Image

പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-5- അഡ്വ: രതീദേവി

അഡ്വ: രതീദേവി Published on 22 December, 2012
 പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-5- അഡ്വ: രതീദേവി
"പോളിമോര്‍ഫിസം" എന്ന കവിതയില്‍ ബിബ്ലിക്കന്‍ ബിംബത്തിലൂടെ ക്രൂശിതനായ സ്വവര്‍ഗാനുരാഗിയുടെ മഹത്തായ ത്യാഗത്തെ ക്രിസ്തുവിനു തുല്യമായി ജയന്‍ വാഴ്ത്തുന്നു. 1969-ലെ 'സ്റ്റോണ്‍ വാള്‍'സത്രത്തിലെ കലാപവും അടിച്ചമര്‍ത്തലും, 1998 ലെ മാത്യൂ ഷെപ്പേഡിന്റെ കൊലപാതകവും ക്രിസ്തുവിന്റെ പീഢനത്തിനും ആത്മത്യാഗത്തിനും കവി സമാനത കാണുന്നു.

കോഴക്കൂവി വെളുപ്പിച്ച പകലിലേക്ക് യെറുശലേം പുത്രന്‍ ഒറ്റു കൊടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാത്രിയില്‍ സ്റ്റോണ്‍ വാളില്‍ സംഘം ചേര്‍ന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടത്തെ മുന്നറിയിപ്പില്ലാതെ ആക്രമിക്കപ്പെടുമ്പോള്‍ അതൊരു കലാപവും, തുടര്‍ന്ന് വിമോചന പ്രസ്ഥാനവുമായി മാറി. ഒരു 'ഗെ' ആയതുകൊണ്ട് ക്രിസ്തുവിനെ ക്രൂശിലേറ്റിയതിന് സമാനമായ രീതിയില്‍ കൊല്ലപ്പെട്ട മാത്യൂ ഷെപ്പേഡ്- ക്രിസ്ത്യന്‍ ഗെ സമൂഹത്തില്‍ ഇന്നു സമാരാധ്യനാണ്. ഈ കവിതകളുടെ പേരില്‍ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹം ജയന്‍ കെ. ചെറിയാന്‍ എന്ന കവിയ്ക്ക് പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. സിയോന്‍ മാളികയില്‍ സ്വകാര്യമായി പെസഹ ആഘോഷിച്ചിരുന്ന യേശുവിന്റെയും സ്‌നേഹിതരുടെയും അത്താഴം അന്തിമമായി മാറിയത് പെട്ടെന്നുള്ള അധികാരികളുടെ ഇടപെടല്‍ മൂലമാണ്. ഇതു തന്നെയാണ് സ്റ്റോണ്‍ വാളിലും സംഭവിച്ചത്. ഭരണക്കൂട ഭീകരതയുടെ പോളിമോര്‍ഫിക് പാരസ്പത്യം. എല്ലാ സംഘടിത മതങ്ങളും(മതത്തിന്റെ സ്വഭാവ കാര്‍ക്കശ്യങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടക്കം) താന്താങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ അവരുടെ വിലക്കുകളെ ലംഘിച്ചാല്‍ അവിടെ ജീവിക്കുന്ന മനുഷ്യരെ പീഢനത്തിനിരയാക്കാറുണ്ട്. ചരിത്രത്തില്‍ ഒരിക്കല്‍ വേട്ടയാടപ്പെട്ടിരുന്നവന്‍ പിന്നീട് വേട്ടക്കാരായി മാറുന്നു. ഇതിനുദാഹരണമാണ്. ഇസ്രായേല്‍ - പാലസ്തീന്‍. ക്രിസ്തുവന്റെ കാലത്ത് ഏതെല്ലാം കാരണങ്ങള്‍കൊണ് റോമന്‍ ഭരണാധികാരികള്‍ അദ്ദേഹത്തെയും അനുയായികളെയും പീഡിപ്പിച്ചുവോ ഏതാണ്ട് സമാനമായ കാരങ്ങള്‍ കൊണ്ടുതന്നെ ക്രിസ്ത്യാനിറ്റി അവര്‍ക്ക് അംഗീകരിക്കാനാവാത്ത ജീവിത രീതികളെ ഇന്ന് അടിച്ചമര്‍ത്തുന്നു. വ്യവസ്ഥാപിതമായ അഭിരുചികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അഭിരുചികളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിനുദാഹരണമാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ പീഢനം. ക്രിസ്തുമതം സ്വര്‍വഗ്ഗരതി (Homosexuality) അംഗീകരിക്കുന്നില്ലായെന്ന കാരണത്താല്‍ അവര്‍ ഹിംസിക്കപ്പെടുന്നു. എന്നാല്‍ ക്രിസ്തുവിനെ തന്നെ സ്വവര്‍ഗ്ഗാനുരാഗിയായി കാണുന്ന ക്രൈസ്തവസഭകള്‍ നിലവിലുണ്ട്. അവര്‍ക്ക് അവരുടെതായ പള്ളികളും കൂട്ടായ്മകളുമുണ്ട്. മാര്‍ത്ത-മറിയമാരുടെ പ്രണയം നിരന്തരം നിരാകരിച്ചുകൊണ്ട് അവരുടെ സഹോദരനായ ലാസറിനെ ക്രിസ്തുവിന്റെ ചുംബനത്താല്‍ ഉദ്ധരിക്കപ്പെട്ടുവെന്നു കവി എഴുതി.

മനസ്സും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തെ ആത്മീയതയന്നു പറയാം.

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ ആദ്ധാത്മികത എന്നു വിളിക്കാം. ആത്മീവരായിട്ടുള്ളവര്‍ എല്ലാം ആദ്ധ്യാത്മികര്‍ അല്ല. അതുപോലെ നേരെ മറിച്ചു. ജീവതത്തിനു ഭൗതികവും സാമൂഹികവുമായ തലമുള്ളതുപോലെ തന്നെ ആത്മീയമായ ഒരു തലമുണ്ട്. സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യനെ നിരന്തരം മുന്നേറാന്‍ പ്രേരിപ്പിക്കുന്നത് ഈ ആത്മീയതലമാണ്. മനുഷ്യന്‍ സ്വതന്ത്രവാഞ്ചയിലും ത്യാഗ മനോഭാവത്തിലും കൂടി തന്റെ പരിമിതമായ അഹത്തെ അതിജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. ദുരധികാരം, അനീതി, അസത്യം- ഇവയുടെ രൂപത്തോടെ സന്ധിചെയ്യാത്ത സമഗ്രമനുഷ്യനെ സ്വപ്നം കാണുന്ന ഈ ആത്മീയതയുടെ പ്രതിരൂപമായിട്ടാണ് ജയന്റെ കവിതയില്‍ ബുദ്ധനും ക്രിസ്തുവും പ്രത്യക്ഷപ്പെടുന്നത്.

ഇതു കുറിക്കുമ്പോള്‍ വിശ്വസാഹിത്യക്കാരന്‍ കസന്‍ദ്‌സാക്കിസിനെ ഓര്‍ത്തുപോകുന്നു. അദ്ദേഹം ജീസസിനെ അവതരിപ്പിച്ചതുപോലെ സംഘര്‍ഷഭരിതമായി ആരും എഴുതിയിട്ടില്ല. കസന്‍ദ്‌സാക്കീസിന്റെ ജീവിതം ഏറെക്കുറെ ക്രിസ്തുവിനും സമാനമായിരുന്നല്ലോ!Christ Recrucified എന്ന രചന ഗ്രീസിലുയര്‍ത്തിയ തീയും പുകയും അദ്ദേഹത്തെ ഏറെക്കുറെ അവിടെ നിന്നും ബഹിഷ്‌കൃതനാക്കി. ഫ്രീഡം ഓഫ് ഡെത്ത് എന്ന കൃതിയാകട്ടെ ക്രീറ്റിന്റെയും ഹെല്ലനിസ് സംസ്‌കാരത്തിന്റെ ഒറ്റുകാരന്‍ എന്ന ബഹുമതി. അങ്ങനെയിരിക്കെ 'ലാസ്റ്റ് ടെപ്‌റ്റേഷന്‍ ഓഫ് എക്‌സിസ്റ്റ്'- മതദ്രോഹവിചാരണയുടെ ജ്വാല പതിന്മടങ്ങ് രൂക്ഷമായിത്തീരുന്നു. അവസാനത്തെ ക്രിസ്ത്യാനി കുരിശിലാണ് മരിച്ചതെന്ന് നീഷെ എഴുതി. ഓരോ യാഥാര്‍ത്ഥ അന്വേഷിയുടെയുടെ പുണ്യഭാജനം കുരിശാവുമെന്നു കൂടി അദ്ദേഹം എഴുതേണ്ടിയിരുന്നു. ആഷാമേനോന്‍ പറഞ്ഞതോര്‍ത്തുപോകുന്നു. പ്രലോഭനങ്ങള്‍ക്കെതിരെ പൊരുതുന്ന ഓരോ മനുഷ്യന്റെയും ആദര്‍ശയോദ്ധാവ് ക്രിസ്തുവുമാണെന്ന ധ്വനിപ്പിക്കുന്ന ആരംഭം വായിച്ചാലറിയാം കസദ്‌സാക്കീസിന്റെ ആസ്തികത എത്രമാത്രം നിര്‍മ്മലമാണെന്ന് എന്നിട്ടും ക്രൈസ്തവ വിരുദ്ധന്‍ എന്നാരോപിച്ച് അദ്ദേഹത്തെ അടക്കം ചെയ്ത ശവക്കല്ലറ അടിച്ചുതകര്‍ത്ത് ജീര്‍ണ്ണിച്ച മൃതശരീരം കൂടി പുറത്തെടുത്തിട്ട് അപമാനിച്ചു ക്രൈസ്തവസമൂഹം.

ദൈവവും ചെകുത്താനും തമ്മിലുള്ള കാരുണ്യരഹിതമായ വടംവലിയില്‍ ആത്മസംഘര്‍ഷങ്ങള്‍ സഹിക്കാതെ അപസ്മാരരോഗിയെപോലെ ഞെട്ടിത്തെറിച്ച് പൊള്ളുന്ന മരുഭൂമിക്ക് നടുവില്‍ ഏകനായി നിന്നു വിലപിക്കുന്ന ക്രിസ്തുവിന്റെ ചിത്രം വായനക്കാരില്‍ നിന്നും പെട്ടെന്നുമായില്ല. ഭൗതികതയുടെ മാന്ത്രികതയില്‍ നിന്നും വിടുതല്‍ പ്രഖ്യാപിക്കാനുളള ആത്മസംഘര്‍ഷം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി ആകൃതി വായിച്ചുതീര്‍ന്നിട്ടും വായനക്കാരില്‍ ഒരുവളായ ഞാന്‍ പലരാത്രിയിലും വിതുമ്പിനിന്നിട്ടുണ്ട് ആയിരം സുവിശേഷം കേട്ടാലും സംഭവിക്കാത്തമാറ്റം കസദ് സാക്കീസിന്റെ തൂലികയ്ക്ക് കഴിഞ്ഞു. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നത് അവന്റെ പരമമായ സത്യമാണ്. ആസത്യത്തെ നിരാകരിയ്ക്കാന്‍ യഥാര്‍ത്ഥ സാഹിത്യക്കാരന് കഴിയില്ലെന്ന് ജയന്‍ തന്റെ രചനയിലൂടെ തെളിയിക്കുന്നു.

ക്രിസ്തുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുന്ന കവി ആ സമാഹാരത്തില്‍ തന്നെ ക്രിസ്തുവിനെ പരമ്പരാഗത ദൈവം സങ്കല്‍പ്പമനുസരിച്ച് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നു.

ഉദാ: ക്രൂശിതന്‍
ആകാശത്തിലേക്ക്
മിഴികൂര്‍ത്ത പ്രാര്‍ത്ഥന
വശങ്ങളിലേക്ക്
കൈവിരിച്ച
ഉദാരത
ഭൂമിയിലേക്ക്
തൂങ്ങിയിറങ്ങിയ
നഗ്നത.
 പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-5- അഡ്വ: രതീദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക