Image

കോവിഡ് കൊണ്ട് വന്നത് ബില്യണുകൾ; സമ്പന്നർ ദയ കാണിക്കുമോ? രണ്ട് മാസ്ക് കൂടുതൽ നല്ലത്

മീട്ടു Published on 26 January, 2021
കോവിഡ്  കൊണ്ട് വന്നത്  ബില്യണുകൾ; സമ്പന്നർ ദയ കാണിക്കുമോ? രണ്ട് മാസ്ക് കൂടുതൽ നല്ലത്
ലോകത്തെ 10 അതിസമ്പന്നൻ വിചാരിച്ചാൽ ലോകത്ത് എല്ലാവർക്കും ആവശ്യമായ അത്ര  കോവിഡ് വാക്സിൻ വാങ്ങാം
 
ഭൂമിയിലെ എല്ലാ ജനങ്ങളെയും വാക്സിനേറ്റ് ചെയ്യാൻ പര്യാപ്തമായ സമ്പാദ്യമാണ് ലോകത്തിലെ 10 അതിസമ്പന്നർ  കഴിഞ്ഞ ഒരേയൊരു വര്‍ഷംകൊണ്ട്  സ്വന്തമാക്കിയതെന്ന് റിപ്പോർട്ട്.
 
ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യം വയ്ക്കുന്ന ബ്രിട്ടീഷ് സംഘടനയായ ഓക്സ്ഫാമിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ദരിദ്രർക്കും സമ്പന്നർക്കുമിടയിൽ മഹാമാരി സൃഷ്‌ടിച്ച അന്തരം എത്രവലുതാണെന്ന നേർച്ചിത്രമാണ് ഈ വിവരങ്ങൾ.
 
'അത്യാഡംബരങ്ങൾക്കു വേണ്ടി അതിസമ്പന്നൻ കയ്യും കണക്കുമില്ലാതെ മഹാമാരിയുടെ പശ്ചാത്തലത്തിലും പണം ഒഴുക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ, ചെറിയ കടകളിൽ സഹായത്തിന് നിൽക്കുന്നവർ, ചന്തയിലെ വിൽപനക്കാർ എന്നിങ്ങനെ താഴേത്തട്ടിൽ ജീവിക്കുന്ന അനേകരാണ് നിത്യച്ചെലവുകൾക്കും ഭക്ഷണത്തിനും പോലും വഴിയില്ലാതെ വലയുന്നത്.' ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
 
ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും, ആമസോൺ മേധാവി ജെഫ് ബെസോസ്, ടെസ്ല മേധാവി എലോൺ മസ്ക്ക്, ഫേസ്ബുക് സ്ഥാപകൻ മാർക്ക് സക്കർബെർഗ് തുടങ്ങിയ ബില്യണെയർമാരെ അത് തെല്ലും ബാധിച്ചിട്ടില്ല. 
 
2020 മാർച്ച് 18 മുതൽ ഡിസംബർ 31 വരെയുള്ള കണക്ക് നോക്കിയാൽ, ലോകത്തെ അതിസമ്പന്നരായ 10 പേർക്ക് 540 ബില്യൺ ഡോളറിന്റെ വർദ്ധനവ് സമ്പാദ്യത്തിൽ ഉണ്ടായി. ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ വാക്സിൻ നിർമ്മിക്കാനും വിതരണം ചെയ്യാനും തുടങ്ങി ആളുകൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന് വരെയുള്ള മുഴുവൻ ചിലവ് കണക്കാക്കിയാൽപോലും 141.2 ബില്യൺ ഡോളറിൽ കൂടുതൽ വരില്ല. മഹാമാരിയിൽ ദരിദ്രരായി തീർന്നവരുടെ ഒരു വർഷത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ  88 ബില്യൺ ഡോളർ മതിയാകും. 10 അതിസമ്പന്നർ മനസ്സുവെച്ചാൽ, അവരുടെ ഒരു വർഷത്തെ ലാഭത്തിന്റെ പകുതി പോലും വേണ്ടി വരില്ല ദാരിദ്ര്യം ഇല്ലാതാക്കാൻ.
 
കോർപറേറ്റ് നികുതി വർധിപ്പിക്കണമെന്നും  പൊതു ക്ഷേമ പരിപാടികൾ വിപുലീകരിക്കണമെന്നും ഓക്സ്ഫാം ലോക നേതാക്കളോട് അഭ്യർത്ഥിച്ചു.
 
ഒരു മാസ്ക് ധരിക്കുന്നതിലും സംരക്ഷണം നൽകുന്നത് രണ്ട് മാസ്ക് : ഫൗച്ചി 
 
രണ്ടു മാസ്ക് എന്ന പുതിയ ആശയമാണ് ഡോ. അന്റോണി ഫൗച്ചി തിങ്കളാഴ്‌ച പങ്കുവച്ചത്.
ഡബിൾ മാസ്കിങ് വൈറസ് വ്യാപനം തടയാൻ കൂടുതൽ ഫലപ്രദമായ മാർഗ്ഗമാണെന്ന് ഫൗച്ചി അഭിപ്രായപ്പെട്ടു.
 
' ഒരാവരണം ഉണ്ടെങ്കിലും പുറമേ ഒന്നുകൂടി വയ്ക്കുന്നത് സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ തന്നെ കൂടുതൽ ഫലപ്രദമാണെന്ന് മനസ്സിലാക്കാം. ' അദ്ദേഹം പറഞ്ഞു. 
 
മാസ്ക് ധരിക്കുന്നതുകൊണ്ടുള്ള ഉദ്ദേശം വൈറസ് ബാധിച്ച ആളിൽ നിന്ന് ഒരു തരത്തിലും  സ്രവം മറ്റൊരാളിൽ എത്തരുതെന്നാണ്. സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ഉമിനീരിൽ നിന്ന് പോലും വൈറസ് പടർന്നേക്കാം. പൂർണമായും ആ സാധ്യത ഇല്ലാതാക്കുന്ന രീതിയിൽ വേണം മാസ്ക് ധരിക്കാൻ.
 
മുഖം ഒരു തുണികൊണ്ട് മറച്ച ശേഷം സർജിക്കൽ മാസ്ക് ധരിക്കുന്നതും മറ്റു ചില വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
ഒരാളുടെ വായിലെയും  മൂക്കിലെയും സ്രവങ്ങൾ വഴി മറ്റൊരാളിൽ വൈറസ് എത്തരുതെന്ന വസ്തുത  മനസ്സിൽ വച്ച്, നേർത്ത തുണികൊണ്ട് അവനവന് ശ്വസന തടസ്സം ഉണ്ടാകാത്ത വിധത്തിൽ ആവരണം ആകാം.
 
' ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടാത്തതും കഴുകി ഉപയോഗിക്കാവുന്നതുമായ രണ്ടോ അതിൽ കൂടുതലോ തുണികൊണ്ടുള്ള ആവരണങ്ങൾ ആകാം' സി ഡി സി ശുപാർശ ചെയ്യുന്നു.
 
ബ്രസീലിൽ നിന്നുള്ള പുതിയ വകഭേദം:  യു എസിലെ ആദ്യ കേസ്‌  മിനെസോട്ടയിൽ
 
ബ്രസീലിൽ നിന്നുള്ള കൂടുതൽ വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദം കൂടി തിങ്കളാഴ്‌ച യു എസിൽ സ്ഥിരീകരിക്കപ്പെട്ടതായി  മിനെസോട്ട ആരോഗ്യ അധികൃതർ അറിയിച്ചു.
ബ്രസീലിൽ നിന്ന് എത്തിയ മിനെസോട്ടക്കാരനിലാണ് വകഭേദം സ്ഥിരീകരിച്ചത്. കൂടുതൽ വ്യാപനശേഷി ഉണ്ടെന്നല്ലാതെ ഈ വേരിയന്റ് എത്രത്തോളം അപകടകാരിയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പുതിയ വകഭേദത്തിനു നൽകിയിരിക്കുന്ന പേര് ബ്രസീൽ പി.1 വേരിയന്റ് എന്നാണ്.
വകഭേദം തിരിച്ചറിയാൻ സഹായിച്ച ടീമിനോടും ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പരിശോധനയ്ക്ക് തയ്യാറാകുന്ന മിനെസോട്ടയിലെ ജനങ്ങളോടും ഹെൽത്ത് കമ്മീഷണർ നന്ദി അറിയിച്ചു.
 
പുതിയ കോവിഡ് വകഭേദത്തിനെ നേരിടാൻ ബൂസ്റ്റർ ഷോട്ട് നിർമ്മിക്കാൻ മോഡേണ ഒരുങ്ങുന്നു 
 
നിലവിൽ അനുമതി ലഭിച്ച  മോഡേണയുടെ ഇരു ഡോസുകൾ, കോവിഡ് വകഭേദത്തെ നേരിടാൻ പര്യാപ്തമാണെന്ന് കരുത്തപ്പെടുന്നെങ്കിലും വാക്സിന്റെ വീര്യം കൂട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം കൂടുതൽ മാരകമാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ബൂസ്റ്റർ ഷോട്ട് നിർമ്മിക്കുന്നത് . ബൂസ്റ്റിംഗിലൂടെ പ്രതിരോധം എത്രത്തോളം വർദ്ധിപ്പിക്കാനാകുമെന്ന് യു എസിൽ തന്നെ പഠനങ്ങൾ നടത്തി വരികയാണ്.
 
മോഡേണയുടെ കോവിഡ് -19 വാക്സിന് , എംആർ‌എൻ‌എ -1273, പുതിയ SARS-CoV-2 വേരിയന്റുകൾ‌ക്കെതിരായ ആന്റിബോഡികളെ നിർവീര്യമാക്കുന്നതിനുള്ള കഴിവ് പഠനവിധേയമാക്കി  വിലയിരുത്തി.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻ‌ഐ‌എച്ച്) ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ്  ഡിസീസസിലെ (എൻ‌ഐ‌ഐ‌ഡി) വാക്സിൻ റിസർച്ച് സെന്ററുമായി (വിആർ‌സി) സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
 
മോഡേണ കോവിഡ് -19 വാക്സിൻ  എല്ലാ പ്രധാന വകഭേദങ്ങൾക്കുമെതിരെ ഫലപ്രദമാണെന്ന്  ന്യൂട്രലൈസിംഗ് ടൈറ്ററുകളിലൂടെ തെളിഞ്ഞു.  യു കെ യിലും ദക്ഷിണാഫ്രിക്കയിലും യഥാക്രമം തിരിച്ചറിഞ്ഞ B.1.1.7, B.1.351 എന്നിവയും  ഇതിൽ ഉൾപ്പെടുന്നു. 
എന്നാൽ, ദക്ഷിണാഫ്രിക്കയിൽ തിരിച്ചറിഞ്ഞ വേരിയന്റിനെ പ്രതിരോധിക്കാൻ വാക്സിന് കഴിവ് കുറവാണെന്ന് ഫലങ്ങളിൽ കണ്ടു.
 
സെപ്റ്റംബർ 2020 ന് യു കെ യിൽ കണ്ടെത്തിയ വകഭേദത്തിൽ  17 മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. ഇവയിൽ 8 മ്യൂട്ടേഷനുകൾ സ്പൈക്ക് പ്രോടീനിലാണ്  സംഭവിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വേരിയന്റിൽ 10 മ്യൂട്ടേഷനുകളാണ് നടന്നിരിക്കുന്നത്. 
ദക്ഷിണാഫ്രിക്കയിലെയും യു കെ യിലെയും വകഭേദങ്ങളുടെ വ്യാപനതോത് വളരെ കൂടുതലാണ്.
 
'ആഗോള മഹാമാരിയെ പരാജയപ്പെടുത്താനാണ് ശ്രമം. വൈറസ് വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അതിന്റെ വികാസത്തിന് അനുസൃതമായി കൂടുതൽ ശക്തമായ പ്രതിരോധം ഏർപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും മനസ്സിലാക്കുന്നു. ഭാവിയിൽ കൂടുതൽ വകഭേദങ്ങളെ നേരിടാൻ  വാക്സിൻ കൊണ്ട് സാധിക്കണമെന്നാണ് ഉദ്ദേശം.  ' മോഡേണയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്‌റ്റെഫാൻ ബൻസൽ പ്രസ്താവിച്ചു.
 
എം ആർ എൻ എ -1273.351  എന്ന ബൂസ്റ്റർ ഡോസ് കോവിഡിന്റെ പുതിയ വകഭേദത്തെ ചെറുക്കാൻ കരുത്തുള്ളതാണോ എന്ന് പരീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 
എം ആർ എൻ എ -1273.351 യോ എം ആർ എൻ എ -1273 യോ രണ്ടിന്റെയും സംയോജമോ കൊണ്ട് വകഭേദത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്നാണ് മോഡേണ പ്രതീക്ഷിക്കുന്നത്.  
 
വൈറസിന്റെ മാറ്റങ്ങൾക്കൊപ്പം ചടുലതയോടെ മരുന്ന് നിർമ്മാതാക്കളും
 
കൊറോണാവൈറസ് രൂപാന്തരപ്പെട്ട് കരുത്താർജ്ജിക്കുമ്പോൾ മരുന്ന് നിർമ്മാതാക്കളും വിട്ടുകൊടുക്കുന്നില്ല. ഉപയോഗാനുമതി ലഭ്യമായ രണ്ടു ഭീമന്മാരും രംഗത്തുണ്ട് - മോഡേണയും ഫൈസർ-ബയോൺടെക്കും. വകഭേദങ്ങൾക്കെതിരെയും വാക്സിൻ ഫലപ്രദമാണെങ്കിൽ പോലും, കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണം എന്ന ലക്ഷ്യത്തോടെയാണ് ഇതിനോടകം 2 മില്യൺ ആളുകളുടെ ജീവൻ കവർന്ന എതിരാളിക്കെതിരെ ഇവർ പുതിയ കരുക്കളുമായി കളത്തിലിറങ്ങുന്നത്. 
 
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വേരിയന്റ് മാരകമാണെന്ന് പറഞ്ഞ് അവിടെ നിന്നുള്ള യാത്രക്കാർക്ക് ബൈഡൻ തിങ്കളാഴ്ച  വിലക്കേർപ്പെടുത്തി ഉടനെ തന്നെ ബൂസ്റ്റർ വാക്സിൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്ത ഇരു കമ്പനികളും പുറത്തുവിട്ടു. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക