Image

ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 February, 2021
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
അവര്‍ എന്റെ കയ്യില്‍ നിന്നും മഷിയും പേനയും തട്ടിയെടുത്താല്‍, എന്റെ ഹൃദയ രക്തത്തില്‍ വിരല്‍ മുക്കിയ ഞാന്‍ പരാതിപ്പെടുമോ? അല്ലെങ്കില്‍ അവര്‍ എന്റെ നാവ് അടച്ച് മുദ്രവച്ചാലും, കാരണം ഞാന്‍ എന്നെ വരിഞ്ഞുമുറുക്കുന്ന ചങ്ങലയിലെ ഓരോ വട്ടക്കണ്ണിയും നാവാക്കിമാറ്റിയതാണ്-' കവി ഫെയ്‌സ് അഹമ്മദ് ഫെയ്‌സ.
ഒടുവില്‍ ദിശ(ദിഷ രവി) സ്വതന്ത്രയായി. ഒപ്പം സ്വതന്ത്രചിന്തയും വിയോജനാവകാശവും. ദേശദ്രോഹക്കുറ്റം തുടങ്ങിയവക്ക് അറസ്റ്റ് ചെയ്യപ്പെട്ട ഇരുപത് ഇരുപത്തൊന്ന് വയസ്സുള്ള ദിശയ്ക്ക് ജാമ്യം ലഭിച്ചു. സാധാരണ ഗതിയില്‍ ഒരു സെഷന്‌സ് കോടതിയുടെ ജാമ്യവിധിയെ പ്രകീര്‍ത്തിച്ചോ പരാമര്‍ശിച്ചോ മുഖ്യധാരാ ഇംഗ്ലീഷ് ദേശീയ ദിനപത്രങ്ങള്‍ മുഖപ്രസംഗം എഴുതുന്നത് വിരളമാണ്. എന്നാല്‍ ദിശയുടെ കാര്യത്തില്‍ അതുണ്ടായി. കാരണം ഇന്‍ഡ്യയില്‍ ഇപ്പോള്‍ നടന്നുവരുന്ന കര്‍ഷകസമരം ദേശീയ അന്താരാഷ്ട്രീയ തലത്തിന് ശ്രദ്ധിക്കപ്പെടുന്നതാണ്. അതിനെ പിന്തുണച്ചുകൊണ്ട് ഒരു ടൂള്‍കിറ്റ് നിര്‍മ്മിച്ചതിന്റെ പേരിലാണ് ദിശയെ ബാഗ്ലൂരിലെ വസതിയില്‍ നിന്നും ദല്‍ഹി പോലീസ്(കേന്ദ്രഗവണ്‍മെന്റ്) അറസ്റ്റ് ചെയ്തതും തീഹാര്‍ ജയിലില്‍ അടച്ചതും. സാമൂഹ്യപ്രതിബദ്ധതയുള്ള ഈ യുവതിക്ക് എതിരെ ദേശദ്രോഹം, വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ തീവ്രാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. ദിശ എട്ടു ദിവസത്തോളം ജയിലില്‍ കിടന്നു. നാടുണര്‍ന്നു. പൗരാവകാശബോധമുള്ള  ജനങ്ങള്‍ ഉണര്‍ന്നു. രാജ്യാന്തരതലത്തില്‍ ജനങ്ങള്‍ ക്ഷോഭിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കി. നിലപാട് മാറ്റിയില്ല. ഒടുവില്‍ ദിശയുടെ കേസ് കേട്ട ദല്‍ഹി സെഷന്‍സ് കോടതിയിലെ അഡീഷ്ണല്‍ ജഡ്ജ് ധമ്മോദര്‍ റാണ ഗവണ്‍മെന്റിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ട് ദിശക്ക് ജാമ്യം നല്‍കി. ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജ് എഴുതിയിട്ടു: സര്‍ക്കാരുകളുടെ മുറിവേറ്റ ദുരഭിമാനത്തെ സംരക്ഷിക്കുവാനായി രാജ്യദ്രോഹക്കുറ്റം ചുമത്തുവാന്‍ പാടില്ല. അഭിപ്രായ വ്യത്യാസം, വ്യത്യസ്തമായ ചിന്താഗതി, നയനിരാകരം തുടങ്ങിയവ നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് വസ്തുനിഷ്ഠമായ വ്യാഖ്യാനം നല്‍കുവാനുള്ള ഉപാധികള്‍ ആണ്. സഭാജാഗ്രതയും സ്പ്ഷടവും ശക്തവുമായ അഭിപ്രായങ്ങള്‍ ഉള്ള പൗരാവലി സജീവമായ ഒരു ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. അനാസ്ഥയും വിധേയത്വവും ഉള്ള, പൗരാവലി നേരേ തിരിച്ചും ആണ്.'
 
 
കര്‍ഷകസമരത്തെ പിന്തുണയും ടൂള്‍കിറ്റ് നിര്‍മ്മിച്ചുവെന്നതിന്റെ പേരില്‍ ദിശക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ അന്താരാഷ്ട്രീയ ഗൂഢാലോചന, രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം, 'ഇന്‍ഡ്യക്കെതിരെ സാമൂഹ്യ, സാംസ്‌ക്കാരിക, സാമ്പത്തികയുദ്ധം നടത്തുക' എന്ന കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. ജഡ്ജ് റാണ ഇവയെല്ലാം ഒന്നൊന്നായി പരിശോധിച്ചതിനുശേഷം കണ്ടെത്തിയത് ഇത് തെളിയിക്കുവാനും ടൂള്‍ കിറ്റ് ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്നും കാണിക്കുവാനും വളരെ വ്യക്തമായി പരാജയപ്പെട്ടുപോയി എന്നാണ്. വളരെ സുപ്രധാനമായ ഒരു നിഗമനത്തില്‍ ജഡ്ജ് റാണ പറഞ്ഞു. ഏതൊരു ജനാധിപത്യത്തിലും പൗരന്മാരാണ് ഗവണ്‍മെന്റിന്റെ മനസാക്ഷിയുടെ സൂക്ഷിപ്പുകാര്‍. ഗവണ്‍മെന്റിന്റെ നയപരിപാടികളോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന കാരണത്താല്‍ അവരെ പിടിച്ച് അഴിക്കുള്ളില്‍ ഇടരുത്. ദിശയ്‌ക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തവും അപൂര്‍ണ്ണവും ആണെന്നും ജഡ്ജ റാണ പ്രസ്താവിച്ചു . ദിശക്ക് പൊതുതത്വമായ ബെയില്‍ ആണ് നല്‍കേണ്ടത്. ജയില്‍ അല്ല, ജഡ്ജ് വ്യക്തമാക്കി. കാരണം ദിശക്ക് കളങ്കരഹിതമായ ഒരു ചരിത്രം ആണുള്ളത്. ദിശക്ക് സമൂഹത്തില്‍ ശക്തമായ വേരുകള്‍ ഉണ്ട്. ദിശക്ക് ഖാലിസ്ഥാന്‍ വിഘടന-തീവ്രവാദ സംഘടനയായ പോയറ്റഇക്ക് ജസ്റ്റീസ് ഫൗണ്ടേഷനുമായി ബന്ധം ഉണ്ടെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും അതിനുള്ള യാതൊരു തെളിവുകളും ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല, ജഡ്ജ് പറഞ്ഞു. ദിശ ഇന്‍ഡ്യന്‍ എംബസികളെ ഇന്‍ഡ്യയുടെ അഭിമാനചിഹ്നങ്ങളെയും ആക്രമിക്കുവാന്‍ വിഘടനവാദികളുമായി പ്ലാനിട്ടിരുന്നുവെന്ന ഗവണ്‍മെന്റിന്റെ ആരോപണം തെളിവുകള്‍ ഇല്ലാത്ത വെറും പൊള്ളയായ ഒരു അവകാശവാദം മാത്രമാണെന്നും ജഡ്ജ് റാണ പ്രസ്താവിച്ചു.
 
ദിശ അന്താരാഷ്ട്ര ബന്ധങ്ങളിലൂടെ വിഘടനവാദം വളര്‍ത്തുവാന്‍ ശ്രമിച്ചെന്നുള്ള ആരോപണവും ജഡ്ജ് തള്ളിക്കളഞ്ഞു. ഗ്രെറ്റ് തുന്‍ബര്‍ഗ്ഗ് ഒരു കാലാവസ്ഥ പ്രവര്‍ത്തകയാണ്. അവര്‍ വിഘടനവാദിയല്ല. പോയറ്റിക്ക് ജസ്റ്റീസ് ഫൗണ്ടേഷന്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. അതിന്റെ ഭാരവാഹികള്‍ക്കെതിരെ യാതൊരു ക്രിമിനല്‍ കേസും നിലനില്‍പില്ല, ജഡ്ജ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വക ആരോപണങ്ങള്‍, അര്‍ത്ഥശൂന്യമാണ്. ദിശയുടെ അന്താരാഷ്ട്രീയ ബന്ധങ്ങളെ ന്യായീകരിച്ചുകൊണ്ട് ജഡ്ജ് റാണഋഗ് വേദം ഉദ്ധരിച്ചു. മഹത്തായ ചിന്തകള്‍ എല്ലായിടത്തു നിന്നും വരട്ടെ.' അയ്യായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ മഹത്തായ സംസ്‌ക്കാരം ഒരിക്കലും വിവിധ ചിന്താഗതികളുമായി സമ്മേളിക്കുന്നതിനും സമന്വയിക്കുന്നതിനും വിമുഖത കാണിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
 
തീര്‍ന്നില്ല. ജഡ്ജ് റാണ രേഖപ്പെടുത്തി : നമ്മുടെ സ്ഥാപക പിതാക്കന്മാര്‍(ഭരണഘടന) വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും ന്ല്‍കിയിരുന്നു. അതുകൊണ്ടാണ് അവര്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും സ്വതന്ത്രമായ ആശയ-ചിന്താഗതികള്‍ക്കും അഭേദ്യമായ മൗലീകാവകാശത്തിന്റെ സ്ഥാനം നല്‍കിയത്. വിയോജിക്കുവാനുള്ള അവകാശം അതിനാലാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ല്‍ ഒരു പുണ്യവസ്തു എന്ന രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനവും സ്വതന്ത്രമായ ചിന്താഗതിയും അന്താരാഷ്ട്രീയ ആശയവിനിമയത്തെ അംഗീകരിക്കുന്നു. ആശയ വിനിമയത്തിന് ഭൂമിശാസ്ത്രപരമായ അതിരുകള്‍ ബാധകം അല്ല.' വ്യക്തികളുടെ സ്വാതന്ത്ര്യത്തെ അധികാരികളുടെ പൂര്‍വ്വജ്ഞാനാനുഷ്ഠിതമായ കണക്കുകൂട്ടലുകളുടെ വെളിച്ചത്തില്‍ നിരോധിക്കുവാന്‍ സാദ്ധ്യമല്ല. ദിശയ്‌ക്കെതിരെയുള്ള കേസ് അങ്ങനെ ഇവിടെ പൊളിയുകയാണ്. ദിശക്ക് തല്‍ക്കാലം ജാമ്യം ലഭിച്ചു. വിചാരണ ഇനി കിടക്കുന്നു. എന്നാലും തല്‍ക്കാലം ദിശക്ക് നീതി ലഭിച്ചു. ദിശസ്വതന്ത്രയായി. ജഡ്ജ് റാണയുടെ 18 പേജ് വരുന്ന ജഡ്ജ്‌മെന്റ് ഇതുകൊണ്ടൊക്കെയാണ് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് ആകുന്നത്. ഈ ജഡ്ജ്‌മെന്റ് ഇപ്പോള്‍ ഇവിടെ ചരിത്രപരമായ ഒരു ആവശ്യം ആയിരുന്നു. ഭരണാധികാരിക്ക് വഴിതെറ്റുമ്പോള്‍ അവരെ തിരുത്തേണ്ടത് ന്യായപീഠം ആണ്. ദിശയെപ്പോലെ ഒട്ടേറെപ്പേര്‍ സ്വതന്ത്രമായി ചിന്തിച്ചതിന്റെയും സ്വതന്ത്രമായി അധികാരികളെ വിമര്‍ശിച്ചതിന്റെയും പേരില്‍ ഇന്‍ഡ്യയിലെ വിവിധ ജയിലുകളില്‍ ജീവിതം തള്ളി നീക്കുന്നുണ്ട്. പേര് എടുത്തുപറഞ്ഞാല്‍ ഒട്ടേറെ ഉണ്ട് മനുഷ്യാവകാശപ്രവര്‍ത്തകരായ സായ്ബാബയും സ്റ്റാന്‍സ്വാമിയും ഇവരില്‍ ചിലര്‍ മാത്രം ആണ്. വിപ്ലവകവി വരവരറാവു(82) കഴിഞ്ഞ ദിവസം ആണ് ആറുമാസത്തെ ജാമ്യത്തില്‍ രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ വെളിയില്‍ ഇറങ്ങിയത്.
 
അഭ്യൂഹങ്ങളുടെയും ദുര്‍ബ്ബലമായ സാഹചര്യതെളിവുകളുടെയും എല്ലാത്തിനും ഉപരി രാഷ്ട്രീയപകയുടെയും വിയോജിപ്പിന്റെയും പേരില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികളെ  തടവിലിടുന്നത് ജനാധിപത്യവിരുദ്ധം ആണ്. ദിശയുടെ കേസ് ഇതിന് മകുടോദാഹരണം ആണ്. പ്രതിഷേധിക്കുവാനും ഭരണാധികാരിയെ വിമര്‍ശിക്കുവാനും വിയോജിക്കുവാനുമുള്ള പൗരന്റെ അവകാശത്തില്‍ ഭരണകൂടം കൈകടത്തരുത്. ചിന്തക്കും നാവിനും ചങ്ങല ഇടരുത്. ഇട്ടാല്‍ ഫെയ്‌സ് അഹമ്മദ് ഫെയ്‌സ് എഴുതിയതുപോലെ ചങ്ങലക്കണ്ണികള്‍ നാവായിമാറും. ആ നാവുകള്‍ ഏറ്റുപാടും കര്‍ഷകസമരത്തെ അന്താരാഷ്ട്രപ്രേരിത ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ഗൂഢാലോചനയാണെന്ന ഗവണ്‍മെന്റിന്റെ വാദം തെറ്റാണെന്ന്.
 
പക്ഷേ, ജഡ്ജ് റാണയുടെ ഒരു വിധികൊണ്ട് ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ഇതിന് മുമ്പും സുപ്രീം കോടതിയും ഹൈക്കോടതികളും ഇതേ വിഷയത്തില്‍ ഒട്ടേറെ വിധികള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ചരിത്രം ആവര്‍ത്തിക്കുന്നു. ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചങ്ങലയില്‍ കിടന്നുകൊണ്ട് കവിപാടിയതുപോലെ അലറി വിളിച്ചാല്‍ നീതി ലഭിക്കുമോ? ജാഗ്രത, നിത്യ, നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിനുള്ള വില. ദേശദ്രോഹനിയമവും കുറ്റകരമായ ഗൂഢാലോചനയും ബ്രീട്ടീഷ് രാജിന്റെ നിയമങ്ങള്‍ ആണ്. ഓരോ തവണ ഇവിടെ രാഷ്ട്രീയമായി ആവര്‍ത്തിക്കപ്പെടുമ്പോഴും അവയെ സ്വതന്ത്ര ഇന്‍ഡ്യയുടെ നിയമ പുസ്തകത്തില്‍ നിന്നും പിച്ചിച്ചീന്തി അറബിക്കടലില്‍ എറിഞ്ഞുകളയണമെന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൗര-മനുഷ്യാവകാശ പ്രവര്‍ത്തകരും മുറവിളികൂട്ടും. പക്ഷേ, ഇതേ രാഷ്ട്രീയക്കാര്‍ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തേക്ക് മാറുമ്പോള്‍ എല്ലാം സൗകര്യപൂര്‍വ്വം മറക്കും. അതാണ് ഭരണവര്‍ഗ്ഗത്തിന്റെ സ്വഭാവം എന്നും എങ്ങും എവിടെയും.
 
അതിനാല്‍ ജനംതന്നെ അവരെ വലിഞ്ഞു മുറുക്കുന്ന ചങ്ങലക്കണ്ണി നാവാക്കി മാറ്റണം. ഫ്രഞ്ച് വിപ്ലവകാലത്തെകുറിച്ച് കവി വില്യം വേഡ്‌സ്വര്‍ത്ത് എഴുതിയത് അവരുടെ നെഞ്ചിലുണ്ട്. വിപ്ലവത്തിന്റെ ആ പ്രഭാതത്തില്‍ ജീവിക്കുക എന്നത് അനു ഗൃഹം ആയിരുന്നു. ചെറുപ്പം ആയിരിക്കുക എന്നത് സ്വര്‍ഗ്ഗവും. ദിശയും കൂട്ടരും ഇതോര്‍മ്മിക്കണം. കാരഗൃഹത്തിലെ ഇരുളിനപ്പുറം ഒരു പ്രഭാതം അവരെ കാത്തിരിക്കുന്നുണ്ട്.
 
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Surendran Nair 2021-02-27 17:28:11
ഡൽഹിയിൽ നിന്നുള്ള കത്ത് ഇഷ്ടപ്പെട്ടു. വായിച്ചു തുടങ്ങിയപ്പോൾ തോന്നിയത് ദിശ രവിയെ കുറ്റവിമുക്തയാക്കി അറസ്റ്റുചെയ്ത പൊലീസുകാരെ പ്രോസിക്കൂട്ടു ചെയ്തു കോടതി ഉത്തരവിട്ടെന്നാണ്. പിന്നെയാണ് സാധാരണ കോടതി നടപടികളുടെ ഭാഗമായി അനുവദിച്ച ഒരു ജാമ്യം മാത്രമാണ് അവർക്കു ലഭിച്ചതെന്ന് മനസ്സിലായത്. അതുകഴിച്ചു ലേഖകൻ പറയുന്നു ജാമ്യം അനുവദിച്ച കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചു അട്ടഹസിച്ചു ഉറഞ്ഞു തുള്ളിഎന്ന് . എന്റെ സാറെ തുടർ കസ്റ്റഡിയാണ് കോടതി നിഷേധിച്ചത്, അതിനുള്ള പോലീസ് ഭാഷ്യങ്ങളെയാണ് കോടതി തള്ളിയത്. ചാർജ് ചെയ്തിട്ടുള്ള ഒരു വകുപ്പും ഒരു കോടതിയും റദ്ദാക്കിയിട്ടില്ല, അവർ വിചാരണ നേരിടണം, എല്ലാ കേസുകളിലും കാണുന്ന നടപടികൾ മാത്രം. ഇത്രയും വലിയ ഈ കത്തയച്ചു അങ്ങ് അമേരിക്കൻ മലയാളിയെ ബോധവാർക്കരിക്കേണ്ട ആവശ്യം മറ്റെന്തോ താത്പര്യമാണെന്നു സംശയിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക