Image

രഞ്ജിനിയുടെ ചുംബനവും ശ്വേതയുടെ പ്രസവവും (മൊയ്തീന്‍ പുത്തന്‍ചിറ)

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 November, 2012
രഞ്ജിനിയുടെ ചുംബനവും ശ്വേതയുടെ പ്രസവവും (മൊയ്തീന്‍ പുത്തന്‍ചിറ)
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കേരളത്തിലെത്തിയപ്പോള്‍ കേരളമാകെ ഇളകിമറിഞ്ഞ ഒരു മഹാസംഭവമായി മാറി എന്ന് മാധ്യമങ്ങളിലൂടെ നാമെല്ലാം അറിഞ്ഞതാണ്. എന്നാല്‍, കേരളീയര്‍ക്ക് അതിലേറെ ഹരമായത് മറഡോണയും ചാനല്‍ അവതാരക രഞ്ജിനി ഹരിദാസുമായുള്ള നൃത്തരംഗങ്ങളും അദ്ദേഹം രഞ്ജിനിയെ ചുംബിക്കുന്ന രംഗവുമായിരുന്നു. മറഡോണയെ ഒന്നടുത്തുകാണാനും ഒന്നു തൊട്ടുനോക്കാനും ആഗ്രഹിച്ച പതിനായിരങ്ങളെ നിരാശരാക്കിക്കൊണ്ടാണ് രഞ്ജിനിയെ മറഡോണ ചുംബിച്ചത്. സ്പാനിഷ് ഗാനത്തോടൊപ്പം നൃത്തച്ചുവടുകളുകൂടിയായപ്പോള്‍ രംഗം കൊഴുത്തു.

രഞ്ജിനിയുടെ മംഗ്ലീഷ് കെട്ട് പൊറുതിമുട്ടിയ മലയാളികള്‍ക്ക് വീണുകിട്ടിയ ഒരപ്പക്കഷ്ണമായിരുന്നു കണ്ണൂരിലെ സ്റ്റേജില്‍ രഞ്ജിനിയുടെ പ്രകടനം. കേരളത്തിലെ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു...!! പെണ്ണുങ്ങള്‍ തലയ്ക്കു കൈവെച്ചു...!! ഇത് അനുവദിച്ചുകൂടാ എന്ന് മഹിളാ സംഘടനകള്‍ പ്രസ്താവനകളിറക്കി. 'ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി' അവരെല്ലാം ഏറ്റുപാടി. രഞ്ജിനി പാപം ചെയ്തിരിക്കുന്നു...!! രഞ്ജിനി സംസ്‌ക്കാരമില്ലാത്തവളാണെന്നുള്ള ചീത്തപ്പേര് നേരത്തെ കിട്ടിയിട്ടുണ്ട്. ചാനലിലൂടെ മലയാള ഭാഷയേയും മലയാളികളേയും കൊഞ്ഞനം കുത്തുകയാണെന്നും പ്രചരിപ്പിക്കുകയുണ്ടായി.മറഡോണയെ ചുംബിച്ചതുവഴി ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയും രഞ്ജിനി കളഞ്ഞുകുളിച്ചു..!!

പ്രശ്‌നം പൊതുജനങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ രഞ്ജിനിയാകട്ടെ പതിവുശൈലിയില്‍ നിന്ന് ഒട്ടും പിന്നോട്ട് പോയില്ല. 'മറഡോണ ചുംബിച്ചപ്പോള്‍ ഞാനും ഒരു ഉമ്മ കൊടുത്തു. അദ്ദേഹത്തിന്റെ നാട്ടിലെ സംസ്‌ക്കാരമാണത്. അപ്പോള്‍ ആ സംസ്‌ക്കാരം ഞാനും കാണിച്ചു. അത്രയേ ഉള്ളൂ' ആരേയും കൂസാതെയുള്ള രജ്ഞിനിയുടെ മറുപടിയില്‍ ജനം തൃപ്തരായില്ല.

കേരളീയര്‍ സംസ്‌ക്കാരസമ്പന്നരായിരുന്നു ഒരു കാലത്ത്.പക്ഷേ, ആ കാലമെല്ലാം പൊയ്മറഞ്ഞു എന്ന് കേരളീയര്‍ക്കുപോലും അറിയില്ല. ഇന്ന് കേരളത്തില്‍ നടക്കുന്നത് രഞ്ജിനി കാണിച്ചതിനേക്കാള്‍ മ്ലേഛമാണ്. കേട്ടാല്‍ ഞെട്ടലുണ്ടാക്കുന്ന പ്രവൃത്തികളാണ് ദിനംപ്രതി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാണവും മാനവുമില്ലതെ, വീണ്ടുവിചാരമില്ലാതെ ഓരോരുത്തര്‍ ചെയ്തുകൂട്ടുന്ന ദുഷ്‌ചെയ്തികള്‍ക്ക് ജനങ്ങള്‍ മാപ്പുസാക്ഷികളായിക്കൊണ്ടിരിക്കുന്നു. പണം ലഭിക്കുമെങ്കില്‍ എന്തും ചെയ്യാന്‍ മടികാണിക്കാത്ത സ്ത്രീകള്‍കേരളത്തില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളെ പാട്ടിലാക്കി പെണ്‍വാണിഭം നടത്തുന്ന റാക്കറ്റുകളുടെ നേതൃത്വസ്ഥാനം വരെ ഇന്ന് സ്ത്രീകളാണ് കൈയ്യാളുന്നത്.

രഞ്ജിനി ഡീഗോ മറഡോണയെ ലക്ഷക്കണക്കിനു ജനങ്ങളുടെ മുന്‍പില്‍ വെച്ച് ആരാധനയോടെ ഒന്നു ചുംബിച്ചതേയുള്ളൂ. എന്നാല്‍, പണത്തിനുവേണ്ടി എത്രയോ പെണ്‍കുട്ടികള്‍ സദാചാര ലംഘനം നടത്തുന്നു? കുടുംബിനികള്‍ സ്വന്തം ഭര്‍ത്താവിനെ അപായപ്പെടുത്തി കാമുകന്റെ കൂടെ ഒളിച്ചോടുന്നു? പെണ്‍മക്കളെ സ്വന്തം പിതാക്കന്മാര്‍ പീഡിപ്പിക്കുന്നു? അവരെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച് പണം സമ്പാദിക്കുന്നു? ഇവയൊന്നും സ്തീ വിമോചകരോ സദാചാര പോലീസോ കാണുന്നില്ല.

കണ്ണൂരില്‍ നടന്ന രംഗങ്ങള്‍ ചൂടപ്പം പോലെയാണ് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ ലോകമെങ്ങും പ്രചരിക്കുന്നത്. ഭാര്യയുടെ പ്രസവം വീഡിയോ ക്യാമറയില്‍ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഇടുന്ന പ്രവണത അമേരിക്കയിലുണ്ട്. അല്ലെങ്കില്‍ പ്രസവിച്ചയുടനെ ആ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് ഇ-മെയിലിലൂടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുക്കുന്ന പതിവുമുണ്ട്. കുത്തഴിഞ്ഞ കുടുംബജീവിതം നയിക്കുന്ന അമേരിക്കയിലെ ഈ അധാര്‍മ്മിക പ്രവൃത്തി നമ്മുടെ ഇന്ത്യന്‍ സമൂഹത്തില്‍പെട്ട ചിലരും അനുവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ പ്രശസ്തയായ ഒരു സിനിമാനടി ഒരു പടിയല്ല അനേകം പടികള്‍ മുന്നോട്ടു കടന്ന് തന്റെ പ്രസവം ഒരു സിനിമാ നിര്‍മ്മാതാവിന് അടിയറവു വെച്ചത് രഞ്ജിനിയെ ക്രൂശിച്ചവര്‍ കണ്ടില്ല എന്നു നടിച്ചു. കളിമണ്ണ് എന്ന ചിത്രത്തിനു വേണ്ടി നടി ശ്വേതാ മേനോന്‍ തന്റെ പ്രസവം ഷൂട്ടു ചെയ്യാന്‍ സംവിധായകന്‍ ബ്ലെസ്സിക്ക് കരാര്‍ കൊടുത്തപ്പോള്‍ ഭാരതസ്ത്രീകള്‍ നെറ്റി ചുളിച്ചില്ല. കാരണം, ശ്വേത പ്രശസ്തിയുള്ള നടിയാണ്. ബ്ലെസ്സിയാകട്ടേ പ്രശസ്ത സംവിധായകനും. മാധ്യമങ്ങളാകട്ടേ അത് എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാക്കി ആഘോഷിക്കുകയും ചെയ്തു.

'പ്രസവ മുറിയിലെ സ്വകാര്യത വേണ്ടെന്നുവെച്ച് ഒരു സ്ത്രീ അതിനു തയ്യാറായാല്‍ പോലും അങ്ങനെയൊരു രംഗം ഒരിക്കലും ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നു' എന്നാണ് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അതേക്കുറിച്ച് പ്രതികരിച്ചത്. 'നടിക്ക് സ്വകാര്യത വേണ്ടായിരിക്കാം. പക്ഷേ, കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല' എന്നാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചത്.

ശ്വേതയുടെ ഗര്‍ഭകാലം ആരംഭിച്ചതു മുതല്‍ ബ്ലെസ്സി ക്യാമറയുമായി പുറകെയുണ്ടായിരുന്നു. അമ്മയുടെയും കുഞ്ഞിന്റേയും ഓരോ ചലനങ്ങളും മാറ്റങ്ങളും സസൂക്ഷ്മം വീക്ഷിച്ച് അവയെല്ലാം ക്യാമറയില്‍ പകര്‍ത്തിയത്രേ !! ഗര്‍ഭകാലവും പ്രസവവുമൊക്കെ ചിത്രീകരിക്കുന്നതിനാല്‍ പ്രത്യേകം തിരക്കഥയൊന്നുമില്ലാതെയാണ് 'കളിമണ്ണ്' എന്ന ചിത്രം പൂര്‍ത്തീകരിക്കുന്നതെന്ന് ബ്ലെസ്സി പറയുന്നു. കാരണം, പിന്നീട് പല കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരുമത്രേ. മാതൃത്വത്തിന്റെ മഹത്വം ലോകത്തോട് വിളിച്ചു പറയാനാണ് ശ്വേത ഇങ്ങനെയൊരു നീക്കത്തിന് ഒരുങ്ങിയതെന്ന് പറയപ്പെടുന്നു. തന്നെയുമല്ല,ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല, അതിന്റെ ഓരോ നിമിഷത്തിലും പുരുഷനും പങ്കുണ്ട്, അത് ലോകത്തോട് പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണെന്നും ശ്വേത പറഞ്ഞത്രേ..!! കലികാലം. അല്ലാതെന്താ പറയുക. ഇനി ഈ ഗര്‍ഭം ഉണ്ടാകുന്നത് എങ്ങനെയാണെന്നുകൂടി ലോകത്തെ കാണിക്കുന്ന സമയം വിദൂരമല്ല.

ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് കളിമണ്ണിലൂടെ അനാവരണം ചെയ്യുന്നതെന്ന് ബ്ലെസ്സി ന്യായീകരിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധങ്ങളുടെ കഥ പറയുന്ന മനോഹരങ്ങളായ എത്രയോ സിനിമകള്‍ മലയാളത്തിലെ പ്രഗത്ഭ സംവിധായകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അമ്മ എങ്ങനെയാണ് മകനെ പ്രസവിക്കുന്നതെന്നു കാണിക്കണമെന്ന് എന്താണിത്ര നിര്‍ബ്ബന്ധം? കച്ചവടക്കണ്ണുമായി ഇറങ്ങുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാതിരുന്നാല്‍ ഭാരതസ്ത്രീകളുടെ മാനം കാക്കാന്‍ സഹായകമാകും.

ലോകത്ത് ഒരു ചലച്ചിത്ര സംവിധായകരും ഇത്രയും അധാര്‍മ്മിക പ്രവൃത്തി ചെയ്തതോ ഏതെങ്കിലും നടിമാര്‍ ആ പ്രവൃത്തിക്ക് കൂട്ടുനില്ക്കുകയോ ചെയ്തതായി അറിവില്ല. അപ്പോള്‍ 'ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി' പാടി നടക്കുന്നവര്‍ എന്തുകൊണ്ട് ഈ അധാര്‍മ്മികത്വം കണ്ടിട്ടും പ്രതികരിച്ചില്ല? രഞ്ജിനിയെ ഡീഗോ മറഡോണ ചുംബിച്ചതില്‍ കുണ്ഠിതം കൊള്ളുന്നവര്‍ ആദ്യം ചെയ്യേണ്ടത് ബ്ലെസ്സിയുടേയും ശ്വേതയുടേയും പ്രവൃത്തികള്‍ക്കു നേരെ പ്രതികരിക്കുകയാണ്്.

പ്രമുഖ മലയാളം ചാനലുകളില്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളില്‍ സ്ത്രീകള്‍ സഭ്യതയുടെഅതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള പ്രകടനങ്ങളാണ് നടത്തുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ചിരുന്നു കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും സീരിയലുകള്‍ ഇന്ന് ഏതെങ്കിലും ചാനലില്‍ കാണാന്‍ കഴിയുമോ? ഒരു പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലില്‍ സ്വസ്ഥമായ കുടുംബജീവിതത്തെ തകര്‍ക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളും പ്രവൃത്തികളുമാണ്. ഒരു വീട്ടമ്മയുടെ ക്രൂരമായ പ്രവൃത്തികള്‍ മാത്രമല്ല, ഡയലോഗുകള്‍ കേട്ടാല്‍ തന്നെ നമുക്കു തോന്നും തിരക്കഥ എഴുതിയിരിക്കുന്നത് സദാചാര ബോധം തീരെയില്ലാത്ത ഏതോ മന്ദബുദ്ധികളാണെന്ന്. ഗൃഹനാഥനെ മക്കളുടെ മുന്‍പില്‍ വെച്ച് പട്ടിയെന്നും, ഇറങ്ങിപ്പോടാ നായേ എന്നും, താനെന്തിനാ ആര്‍ക്കും പ്രയോജനമില്ലാതെ തിന്നുകൊഴുത്ത് ഇങ്ങനെ നടക്കുന്നു...എവിടെയെങ്കിലും പോയി ചത്തുകൂടെ എന്നൊക്കെ ചോദിക്കുന്ന ഭാര്യമാര്‍ കേരളത്തിലുണ്ടെന്ന് മറ്റുള്ളവരെ കാണിച്ചുകൊടുക്കുന്ന ഈ വക സീരിയലുകള്‍ക്കുനേരെ ആരും പ്രതികരിക്കുന്നില്ല. മലയാളികളുടെ സംസ്‌ക്കാരമല്ല ആ സീരിയലിലുടനീളം പ്രതിഫലിക്കുന്നത്. സാമൂഹ്യബോധമുള്ള, സദാചാര ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഭാവശുദ്ധിയില്ലാത്ത ഭാരതസ്ത്രീകളെയായിരിക്കും അടുത്ത തലമുറ കാണേണ്ടിവരിക.
രഞ്ജിനിയുടെ ചുംബനവും ശ്വേതയുടെ പ്രസവവും (മൊയ്തീന്‍ പുത്തന്‍ചിറ)രഞ്ജിനിയുടെ ചുംബനവും ശ്വേതയുടെ പ്രസവവും (മൊയ്തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക