Image

ഒരു ലക്ഷം കടന്ന് കോവിഡ് മരണങ്ങള്‍; ബ്രിട്ടനില്‍ കോവിഡിന് ശമനമില്ല

Published on 27 January, 2021
ഒരു ലക്ഷം കടന്ന് കോവിഡ് മരണങ്ങള്‍; ബ്രിട്ടനില്‍ കോവിഡിന് ശമനമില്ല
ലണ്ടന്‍: കോവിഡ് നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനില്‍ മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 1631 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ ഒരു ലക്ഷം പിന്നിട്ടത്. ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം ഏതാനും ദിസങ്ങള്‍ക്കു മുമ്പേ മരണസംഖ്യ ഒരുലക്ഷം കവിഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെയാണ് ഒരു ലക്ഷം (100,162) രേഖപ്പെടുത്തിയത്.

37,561 പേരാണ് ഇപ്പോഴും വിവിധ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍തന്നെ നാലായിരത്തോളം പേര്‍ വെന്റിലേറ്ററിലാണ്.

പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലുള്ള കുറവു മാത്രമാണ് ആശ്വാസകരമായ വാര്‍ത്ത. 20,089 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞത് രോഗവ്യാപനം നിയന്ത്രണത്തിലാകുന്നതിന്റ വ്യക്തമായ സൂചനയാണ്.

വാക്‌സീനേഷന്‍ നടപടികള്‍ ഊര്‍ജിതമായി തുടരുന്നതും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതുമാണ് രോഗവ്യാപനത്തിന് ശമനമുണ്ടാക്കുന്നത്. ഇതിനോടകം 68.5 ലക്ഷത്തിലധികം ആളുകള്‍ക്ക് ബ്രിട്ടനില്‍ കോവിഡ് വാക്‌സീന്റെ ആദ്യഡോസ് നല്‍കി.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക