Image

കുടിയൊഴിക്കലും മറ്റുകവിതകളും(7)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 01 November, 2012
കുടിയൊഴിക്കലും മറ്റുകവിതകളും(7)-ജോസഫ് നമ്പിമഠം
1958 ല്‍ പ്രസിദ്ധീകരിച്ച 'കടല്‍ക്കാക്കകള്‍' എന്ന സമാഹാരത്തിലെ ഒരു കവിതയാണ് കണ്ണീര്‍പാടം. വൈലോപ്പിള്ളിക്കവിതകളിലെ ഗാര്‍ഹിക ശീതസമരക്കവിതകളില്‍ ഒന്നാണിത്. വൈലോപ്പിളളി പ്രേമകവിതകള്‍ എഴുതാത്തതിനുള്ള കാരണം മുമ്പ് സൂചിപ്പിചത് ഓര്‍ക്കുക. ഭാര്യയെ സ്‌നേഹമില്ലാഞ്ഞിട്ടല്ല സ്‌നേഹം പ്രകടിപ്പിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാണ് ദാമ്പത്യജീവിതം കണ്ണീര്‍പാടമായത്. പ്രേമലഹരിയും, പ്രേമനൈരാശ്യവും, പ്രേമജ്വരവും വിഷയമാക്കിയ ഇടപ്പള്ളിയും ചങ്ങമ്പുഴയും ചരിച്ചവഴികളില്‍ നിന്നും വേറിട്ട്, അകത്തുമല്ല പുറത്തുമല്ല എന്ന മട്ടിലുള്ള ദാമ്പത്യജീവിതവും കവിതക്ക് വിഷയമാക്കാമെന്ന്, ഇത്തരം പല കവിതകളുടെ രചകൊണ്ട് വൈലോപ്പിള്ളി തെളിയിച്ചു. അങ്ങിനെയുള്ള ശീതസമരക്കവിതകളില്‍ ഒന്നാണ് 'കണ്ണീര്‍പാടം'. ഭാര്യയുടെ വിസ്തരിച്ചുള്ള ഒരുക്കം കാരണം അമ്പലത്തിലേക്കു പോകാനുള്ള വണ്ടി തെറ്റി. വഴി ലാഭിക്കാന്‍ വെള്ളം മൂടികിടക്കുന്ന പാടത്തുകൂടി അമ്പലത്തിലേക്കു പോകുന്നു കവിയും ഭാര്യയും. പരിഭാഷാ കവിതയുടെ പേര് The Field of Tears ഭാര്യഭര്‍തൃബന്ധങ്ങളിലെ അന്തഃസംഘര്‍ഷങ്ങളും ശീതസമരങ്ങളും ബന്ധങ്ങളിലെ മരവിപ്പും വെള്ളം മൂടിയ വയലിലൂടെ നടന്നുള്ള ദേവിദര്‍ശനവും ഒക്കെ ജീവിതമാകുന്ന കണ്ണീര്‍പാടത്തിന്റെ നേര്‍ചിത്രങ്ങളായിത്തീരുന്നു.

കാര്‍ത്തിരക്കേറും വാനം
പലപോത്തിനെച്ചേര്‍ത്തു
പൂട്ടിനചളിപ്പാടം
പോലെയുണ്ടുഷച്ചോപ്പില്‍
എന്നതിലെ പരിഭാഷ

Crowded with Clowds
the sky looks, in the dawns
redness, like a mudfield
ploughed by buffaloes


'കുരുവികള്‍ ' എന്ന സമാഹാരത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കവിതകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് -പതിനാറുകവിതകള്‍. "ലക്ഷണയുക്തമായ ഏതാനും ഗീതകങ്ങള്‍ എന്ന പൊതുസ്വഭാവം തന്നെ മതിയായിരുന്നു കുരുവികള്‍ സഹൃദയരെ ആകര്‍ഷിക്കാന്‍. നമ്മുടെ ഭാഷയില്‍ അത്ര സുലഭമല്ലല്ലോ ആവിര്‍ഭാവം.. പുതിയ അവബോധത്തിന്റെ മിഴിവിടര്‍ത്തുമാറ് നമ്മുടെ കവിതയില്‍ കുറേക്കാലമായി ഏറ്റവും മികച്ച പൂക്കണി ഒരുക്കിയവരില്‍ ഒരാളാണല്ലോ വൈലോപ്പിള്ളി. കുരുവികളിലാകട്ടെ, വൈയക്തിക ജീവിത സത്യങ്ങളെ വര്‍ണ്ണശബളമായ കവിതയാക്കി സംസ്‌കരിക്കുക എന്ന സാദ്ധ്യതയാണ് അദ്ദേഹം സാക്ഷാല്‍ക്കരിച്ചിരിക്കുന്നതും. ഭാവഗീതങ്ങളുടെ രചന എന്ന നീഗൂഢമായ പ്രക്രിയയിലേക്ക് ഒട്ടൊരുള്‍ക്കാഴ്ച നേടാനും ഇത് സഹായിക്കുന്നു"(കെ.പി. ശങ്കരന്‍-കുരുവികള്‍ക്കെഴുതിയ അവതാരിക). 1961ല്‍ ആണ് കുരുവികള്‍ എന്ന സമാഹാരം പ്രസിദ്ധീകരിച്ചത്.

ഇതിലെ വേനല്‍ പച്ചകള്‍ എന്ന കവിത Summer Greens എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. സാഹിത്യരംഗത്തു മഹാകവികള്‍ വന്‍കൃഷി നടത്തി വിളവെടുപ്പു നടത്തിയ പാടം വെറുതേ കിടക്കുന്ന ഇടവേളയില്‍ അല്പം പച്ചകൃഷി നടത്തുന്ന ഒരു കൊച്ചു കര്‍ഷകന്‍ മാത്രമാണെന്നതാണ് ഈ കവിതയുടെ വ്യംഗ്യം. പൊന്നാര്യന്‍ വിളയിക്കുകയല്ല അല്പം വെള്ളി വിളയിക്കുന്നു കവി.

ധുരാംഗിയാം കൈര-
ളിക്കിവകണിയാകാം
മകരപ്പൊന്നാര്യനു
മഞ്ജുകിച്ചടിയാകാം
ഇതിന്റെ പരിഭാഷ

They may find a place in
pretty kairali's kani
or be a kichadi sidedish
for the golden aryan rice

ഇതില്‍ കണി, കിച്ചടി തുടങ്ങിയ പദങ്ങള്‍ അങ്ങിനെ തന്നെ സൂക്ഷിച്ചിരിക്കുന്നു. അതിന്റെ അര്‍ത്ഥം അടിക്കുറുപ്പില്‍ ചേര്‍ത്തിട്ടുമുണ്ട്. എല്ലാകവിതകളിലും മൂലകൃതിയുടെയും, ഏതു കവിതാ സമാഹാരത്തില്‍ ഉള്ളതെന്നും ഏതു വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചു എന്നും രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ താരതമ്യപഠനം എളുപ്പമായിത്തീരുന്നു. മൂലകൃതി വായിച്ചിട്ടില്ലാത്തവര്‍ക്ക് സഹായകമായ ഒട്ടേറെ കുറുപ്പുകളും എല്ലാ കവിതകളോടുമൊപ്പം ചേര്‍ത്തിരിക്കുന്നു.
(തുടരും..)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക