Image

വ്യാഴവട്ടം പിന്നിട്ട ഭരതസൃമ്‌തി

Published on 01 August, 2011
വ്യാഴവട്ടം പിന്നിട്ട ഭരതസൃമ്‌തി
ഒരിക്കല്‍ കണ്ട കാഴ്‌ചക്കാരനെ പിന്തുടര്‍ന്ന്‌ കൊണ്ടിരിക്കുന്ന ഓര്‍മ്മകളാണ്‌ തകരയും, ലോറിയും, രതിനിര്‍വേദവും, ചാമരവുമൊക്കെ. ആരും തുറന്നു പറയാന്‍ പോലും മടിക്കുന്ന മനുഷ്യവികാരങ്ങളുടെ സൂക്ഷഭാവങ്ങള്‍ ഈ ചിത്രങ്ങളിലൂടെയൊക്കെ അഭ്രപാളിയില്‍ കാണുമ്പോള്‍ ഏത്‌ തലമുറയിലെയും പ്രേക്ഷകന്‍ ഒന്ന്‌ അമ്പരക്കും. കാരണം അത്രക്ക്‌ ആഴവും പരപ്പുമുണ്ട്‌ ഈ ചിത്രങ്ങളൊക്കെ മലയാളിക്ക്‌ സമ്മാനിച്ച ഭരതന്‍ ടച്ചിന്‌.

ഭരതന്‍ ഓര്‍മ്മയായിട്ട്‌ പതിമൂന്ന്‌ വര്‍ഷങ്ങള്‍ (1998 ജൂലൈ 29) പിന്നിടുമ്പോള്‍ ഭരതന്‍ നല്‍കിയ സിനിമകളോരൊന്നും മലയാളത്തില്‍ മരണമില്ലാതെ തുടരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ വീണ്ടും ഭരതനിലേക്ക്‌ തിരിച്ചുപോകാന്‍ മലയാള സിനിമ കാണിക്കുന്ന വെമ്പല്‍. 33 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭരതന്‍ ഒരുക്കിയ രതിനിര്‍വേദം റീമേക്ക്‌ ചെയ്യപ്പെട്ടപ്പോള്‍ അത്‌ പത്മരാജന്‍ എന്ന എഴുത്തുകാരനെപോലെ ഭരതന്‍ എന്ന സംവിധായകനും മലയാള സിനിമയില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്ന എന്നതിന്റെ തെളിവാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഇന്നും ``ഭരതന്‍ടച്ച്‌'' എന്ന വാക്കിന്‌ പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്തത്‌.

ഭരതനിലെ ചിത്രകാരന്‍ തന്നെയായിരുന്നു ഭരതനിലെ ചലച്ചിത്രകാരനും. ചിത്രകലയില്‍ സ്വന്തം മേല്‍വിലാസം നേടിയ ശേഷമാണ്‌ ഭരതന്‍ ആദ്യ സിനിമയിലേക്ക്‌ എത്തുന്നത്‌. മദിരാശി മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന എഴുപതുകളുടെ തുടക്കത്തില്‍ അവിടെയെത്തിയ ഭരതന്‍ പോസ്റ്റര്‍ ഡിസൈനിംഗിലും പരസ്യകലയിലുമായിരുന്നു തുടക്കം.

1975ല്‍ ആദ്യ സിനിമയൊരുക്കിക്കൊണ്ട്‌ ഭരതന്‍ സിനിമയിലേക്ക്‌ എത്തുമ്പോള്‍ മലയാള സിനിമയുടെ അവസാനം വരെ ഓര്‍മ്മിപ്പെടുമെന്ന്‌ തീര്‍ച്ചയുള്ള ഒരു കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു. ഭരതന്‍ - പത്മരാജന്‍ കുട്ടൂകെട്ടിന്റെ തുടക്കം. ഇരുവരും ആദ്യം ഒന്നിച്ച ചിത്രം തന്നെയാണ്‌ ഭരതന്‍ ആദ്യം സംവിധാനം ചെയ്‌തതും. ചിത്രം പ്രയാണം. പിന്നീടങ്ങോട്ട്‌ ഭരതന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ പത്മരാജന്‍ തിരക്കഥകള്‍ എന്നും മലയാള സിനിമയുടെ ക്ലാസിക്കുകളാവുന്നു. രതിനിര്‍വേദം, തകര, ലോറി തുടങ്ങിയ ചിത്രങ്ങള്‍ ഭരതനും പത്മരാജനും ചേര്‍ന്നൊരുക്കിയപ്പോള്‍ മികച്ച ഒരുപിടി എഴുത്തുകാരെയും തനിക്കൊപ്പം കൊണ്ടുവരാന്‍ ഭരതന്‌ എന്നും സാധിച്ചിരുന്നു.

എന്നാല്‍ ഭരതന്‍ ചിത്രങ്ങള്‍ ഒരിക്കലും എഴുത്തുകാരന്റെ സിനിമകളായി നിന്നിരുന്നില്ല. അതില്‍ ഭരതന്റെ കാമറക്കണ്ണുകള്‍ എത്തുമ്പോള്‍ പ്രതിഭകൊണ്ടു വരച്ച ചിത്രങ്ങള്‍ പോലെയാവും സിനിമകള്‍. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതനൊരുക്കിയ രണ്ട്‌ ചിത്രങ്ങള്‍ - താഴ്‌വാരവും, വൈശാലിയും - എന്നും മലയാള സിനിമയുടെ ക്ലാസിക്കുകള്‍ തന്നെ. വൈശാലി എന്ന സിനിമയെക്കുറിച്ച്‌ പിന്നീടൊരുക്കല്‍ എം.ടി തന്നെ പറഞ്ഞത്‌, വൈശാലിയൊരുക്കാന്‍ ഭരതനല്ലാതെ മറ്റൊരാള്‍ക്കും കഴിയുകയില്ല എന്നായിരുന്നു. ഭരതനിലെ കലാസംവിധായകനെ ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു വൈശാലി.

പകയും, രതിയും, പ്രണയവുമെല്ലാം കൂടിചേര്‍ന്ന ഒരു കോക്‌ടെയില്‍ തന്നെയാണ്‌ എന്നും ഭരതന്‍ സിനിമകള്‍. മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളിലൂടെയും ആ സിനിമകള്‍ കടന്നു പോയി. ഒന്നിനെയും ഒഴിവാക്കിയിരുന്നുമില്ല. എന്നിട്ടും സാധാരണ മലയാളിയോട്‌ എത്രത്തോളം അടുത്ത്‌ സംവേദിച്ച മറ്റൊരു ചലച്ചിത്രകാരനുണ്ടാകുമോ എന്ന്‌ സംശയം.

അതിനൊരു കാരണവുമുണ്ട്‌. മലയാളത്തിന്റേതായ, കേരളിയതയുടേതായ കഥകളിലൂടെയാണ്‌ ഭരതന്‍ എന്നും സിനിമകള്‍ ഒരുക്കിയത്‌. എന്നാല്‍ കഥക്കുള്ളില്‍ വികാരങ്ങള്‍ക്ക്‌ എന്നും ഒരു യൂണിവേഴ്‌സല്‍ സാധ്യതകളുമുണ്ടായിരുന്നു.

തേവര്‍മകന്റെ തിരക്കഥ കമലഹാസന്‍ തയാറാക്കിയപ്പോള്‍ അത്‌ സംവിധാനം ചെയ്‌തതും ഭരതന്‍ തന്നെ. പത്മരാജനില്‍ നിന്നും എം.ടിയില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ എഴുത്തിന്റെ സാധാരണത്വം സ്വീകരിച്ചിരുന്ന ലോഹിതദാസിനോടും, ജോണ്‍പോളിനോടും ഒത്തുചേരാനും ഭരതന്‌ സാധിച്ചിരുന്നു. ലോഹിതദാസ്‌ ഭരതന്‍ ചിത്രമായ അമരം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. കഥാപശ്ചാത്തലത്തിന്റെ സാധാരണത്വം അമരം എന്ന ചിത്രത്തില്‍ കാണാം. കടലിനെ ആശ്രയിച്ചു കഴിയുന്ന കുറച്ചു ജീവിതങ്ങള്‍. അവരുടെ ജീവിതത്തിന്റെ അതിസൂക്ഷ്‌മതകളിലേക്ക്‌ കടന്നു ചെല്ലുന്ന കാമറ. അതുകൊണ്ടു തന്നെയാണ്‌ അമരത്തിലെ അച്ചൂട്ടിയും, കൊച്ചുരാമനുമൊക്കെ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്‌.

ഭരതന്‍ സിനിമകളിലെ പെണ്ണുങ്ങള്‍ കുടതല്‍ സുന്ദരികളാവുന്നതും, പ്രണയത്തിനൊപ്പം രതി ഒരു ഘടകമാകുന്നതും ഒരിക്കലും കൊമേഴ്‌സ്യല്‍ സിനിമയുടെ കാഴ്‌ചപ്പാടിലൂടെയായിരുന്നില്ല. ഒരിക്കലും ഭരതന്റെ കണ്ണ്‌ കൊമേഴ്‌സ്യല്‍ സിനിമയുടെ പിന്നാലെയായിരുന്നില്ല. സത്യസന്ധമായ സിനിമാകാഴ്‌ചകള്‍ ഒരുക്കാനാണ്‌ ഭരതന്‍ എന്നും ശ്രമിച്ചത്‌. ഈ സത്യസന്ധതയും പ്രതിഭയും തന്നെയാണ്‌ ഭരതന്‍ സിനിമകളെ വാണിജ്യവിജയങ്ങളാക്കി മാറ്റിയതും.

കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിയിരുന്ന ലൈഫാണ്‌ ഭരതന്‍ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി, നെടുമുടിവേണു, മോഹന്‍ലാല്‍, മുരളി, മനോജ്‌.കെ.ജയന്‍ തുടങ്ങി എത്രയോ മികച്ച നടന്‍മാരാണ്‌ ഭരതന്‍ കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലെത്തിയത്‌. താഴ്‌വാരത്തിലെ ബാലനെയും, കൊച്ചൂട്ടിയെയും നോക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക്‌ ഭരതന്‍ നല്‍കുന്ന ജീവനെന്താണെന്ന്‌ മനസിലാകും. ഒരു വീട്ടിലേക്ക്‌ കടന്നു വന്ന അപരിചിതത്വം തുളുമ്പുന്ന ബാലനും, ബലനോട്‌ സമ്മിത്രവികാരങ്ങളോടെ ഇടപെടന്നു കൊച്ചൂട്ടിയുമൊക്കെ എത്ര തന്മയിത്വത്തോടെയാണ്‌ ഭരതന്‍ വരച്ചിട്ടിരിക്കുന്നത്‌. ഒരു പെയിന്റിംഗ്‌ പോലെയാവും ഓരോ ഫ്രെയിമും ഭരതന്‍ ചിത്രങ്ങളില്‍.

75ല്‍ തുടങ്ങി തൊണ്ണൂറുകളുടെ അവസാനം വരെ സജീവമായി നിന്ന ഭരതന്‍ ശരിക്കും കാലത്തിന്റെ തടസങ്ങളെ അതിജീവിച്ചിരുന്നു എന്നു തന്നെ പറയാം. എണ്‍പതുകള്‍ പൂര്‍ണ്ണമായും ഭരതനും കൂടി അവകാശപ്പെട്ടതാണ്‌. തൊണ്ണൂറുകളുടെ തുടക്കത്തിലും പ്രേക്ഷകരെ ശക്തമായി ആകര്‍ഷിക്കാന്‍ ഭരതന്‌ കഴിഞ്ഞു. വ്യത്യസ്‌തക്കും കാലത്തിനും ഒപ്പം സഞ്ചരിക്കാന്‍ ഭരതന്‍ കാണിച്ച താത്‌പര്യമാണ്‌ ഇതിനു കാരണം. 93ല്‍ തുടര്‍ച്ചയായി മൂന്ന്‌ ചിത്രങ്ങള്‍ ഭരതന്‍ ഒരുക്കി. മൂന്നും മികച്ച ചിത്രങ്ങളുമായി. ഒരേ വര്‍ഷം എത്തിയ വെങ്കലം, ചമയം, പാഥേയം എന്നീ മൂന്ന്‌ ചിത്രങ്ങളെ പരിഗണിച്ചാല്‍ വ്യത്യസ്‌തമായ സിനിമകളിലൂടെ കടന്നു പോകാന്‍ ഭരതന്‍ കാണിച്ച താത്‌പര്യം മനസിലാകും.

എന്നിട്ടും കരിയറിന്റെ അവസാനഘട്ടത്തില്‍ ആവര്‍ത്തനങ്ങള്‍ ഭരതന്‍ പെട്ടു പോകുന്നു എന്ന വിമര്‍ശനം ഭരതന്‌ കേള്‍ക്കേണ്ടി വന്നു. അവസാനമായി ഒരുക്കിയ ചുരം എന്ന സിനിമയാണ്‌ ഭരതനെ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന്‌ ഇടവരുത്തിയത്‌. ചുരം ഭരതന്റെ തന്നെ പഴയ ചിത്രങ്ങളുടെ ആവര്‍ത്തനമായിരുന്നുവെന്നാണ്‌ വിമര്‍ശകര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ വിമര്‍ശനത്തില്‍ തളരുന്ന പ്രതിഭയായിരുന്നില്ല ഭരതന്‍. പുതിയ ആശയങ്ങളുമായി തിരിച്ചു വരവിന്‌ ഒരുങ്ങുമ്പോഴാണ്‌ അമ്പതാമത്തെ വയസില്‍ തന്റെ സിനിമകള്‍ ബാക്കിയാക്കി ഭരതന്‍ യാത്രയായത്‌. എങ്കിലും ബാക്കിവെച്ച സിനിമകള്‍ ഇന്നും ഭരതനെ ഓര്‍മ്മകളില്‍ ജീവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു...
വ്യാഴവട്ടം പിന്നിട്ട ഭരതസൃമ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക