Image

കുടിയൊഴിക്കലും മറ്റുകവിതകളും(5)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 25 October, 2012
കുടിയൊഴിക്കലും മറ്റുകവിതകളും(5)-ജോസഫ് നമ്പിമഠം
എം.എന്‍ നമ്പൂതിരി പരിഭാഷപ്പെടുത്തിയ കവിതകള്‍
വൈലോപ്പിള്ളിയുടെ വിപുലമായ കാവ്യശേഖരത്തില്‍ നിന്ന് മുപ്പത്തൊന്നു കവിതകളാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആദ്യസമാഹാരമായ കന്നിക്കൊയ്ത്തില്‍ നിന്ന് മാമ്പഴം, സഹ്യന്റെ മകന്‍, ഖണ്ഡകാവ്യമായ കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍ എന്ന സമാഹാരത്തില്‍ നിന്നും അഞ്ചുകവിതകള്‍, വിത്തും കൈക്കോട്ടും എന്ന സമാഹാരത്തില്‍ നിന്നും മൂന്നു കവിതകള്‍, കടല്‍കാക്കകള്‍ എന്ന സമാഹാരത്തില്‍ നിന്ന് കണ്ണീര്‍പാടം എന്ന കവിത, കുരുവികള്‍ എന്ന സമാഹാരത്തില്‍ നിന്ന് പതിനാറു കവിതകള്‍, കയ്പവല്ലരി എന്ന സമാഹാരത്തില്‍ നിന്ന് മൂന്നുകവിതകള്‍ ഇത്രയുമാണ്- Eviction and other poems എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കുരുവികള്‍ എന്ന സമാഹാരത്തില്‍ നിന്നാണ്. ഈ സമാഹാരത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അവയെല്ലാം ഗീതകങ്ങള്‍ (Sonnets) ആണെന്നുള്ളതാണ്.

മാമ്പഴം എഴുതിയത് 1936 ല്‍ ആണ്. 1930 ല്‍ മരിച്ചു പോയ സ്വന്തം അനുജന്റെ ഓര്‍മ്മകളില്‍ നിന്നാണ് ആ കവിതയുടെ പിറവി. മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പ്രതിയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. "കരുണ രസം കരകവിയുന്ന ഈ ലഘുകാവ്യം ഒന്നു മാത്രം മതി മലയാള സാഹിത്യത്തില്‍ വൈലോപ്പിള്ളിക്ക് എന്നും ജീവിക്കുവാന്‍." അത്രമാത്രം സ്വാധീനമാണ് മാമ്പഴം മലയാള മനസ്സുകളില്‍ ചെലുത്തിയത് അന്നും ഇന്നും. മാമ്പഴം എന്നാല്‍ വൈലോപ്പിള്ളി വൈലോപ്പിള്ളി എന്നാല്‍ മാമ്പഴം എന്നു പറയാവുന്ന ഒരു സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ ആ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രതയും, ആത്മോന്മാഥിയായ വിഷാദവും കൂടിക്കലര്‍ന്നതാണ് വൈലോപ്പിള്ളിക്കവിതകളില്‍ വെച്ച് ഒരു പക്ഷേ ഏറ്റവും പ്രഖ്യാതവും ജനകീയവുമായ മാമ്പഴത്തിന്റെ സവിശേഷത. ഉത്തക കവിത ജനിക്കുന്നതും ജീവിക്കുന്നതും മസ്തിഷ്‌കത്തിന്റെ വിചാര കേന്ദ്രത്തിലല്ല വികാര കേന്ദ്രത്തില്‍ത്തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും മാമ്പഴം പോലുള്ള കവിതകള്‍. ഒരു ഉദ്‌ബോധനമോ സന്ദേശമോ ഒരു ദര്‍ശനമോ ഒന്നുമില്ലെങ്കിലും ഒരനുഭൂതികൊണ്ടുമാത്രം ഒരു കവിത ശാശ്വത ജീവിതം നേടും” (എം.ലീലാവതി). മാമ്പഴമെന്ന കവിതയിലെ ചില വരികളും ഇംഗ്ലീഷ് പരിഭാഷയും ചുവടെ ചേര്‍ക്കുന്നു.

അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്‌കെ
യമ്മതന്‍നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടുകണ്ണീര്‍

Hot tears flowed from the mothers eyes
as the first fruits fell from the little mangotree
in front of the house

നാലുമാസത്തില്‍ മുമ്പി-
ലേറെനാള്‍ കൊതിച്ചിട്ടി-
ബ്ബാലമാകന്ദം പൂവി-
ട്ടുണ്ണികള്‍ വിരിയവേ


Four months ago-after a long wait
as this little tree flowered and tiny fruits formed,
Mother's darling boy broke one of the bough
and like a lit up sparkler,came to herin glee


1952 ലാണ് കുടിയൊഴിക്കല്‍ പ്രസിദ്ധീകരിച്ചത്. വൈലോപ്പിള്ളിയുടെ മാസ്റ്റര്‍പീസ് കൃതിയായി ചില നിരൂപകര്‍ ഈ ഖണ്ഡകാവ്യം വിലയിരുത്തുന്നു. 1970 ലെ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ഈ കൃതിയ്ക്കാണ് ലഭിച്ചത്. റഷ്യന്‍ സാഹിത്യവും സാഹിത്യകൃതികളും വൈലോപ്പിള്ളിയുടെ മനസ്സിനെ ഇളക്കിമറിച്ചതായി അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. "എന്റെ കവിതകളില്‍ അതിന്റെ സംസ്‌ക്കാരം ഒരു ചെറിയ തന്റേടമായി ഒതുങ്ങി നിന്നതേയുള്ളൂ കുടിയൊഴിക്കലില്‍ മാത്രം അതൊന്നാളിക്കത്തി എന്നു പറയാം." എന്നാല്‍ , അടിസ്ഥാന വര്‍ഗ്ഗാമോചനത്തിന് സാഹിത്യവും സാഹിത്യകാരന്മാരും ഉപകരണമാകണമെന്ന സോഷ്യലിസ്റ്റ് റിയലിസ ചിന്താഗതിയോടു യോജിക്കുന്ന ആളായിരുന്നില്ല വൈലോപ്പിള്ളി. വിപ്‌ളവത്തോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ തന്നെ, ഹിംസാത്മകമായ അതിന്റെ ദുരിതമനുഭവിക്കുന്ന ഇടത്തരക്കാരന്റെ ട്രാജഡിയിലേക്കാണ് ആ കവിത വിരല്‍ ചൂണ്ടുന്നത്. കുടിയൊഴിക്കലിലൂടെ വൈലോപ്പിള്ളി ഈ ട്രാജഡിക്ക് കവിതാമയമായ രൂപം നല്‍കിയിരിക്കുന്നു. ഒരു ഗ്രീക്ക് ദുരന്തനാടകത്തിന്റെ ഏകതാന വിശുദ്ധി ഈ കവിതയ്ക്കുണ്ട് മൂന്നേ മൂന്നു കഥാപാത്രങ്ങളുള്ള ഒരു ലഘു കാവ്യത്തിലൂടെ നാം മഹത്തായ ലോകവിപ്‌ളവത്തിന്റെ നിര്‍മ്മാണപരരവും വിധ്വംസനപരവുമായ ഭാഗങ്ങള്‍ അനുഭവിച്ചറിയുന്നുവെങ്കില്‍ അതൊരത്ഭുതമല്ലേ? ആ അത്ഭുതം ഇതാ സംഭവിച്ചിരിക്കുന്നു. ഇക്കവിത പുരോഗമന പരമല്ലെന്നു പറയാം. സോഷ്യലിസ്റ്റു റിയലിസമല്ലെന്നു പറയാം. പറഞ്ഞോളൂ. വിപ്‌ളവത്തിനു വേണ്ടിയുള്ള പ്രചാരവേല ഇതിലില്ല. കലപ്രചാരവേല അല്ല(എന്‍.വി. കൃഷ്ണവാരിയര്‍) കുടിയൊഴിക്കല്‍ അതിന്റെ ശില്പസൗന്ദര്യത്തിന് കോട്ടം കൂടാതെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞാല്‍, മലയാള സാഹിത്യത്തിന് വലിയൊരു അന്താരാഷ്ട്രീയാംഗീകാരം നേടിക്കൊടുക്കാന്‍ അതു സമര്‍ത്ഥമായേക്കാം(എം.ലീലാവതി).
(തുടരും..)
കുടിയൊഴിക്കലും മറ്റുകവിതകളും(5)-ജോസഫ് നമ്പിമഠംകുടിയൊഴിക്കലും മറ്റുകവിതകളും(5)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക