടങ്ങാൻ ഇനി മിനുട്ടുകളെ ബാക്കിയുള്ളൂ. സുഭീഷ് പറഞ്ഞു - ‘’അളിയോ നീ ഒരു ഹൃസ്വ നാടകം പറ ഞാനും സുബൈറും അഭിനയിക്കാം’’. ആലോചിക്കാൻ സമയമില്ല, പെട്ടെന്ന് തന്നെ നാടകം തട്ടിക്കൂട്ടി. ‘’സുബൈർ കുളിക്കുന്നു, അപ്പോൾ ക്യാമ്പിലെ ഹിന്ദിക്കാരൻ പയ്യൻ വന്ന് കുളിക്കാനിറങ്ങുന്നു. അവൻറെ കയ്യിൽ സോപ്പില്ല, ഹിന്ദിക്കാരൻ സുബൈറിന് നേരെ തിരിഞ്ഞ് ഭായ് സാബ് സാബൂൻ ദീജിയെ എന്ന്  പറയുന്നു. സുബൈർ ഭാഷ മനസിലാകാതെ അലക്ക് സോപ്പ് അതായത് സാബൂൻ എടുത്ത് നൽകുന്നു. ഹിന്ദി വാല ശുക്രിയ എന്ന് പറഞ്ഞ് സോപ്പ് തേപ്പ് ആരംഭിച്ചു. സുബൈർ ചോദിക്കുന്നു എങ്ങനെയുണ്ട്? ഹിന്ദിവാല : ‘’ബഹുത്ത് അച്ഛാ, അഞ്ഞൂറ്റൊന്ന് ബാർ സോപ്പ് സൂപ്പർ എന്ന് കാണിക്കാനായി ഹിന്ദി വാല കൈ ഉയർത്തി അഞ്ചേ പൂജ്യം ഒന്ന് എന്നിങ്ങനെ കാണിക്കുന്നു’’. വീണ്ടും സുബൈർ ചോദിക്കുന്നു ‘’ക്യാ’’ ? ഹിന്ദി വാല - ''അച്ചാ... ബഹുത് അച്ചാ സാബൂൻ'' പറഞ്ഞ് തീരും മുൻപ് സുബൈർ ഹിന്ദി വാലക്ക് നേരെ ചാടി വീണ് ‘’തന്തക്ക് വിളിക്കുന്നോടാ ചെറ്റേ’’ എന്ന് ചോദിച്ച് കോളറിന് പിടിക്കുന്നു. അതോട് കൂടി കർട്ടൻ താഴും. ഇത്രയുമാണ് നാടകം. ദേശീയോദ്ഗ്രഥന ക്യാമ്പിൽ അവതരിപ്പിക്കാൻ പറ്റിയ നല്ല ഒന്നാം തരം നാടകം.   ഭാഷാ വൈവിധ്യത്തെ വരച്ചു കാണിക്കുന്ന നാടകം. അച്ചാ എന്നത് കേൾക്കുമ്പോൾ സുബൈർ കരുതിയത് തന്തക്ക് വിളിച്ചതാണെന്നാണ്. മിനിറ്റുകൾക്കുള്ളിൽ പ്ലാനിങ് കഴിഞ്ഞ് ചായയും പലഹാരവുമെല്ലാം ആസ്വദിച്ച് കഴിച്ചതിന് ശേഷം ഞങ്ങൾ കുളിച്ച് വസ്ത്രം മാറി കൾച്ചറൽ പ്രോഗ്രാം ഹാളിലേക്ക് നടന്നു.

ഏറ്റവും പിന്നിലാണ് ഞങ്ങൾക്ക് സ്ഥലം കിട്ടിയത്. ‘’ഞങ്ങളുടെ 29 കേരള ബറ്റാലിയൻറെ 5  പ്രോഗ്രാമുകളുണ്ട് രജിസ്റ്റർ ചെയ്യണം’’ എന്നും പറഞ്ഞ്  ഞങ്ങൾ കൗണ്ടറിലെത്തി. ‘’രജിസ്ട്രേഷനുള്ള സമയം കഴിഞ്ഞു, ഇനി ഇന്ന് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിയില്ല’’ എന്ന്  പറഞ്ഞു കൗണ്ടറിലുള്ളവർ. ഞങ്ങൾ ഉണ്ണിത്താൻ സാറിനെ ചെന്ന് കണ്ടു. 5 പ്രോഗ്രാം ഉണ്ട് സർ ഞങ്ങൾക്ക്  ഏതെങ്കിലും ഒന്നെങ്കിലും അവതരിപ്പിക്കാൻ അവസരം വാങ്ങിത്തരണം എന്ന് പറഞ്ഞു. ‘’ഇന്ന് പോവട്ടെ മക്കളെ  നാളെ നോക്കാം’’ എന്ന് പറഞ്ഞ് സാർ ഞങ്ങളെ കയ്യൊഴിഞ്ഞു. നിരാശരായി ഞങ്ങൾ ഹാളിലെ പിൻസീറ്റുകളിലേക്ക് നടന്നു. കുറേ ഹിന്ദി പാട്ടും പഞ്ചാബിയിലും  മാറാട്ടിയിലും ഗുജറാത്തിയിലുമൊക്കെ പ്രോഗ്രാമുകൾ നടന്നു. ആരൊക്കയോ ഇടക്ക് കയ്യടിക്കുന്നുണ്ട് എന്നല്ലാതെ ഒട്ടും ഗുണം പോരാ.                             

കൾച്ചറൽ പ്രോഗ്രാമും സ്പോർട്സിൽ ഫുട്‍ബോളും എന്നും ഞങ്ങൾ 29 ബറ്റാലിയൻറെ കുത്തകയായിരുന്നു. ഇന്ത്യാ മഹാരാജ്യത്തെ പല പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള പുലികളും ചീറ്റപ്പുലികളുമെല്ലാം ഉണ്ടെങ്കിലും NIC ക്യാമ്പിലും ഞങ്ങളുടെ മേധാവിത്വം വിട്ടുകൊടുക്കാൻ   ഞങ്ങൾ തയ്യാറല്ല. മിമിക്രിയുടെ ആശാനാണ് ഫെറോക്കിലെ ആസിഫ് സൻസാർ. അവൻ ഒരൊറ്റ തവണ കേട്ട ശബ്ദം പോലും കിടിലനായി അവതരിപ്പിക്കും അവൻറെ പ്രോഗ്രാമെങ്കിലും അവതരിപ്പിക്കാൻ കഴിയണേ എന്നായി ഞങ്ങൾ പതിനാല് പേരുടെയും പ്രാർത്ഥന.                                                                        

പ്രോഗ്രാം അവസാനിക്കാൻ ഇനിയും ഇരുപത് മിനുട്ട്  ബാക്കി. പക്ഷേ രജിസ്റ്റർ ചെയ്ത എല്ലാ പ്രോഗ്രാമുകളും തീർന്നു. മേജർ സാബും പരിവാരങ്ങളുമൊക്കെ സീറ്റിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു.  ഇനി ആർക്കെങ്കിലും പ്രോഗ്രാം അവതരിപ്പിക്കാനുണ്ടെങ്കിൽ അവതരിപ്പിക്കാമെന്ന് അനൗൺസ് വന്നു. ഉടനെ ടീം കാലിക്കറ്റ് സ്റ്റേജിലേക്ക് ചാടിക്കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു. പരസ്പരം സംസാരിച്ച് ചിരിച്ച് രസിക്കുന്ന ഓഡിയൻസിനെ കണ്ടാൽ ഒരുവിധം ഉളുപ്പുള്ളവരൊക്കെ പ്രോഗ്രാം അവതരിപ്പിക്കാതെ ഇറങ്ങിപ്പോകാനാണ് സാധ്യത. പക്ഷെ ഞങ്ങൾ തുടങ്ങി. ആദ്യം തന്നെ കിടിലൻ ഇംഗ്ലീഷിൽ യാസറിൻറെ മനോഹര ശബ്ദത്തിൽ അതി ഗംഭീര അനൗൺസ് - ''പ്രിയപ്പെട്ട സഹോദരങ്ങളെ, കോഴിക്കോടിൻറെ അനശ്വര ഗായകൻ മുഹമ്മദ് ആസിഫ് ഇന്ത്യൻ സംഗീതത്തിലെ തുല്ല്യതയില്ലാത്ത ചക്രവർത്തി മുഹമ്മദ് റഫി സാബിൻറെ ഗാനങ്ങളുമായി ഇതാ നിങ്ങളുടെ മുൻപിൽ, ഒന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കൂ''... റഫി സാബിൻറെ പേര് കേട്ട പാടെ സദസ്സിലെ ഒച്ചപ്പാടുകളൊക്കെ നിന്നു, കയ്യടികളും വിസിലടികളും മാത്രമുയർന്നു. റഫീ സാബിൻറെ സ്വരത്തിൽ ആസിഫ് തുടങ്ങി ''ഓ.. മേരെ മെഹ്ബൂബ...  മുജ്ജെ ഖാനാ മെഹ്ബൂബാ.... '' സദസ് ഇളകിമറിഞ്ഞു. കയ്യടികളും വിസിലടികളും വിശ്രമമില്ലാതെ ഹാളിൽ നിന്നും ഉയർന്ന് പൊങ്ങി. ഓഡിറ്റോറിയത്തിൽ നിന്നും നേരത്തെ സ്ഥലം വിട്ട മേജർ സാബും പരിവാരങ്ങളുമൊക്കെ വീണ്ടും കയറി വന്നു. ഏതോ ഒരു പട്ടാളക്കാരൻ റെഫി  സാബിൻറെ ഏതൊക്കെയോ പാട്ടുകളുടെ കെരോക്കെ  നൽകി. അത് ഓൺ ചെയ്തു ആസിഫ് റെഫി സാബിൻറെ ശബ്ദത്തെ അനശ്വരമാക്കി. അവൻ ആ സദസ്സിനെ മുഴുവൻ കയ്യിലെടുത്തു. റഫി സാബിൻറെ ശബ്ദത്തിൽ ഇന്ത്യയുടെ പരിച്‌ഛേതമായ ആ ക്യാമ്പ് ഒരൊറ്റ ആത്മാവുള്ള ഇന്ത്യയായി മാറി. പിന്നീട് യാസർ ലതാമങ്കേഷ്കറിൻറെ മൂന്ന് ഗാനങ്ങളും ആലപിച്ചു. അപ്പോഴേക്കും ‘’കാളിക്കട്ട് ജിന്താബാദ്, കാളിക്കട്ട്  ജിന്താബാദ്’’ എന്ന് ഓഡിയൻസ് മുദ്രാവാക്യം വിളിച്ച് തുടങ്ങി, സംഗതി ക്ലിക്കായി.  ക്ലാപ്പടിയുടെ അച്ചടക്കത്തിൻറെ വൺ ടു വൺ ടു ത്രീ സ്ലാങ് ഒക്കെ പുള്ളാര് തോട്ടിലെറിഞ്ഞു.    ഞങ്ങളുടെ വലിയ തുറുപ്പ് ചീട്ടുകളിലൊന്ന് സൻസാറിൻറെ മിമിക്രിയായിരുന്നു. അടുത്ത നമ്പറായി അവനെയിറക്കി. അവൻറെ കൂളിങ് ഗ്ലാസ്സും ടൈറ്റ് ടി-ഷർട്ടും കണ്ടാലേ ഒരു ഹോളി വുഡ്  സിനിമാക്കാരൻ  ലുക്കാണ്.   ആരും ഒന്ന് നോക്കിപ്പോവും.  വീണ്ടും യാസറിൻറെ ഇംഗ്ലീഷ് അനൗൺസ് മുഴങ്ങി. ''സാമൂതിരിയുടെ നാട്ടിൽ നിന്നും  മിമിക്രിയുടെ ഏഴ് ആകാശവും ഭൂമിയും കീഴടക്കിയ മലയാളത്തിൻറെ പ്രിയ പുത്രൻ സൻസാറിനെ നിങ്ങൾക്ക് വേണ്ടി വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു''. ഹിന്ദി സിനിമാ നടൻ ലുക്കുള്ള സൻസാറിനെ കണ്ടപാടേ  വേദിയിൽ നിന്നും കയ്യടികൾ ഉയർന്നു. ആമുഖമൊന്നുമില്ലാതെ അമിതാഭ് ബച്ചൻറെ ശബ്ദത്തിൽ അവൻ തുടങ്ങി. ''ദോസ്‌തോം, വെൽക്കം ടു NIC ക്യാമ്പ്, യഹ് കേരള മഹാരാജ്, ദി ഗ്രേറ്റ് ഗോഡ്സ് ഔൺ കൺഡ്രി,  ഹെർട്ടി വെൽകംസ് യു. ഹമാരാ 29 കേരളാ ബറ്റാലിയൻ  ഇസ് NIC ക്യാമ്പ് കാ താരേ സമീൻ ഹേ... ഹം കച്ച്ഡാ വാലാ നഹീം ഹേയ്’’. കയ്യടിയും വിസിലടിയും ഹാളിലൂടെ പറന്നു കളിച്ചു.  പിന്നീട് ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറും രജനീ കാന്തും ഉൾപ്പടെ ഒരു വിധപ്പെട്ട ഇന്ത്യയിലെ പ്രമുഖ നാടൻമാരുടെയൊക്കെ ശബ്ദത്തെ അവൻ അനുകരിച്ച് കയ്യടി നേടി. സച്ചിൻ ടെണ്ടുൽക്കറിൻറെ ശബ്ദമനുകരിച്ചപ്പോൾ സച്ചിൻറെ ഒരു ആരാധകൻ വേദിയിൽ കയറി സൻസാറിനെ മുത്തം വെച്ചു. അവസാന അനുകരണങ്ങൾക്കായി അവൻ ക്യാമ്പിലേക്ക് പറന്നു വന്നു, ഇരകളായി  ഹർപീന്ദർ സിങ്ങിനെയും കമാൻഡിങ് ഓഫീസറേയും കൊത്തിയെടുത്ത് പറന്നു. ഹർപീന്ദർ സാബിൻറെ ശബ്ദം അനുകരിക്കുന്നത് കേട്ട് വേദിയിലുള്ളവർ മുഴുവൻ അത്ഭുതപ്പെട്ടു ആവേശക്കയ്യടികളും വിസിലടിയുമെല്ലാം പാരമ്യത്തിലെത്തി ഹാൾ ഒരു പൂരപ്പറമ്പിൻറെ പ്രതീതി സൃഷ്ടിച്ചു. കമാൻഡിങ് ഓഫീസറുടെ ശബ്ദത്തേയും അവൻ കൊന്ന് കോല വിളിച്ചു. പിന്നീട് ഹൃസ്വ നാടകത്തിനായി സുബൈറിനെയും ടീമിനെയും ക്ഷണിച്ചു. സുഭീഷിന് പകരം ഹരിയാനക്കാരൻ സുനിൽ കുമാർ അഭിനയ വേഷമണിഞ്ഞു. നാടകം ചിരി പടർത്തി മുന്നേറി. കോളറിൽ പിടിക്കേണ്ട സീനെത്തിയപ്പോൾ സുബൈർ ആവേശം മൂത്ത് സുനിലിൻറെ കരണക്കുറ്റിക്ക് തല്ലിയതും പള്ളക്ക് മുട്ട്കാൽ കയറ്റിയതും കശപിശക്ക് കാരണമായി. എങ്കിലും പരിഭാഷകൻറെ സഹായത്തോടെ നാടകം തകർത്തു. അവസാനം റഫീ സാബിൻറെ ഒരു ഗാനത്തോടെ ഞങ്ങൾ വേദിയിൽ നിന്നും പുറത്തു വന്നു, കമാണ്ടിങ് ഓഫീസറും സാബുമാരും സഹ കാഡറ്റുകളും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഞങ്ങളെ അഭിനന്ദിച്ചു. ദേശീയോദ്ഗ്രഥന ക്യാമ്പ് റഫീ സാഹബിൻറെയും ലതാ മങ്കേഷ്കറിന്റെയും അമിതാഭ് ബച്ചൻറെയും സച്ചിൻ ടെണ്ടുൽക്കറിൻറെയും ശബ്ദത്തിൽ അർത്ഥവത്തായി മാറി. അതിരുകളില്ലാത്ത മാനവിക ദേശീയതയുടെ ആയുധമാണ് കല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക