Image

കുടിയൊഴിക്കലും മറ്റുകവിതകളും(2)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 08 October, 2012
കുടിയൊഴിക്കലും മറ്റുകവിതകളും(2)-ജോസഫ് നമ്പിമഠം

മലയാളത്തിലെ ആദ്യസിംബോളിക് കാവ്യരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീണപൂവിനുശേഷം ജി.ശങ്കരക്കുറുപ്പിന്റെ സംഭാവനകള്‍ ഈ രംഗത്തു മികച്ചു നിന്നു. ജി.ശങ്കരക്കുറുപ്പില്‍ പതിഞ്ഞ പ്രധാന ലേബലുകള്‍ മിസ്റ്റിക്ക്, സിംബലിസ്റ്റ് എന്നിവയാണ്. മലയാള കാവ്യലോകത്തില്‍ സിംബലിസത്തിന്റെ അധിനായകത്വം ജി.യിലാണ്. ജി തൊട്ടുള്ള കവികളില്‍ പാശ്ചാത്യ സാഹിത്യ സ്വാധീനം പ്രകടമായി കാണാം. ഭാവാത്മക കവിത(Lyric) അതിന്റെ വിജയക്കൊടി ഉയര്‍ത്തികെട്ടിയ കാലമാണിത്. കവിത്രയങ്ങളുടെ കാലത്തു ശുഷ്‌കമായിക്കൊണ്ടിരുന്ന ഖണ്ഡകാവ്യങ്ങളുടെ സ്ഥാനത്ത് ഭാവകാവ്യങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാശ്ചാത്യ കവിതയുടെ സ്വാധീനമായുണ്ടായ വ്യതിയാനമാണിത്. കവിയുടെ സ്വന്തവികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മഗീതങ്ങളാണ് ഭാവാത്മക കവിതകള്‍. ആത്മപ്രകാശനമാണ് ആത്മാവ്. ഹൃസ്വവും സംഗീതാത്മകവും ആണിത്. ദ്രാവിഡ വൃത്തങ്ങളാണ് ഉപയോഗിക്കുന്നത്.

ജിശങ്കരക്കുറുപ്പിന്റെ സിംബലിസമോ, മിസ്റ്റിസിസമോ ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും വിഷാദാത്മകതയോ മുങ്ങിമുങ്ങി വിങ്ങി വിങ്ങി ശൈലിയോ വൈലോപ്പിള്ളിയെ അല്പം പോലും തീണ്ടിയില്ല. അടിസ്ഥാന വര്‍ഗ്ഗമോചനത്തിന് സാഹിത്യവും സാഹിത്യകാരനും ചട്ടുകമാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സോഷ്യലിസ്റ്റ് റിയലിസം അന്നത്തെ എഴുത്തുകാര്‍ ഭാഷനാക്കിയിട്ടുപോലും വൈലോപ്പിള്ളി അതില്‍നിന്ന് അകലം പാലിച്ചു. കുടിയൊഴിക്കല്‍ എന്ന കൃതിതന്നെ വിപ്ലവത്തിലൂടെ തകരുന്ന ബന്ധങ്ങല്‍ ചിത്രീകരിക്കുന്ന കൃതിയാണ്.

വൈലോപ്പിള്ളിയുടെ സമകാലികരായ കവികളും അവരുടെ ജീവിതകാലഘട്ടവും ചുവടെ ചേര്‍ക്കുന്നു.

ആശാന്‍ -1873-1924
ഉള്ളൂര്‍ -1877-1949
വള്ളത്തോള്‍ -1878-1958
ജി.ശങ്കരകുറുപ്പ് - 1901-1978
വെണ്ണിക്കുളം - 1902-1980
പി -1905-1978
ഇടശ്ശേരി 1906-1974
ഇടപ്പള്ളി -1908-1936
ബാലാമണിയമ്മ -1909-2004
വൈലോപ്പിള്ളി -1911-1985(1911 മെയ് 11-1985 ഡിസംബര്‍ 22
ചങ്ങമ്പുഴ -1911-1948(1911 ഒക്‌ടോബര്‍ 11-1948 ജൂണ്‍ 5)
പാലാ -1911-2008(1911 ഡിസംബര്‍ 11- 2008 ജൂണ്‍ 11)
വിമര്‍ശന ത്രയങ്ങളായ മാരാര്‍, മുണ്ടശ്ശേരി, എം.പി.പോള്‍
മാരാര്‍ -1900-1973
മുണ്ടശ്ശേരി-1903-1977
എം.പി.പോള്‍ - 1904-1952
ഇവരില്‍ മാരാര്‍ മുതല്‍ ഇങ്ങേത്തലയ്ക്കലുള്ള വിഷ്ണു നാരായണന്‍ നമ്പൂതിരി വരെയുള്ളവര്‍ വൈലോപ്പിള്ളി കവിതകള്‍ക്ക് അവതാരികകള്‍ രചിച്ചിട്ടുണ്ട്.

ആശയഗംഭീരനായ ആശാനും, ഉജ്ജ്വല ശബ്ദാഢ്യനായ ഉള്ളൂരും, ഉല്ലേഖ ഗാനകനായ വള്ളത്തോളും, മലയാളഭാഷക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം നേടിത്തന്ന ജി.ശങ്കരക്കുറുപ്പും, വിഷാദാത്മകതയുടെ കവിയായ ഇടപ്പള്ളിയും, മലയാള കവിതയിലേക്ക് കാല്പനികത്വം പെരുമഴയായി പെയ്തിറക്കിയ ചങ്ങമ്പുഴയും മുതല്‍ ഇങ്ങേത്തലയ്ക്കല്‍ ജീവിച്ചിരിക്കുന്നു. 1957-ല്‍ ജനിച്ച- ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുള്ളവരുടെ കാലഘട്ടത്തില്‍ ജീവിച്ച്, ക്ലാസ്സിസിസ പ്രസ്ഥാനം മുതല്‍ ഉത്തരാധുനികത വരെയുള്ള സാഹിത്യപ്രസ്ഥാനങ്ങളിലൂടെ കടന്നുപോയ, സാഹിത്യസപര്യ നടത്തിയ കവിയാണ് വൈലോപ്പിള്ളി.

മൂന്നു പ്രശസ്തകവികളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായിരുന്നു 1911. മൂവരും ജനിച്ചതും 11-#ാ#ം തീയതി. വൈലോപ്പിള്ളി മെയ് 11, ചങ്ങമ്പുഴ ഒക്‌ടോബര്‍ 11, പാലാ ഡിസംബര്‍ 11. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് ചങ്ങമ്പുഴ ജനിച്ചതെങ്കില്‍ അതിനടുത്തുള്ള കലൂര്‍ ഗ്രാമത്തിലാണ് വൈലോപ്പിള്ളി ജനിച്ചത്. ചങ്ങമ്പുഴയെക്കാള്‍ അഞ്ചുമാസം പ്രായക്കൂടുതലുമുണ്ട്. ജീവിത വീക്ഷത്തിലും, കവിതാസരണയിലും, ജീവിതകാല ദൈര്‍ഘ്യത്തിലും, ശൈലിയിലും ഭാഷാ പ്രയോഗത്തിലുമെല്ലാം ഇരുവരും വ്യത്യസ്തമായ വഴിയിലൂടെ ആണ് സഞ്ചരിച്ചത്.

(തുടരും..)
കുടിയൊഴിക്കലും മറ്റുകവിതകളും(2)-ജോസഫ് നമ്പിമഠം കുടിയൊഴിക്കലും മറ്റുകവിതകളും(2)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക