Image

60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന്‍; രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും

Published on 25 February, 2021
60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന്‍; രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി നാളെ സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ലക്ഷക്കണക്കിന് പേര്‍ക്ക് വാക്സീന്‍ നല്‍കേണ്ട സാഹചര്യത്തില്‍ നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമേ അതാത് പ്രദേശങ്ങളില്‍ മാസ് വാക്സീനേഷന് സംവിധാനമൊരുക്കും.

നിലവില്‍ സൈറ്റ് വഴി രജിസ്ട്രേഷന്‍ സാധ്യമല്ല. അതിനാല്‍ സൈറ്റ് സജ്ജമാകുന്ന മുറയ്ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച്‌ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 സ്വകാര്യ ആശുപത്രികളിലും വാക്സീനേഷനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചോര്‍ന്ന് സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. 

കോവിഡ് മുന്നണി പോരാളികളുടേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്തിട്ട് എന്തെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുമ്ബായും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച്‌ ഒന്നിന് മുമ്ബായും എടുക്കേണ്ടതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക