Image

ഒരു സുവിശേഷകന്റെ ജനനം (കഥ: - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)

ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ Published on 15 February, 2021
ഒരു സുവിശേഷകന്റെ ജനനം (കഥ:  - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)
''പാപികളേ പരിതപിക്കുവിന്‍! നിങ്ങള്‍ക്കുള്ള നരകം ആസന്നമായിരിക്കുന്നു.' ദേവസി അച്ചായന്‍ സന്ധ്യാനേരത്ത് ചന്തക്കവലയില്‍ നിന്ന് കസറുകയാണ്. 'നാല്പതു നാള്‍ മഴ പെയ്യിച്ച് പാപികളായ മനുഷ്യകുലത്തെ മുഴുവന്‍ ദൈവത്തിനു കൊന്നൊടുക്കാമെങ്കില്‍, എന്തായിരിക്കും നിന്റെയൊക്കെ അവസാനം? അതുകൊണ്ട് പരിതപിക്കുവിന്‍ സഹോദരരേ! ഹല്ലേലുയ!' തന്റെ മുന്‍പില്‍ വട്ടമിട്ട് നില്‍ക്കുന്ന ഏഴെട്ട് പേരെ നോക്കി വലതു കൈ ഉയര്‍ത്തി ദേവസി അച്ചായന്‍ വായുവില്‍ കുരിശുവരച്ചു.

കടകളും കച്ചവടക്കാരും നിരന്നുനില്‍ക്കുന്ന അങ്ങാടിയുടെ എതിരെ പഞ്ചായത്തുകിണറിന്റെ അരികിലുള്ള മണ്‍കൂനയില്‍ കയറി നിന്നാണ്  ദേവസി അച്ചായന്റെ പ്രസംഗം. വെളുത്ത ഒറ്റ മുണ്ടും വെളുത്ത മുഴുവന്‍ കൈയ്യുള്ള ഷര്‍ട്ടും വേഷം. ഷര്‍ട്ടില്‍ അല്പം ചുളിവ് വീണിട്ടുണ്ടെങ്കിലും തേച്ചുമിനുക്കിയതിന്റെ പാടുകള്‍ ഇപ്പോഴും കാണാം. ഷര്‍ട്ടിന്റെ കീശയില്‍ കിടക്കുന്ന ഫോണിന്റെ മങ്ങിയ നിറവും  കൈയ്യില്‍ മാറോടടുക്കി പിടിച്ച തടിച്ച പുസ്തകത്തിന്റെ താളുകള്‍ ഒരുമിക്കുന്ന ഭാഗത്തെ ചുവപ്പുമൊഴിച്ചാല്‍ ആകെ ഒരു വെള്ളമയം. ദേവസിച്ചായനും അല്പം വെളുത്തിട്ടാണ്. മുഖത്തിന്റെ ഒരുഭാഗത്ത് വെള്ളപ്പാണ്ടും തലയില്‍ വെളുത്ത കഷണ്ടിയുടെ വശങ്ങളില്‍ റോഡരുകില്‍ ചെത്തിയിട്ട പുല്ലുപോലെ നരവന്നുതുടങ്ങുന്ന രോമങ്ങളും. അന്തിക്ക് മുന്‍പുള്ള സൂര്യന്റെ കിരണങ്ങള്‍ ആ കഷണ്ടിയില്‍ തട്ടി ആമേന്‍ പറയുന്നുണ്ട്. മുഖത്ത് രോമങ്ങള്‍ വടിച്ചുമിനുക്കിയതുകൊണ്ടാകാം ഒരു പള്ളീലച്ചന്റെ ഭാവം. പണി കഴിഞ്ഞുവരുന്ന കുറച്ചു സ്ത്രീകളും  മൂന്നുനാലു  പുരുഷന്മാരും ചവറില്‍ തെണ്ടിത്തിരിഞ്ഞ് വയറുനിറച്ച രണ്ടു നായകളും ഒഴിച്ചാല്‍ ദേവസിച്ചായന്‍ പറയുന്നത് അങ്ങാടിയിലെത്തിയ ബഹുഭൂരിപക്ഷം ജനങ്ങളും അറിയുന്നുണ്ടായിരുന്നില്ല. 

അല്ലെങ്കിലും പ്രസംഗങ്ങളും പാഠങ്ങളും ഉപദേശങ്ങളും പലര്‍ക്കും വെള്ളത്തില്‍ വരയ്ക്കുന്ന വരകള്‍ പോലെയാണ്. ഒരു 
നിമിഷം കൊണ്ട് അതിന്റെ അസ്തിത്വം ഇല്ലാതാകും. പകരം കൊടുക്കാന്‍ ഭൗതികമായ ഒന്നുമില്ലെങ്കില്‍ ജനം നിന്ന് തരില്ല.

അങ്ങാടിയിലെ അന്തിക്കച്ചവടം തിരക്കുപിടിച്ചതാണ്. പണികഴിഞ്ഞ് വീടുകളിലേയ്ക്ക് പോകുന്നവരും വീടുകളില്‍ പണിയില്ലാതെ ചൊറികുത്തിയിരുന്നവരും കുറേ നാടന്‍ കൃഷിക്കാരും ഒരുമിച്ചുവന്ന്  തിക്കിത്തിരക്കി പലചരക്കുകളും അരിയും വാങ്ങുകയും വില്‍ക്കുകയും സൊറപറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. സ്വയം വില്‍ക്കാനായി ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നെത്തിയ രണ്ടു സ്ത്രീപ്രജകള്‍ അങ്ങാടിയിലെ അടഞ്ഞുകിടക്കുന്ന കടകളുടെ മുന്‍പിലുള്ള തൂണു മറഞ്ഞുനിന്ന് മടിശീലയില്‍ പണവുമായി പോകുന്ന പുരുഷന്മാരെ കടക്കണ്ണെറിഞ്ഞു വലവീശുന്നു. സമീപത്ത് അവരെ ചുറ്റിപ്പറ്റി രണ്ടുമൂന്ന് ചെറുപ്പക്കാരും. രണ്ട് ഓട്ടോറിക്ഷകള്‍ യാത്രക്കരെ കാത്ത് വിഷണ്ണരായി തെല്ലകലെ പുളിമരച്ചോട്ടില്‍ കിടക്കുന്നുണ്ട്. സര്‍ക്കസ് വിദ്യകള്‍ കാണിക്കുകയും മകളെക്കൊണ്ട് തമിഴ്പാട്ടിനു ചുവടു വപ്പിയ്ക്കുകയും ചെയ്യുന്ന ഒരു തമിഴനു ചുറ്റും ഒട്ടനവധിയാളുകള്‍ വട്ടംകൂടിയിട്ടുണ്ട്. ഒന്നു വച്ചാല്‍ രണ്ടും രണ്ടു വച്ചാല്‍ നാലും കൊടുക്കുന്ന ഒരു മുച്ചീട്ടു കളിക്കാരനു ചുറ്റുമാണു ഏറ്റവും വലിയ ജനക്കൂട്ടം. കുറച്ചുപേര്‍ കളിയ്ക്കുകയും അതിലേറെപേര്‍ കളി കാണുകയും ചെയ്യുന്ന ജീവിതവും ചന്തയും പോലെ തന്നെയാണു മുച്ചീട്ടുകളിയും.. കൂട്ടില്‍നിന്നിറങ്ങി ചീട്ട് കൊത്തിയെടുത്ത് ജനനവും മരണവും നിശ്ചയിക്കുന്ന ഒരു തത്തയും അതിന്റെ ഉടമയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും മുറുക്കിത്തുപ്പിയ ചുണ്ടുകളുമായി നാട്ടാരുടെ ഭാവി ഒളിഞ്ഞുകിടക്കുന്ന കടലാസുകഷണങ്ങളില്‍ പരതിക്കൊണ്ടിരിക്കുന്നു.

താഴെക്കടവിലെ ഇട്ടീച്ചന്റെ വാറ്റുചാരായം മോന്തി വന്ന അന്ത്രമാനും പോക്കറും കവലയില്‍ ബിവറേജ് വരാത്തതിനു മന്ത്രിമാരെ തെറി പറയുകയും ദേവസിച്ചായന്റെ പ്രസംഗത്തിനു കയ്യടിക്കുകയും ചെയ്തു. കാലില്‍ മന്തുള്ള പോത്തന്‍ കുഞ്ഞവര മാത്രം കടത്തിണ്ണയിലിരുന്ന് ദേവസിച്ചായനെ തെറി പറഞ്ഞു. 

'അവനു പണി എടുക്കണ്ടല്ലാ... വെറുതെ കുപ്പായോം ഇട്ട് പ്രസംഗിച്ചുനടന്നാ മതി. തെണ്ടി...' രണ്ട് വര്‍ഷം മുന്‍പ് വരെ ഒരുമിച്ചു കച്ചവടം നടത്തിയവന്‍ തന്നെ പറ്റിച്ച് സുവിശേഷം 
പ്രസംഗിക്കാന്‍ ഇറങ്ങിയതിന്റെ രോഷം അയാളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. 

വീട്ടില്‍ പണിയ്‌ക്കൊന്നും പോകാതെ കുത്തിയിരുന്ന ദേവസിയെ കുഞ്ഞവരയാണു പട്ടണത്തിലെ മാര്‍ക്കറ്റില്‍ നിന്ന് ഉണക്കയിറച്ചി വാങ്ങിക്കൊണ്ടുവന്ന് ഗ്രാമത്തിലെ അങ്ങാടിയില്‍ വില്‍ക്കുന്ന പണിയില്‍ പങ്കുകച്ചവടക്കാരനാക്കിയത്. ദേവസിയെക്കൊണ്ട് പണിയെടുപ്പിച്ചാണു കഞ്ഞവര സ്വന്തം കാലിന്റെ മന്തിന്റെ ഭാരം കുറച്ചെങ്കിലും മറന്നു കൊണ്ടിരുന്നത്. തന്റെ കാലിലെ മന്തിന് പകരം വയ്ക്കാനുള്ള ജന്മമല്ല ദേവസിയെന്ന് കുഞ്ഞവര അറിയാന്‍ വൈകിപ്പോയി. പങ്കുകച്ചവടം നടത്തുന്നതിനിടയ്ക്ക് ദേവസി പട്ടണത്തിലെ മറ്റുപലരുമായി അടുത്തിടപഴകുകയും പട്ടണത്തില്‍ സുവിശേഷവൃത്തിയിലേര്‍പ്പെട്ടിരുന്ന കുഞ്ഞാപ്പുചേട്ടനുമായി സൗഹൃദത്തിലാകുകയും ചെയ്തു. ചെറിയ പ്രാര്‍ത്ഥനക്കൂട്ടങ്ങളും രോഗശാന്തിശുശ്രൂഷകളും നടത്തി കഴിഞ്ഞു വന്ന കുഞ്ഞാപ്പു ചേട്ടന്റെ കൂട്ട് കിട്ടിയതോടെ ദേവസി ഉണക്കയിറച്ചിക്കച്ചവടം നിറുത്തി ജീവനുള്ള ആടുകളുടെ പുറകേ പോയി. മന്തന്‍ കാലുമായി ഒറ്റപ്പെട്ട കുഞ്ഞവര ദേവസിയെ പ്രാകിയതില്‍ കുറ്റം പറയാനൊക്കുമോ?

എന്തായലും ദേവസി ദിവസവും പട്ടണത്തില്‍ പോകുകയും കുഞ്ഞാപ്പു ചേട്ടന്റെ ശിഷ്യത്വം സ്വീകരിച്ച് വെള്ളയുടുക്കുകയും നാട്ടില്‍ പ്രാര്‍ത്ഥനാഗ്രൂപ്പുണ്ടാക്കി ശുശ്രൂഷകള്‍ നടത്തുകയും ചെയ്തപ്പോള്‍ ജനങ്ങളയാളെ ദേവസിച്ചായന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുവാനായി അച്ചായന്‍ വീട് പുതുക്കുകയും വീടിനു പുതിയ പെയിന്റ് അടിക്കുകയും ചെയ്തു. പ്രാര്‍ത്ഥനക്ക് വരുന്ന ആളുകള്‍ക്കിരിക്കാന്‍ പുതിയ സെറ്റിയും മൊസൈക് ഇട്ട തറയും ഉണ്ടാക്കി. പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ വയ്ക്കാന്‍ പുതിയ അലമാരകളും അലമാരകളില്‍ തിളങ്ങുന്ന പാത്രങ്ങളുമുണ്ടായി. വെറും ദേവസിയില്‍ നിന്നും ദേവസിച്ചായനിലേയ്ക്കുള്ള വളര്‍ച്ച അയാളെ എല്ലാ രീതിയിലും സന്തുഷ്ടവാനാക്കിയിരുന്നു. 

ഈ ദേവസിച്ചായനാണു ഈയിടെയായി ചന്തപ്പരിസരത്ത് ആളുകള്‍ കൂടുമ്പോള്‍ ജനങ്ങളോട് അവരുടെ പാപങ്ങളെ ഓര്‍ത്ത് 
പരിതപിക്കുവാനും കഷ്ടപ്പാടുകള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി എളുപ്പമുള്ളതാക്കുമെന്നും പ്രസംഗിക്കുന്നത്. 

പെട്ടെന്നാണു എന്തോ കലപിലശബ്ദത്തോടെ പുല്ലു ചെത്തി വിറ്റ് അന്നം കഴിക്കുന്ന അമ്മിണി നിന്നിടത്ത് തന്നെ തല കറങ്ങി വീണത്. ദേവസിച്ചായനെ ശ്രവിച്ച് കൈ കൂപ്പി നില്‍ക്കുകയായിരുന്നു അച്ചായന്റെ പ്രാര്‍ത്ഥനാഗ്രൂപ്പിലെ പ്രധാന അംഗമായ അമ്മിണി. രാവിലെ തോട്ടിന്‍ കരകളിലും പാടങ്ങളിലും വളരുന്ന പുല്ല് ചെത്തി കെട്ടുകളാക്കി ആടും പശുവുള്ള ഗ്രാമീണരുടെ വീടുകളിലെത്തിച്ച് വിറ്റ് പണമാക്കി തിരിച്ചു വരുന്ന വഴിയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള മെഴുകുതിരിയും ചന്ദനത്തിരിയും വാങ്ങിക്കൊണ്ടു വരുന്ന അമ്മിണി. പ്രാര്‍ത്ഥന കഴിയുമ്പോള്‍ കുടിക്കാനുള്ള കട്ടന്‍ കാപ്പിയുണ്ടാക്കി അത് ഗ്ലാസ്സുകളില്‍ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി കുടിപ്പിച്ചശേഷം ഗ്ലാസുകള്‍ കഴുകി തുടച്ച് ദേവസിച്ചായന്റെ അലമാരയില്‍ അടുക്കിവയ്ക്കുന്ന അമ്മിണി. ദേവസിച്ചായന്റെ ഭാര്യ മേരിക്കുട്ടിയെ ഇതൊന്നും ചെയ്യാന്‍ സമ്മതിക്കാത്ത അമ്മിണി. ദൈവപ്രവര്‍ത്തിയില്‍ പങ്കെടുക്കുന്നവരെ ശുശ്രൂഷിക്കുന്നത് ദൈവകൃപ കൂടുതല്‍ ലഭിക്കുന്ന പ്രവര്‍ത്തികളാണതെന്ന് ദേവസിച്ചായന്‍ പറഞ്ഞ് അമ്മിണിക്കറിയാം. ആ അമ്മിണിയാണു ദേവസിച്ചായന്റെ പ്രസംഗം കേട്ടു നില്‍ക്കുന്നതിനിടെ തല കറങ്ങി താഴെ വീണത്.

താഴെ വീണ അമ്മിണി അല്പനേരം ഒന്നു പിടഞ്ഞു. ചുറ്റും നിന്ന ആളുകള്‍ പേടിച്ച് വാ പിളര്‍ന്നു നിന്നു. കൂടെ നിന്ന പെണ്ണുങ്ങള്‍ അമ്മിണിയെ തറയില്‍ നേരെ കിടത്തി. ഇതിനിടെ കടകളില്‍ ചരക്കുകള്‍ വാങ്ങാന്‍ നിന്ന പലരും ഓടിക്കൂടി. മുച്ചീട്ടുകളിക്കാരനും സര്‍ക്കസുകളിക്കാരനും ചുറ്റും നിന്നവര്‍ക്ക് പുതിയതൊന്ന് വീണുകിട്ടിയപ്പോള്‍ അവര്‍ കളിയും സര്‍ക്കസ്സും മറന്ന് അമ്മിണിയ്ക്ക് ചുറ്റും കൂടി. കൂടിയവരില്‍ ഒരാള്‍ അമ്മിണിയുടെ മൂക്കിനു താഴെ കൈ വച്ചുനോക്കി 'മരിച്ചിട്ടില്ല.. ശ്വസിക്കുന്നുണ്ട്' എന്നു പറഞ്ഞു. വേറൊരുവന്‍ അമ്മിണിയുടെ ഉയര്‍ന്നു നില്‍ക്കുന്ന മാറില്‍ ചെവി ചേര്‍ത്ത് വച്ച് ഹൃദയമിടിപ്പളന്നു. അവനെ പിടിച്ചു മാറ്റി വേറെ ആരോ ഹൃദയമിടിപ്പ് നോക്കാന്‍ തുനിഞ്ഞപ്പോളാണു ദേവസിച്ചായന്‍ ഉറക്കെ സ്‌തോത്രം ചൊല്ലി മണ്‍കൂനയില്‍ നിന്ന് താഴെയിറങ്ങുന്നത്. 

അമ്മിണിക്ക് ചുറ്റും ജനം കൂടിക്കൊണ്ടേയിരുന്നു. ഒരു സഹജീവിക്ക് ആപത്തുപിണയുമ്പോള്‍ എല്ലാ മൃഗങ്ങളും അതിനു ചുറ്റും കൂടുന്നത് മൃഗസഹജമാണ്. 

'കര്‍ത്താവിനു സ്‌തോത്രം. എല്ലാവരും മാറിനില്‍ക്ക്' ദേവസിച്ചായന്‍ ആളുകളെ വകഞ്ഞുമാറ്റി മുന്നോട്ടു വന്നു. 

'നമുക്ക് മമ്മദ് ഡാക്കിട്ടറെ വിളിക്കാം' ആരോ അഭിപ്രായപ്പെട്ടു. അങ്ങാടിയില്‍ അരിക്കച്ചവടം നടത്തുന്ന കാദിറിക്കായുടെ മകന്‍ ഫിറോസ് മുഹമ്മദ് എം.ബി.ബി.എസ്സും കഴിഞ്ഞ് പട്ടണത്തിലെ ആശുപത്രിയിലെ ഡോക്ടറാണെങ്കിലും നാട്ടുകാര്‍ക്ക് അയാള്‍ ഇപ്പോഴും പഴയ മമ്മദ് തന്നെ.

ഡോക്ടറെ വിളിക്കാന്‍ അഭിപ്രായപ്പെട്ടന്റെ നേരെ ദേവസിച്ചായന്‍ തറപ്പിച്ചൊന്നു നോക്കി. 

'മരിച്ച് കല്ലറയിലടക്കിയ ലാസറിനെ ഉയിര്‍പ്പിച്ച ദൈവത്തെ നീ പരീക്ഷിക്കരുത്. വിശ്വാസത്തോടെ മലയോട് മാറി നില്‍ക്കാന്‍ പറഞ്ഞാല്‍, മല പോലും നിനിക്കുവേണ്ടി മാറി നില്‍ക്കുമെന്ന് വേദപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് നിനക്കറിവില്ലയോ?' 

അറിയാമെന്നോ അറിയില്ലെന്നോ ജനം പറഞ്ഞില്ല. അവര്‍ക്ക് വീണു കിടക്കുന്ന അമ്മിണിയാണു വലുത്. ഗ്രാമങ്ങളില്‍ അതങ്ങനെയാണ്. അവിടെ ഒരാളുടെ സുഖവും ദുഖവും എല്ലാവരുടേതുമാണ്. 

ദേവസിച്ചായന്‍ അമ്മിണിയുടെ അരികില്‍ മുട്ടുകുത്തിയിരുന്നു. അമ്മിണിയുടെ അലങ്കോലമായ മുടി തലയ്ക്ക് മുകളിലേയ്ക്ക് ഒതുക്കി മാറ്റി നെറ്റിയില്‍ വലതു കൈയുടെ തള്ളവിരല്‍ കൊണ്ട് കുരിശു വരച്ചു. പിന്നെ കയ്യിലിരുന്ന പുസ്തകത്തില്‍ ചുണ്ടുകള്‍ ചേര്‍ത്ത് കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് കൈകള്‍ വിരിച്ച് ഉറക്കെ പറഞ്ഞു 'ഹല്ലേലുയ... ഹല്ലേലുയ'

ചുറ്റും നിന്ന ജനം ഒന്നടങ്കം ആര്‍ത്തുചൊല്ലി 'ഹല്ലേലുയ... ഹല്ലേലുയ'. ഏറ്റു ചൊല്ലിയ ജനത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമുണ്ടായിരുന്നു. ഏറ്റു പറയുന്നത് ആരുടെ പ്രാര്‍ത്ഥനയാണെന്ന് അപ്പോഴാരും അന്തിച്ചര്‍ച്ച 
നടത്തിയില്ല.  അമ്മിണിയ്ക്ക് അപകടം പിണയരുത്. അവള്‍ എണീറ്റ് പഴയപോലെ പുല്ലുചെത്തുകയും വില്‍ക്കുകയും തിരികള്‍ വാങ്ങുകയും പ്രാര്‍ത്ഥനാഗ്രൂപ്പില്‍ കട്ടന്‍ കാപ്പി വിളമ്പുകയും ഗ്‌ളാസ്സുകള്‍ കഴുകി അടുക്കി വയ്ക്കുകയും വേണം. ഇപ്പോഴത് ആ നാടിന്റെ ആവശ്യമായി മാറിയതിനാല്‍ ജനം ഒന്നടങ്കം ഉച്ചത്തില്‍ ദേവസിച്ചായന്‍ പറഞ്ഞത് വീണ്ടും വീണ്ടും ഉറക്കെ ചൊല്ലി 'ഹല്ലേലുയ... ഹല്ലേലുയ'...

ആരോ കൊണ്ടുവന്ന വെള്ളം ദേവസിച്ചായന്‍ അമ്മിണിയുടെ മുഖത്ത് തെളിച്ച് ജനങ്ങളോട് വീണ്ടും ഉറക്കെ ഹല്ലേലുയ ചൊല്ലാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അമ്മിണിയുടെ മൂക്ക് വിറയ്ക്കുന്നതും കവിളിലെ തുടുപ്പ് അനങ്ങുന്നതും കണ്ട ജനം വീണ്ടും ആര്‍ത്തുവിളിച്ചു. 'ഹല്ലേലുയ... ഹല്ലേലുയ'...

അമ്മിണി പതുക്കെ ചുണ്ടു പിളര്‍ത്തി കീഴ്ചുണ്ടിനു താഴെ പറ്റിപ്പിടിച്ച വെള്ളം നാക്കുകൊണ്ട് തിരഞ്ഞു പിടിച്ചു. ദേവസിച്ചായന്‍ കുറച്ചുകൂടി വെള്ളം വായിലിറ്റിച്ചുകൊടുത്തുകൊണ്ട് അമ്മിണിയെ പേരു ചൊല്ലി വിളിച്ചു. അച്ചായന്റെ വിളി കേട്ട് അമ്മിണി പതുക്കെ കണ്ണുതുറക്കുന്നത് കണ്ട് അവിശ്വസനീയമായ മുഖഭാവത്തോടെ ജനം സ്തംഭിച്ചുനിന്നു. അമ്മിണിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും കാരണമായതില്‍ അവര്‍ അഭിമാനം കൊണ്ടു.

'നീ വീട്ടിലേയ്ക്ക് പൊയ്‌ക്കോളൂ' എണീറ്റു നിന്ന അമ്മിണിയോട് ഏറ്റവും ശ്രദ്ധയേറിയ ഒരു വൈദ്യരെപ്പോലെ ദേവസിച്ചായന്‍ അലിവോടെ പറഞ്ഞു. 'നിന്റെ പ്രാര്‍ത്ഥനകളാണു നിന്നെ കാത്തത്. നീ തിരികള്‍ വാങ്ങിയതും കത്തിച്ചതും വിശ്വാസികള്‍ക്ക് അന്നം വിളമ്പിയതും വെറുതെയായില്ല.' അയാള്‍ ദൈവത്തെ സ്തുതിച്ചു.

അമ്മിണി പതുക്കെ സ്വന്തം കൂരയിലേയ്ക്ക് മറ്റ് രണ്ട് സ്ത്രീകളോടൊപ്പം യാത്രയായപ്പോള്‍ ദേവസിച്ചായന്‍ തിരിഞ്ഞ് ജനത്തോട് പറഞ്ഞു. 

''പാപികളേ പരിതപിക്കുവിന്‍! നിങ്ങള്‍ക്കുള്ള നരകം ആസന്നമായിരിക്കുന്നു.' 

ജനങ്ങള്‍ അപ്പോഴേയ്ക്കും പിരിഞ്ഞുതുടങ്ങിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും അവരെ കുറേ നേരത്തേയ്ക്ക് 
പിടിച്ചുനിര്‍ത്താന്‍ വിഷമമാണ്. രാത്രിയ്ക്കും നാളേയ്ക്കും വച്ചുണ്ടാക്കുവാനുള്ള അരിയും മലക്കറികളും വാങ്ങാനും താഴെക്കടവില്‍ പോയി ചാരായം മോന്താനും ഇനി ഇന്ന് അധികം സമയമില്ല. ജനത്തിനു പിരിഞ്ഞുപോയേ പറ്റു. അന്നത്തെ തീറ്റയും കുടിയും കഴിയും വരെ നരകത്തെപ്പറ്റി ആലോചിക്കാന്‍ അവര്‍ക്കാവില്ല. എങ്കിലും പലരുടേയും ഹൃദയങ്ങളില്‍ പാപം പഴുത്ത് നരകത്തീയില്‍ വെന്തുരുകുമെന്ന ഭയം മൂലം പരിതപിയ്ക്കുവാനുള്ള മനസ്സ് തയ്യാറാകുന്നതില്‍ ദേവസിച്ചായന്‍ അഭിമാനം കൊണ്ടു.

ജനം പിരിഞ്ഞുപോയിട്ടും  കൂടെ നിന്ന രണ്ടുമൂന്നു പേരോട് വേദവാക്യം പറഞ്ഞുകൊണ്ടിരുന്നപ്പോഴാണു ദേവസിച്ചായന്റെ പോക്കറ്റില്‍ നിന്ന് യേശുദാസിന്റെ ഭക്തിഗാനം ഒഴുകി വന്നത്. പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് നോക്കി മുന്‍പില്‍ നില്‍ക്കുന്നവരോട് ചിരിച്ചുകൊണ്ട് ദേവസിച്ചായന്‍ പറഞ്ഞു 'മേരിയാ..'

'ആ.. എന്താടീ..' അച്ചായന്‍ ഭാര്യയോട് കുശലം ചോദിച്ചു.

'എടോ മനുഷേനേ.. നിങ്ങളെവിടെയാ?' മേരി അലപ്ം ദേഷ്യത്തിലാണെന്ന് കണ്ട ദേവസിച്ചായന്‍ പഞ്ചായത്ത് കിണറിന്റെ അരികിലേയ്ക്ക് നടന്നു. 'ഞാന്‍ അങ്ങാടിയിലുണ്ടെടീ.. ഇന്ന് അമ്മിണി കുഴഞ്ഞുവീണു. എല്ലാവരുടേം പ്രാര്‍ത്ഥനകൊണ്ട് എണീറ്റു.'

'നിങ്ങളവടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നോ. മോള്‍ക്ക് പനി കൂടുതലാണെന്ന് ഞാന്‍ പറഞ്ഞതല്ലേ. മൂന്നാമത്തെ ദിവസമാ ഇന്ന്. അവളുടെ മേലു വിറക്കണുണ്ട്. ഇനിം ഇങ്ങനെ വച്ചോണ്ടിരിക്കാന്‍ പറ്റില്ല' മേരി അല്പം കടുപ്പിച്ചു തന്നെയാണ്. 

മകള്‍ ആനിമ്മയ്ക്ക് പനി തുടങ്ങിയിട്ട് ദിവസം മൂന്നായി. ചൂടുള്ള കാപ്പിയും ഉണങ്ങിയ റൊട്ടിയും പട്ടണത്തില്‍ നിന്ന് വാങ്ങിയ പാരസിറ്റാമോളും ആറുമണിക്കൂറു കൂടുമ്പോള്‍ പ്രാര്‍ത്ഥനയും കൊടുത്തിട്ടും പനിക്കൊരു ശമനവും ഇല്ല. ഇന്നലെ മേലുവേദന അസഹ്യമായിരുന്നു. ഇന്നിതാ ശരീരം വിറച്ചുതുടങ്ങി. നാടുനീളെ ചിക്കന്‍ ഗുനിയയും എലിപ്പനിയും. കുറേപ്പെര്‍ക്ക് തക്കാളിപ്പനിയും വൈറസിന്റെ മറ്റ് അസുഖങ്ങളും. ഇതില്‍ ഏതാണു ആനിമ്മയ്ക്ക് എന്ന് ഇപ്പോഴും 
മനസ്സിലായിട്ടില്ല.  ഇനി വേറെ വല്ലതും? പൊന്നു പോലെ സ്‌നേഹിക്കുന്ന മകളുടെ അവസ്ഥ ഓര്‍ത്തപ്പോള്‍ ദേവസിച്ചായന്‍ നിന്നിടത്ത് നിന്ന് വിറയ്ക്കുകയും അയാളുടെ കണ്ണില്‍ മഴക്കാറു കീറുകയും ചെയ്തു.

'അച്ചായന്‍ കേക്കണുണ്ടോ... ഞാന്‍ മമ്മദ് ഡോക്ടറെ വിളിച്ചപ്പോ പട്ടണത്തില്‍ കൊണ്ടുപോകാനാ പറഞ്ഞെ' മേരി ദേവസിച്ചായന്‍ അറിയാതെ ഡോക്ടറെ വിളിച്ച കാര്യം പറഞ്ഞു.

'നീ എന്തിനാ ഡോക്ടറെ വിളിച്ചേ..' ദേവസിച്ചായന്‍ അനിഷ്ടം പ്രകടമാക്കി.

'അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിക്കണ്ടെ. അച്ചായന്‍ ഒരു ഓട്ടോ വിളിച്ച് വേഗം വാ. നമുക്ക് ആ ഓട്ടോയില്‍ തന്നെ മോളേം കൊണ്ട് ആശുപത്രീല്‍ പോകാം' മേരി മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

ദേവസിച്ചായന്‍ അല്പനേരം ചിന്തയിലാണ്ടു. കൊഴിഞ്ഞു വീണ ഇല പോലെ തളര്‍ന്നു കിടക്കുന്ന മകളുടെ മുഖത്തിന്റെ ഓര്‍മ്മ അയാളെ തളര്‍ത്തി. അയാള്‍ അല്പം അകലെ കിടന്ന പൊന്നപ്പന്റെ ഓട്ടോറിക്ഷയെ ഒരു കൈ ഉയര്‍ത്തി മാടി വിളിച്ച് ഭാര്യയോട് മകളെ മുഖം കഴുകിച്ച് ഡ്രെസ്സ് മാറ്റി നിറുത്തുവാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ട് ഉറക്കെ പ്രാര്‍ത്ഥിച്ചു 'ഹല്ലേലുയ... ഹല്ലേലുയ'.
***
ഒരു സുവിശേഷകന്റെ ജനനം (കഥ:  - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക