Image

ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)

Published on 24 February, 2021
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)

see also: ഇ.എം.സി.സി.: ഫോമാ നേതൃത്വം പറയുന്നത് (ഫെബ്രുവരി 23)

ഇത് യാത്രകളുടെ കാലം 

രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ജാഥകളുടെ പ്രളയമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സ്ഥിരം കേരള പര്യടനങ്ങള്‍. മൂന്ന് മുന്നണി നേതാക്കളും തെക്ക് വടക്ക് യാത്രയിലാണ്. പോരാത്തതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലെല്ലാം അദാലത്തും സംവാദങ്ങളുമായി വേറെയും. കാര്യമായ ഒരു ഗുണവും യാത്രകള്‍കൊണ്ട് ഉണ്ടായിട്ടില്ല. രാഷ്ട്രീയ വിശദീരണ ജാഥ എന്നതിനപ്പുറം കേരളത്തിലെ ജനത്തിന്റെ പള്‍സ് അളക്കുന്ന ജാഥ കേരളത്തില്‍ സമീപകാലത്തെങ്ങും നടന്നിട്ടില്ല എന്നും പറയാം. വലിയ ഓളങ്ങളൊന്നും തന്നെ മുന്നണിക്കകത്ത് പോലും ഉണ്ടാക്കാതെയാണ് എല്‍ഡിഎഫിന്റെ രണ്ട് മേഖല ജാഥകളും കടന്ന് പോയത്. 

ബിജെപിയുടെ വിജയയാത്ര പാതിയില്‍ എത്തുന്നതേയുള്ളു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ശഖുമുഖം കടപ്പുറത്ത് സമാപിച്ചും കഴിഞ്ഞു. ജോസ് കെ മാണിയും ശശീന്ദ്രനുമൊക്കെ പ്രാദേശിക തലത്തില്‍ മാര്‍ച്ചും വിശദീകരണവുമെല്ലാം നല്‍കി ചിലവ് ചുരുക്കലിലാണ്. സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരേയുമെല്ല്ാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കലാണ് പൊതുവേ യാത്രയിലുടനീളം അരങ്ങേറാറ്. പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും യാത്രകള്‍ മുന്നേറിയത്. പക്ഷെ മറ്റ് എല്ലാ യാത്രകളുടേയും അജണ്ട തെറ്റിച്ചാണ് ഇത്തവണ ഒരു പര്യടനം അവസാനിച്ചത്. മറ്റാരുടേയുമല്ല, രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര.

ശബരിമല എന്ന ലോക്‌സഭയിലെ തുറുപ്പുശീട്ട് ഇറക്കിയാണ് ഐശ്വര്യകേരള യാത്ര ആരംഭിച്ചത്. ആദ്യദിവസങ്ങളിലെല്ലാം ശബരിമലയെന്ന ചൂണ്ടയെറിഞ്ഞ് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്രയില്‍ പക്ഷെ കൊത്തേണ്ടെന്ന് സിപിഎമ്മും ഇടതുമുന്നണിയും തീരുമാനിച്ചു. അതോടെ ആ നമ്പര്‍ ചീറ്റിപോയി. പിന്നെ നനഞ്ഞ പടക്കമായി യാത്ര തുടരുമ്പോളാണ് ലീഗിനേയും തങ്ങൾ  കുടുംബത്തേയും കേറി സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയായ എ വിജയരാഘവന്‍ ചൊറിഞ്ഞത്. മലബാര്‍ മേഖലയിലൂടെ കടന്നുപോകുമ്പോള്‍ വിജയരാഘവന്‍ നല്‍കിയ ആ വടി ശരിക്കും എടുത്ത് യുഡിഎഫ് പ്രയോഗിച്ചു. 

വടികൊടുത്ത് അടി ഇരന്ന് വാങ്ങിയ വിജയരാഘവന് പലകുറി പറഞ്ഞത് തിരിച്ചും മറിച്ചുമെല്ലാം പറഞ്ഞ് കുളമാക്കി ചളമാക്കേണ്ടി വന്നു. വിജയരാഘവന്‍ പിന്നെയും ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പ്രസംഗിച്ച് വിവാദമുണ്ടാക്കിയത് പിന്നെയും യുഡിഎഫിന് വളവും എല്‍ഡിഎഫിന് ക്ഷീണവുമായി. ആദ്യമായി ഒരു തിരഞ്ഞെടുപ്പ് ജാഥയുടെ ക്യാപ്റ്റന്‍ ആയതുകൊണ്ടായിരിക്കണം വിജയരാഘവൻ  വിടുവായിത്തവും വിഢിത്തവും വിളമ്പുന്ന പതിവ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നത്. ലോക്‌സഭയില്‍ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം ചെയ്ത ക്ഷീണം ഇപ്പോഴും പാര്ട്ടിക്ക് തീര്‍ന്നിട്ടില്ല. അപ്പോളാണ് ഭരണതുടര്‍ച്ചയ്്ക്ക് സാധ്യതയുണ്ടെന്നിരിക്കെ അതില്ലാതാക്കിയേക്കാവുന്ന തരത്തില്‍ വിജയരാഘവന്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷെ യഥാര്‍ത്ഥ ട്വിസ്റ്റ് ദൃശ്യം 2 സിനിമയിലെ പോലെ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

ആഴക്കടലിന്റെ  വരവ് 

ഐശ്വര്യകേരള യാത്ര ഏതാണ്ട് കൊല്ലത്തേക്ക് അടുത്തപ്പോഴായിരുന്നു രമേശ് ചെന്നിത്തല ജോര്‍ജ്കുട്ടിയായി ട്വിസ്റ്റ് ഇട്ടത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടുവെന്ന അതിശക്തമായ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. വെറും ആരോപണമായിരുന്നില്ല, മറിച്ച് നിക്ഷേപകസംഗമമായ അസന്റില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പും ചെന്നിത്തല പുറത്തുവിട്ടു. ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, പിന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ പ്രതികൂട്ടില്‍ നിര്‍ത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം. 5000 കോടിയുടെ ധാരണാപത്രമാണ് ഇതിനായി സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ്  ലിമിറ്റഡും തമ്മില്‍ ഒപ്പിടതെന്നായിരുന്നു ആരോപണം. 

കേരളത്തിലെ മത്സ്യതൊഴിലാളികളെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണ് കരാര്‍. കേരളത്തിന്റെ തീരം ആഴക്കടല്‍ മത്സ്യബന്ധനത്തിനായി  അമേരിക്കന്‍ കമ്പനിക്ക് തീറെഴുതികൊടുക്കുന്നുവെന്നത് പ്രത്യക്ഷത്തില്‍ തന്നെ മനസിലാക്കാവുന്ന ഒന്നായാണ് ചെന്നിത്തല സംഭവത്ത അവതരിപ്പിച്ചത്. ഇത്രയും കാലം ചെന്നിത്തല ഉന്നയിച്ചിരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വലിയ ചലനവും കോളിളക്കവും ഇത്തവണത്തെ ആരോപണം സൃഷ്ടിച്ചു. ഒന്നിനുപുറകെ ഒന്നായി കൂടുതല്‍ രേഖകളും മറ്റ് കരാറുകളുമെല്ലാം ചെന്നിത്തല ഓരോ ദിവസവും വെളിച്ചത്തുകൊണ്ടുവന്നു.

പുറത്തു വിട്ട രേഖകൾ 

എന്താണ് ഈ അമേരിക്കന്‍ പദ്ധതിക്ക് പിന്നിലെന്ന് ആദ്യം പരിശോധിക്കാം. ചെന്നിത്തല പുറത്തുവിട്ട ആദ്യത്തെ രേഖയില്‍ നിന്നാവാം തുടക്കം. ഇഎംസിസി എന്ന കമ്പനി വ്യവസായമന്ത്രി ഇ പി ജയരാജന് ഫെബ്രുവരി 11 ന് ല്‍കിയ നിവേദനാണ് ഒന്നാമത്തേത്. നിവേദനത്തിന്റെ അല്ലങ്കില്‍ കത്തിന്റെ സബ്ജക്ട് ലൈനില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സര്‍ക്കാരും പ്രസ്തുത കമ്പനിയും അസന്‌റ് 2020 ല്‍ വെച്ച് ഒപ്പിട്ട ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കണമെന്നായിരുന്നു ഉള്ളടക്കം. 

ഇതില്‍ സൂചകങ്ങളായി പറഞ്ഞിരിക്കുന്ന ആദ്യ മൂന്ന് കാര്യങ്ങളാണ്് വിവാദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. ഒന്ന്, 2018 ല്‍ ഭേദഗതി വരുത്തിയ സംസ്ഥാനത്തിന്റെ മത്സ്യനയത്തിലെ ക്ലോസ് 2.9, രണ്ട്, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച്ച, മൂന്ന്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലുമായി 2019 ജൂലൈയില്‍ നടത്തിയ കൂടിക്കാഴ്ച്ച. 

ഇവയ്ക്ക് പിന്നാലെ ഇഎംസിസി സര്‍ക്കാരുമായും പൊതുമേഖലസ്ഥാപനങ്ങളുമായുമെല്ലാം ഏര്‍പ്പെട്ടിട്ടുള്ള മറ്റ് കാരറുകളേയും കൂടിക്കാഴ്ച്ചകളേയുമെല്ലാം വിശദീകരിക്കുന്നുണ്ട്. കെഎസ്‌ഐഡിസി പദ്ധതിയുടെ നടത്തിപ്പിനായി പള്ളിപ്പുറത്ത് 4 ഏക്കര്‍ ഭൂമി അനുവദിച്ചതും  കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായി (കെ.എസ്.ഐ.എന്‍.സി) യാനം നിര്‍മിക്കാന്‍ 2950 കോടിയുടെ കരാറിലേര്‍പ്പെട്ടതുമെല്ലാം വിശദമാക്കുന്നുണ്ട്. 

750  മില്യൺ ഡോളറിന്റെ പദ്ധതി 

കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധന രംഗം ലക്ഷ്യമിട്ട് 750 മില്യൺ  ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും മന്ത്രിക്ക് കൈമാറിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു. 5000 കോടിയുടെ പദ്ധതി നടത്തിപ്പിന്റെ കോണ്‍സെപ്റ്റ് നോട്ട് ഫിഷറീസ് സെക്രട്ടറിക്ക് കൈമാറിയതായും കമ്പനി വ്യക്തമാക്കുന്നു. 20000 തൊഴിലവസരങ്ങള്‍ നേരിട്ടും 5000 തൊഴിലവസരങ്ങള്‍ പരോക്ഷമായും വാഗ്ദാനം  ചെയ്യുന്ന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ 1,60,000 മത്സ്യതൊഴിലാളികള്‍ക്ക് പരിശീലനം ന്ല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വലിയ സാധ്യതകളുള്ള പദ്ധതിയ്ക്ക് വേഗത്തില്‍ വേണ്ട അനുമതി ലഭിക്കാന്‍ മറ്റ് വകുപ്പുകളോട് നിര്‍ദേശിക്കാനും വ്യവസായമന്ത്രിക്ക് കൈമാറിയ നിവേദനത്തിലുണ്ട്.

കേരളത്തിലെ മത്സ്യനയത്തില്‍ 2018 ല്‍ മാറ്റം വരുത്തിയത് ഈ അമേരിക്കന്‍ കമ്പനിക്ക് വേണ്ടിയാണെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മത്സ്യതൊഴിലാളികളെ പൂര്‍ണമായും വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മറുപടിയുമായി ആദ്യം രംഗത്തെത്തിയ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയാണ്. ഇത്തരത്തിലൊരു പദ്ധതിയില്ലെന്നും കള്ള ആരോപണമാണെന്നും മേഴ്‌സികുട്ടിയമ്മ പ്രതികരിച്ചു. മാത്രവുമല്ല, ഇഎംസിസി കമ്പനിക്കാരുമായി താന്‍ അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം പിന്നിലെന്ന് മേഴ്‌സികുട്ടിയമ്മ ആരോപിക്കുകയും ചെയ്തു. 

പിറ്റേദിവസം മേഴ്‌സികുട്ടിയമ്മയും ഇഎംസിസി അധികൃതരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ചിത്രം ചെന്നിത്തല പുറത്തുവിട്ടതോടെ മന്ത്രി കൂടുതല്‍ പ്രതിസന്ധിയിലായി. വ്യവസായമന്ത്രി ഇപി ജയരാജനെതിരേയും കടുത്ത ആരോപണവും ചെന്നിത്തല ഉന്നയിച്ചു. മന്ത്രിയെ കാണാന്‍ പലരും വരുമെന്നും  അതിനര്‍ത്ഥം അഴിമതി നടത്തിയെന്നല്ലെന്നും പറഞ്ഞ മേഴ്‌സികുട്ടിയമ്മ ചെന്നിത്തലയേയും അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിനെതിരേയും രൂക്ഷമായി കടന്നാക്രമിച്ചു. ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് മേഴ്‌സികുട്ടിയമ്മ പരാതിയും നല്‍കി. 

അന്ന് വൈകുന്നേരം തന്നെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ചെന്നിത്തലയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞു. മന്ത്രിക്ക് നല്‍കിയ നിവേദനമാണ് ധാരണപത്രമെന്ന നിലയില്‍ ചെന്നിത്തല പുറത്തുവിട്ടതെന്നും അല്ലാതെ മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ചെയ്യില്ലെന്നും പ്രസ്താവിച്ചു. അത്തരത്തില്‍ ഒരു കമ്പനിയുമായും ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ യാതൊരുവിധ കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി അസനിഗ്ധമായി പറഞ്ഞു. ഒപ്പം കെഎസ്‌ഐഎന്‍സിയുമായി ഇഎംസിസി യാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ ഉണ്ടാക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും പ്രസ്താവിച്ചു. കരാര്‍ ഉണ്ടാക്കിയാല്‍ തന്നെ നടപ്പാക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ പരിഗണിക്കുവെന്നും അപ്പോള്‍ നോക്കാമെന്നുമായിരുന്നു ഫെബ്രുവരി 20 ന് വൈകുന്നേരം പിണറായി വിജയന്‍ പറഞ്ഞുവെച്ചത്. മാത്രവുമല്ല രേഖകളൊന്നുമില്ലാതെ നിവദേനമാണ് രേഖയെന്ന് പറയുന്ന ചെന്നിത്തല ആളുകളെ  തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

ചെന്നിത്തല സ്‌കോർ ചെയ്തു 

തൊട്ടുപിറ്റേന്ന് തന്നെ മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി ഇല്ലെന്ന് പറഞ്ഞ രേഖകളുമായാണ് എത്തിയത്. ഒന്ന് കെഎസ്‌ഐഎന്‍സിയുമായി ഇഎംസിസി ഉണ്ടാക്കിയ കരാറും മറ്റൊന്ന് പള്ളിപ്പുറത്ത് കമ്പനിക്ക് കെഎസ്‌ഐഡിസി  4 ഏക്കര്‍ ഭൂമി നൽകാനുള്ള  രേഖയും. ഇല്ലാത്ത പദ്ധതിക്ക് എങ്ങനെയാണ് ഭൂമി കൈമാറിയതെന്ന ചോദ്യവും ചെന്നിത്തല ചോദിച്ചു. ഒപ്പം കെഎസ്‌ഐഎന്‍സിയുമായി ഉണ്ടാക്കിയ കരാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നുണ്ട് എന്നതിന്റൈ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും വിയര്‍പ്പൊഴുക്കുന്നതാണ് പിന്നീട് കണ്ടത്. ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ കരാറുകള്‍ ഒന്നൊന്നായി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. കെഎസ്‌ഐഎന്‍സിയുമായി ഉള്ള കരാറടക്കം റദ്ദാക്കി. ചക്കിന് വെച്ചത് കൊക്കിനുകൊണ്ടു എന്ന് പറഞ്ഞത്‌പോലെയായി പിന്നെ കാര്യങ്ങള്‍.  കെഎസ്‌ഐഎന്‍സിയുമായി യാനം നിര്‍മിക്കാന്‍ ഉണ്ടാക്കിയ 2950 രൂപയുടെ കരാര്‍ റദ്ദാക്കപ്പെട്ടത് പൊതുമേഖല സ്ഥാപനമായ  കെഎസ്‌ഐഎന്‍സിക്ക് ക്ഷീണമാണ്. സര്‍ക്കാര്‍ പരസ്യത്തില്‍ പോലും  കെഎസ്‌ഐഎന്‍സിയുടെ വളര്‍ച്ച ഈ സര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തികാണിക്കുമ്പോളാണ് ഇത്. ഇതിനിടെ മത്സ്യതൊഴിലാളികളും ലത്തീന്‍ സഭയുമെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞത് ഇടതുപക്ഷത്തിന് വലിയ ക്ഷീണം ചെയ്തു. പ്രത്യക്ഷ സമരത്തിന് തന്നെ ഇതിനോടകം ഇരു വിഭാഗവും തയ്യാറായി കഴിഞ്ഞു.

കെഎസ്‌ഐഎന്‍സിയുമായി ഇഎംസിസി കരാറില്‍ ഏര്‍പ്പെട്ടത് ട്രോളര്‍ നിര്‍മിക്കാന്‍ ആണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് വേണ്ടി മത്സ്യബന്ധന യാനങ്ങളും ബാര്‍ജുകളും വിജയകരമായി നിര്‍മിക്കുന്ന സ്ഥാപനം എന്നനിലയിലാണ് ഈ കരാറും  കെഎസ്‌ഐഎന്‍സിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് അസന്റില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയെന്ന പറയുന്ന ധാരണാപത്രവും സ്വാഭാവികമായും വഴിവെച്ചുകാണും. സര്‍ക്കാരിന്റെ കീഴിലെ ഒരു പൊതുമഖല സ്ഥാപനത്തിന് ഇത്തരത്തില്‍ ഒരു വലിയ കരാര്‍ ലഭിക്കുന്നത് ഗുണം ചെയ്യുന്നത് സര്‍ക്കാരിന് തന്നെയാണ്. 

ധാരണപ്രകാരം 5 മദര്‍ വെസലുകളും 400 ചെറു യാനങ്ങളുമാണ്  കെഎസ്‌ഐഎന്‍സി നിര്‍മിച്ചുകൊടുക്കേണ്ടത്. ഇതിനായുള്ള കരാറില്‍ ഒപ്പിട്ടെങ്കിലും അ്ഡ്വാന്‍സ് തുകയൊന്നും തന്നെ ഇഎംസിസി ഒടുക്കിയിട്ടില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അടക്കമുള്ള വലിയ കപ്പല്‍ നിര്‍മാണശാലകള്‍ കൊച്ചിയിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം ഉള്ളപ്പോളാണ്  കെഎസ്‌ഐഎന്‍സിസിക്ക് കരാര്‍ ലഭിച്ചത്. ഇത്തരത്തില്‍ യാനം നിര്‍മിച്ചുകൊടുക്കാന്‍ മാത്രമാണ്  കെഎസ്‌ഐഎന്‍സിക്ക് ഉത്തരവാദിത്വമുള്ളു. ഈ യാനങ്ങള്‍ എവിടെ സര്‍വ്വീസ് നടത്തുന്നുവെന്നത് സ്വാഭാവികമായും നിര്‍മാതാക്കളുടെ അധികാരപരിധിയില്‍ വരുന്നതല്ല. അതിനുള്ള ലൈസന്‍സ് നല്‍കേണ്ടത് സര്‍ക്കാരാണ് എന്നിരിക്കെയാണ് ഈ കരാറിനെതിരെ പ്രതിപക്ഷവും പിന്നെ സര്‍ക്കാരും തിരിഞ്ഞത്. പിണറായി സര്‍ക്കാര്‍ വലിയ വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടിയ ഒരു പദ്ധതിയാണ് ഇതോടെ റദ്ദായത്. കരാര്‍ റദ്ദാക്കിയതിലെ നിയമപ്രശ്‌നങ്ങള്‍ പിന്നാലെ വരുമോയെന്ന് കാത്തിരുന്നറിയണം.  

കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയാണ് രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സ്യബന്ധന അഴിമതി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ഇടതുപക്ഷത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നതാണ് തീരദേശ വോട്ടുകള്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലടക്കം അത് വ്യക്തമായിരുന്നു. (ശബരിമല മാത്രം ചര്‍ച്ചാവിഷയമാക്കിയ ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമാണ് ഒരു അപവാദം). തീരദേശ മണ്ഡലങ്ങളെല്ലാം തന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കേരളത്തിലെ 50 തീരദേശ മണ്ഡലങ്ങളില്‍ 35 ഉം ഇടത്പക്ഷത്തിനൊപ്പവും 14 എണ്ണം മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ഭാഗികമായി തീരദേശം ഉള്‍പ്പെട്ട നേമം ബിജെപിയേയുമാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തീരപ്രദേശങ്ങളില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.

ഓഖി ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ തീരദേശങ്ങളെ തകര്‍ത്തപ്പോഴും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായിരുന്നുവെന്നത് തന്നെയാണ് ഇതിന് പ്രധാനകാരണം. ഒരുപക്ഷെ ഇടതുപക്ഷത്തെ തളര്‍ത്താന്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായക ശക്തിയായി മാറാന്‍ മത്സ്യമേഖലയിലെ ഇടപെടലുകൊണ്ട് സാധിക്കുമെന്നത് പ്രതിപക്ഷത്തിനറിയാം. അതിനാലാണ് കിട്ടിയ വടി നന്നായി പ്രതിപക്ഷം ഉപയോഗിച്ചത്. ധാരണാപത്രമുണ്ടെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോഴും അതിന്റെ പകര്‍പ്പ് പുറത്തുവിടാനായിട്ടില്ല. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ലത്തീന്‍ സമുദായവും മറ്റ് മത്സ്യതൊഴിലാളി സംഘടനകളും സമരത്തിനിറങ്ങിയതോടെ ഇത് ഏതാണ്ട് ഫലം കാണുകയും ചെയ്തിട്ടുണ്ട്. 

പക്ഷെ പ്രതിപക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ ഊര്‍ജ്ജമെന്നത് സര്‍ക്കാര്‍ തന്നെ കാണിച്ച മണ്ടത്തരങ്ങളാണ്. അഴിമതി ആരോപണം വന്നപ്പോഴെ ആരോപണം നേരിട്ട മന്ത്രിമാരെല്ലാം പകച്ചുപോയി എന്നതാണ് വസ്തുത. ആരോപണം ഉയര്‍ന്നശേഷം മേഴ്സികുട്ടിയമ്മ നടത്തിയ പരാമര്‍ശങ്ങളും പ്രതികരണങ്ങളുമെല്ലാം അ്ക്കാര്യം വ്യക്തമാക്കി. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് പിന്നീട് കണ്ടെന്ന് തിരുത്തി പറയേണ്ടി വന്നു. ആരെയും കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ ക്ലിഫ് ഹൗസിലെത്തി മന്ത്രിയുടെ സാനിധ്യത്തില്‍ കണ്ടെന്ന് ഇഎംസിസി കമ്പനി അധികൃതരുടെ വാദം തന്നെ വെട്ടിലാക്കി. തീരുന്നില്ല, സര്‍ക്കാര്‍ തന്നെ പ്രധാനനേട്ടമായി ഉയര്‍ത്തി കാട്ടുന്ന യാനം നിര്‍മാണത്തിനുള്ള കരാര്‍ ആ വകുപ്പിന്‍രെ മേധാവിയായ മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ചൂണ്ടയില്‍ കൃത്യമായി കൊത്തികൊടുക്കുകയായിരുന്നു. അഴിമതി സംബന്ധിച്ച ചോദ്യത്തോട് വ്യവസായമന്ത്രി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുമ്പോള്‍ കയര്‍ത്തതും വിഷയത്തില്‍ സര്‍ക്കാര്‍ എത്രമാത്രം പ്രതിസന്ധിയിലാണെന്ന് വെളിവാക്കുന്നതായി. യാനം നിര്‍മിക്കാനാണ് കരാര്‍ എന്നും യാനത്തിനുള്ള ലൈസന്‍സ് നല്‍കുന്നത് നിര്‍മിക്കുന്നവരല്ലെന്നുമുള്ള എളിയവിവരം മാത്രം പരഞ്ഞാല്‍ മതിയായിരുന്നു സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ഒരു ആരോപണത്തിന്റെ മുനയൊടിക്കാന്‍.

അഴിമതി സംബന്ധിച്ച ചോദ്യത്തോട് വ്യവസായമന്ത്രി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുമ്പോള്‍ കയര്‍ത്തതും വിഷയത്തില്‍ സര്‍ക്കാര്‍ എത്രമാത്രം പ്രതിസന്ധിയിലാണെന്ന് വെളിവാക്കുന്നതായി. യാനം നിര്‍മിക്കാനാണ് കരാര്‍ എന്നും യാനത്തിനുള്ള ലൈസന്‍സ് നല്‍കുന്നത് നിര്‍മിക്കുന്നവരല്ലെന്നുമുള്ള എളിയവിവരം മാത്രം പറഞ്ഞാല്‍ മതിയായിരുന്നു സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ഒരു ആരോപണത്തിന്റെ മുനയൊടിക്കാന്‍.

പ്രതിപക്ഷത്തിന്റെ ഏറ്റവും മൂര്‍ച്ചയേറിയ, സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ വലിയ ആരോപണമായ ആഴക്കടല്‍ ലൈസന്‍സ് നല്‍കലിലേക്ക് വരാം. അതിന് മുമ്പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് അനുവദിക്കുന്ന പ്രക്രിയകള്‍ സംബന്ധിച്ച്് പരിശോധിക്കാം. 25 മീറ്ററില്‍ താഴെയുള്ള മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷന്‍ മാത്രം മതി. ഇവയ്ക്ക് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. കേരളത്തില്‍ 3950 ഓളം ആഴക്കടല്‍ ബോട്ടുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നാണ് രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. പക്ഷെ പലപ്പോഴും ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷന്‍ എടുത്ത ബോട്ടുകള്‍ അധികാര പരിധിക്ക് പുറത്ത് പോയി മത്സ്യബന്ധനം നടത്തുന്നുണ്ട് എന്നതാണ് വസ്തുത. ഒമാന്‍ തീരം വരെയെല്ലാം പോയി മത്സ്യബന്ധനം നടത്തുന്ന വലിയവിഭാഗവുമുണ്ട്. 25 മീറ്ററിനേക്കാള്‍ വലുപ്പമേറിയ യാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എംഎംഡിയാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. 

മൽസ്യത്തൊഴിലാളികളും ലത്തീൻ സഭയും പിണങ്ങി 

നേരത്തെ കേന്ദ്രത്തിന് കീഴില്‍മാത്രമായിരുന്നു ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് അനുവദിക്കാനുള്ള അവകാശം നിക്ഷിപ്തമായിരുന്നുത് എങ്കില്‍ ഇപ്പോഴത് സംസ്ഥാനങ്ങളും അനുവദിക്കുന്നുണ്ട്. നിയമപ്രകാരം ഇപ്പോഴും പക്ഷെ ലൈസന്‍സ് അനുവദിക്കേണ്ടത് കേന്ദ്രമാണെങ്കിലും വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും മറ്റുമായി സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ആസ്ഥാനമായുള്ള ഇഎംസിസിയുമായി സംസ്ഥാനം ധാരണയിലെത്തിയത്. 

അപ്പോഴും മദര്‍ ഷിപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ല. ചെറിയ ഫിഷിങ് ബോട്ടുകള്‍ക്ക് മാത്രമേ സംസ്ഥാനങ്ങള്‍ ലൈസന്‍സ് അനുവദിക്കുന്നുള്ളുവെന്ന് ചുരുക്കം. ഇത് മുന്‍സര്‍ക്കാരുകളും ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.  ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം ആഴക്കടലില്‍ വലിയ യാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നതാണ്. അമേരിക്കന്‍ കമ്പനിയെന്നത് മാത്രമാണ് ഇതില്‍ ഇടുപക്ഷത്തിന് ദഹിക്കാതെ പോകാവുന്ന ഒന്ന്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് വസ്തുത. മാത്രവുമല്ല ധാരണപത്രങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകും ചെയ്തതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിസന്ധിയിലാണെന്ന് വെളിപ്പെടുകയും ചെയ്തു. ആഭ്യന്തരസെക്രട്ടറി ടികെ ജോസിനാണ് അന്വേഷണത്തിന്റെ ചുമതല.

ഇഎംസിസി വ്യാജകമ്പനിയാണെന്നും ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനത്തെ അറിയിച്ചെന്നുമവകാശപ്പെട്ട് ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ വെറും രാഷ്ട്രീയലക്ഷ്യം വെച്ചാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാണ്. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയിലെ കോണ്‍സുലേറ്റ് നടത്തിയ അന്വേഷണത്തില്‍  കമ്പനി വിശ്വാസയോഗ്യമല്ലെന്ന്  കണ്ടെത്തിയിട്ടും എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ലെന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്ന് മുരളീധരന്റെ വാദത്തെ വ്യവസായ മന്ത്രി തന്നെ നിഷേധിക്കുകയും ചെയ്തു.

ആഴക്കടല്‍ മത്സ്യബന്ധനമെന്നത് എന്തായാലും ഇടത്പക്ഷത്തിനു ക്ഷീണവും വലതുപക്ഷത്തിന് നേട്ടവും ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സഭയുടെ സമരത്തിനും മത്സ്യതൊഴിലാളികളുടെ സമരത്തിനും ഇതിനോടകം തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. പോരാത്തതിന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവും ഉയര്‍ത്തിക്കഴിഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെട്ട അഴിമതി അന്വേഷിക്കാന്‍ ആഭ്യന്തരസെക്രട്ടറി പോരെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വാദം. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലിലേക്കുള്ള പോക്കും കടലിലേക്കുള്ള ചാട്ടവുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ മത്സ്യമേഖലയില്‍ പ്രതിപക്ഷം ഏറെ ശ്രദ്ധ കേന്ദ്രീകരി്ക്കുന്നുവെന്നതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്.      

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ആരോപണങ്ങള്‍ ഇരുമുന്നണികളുടേയും സാധ്യതകളില്‍ നിര്‍ണായകമാണ്. 20 ലേറെ മണ്ഡലങ്ങളില്‍ മത്സ്യതൊഴിലാളികളുടെ വോട്ടുകള്‍ക്ക് സ്വാധീനമുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം. വരും ദിവസങ്ങള്‍ വിഷയങ്ങള്‍ ആളിക്കത്തിച്ച് സജീവമാക്കി നിര്‍ത്താന്‍ യുഡിഎഫും പ്രതിരോധിക്കാന്‍ എല്‍ഡിഎഫും കിണഞ്ഞുശ്രമിക്കുമെന്നുറപ്പ്. ഇടയില്‍ തീരദേശത്തെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കും.
--

ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക