Image

9/11: അന്ന് ശരിക്കും നടന്നതെന്താണ്?

Published on 30 August, 2011
9/11: അന്ന് ശരിക്കും നടന്നതെന്താണ്?

http://www.madhyamam.com/news/113522/110830

 

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാ്രകമണത്തിന് പത്തു വര്‍ഷം തികയാന്‍ പോകുമ്പോള്‍ അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും സംശയങ്ങളും വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ആ സംഭവത്തിന്റെ ദുഷ്ഫലങ്ങളെപ്പറ്റി തര്‍ക്കമില്ല: മൂവായിരത്തിനടുത്ത് മനുഷ്യജീവന്‍ അന്ന് ദാരുണമായി പൊലിഞ്ഞു. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്കന്‍ നേതൃത്വത്തില്‍ കടന്നാക്രമണങ്ങളുണ്ടായി. ഇവയില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം ദശലക്ഷത്തിനപ്പുറമാണ്. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന്റെ അനേകമടങ്ങ് ആവര്‍ത്തനങ്ങള്‍. ഇതിനു പുറമെ 'ഭീകരവിരുദ്ധ പോരാട്ട'മെന്ന പേരില്‍ അമേരിക്ക തുടങ്ങിയ ചെയ്തികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു; യുദ്ധവ്യവസായം കൊഴുപ്പിച്ചു; ലോകത്ത് വംശീയവിദ്വേഷം പാരമ്യത്തിലെത്തിച്ചു; അമേരിക്ക അടക്കം പല രാജ്യങ്ങളുടെയും സുരക്ഷ കൂടുതല്‍ അപകടത്തിലാക്കി. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സൗകര്യമൊരുക്കി. ലോകത്തെ മാറ്റിമറിച്ച ഇത്രയും വലിയ സംഭവത്തെപ്പറ്റി ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല എന്നതുതന്നെ അതിനോടുള്ള ഔദ്യോഗിക സമീപനത്തെപ്പറ്റി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. യു.എസ് ഭരണകൂടം നിയോഗിച്ച ഔദ്യോഗിക അന്വേഷണസംഘത്തിന്റെ '9/11 കമീഷന്‍ റിപ്പോര്‍ട്ട്' (2004) ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടംനല്‍കുകയാണ് ചെയ്തത്. കമീഷന്റെ സഹാധ്യക്ഷനായിരുന്ന തോമസ് കീന്‍ പിന്നീട് അക്കാര്യം തുറന്നുപറഞ്ഞു. 'ആവശ്യത്തിന് പണമുണ്ടായിരുന്നില്ല; ആവശ്യത്തിന് സമയം കിട്ടിയില്ല; പോരെങ്കില്‍ അങ്ങേയറ്റം പക്ഷപാതികളായവരാണ് ഞങ്ങളെ നിയോഗിച്ചവര്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നിട്ടും ഈ ഔദ്യോഗിക റിപ്പോര്‍ട്ടിനപ്പുറത്തേക്ക് അന്വേഷിക്കാന്‍ യു.എസ് അധികൃതര്‍ തയാറായില്ല.
എന്നു മാത്രമല്ല, അതിനോട് നേരിയ വിയോജിപ്പുപോലും പുലര്‍ത്തുന്നവരെ 'ഉപജാപസിദ്ധാന്തക്കാര്‍' എന്ന് മുദ്രകുത്തി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയുമൊക്കെ ചെയ്തുവരുന്നു. ഔദ്യോഗിക ഭാഷ്യത്തെ തുറന്നെതിര്‍ക്കുന്നവരാകട്ടെ ചില്ലറക്കാരല്ല. മുന്‍നിര ശാസ്ത്രജ്ഞര്‍, രാഷ്ട്രതന്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, തെളിവുകള്‍ നിരത്തിയ ശാസ്ത്രപ്രബന്ധകാരന്മാര്‍, ഗ്രന്ഥകര്‍ത്താക്കള്‍, യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ മേഖലകളിലെ വിദഗ്ധരും പണ്ഡിതന്മാരും എന്‍ജിനീയര്‍മാരും പ്രഫഷനലുകളും എന്നിങ്ങനെ തള്ളിക്കളയാനാകാത്ത ആയിരങ്ങളുടെ നിരതന്നെ ഔദ്യോഗികഭാഷ്യത്തെ നിരാകരിക്കുകയും പുതിയ അന്വേഷണമാവശ്യപ്പെടുകയും ചെയ്യുന്നു. 2004ല്‍ തുടങ്ങിയ '9/11 ട്രൂത്ത്' എന്ന സംഘടനക്കു പുറമെ 9/11 ട്രൂത്ത് മൂവ്‌മെന്റ്, ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ഫോര്‍ 9/11 ട്രൂത്ത്, സ്‌കോളേഴ്‌സ് ഫോര്‍ 9/11 ട്രൂത്ത്, സിറ്റിസണ്‍സ് 9/11 കമീഷന്‍ കാംപെയ്ന്‍, പൈലറ്റ്‌സ് ഫോര്‍ 9/11 ട്രൂത്ത് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകള്‍ പുതിയ അന്വേഷണമാവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ട്. റോബര്‍ട്ട് ഫിസ്‌കിനെപ്പോലുള്ള പ്രബുദ്ധ മാധ്യമപ്രവര്‍ത്തകരും പോള്‍ ക്രേഗ് റോബര്‍ട്‌സിനെപ്പോലുള്ള രാഷ്ട്രീയ പ്രമുഖരും അന്വേഷണം ആവശ്യപ്പെടുന്നു. റെയ്ഗന്‍ സര്‍ക്കാറില്‍ ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന റോബര്‍ട്‌സ് ഔദ്യോഗികഭാഷ്യത്തെ അതിനിശിതമായാണ് ഈയിടെ വിമര്‍ശിച്ചത്. ഊര്‍ജതന്ത്രത്തിന്റെ, രസതന്ത്രത്തിന്റെ, വാസ്തുശാസ്ത്രത്തിന്റെ, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിന്റെ, വ്യോമയാനത്തിന്റെ, യു.എസ് സുരക്ഷാ സംവിധാനത്തിന്റെ എല്ലാറ്റിന്റെയും മൂലതത്ത്വങ്ങള്‍ നിരാകരിക്കുന്ന '9/11 കമീഷന്‍ റിപ്പോര്‍ട്ട്' സാമാന്യബുദ്ധിയെ പരിഹസിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റിയിലെ നാനോ കെമിസ്റ്റ് നീല്‍സ് ഹാരിറ്റ് സൂക്ഷ്മപഠനത്തിനുശേഷം തീര്‍ത്തുപറയുന്നു, വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നത് വിമാനമിടിച്ചതുകൊണ്ടല്ല മറിച്ച് സ്‌ഫോടകങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന്. ക്രിമിനല്‍ ജസ്റ്റിസില്‍ പ്രഫസറായ എറിക് ലാര്‍സന്‍ പറയുന്നത്, നുണകൊണ്ടുണ്ടാക്കിയതും നുണകൊണ്ട് ആകെ പൊതിഞ്ഞതുമായ ഒരു മന്ദിരമാണ് അമേരിക്ക എന്നത്രെ.
ഇത്തരം ഖണ്ഡനങ്ങളോട് യു.എസ് അധികൃതര്‍ കാണിക്കുന്ന അസഹിഷ്ണുത സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. പെന്‍ഗറണ്‍ രേഖകളിലെ വൈരുധ്യങ്ങള്‍, ബ്ലാക്‌ബോക്‌സ് പാടേ നശിച്ചത്, വിമാനറാഞ്ചികളുടെ പേരുകള്‍ യാത്രാപട്ടികയിലില്ലാതിരുന്നത്, വിമാനങ്ങളെ തടയാന്‍ ആരും ശ്രമിക്കാതിരുന്നത്, വൈറ്റ്ഹൗസിന്റെയും പ്രസിഡന്റിന്റെ വിമാനത്തിന്റെയും രഹസ്യകോഡും സിഗ്‌നലും ഭീകരര്‍ക്ക് കിട്ടിയത് -ഔദ്യോഗിക റിപ്പോര്‍ട്ട് തൃപ്തികരമായി ഉത്തരം പറയാത്ത സംശയങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പത്തു വര്‍ഷത്തിനിടെ സംശയങ്ങളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. അഫ്ഗാനിസ്താന്‍ അധിനിവേശത്തിന് അമേരിക്ക പറഞ്ഞ കാരണം ഭീകരാക്രമണമാണെങ്കിലും അധിനിവേശം അതിനു മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. യു.എസ് സൈനിക-യുദ്ധവ്യവസായങ്ങള്‍ കാത്തിരുന്ന തക്കംപോലെയാണ് ഭീകരാക്രമണം സംഭവിച്ചത്. ആ ഒറ്റ സംഭവത്തിന്റെ പേരില്‍ 5000 കോടി ഡോളറിന്റെ വര്‍ധനവോടെ മൊത്തം 38,000 ഡോളറായി സൈനികച്ചെലവ് കുത്തനെ ഉയര്‍ന്നു. പെന്റഗണിനുനേരെ വിമാനം പറന്നടുക്കുന്നതുകണ്ട ഉദ്യോഗസ്ഥര്‍ അതിനെ വെടിവെച്ചിടാന്‍ പലവട്ടം സമ്മതം ചോദിച്ചിട്ടും വൈസ് പ്രസിഡന്റ് ഡിക്‌ചെനി സമ്മതിച്ചില്ലെന്ന് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മൊഴി നല്‍കിയിട്ടുണ്ട്. സി.ഐ.എ മേധാവിയായിരുന്ന ജോര്‍ജ് ടെനറ്റും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥന്മാരും അതിപ്രധാന വിവരങ്ങള്‍ പ്രസിഡന്റുമാരായ ക്ലിന്റനില്‍നിന്നും ബുഷില്‍നിന്നും മറച്ചുപിടിച്ചതായി യു.എസ് കൗണ്ടര്‍ ടെററിസം മുന്‍ മേധാവി റിച്ചഡ് ക്ലാര്‍ക് വെളിപ്പെടുത്തിയത് ഈ മാസം ആദ്യത്തിലാണ്. ജെറ്റ് വിമാനമിടിച്ചാലൊന്നും തകരാത്തതാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങളെന്ന് ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാന്‍ഡേഡ്‌സ് ആന്‍ഡ് ടെക്‌നോളജി എന്ന യു.എസ് സ്ഥാപനം സാക്ഷ്യപ്പെടുത്തിയിരുന്നതായി നാലു വര്‍ഷം മുമ്പ് വെളിപ്പെട്ടു.
ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ 9/11 കമീഷന് സമര്‍പ്പിച്ച ചോദ്യങ്ങളില്‍ 30 ശതമാനത്തിനു മാത്രമേ ഉത്തരം കണ്ടെത്തിയിട്ടുള്ളൂ എന്ന് 9/11 ഫാമിലി സ്റ്റിയറിങ് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. '571 പേജുള്ള പെരുംനുണ' എന്നാണ് ഡേവിഡ് ഗ്രിഫിന്‍ ഔദ്യോഗിക റിപ്പോര്‍ട്ടിനെ വിശകലനം ചെയ്‌തെഴുതിയ പുസ്തകത്തില്‍ പറയുന്നത്. ഔദ്യോഗിക ഭാഷ്യത്തെ തിയേറി മെയ്‌സന്‍ എന്ന ഗ്രന്ഥകാരന്‍ വിളിക്കുന്നത് 'പേടിപ്പെടുത്തുന്ന കള്ളം' എന്നാണ്. അമേരിക്ക നുണപറയുമോ എന്ന് ആരുമിപ്പോള്‍ ചോദിക്കില്ല. ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങള്‍ നുണകള്‍ക്കു പുറത്താണല്ലോ ഉണ്ടാക്കിയത്. സെപ്റ്റംബര്‍ 11നെപ്പറ്റി വിശ്വാസ്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സമീപകാല വെളിപ്പെടുത്തലുകള്‍ ആവശ്യപ്പെടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക