Image

കുതിരവട്ടം പപ്പു ഓർമ്മയായിട്ട് 21 വർഷം

Published on 25 February, 2021
കുതിരവട്ടം പപ്പു ഓർമ്മയായിട്ട് 21 വർഷം
ചിരിയുടെ പുതിയ തലങ്ങൾ നൽകിക്കൊണ്ട്  നര്‍മ്മത്തിന്റെ പുത്തന്‍ വകഭേദങ്ങളിലൂടെ  പ്രേക്ഷകരെ അമ്പരിപ്പിച്ച കുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്നേക്ക് 21 വർഷം. 2000 ഫെബ്രുവരി 25 നായിരുന്നു അദ്ദേഹത്തിന്റെ മരണം.
 പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും മൂത്ത  മകനായി 1936ല്‍ കോഴിക്കോടിനടുത്തുള്ള ഫറോക്കിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പത്മദളാക്ഷന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.  നാടകത്തിലൂടെയായിരുന്നു അഭിനയ പ്രവേശനം. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രമാണ്  വഴിത്തിരിവായത്. പത്മദളാക്ഷന്‍ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാന്‍ കാരണമായതും ഈ ചിത്രം ആയിരുന്നു. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്ന പേര്  നല്‍കിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.വ്യത്യസ്ത സംസാര ശൈലിയിലൂടെ അദ്ദേഹത്തിന്റേതായ കയ്യൊപ്പ് പതിഞ്ഞ നിരവധി ഡയലോഗുകളാണ്  ഇപ്പോഴത്തെ തലമുറയും ട്രോളുകളുണ്ടാക്കി ആഘോഷിക്കുന്നത്.    'മ്മടെ താമരശേരി ചുരം','ഇപ്പൊ ശരിയാക്കിത്തരാം, ആ സ്‌പാനറിങ്ങിടുത്തേ'  എന്നിങ്ങനെയുള്ള 'വെള്ളാനകളുടെ നാട്ടിലെ' ഡയലോഗുകൾ പപ്പുവിന്റെ ശബ്ദത്തിൽ മാത്രമേ മലയാളികൾക്ക് സങ്കല്പിക്കാനാകൂ. തേന്മാവിൻ കൊമ്പത്തിലെ  ടാസ്‌കി വിളിയെടാ' എന്ന പപ്പുവിന്റെ ഡയലോഗും എത്ര മാനസിക പിരിമുറക്കത്തിനിടെ കേട്ടാലും ചിരിപൊട്ടും.അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി,ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട് , അവളുടെ രാവുകള്‍ എന്നിങ്ങനെ 37 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 1500ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം മാറ്റുരച്ചു . ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ  അഭിനയമികവിന്റെ  മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത നരസിംഹമാണ് അവസാനം അഭിനയിച്ച ചിത്രം. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ ബിനു പപ്പു മാത്രമാണ് സിനിമാരംഗത്തുള്ളത്. അമ്പിളി, വൈറസ്, വൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബിനു,  മലയാളത്തിൽ ഇപ്പോൾ സജീവമാണ്.






Join WhatsApp News
ഹി ഹി ഹി 2021-02-26 04:32:50
തനിക്ക് എന്നെ ഓർമ്മ ഇല്ലെങ്കിൽ താനാരാണെന്ന് താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക് എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനാരാണെന്നും ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക