Image

കോണ്‍ഗ്രസിലെ ഐക്യം: ജോര്‍ജ്‌ ഏബ്രഹാമിന്‌ ചുമതല നല്‍കി

Published on 31 July, 2011
കോണ്‍ഗ്രസിലെ ഐക്യം: ജോര്‍ജ്‌ ഏബ്രഹാമിന്‌ ചുമതല നല്‍കി
തിരുവനന്തപുരം: അമേരിക്കയിലെ കോണ്‍ഗ്രസ്‌ അനുഭാവികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ചുമതല കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാമിന്‌ നല്‍കി.

അടുത്തയിടയ്‌ക്ക്‌ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ കോണ്‍ഗ്രസുകാര്‍ക്കിടയിലെ ഭിന്നതയിലും പരസ്‌പരമുള്ള ചെളിവാരിയെറിയലിലും അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന്‌ ഒരു അന്ത്യം കാണുകയെന്ന ലക്ഷ്യത്തോടെയാണ്‌ ജോര്‍ജ്‌ ഏബ്രഹാമിനെ ഈ ചുമതല കൂടി ഏല്‍പിച്ചത്‌.

വിദേശ മലയാളികള്‍ക്കായുള്ള കെ.പി.സി.സിയുടെ ഘടകം ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ സെക്രട്ടറി മാന്നാര്‍ അബ്‌ദുള്‍ ലത്തീഫ്‌ ആണ്‌ ഇതു സംബന്ധിച്ച ചെന്നിത്തലയുടെ നിര്‍ദേശം ജോര്‍ജ്‌ ഏബ്രഹാമിന്‌ നല്‌കിയത്‌. എല്ലാവരേയും യോജിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഇത്‌ സഹായകരമാകുമെന്ന്‌ ലത്തീഫ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

എ.ഐ.സി.സി അംഗീകൃത സംഘടനയായ ഐ.എന്‍.ഒ.സിയുടെ കീഴില്‍ കഴിഞ്ഞവര്‍ഷം കേരള ഘടകം രൂപീകരിക്കുകയും കളത്തില്‍ വര്‍ഗീസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഒരു വിഭാഗം അത്‌ അംഗീകരിക്കാതെ വേറെ സംഘടന രൂപം നല്‍കുകയും തങ്ങള്‍ക്കാണ്‌ കെ.പി.സി.സിയുടെ പിന്തുണയെന്ന്‌ അവകാശപ്പെടുകയും ചെയ്‌തിരുന്നു.

പുതിയ ചുമതല ഏല്‍പിച്ചതില്‍ അത്യധികം നന്ദിയുണ്ടെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും, ഒ.ഐ.സി.സി നേതാവ്‌ അബ്‌ദുള്‍ ലത്തീഫും ഏല്‍പിച്ച ദൗത്യം വിജയകരമാകാന്‍ തന്നാലാവുന്നതെല്ലാം ചെയ്യും. കോണ്‍ഗ്രസുകാര്‍ പരസ്‌പരം പോരടിച്ച്‌ മാറി നില്‍ക്കേണ്ട കാര്യമില്ല. എല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം സംഘടനയില്‍ തന്നെയുണ്ട്‌. വ്യക്തിപരമായ താത്‌പര്യങ്ങളുടെ പേരിലും വ്യക്തിവൈരാഗ്യത്തിന്റെ പേരിലും പിണങ്ങേണ്ട ആവശ്യമില്ല.

പിണങ്ങി നില്‍ക്കുന്നവരെ ഒരുമിച്ചുകൊണ്ടുവരാന്‍ തന്നാലുവുന്നതെല്ലാം ചെയ്യും. ഇതിനായി ചര്‍ച്ച നടത്തുകയും അവര്‍ക്ക്‌ അവസരങ്ങള്‍ നല്‍കുകയും ചെയ്യും.

ഐ.എന്‍.ഒ.സി 1998-ല്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. സോണിയാഗാന്ധി അടക്കമുള്ള നേതാക്കളെ സ്വീകരിച്ചിട്ടുണ്ട്‌. എ.ഐ.സി.സിയുടെ അംഗീകരവുമുണ്ട്‌. ഐ.എന്‍.ഒ.സി വഴി മാത്രം പ്രവര്‍ത്തിക്കുക എന്ന കെ.പി.സി.സി നിലപാട്‌ ഒരിക്കില്‍ കൂടി വ്യക്തമാക്കുന്നതാണ്‌ ചെന്നിത്തലയുടെ ഈ നിര്‍ദേശം.

ഐക്യം പുനസ്ഥാപിക്കാനായി വേണ്ടതെല്ലാം ചെയ്യുന്നതിന്‌ കേരള ചാപ്‌റ്റര്‍ പ്രസിഡന്റുമായും, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുമായും ചര്‍ച്ച നടത്തുമെന്നും ജോര്‍ജ്‌ ഏബ്രഹാം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ഐക്യം: ജോര്‍ജ്‌ ഏബ്രഹാമിന്‌ ചുമതല നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക