Image

എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 27 January, 2021
എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )
കുഞ്ഞുമനസ്സില്‍ നൈര്‍മ്മല്യം പോല്‍-
മഞ്ഞിന്‍ മലര്‍മേള;
കണ്ണും കരളും കോള്‍മയിര്‍കൊള്ളും-
വിണ്ണിന്‍ ധവളാഭ;
ഋതുദേവതതന്‍ വരപ്രസാദം,
കുളിരിന്‍ നൈവേദ്യം,
ഹേമന്തത്തിന്‍ കേളികളാടി,
മാടിവിളിക്കുകയോ?
അംബര വീഥിയിലങ്ങിങ്ങായി-
അഴകിന്‍ പൂങ്കുലകള്‍,
വെണ്‍മുകിലുകളായ് പായുന്നെങ്ങോ,
അരയന്നങ്ങള്‍ പോല്‍;
താഴെ പ്രകൃതിയലങ്കരിക്കാന്‍,
മഴയായ് തൂവെണ്‍മ;
എന്തതിശയമീശീതളധാര!
വസുന്ധരേ, നിന്നില്‍,
ഇലകള്‍ കൊഴിഞ്ഞു വിറങ്ങളിച്ച-
മരങ്ങളെമ്പാടും;
വെളുത്ത മുത്തുമാലകള്‍ ചാര്‍ത്തി,
തിളക്കമുള്ളവരായ്;
സൂര്യകരങ്ങള്‍ ചായം പൂശി-
ചാരുത പകരുമ്പോള്‍,
മഴവില്ലുകളായ് മായികജാലം,
മനം മയക്കുകയോ?
വീടുകളൊക്കെ വെണ്ണക്കല്ലുകള്‍-
കെട്ടിയുയര്‍ത്തിയ പോല്‍,
നിരനിരയായി നീളെ നീളെ....
വീഥിക്കിരുവശവും;
 നീഹാരപ്പട്ടാട നിവര്‍ത്തി,
ദിക്കുകളൊന്നാക്കി,
നോക്കെത്താത്ത ദൂരത്തോളം,
ഒറ്റനിറം മാത്രം.
സര്‍വചരാചരവേദികയാമീ-
ഭൂതലമൊട്ടാകെ,
വര്‍ണ്ണപ്പൊലിമയിലെത്രയെത്ര-
അപൂര്‍വചിത്രങ്ങള്‍,
കാലം തൂലികയാക്കി വരച്ച്-
മായിക്കുന്നവനേ,
അരൂപിയായ കലാകാരാ, ഞാന്‍
കരങ്ങള്‍ കൂപ്പുന്നു.

എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )
Join WhatsApp News
രാജു തോമസ് 2021-01-27 16:15:39
മനോഹരമായിട്ടുണ്ട്., വളരെ. തന്റെ പതിവു കവനപ്പൊടിപ്പുകളില്ലാതെ, മഞ്ഞിനെ പുകഴ്ത്തുകയും അതിന്നു പിറകിലുള്ള പ്രപഞ്ചശക്തിയെ വാഴ്ത്തുകയും ചെയ്‌തുകയാണു ടീച്ചർ.
amerikkan mollakka 2021-01-27 21:10:13
മാർഗരറ്റ് സാഹിബാ ഇങ്ങള് പൊളിച്ചു . ഇങ്ങനെയാകണം കബിത.. ഇബിടെയുള്ള ഹലാക്കിന്റെ കബിത എയ്തുന്ന പഹയന്മാരോട് സാഹിബ ഇങ്ങള് പറേണം " ഇതാവണമെടാ കബിത" ഹള്ളോ ഞമ്മക്ക് പെരുത്ത് സന്തോഷം. മഞ്ഞുകാലം ഒരു കുഞ്ഞുമനസ്സിലെ നൈർമല്യം.. ഇങ്ങനെ ബല്യ ബാക്കൊന്നും ഞമ്മക്ക് പുടിയില്ല എന്നാലും മുയുവൻ ബായിക്കുമ്പോ ഒരു ഉദ്ദേശ്യം കിട്ടും. ബാക്കിയൊക്കെ ഞമ്മന്റെ കോളേജ് വാധ്യാര് ബീബിയുടെ ഹെല്പ്.ഓള്ക്കും കബിത ഇസ്റ്റാണ്. മാർഗരറ്റ് സാഹിബിയുടെ കബിത നല്ലതാണെന്നു ഞമ്മളോട് പറഞ്ഞു. ഇങ്ങക്ക് ഓളുടെ മുബാരാക്. എയ്തു സാഹിബാ ..മുയുക്കെ നല്ല നല്ല കബിതകൾ.
Kalidasan 2021-01-28 02:15:54
അനുകരണത്തെക്കുറിച്ച് എഴുത്തുകാർ പലരും മനസ്സിലാക്കുന്നില്ല. ഞാൻ കാളിദാസൻ - ഋതുസംഹാരം എഴുതിയിട്ടുണ്ട്. ആറു ഋതുക്കളെപ്പറ്റി. അതിൽ ഒന്ന് ശിശിരമാണ്. തണുപ്പുകാലം. അതുകൊണ്ട് മാർഗരറ്റിന് ആ ഋതുവെപ്പറ്റി എഴുതാൻ പാടില്ലെന്ന് ആരും പറയുകയില്ല. എന്റെ ആശയങ്ങളോ, വാക്കുകളോ , സ്റ്റൈലോ അങ്ങനെ പകർത്തിയാൽ അത് പകർപ്പാകും. അല്ലാതെ മാർഗരറ്റ് അവർ മഞ്ഞുകാലത്തെക്കുറിച്ച എഴുതിയാൽഅത് എങ്ങനെ എന്റെ ഋതുസംഹാരത്തിന്റെ പകർപ്പാകും. ഒരു വിഷയത്തെപ്പറ്റി പലർക്കും എഴുതാം. ഓണത്തെപ്പറ്റി, പൂക്കളെപ്പറ്റിയൊക്കെ എത്രപേർ എഴുതുന്നു.
Margaret Joseph 2021-01-30 19:32:59
Thanks for the comments.
ജോയ് പാരിപ്പള്ളിൽ 2021-02-06 09:32:16
മഞ്ഞു തുള്ളിയുടെ നൈർമല്യം പോലെ നിർമ്മലമായ കവിത....!! സൂര്യ കിരണങ്ങൾ തിളങ്ങുന്നപോലെ തെളിഞ്ഞ ഭാവന...!! ആശംസകൾ...🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക